കരിവെള്ളൂരിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് സൂര്യതാപമേറ്റു

keralanews sunburn thozhilurapp worker in karivelloor

കണ്ണൂർ:കരിവെള്ളൂർ കൊഴുമ്മലിൽ  തൊഴിലുറപ്പ് തൊഴിലാളിക്ക് സൂര്യതാപമേറ്റു.പി.വി ജിതയ്ക്കാണ്(38)  തൊഴിലിനിടെ സൂര്യതാപമേറ്റത്.കൊഴുമ്മൽ കോട്ടോൽ പാലത്തിനു സമീപം പച്ചക്കറി കൃഷിക്ക് തടമെടുക്കുന്നതിനിടെയാണ് സംഭവം.കഴുത്തിന്  പിന്നിൽ വേദന  അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കഴുത്തിൽ കറുത്ത നിറം കാണപ്പെട്ടത്. തുടർന്ന് കരിവെള്ളൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.കഴിഞ്ഞ ദിവസം ഘോഷയാത്രയിൽ  ചെണ്ടമേളം  അവതരിപ്പിക്കുന്നതിനിടെ പെരളം കൂവച്ചേരിയിലെ സി.സൗമ്യയ്ക്കും സൂര്യതാപമേറ്റിരുന്നു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കുവൈറ്റ്-ദോഹ സര്‍വീസുകള്‍ ഇന്നാരംഭിക്കും

keralanews kuwait doha services from kannur airport will start today

കണ്ണൂർ:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കുവൈറ്റ്-ദോഹ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇന്നാരംഭിക്കും.ഇൻഡിഗോ എയർലൈൻസാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. കുവൈത്തിലേക്കുള്ള വിമാനം രാവിലെ 5.10 ന് പുറപ്പെട്ട എട്ട് മണിയോടെ കുവൈത്തിലും. തിരിച്ച് ഒന്‍പത് മണിക്ക് പുറപ്പെട്ട് വൈകുന്നേരം നാല് മണിയോടെ തിരികെ കണ്ണൂരും എത്തിച്ചേരുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.ചെന്നൈ വഴിയാണ് കണ്ണൂരിലേക്ക് സര്‍വീസ്.ഇതിനാലാണ് തിരികെയുള്ള വിമാനത്തിന്റെ യാത്രാദൈര്‍ഘ്യം നീളുന്നത്.ദോഹയിലേക്കുള്ള വിമാനം രാത്രി 7.05ന് പുറപ്പെട്ട്  8.45ന് ദോഹയിലെത്തും. തിരിച്ച്‌ രാത്രി 10.05ന് പുറപ്പെട്ട് പുലര്‍ച്ചെ 4.40ഓടെ കണ്ണൂരിലെത്തും.കണ്ണൂരില്‍ നിന്ന് ദോഹയിലേക്ക് എയര്‍ ഇന്ത്യ എക്സ്‌പ്രസും സര്‍വീസ് നടത്തുന്നുണ്ട്.

കരമനയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ആറുപേർ കൂടി അറസ്റ്റിൽ

keralanews six arrested in the case of killing youth in karamana

തിരുവനന്തപുരം:കരമനയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ആറുപേർ കൂടി അറസ്റ്റിൽ.നേരിട്ട് കൊലപാതകത്തില്‍ പങ്കാളികളായവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .നീഷ്, വിഷ്ണു ,ഹരി, വിനീത് , അഖില്‍ ,കുഞ്ഞുവാവ എന്നിവരാണ് അറസ്റ്റിലായത്.ഇവരെ പൂവാറില്‍ നിന്നാണ് പോലീസ് പിടി കൂടിയത്.ഇതോടെ 13 പ്രതികളില്‍ 11 പേരും അറസ്റ്റിലായി.കേസുമായി ബന്ധപ്പെട്ട് കിരണ്‍ കൃഷ്ണന്‍ എന്ന ബാലു, മുഹമ്മദ് റോഷന്‍, അരുണ്‍ ബാബു, അഭിലാഷ്, റാം കാര്‍ത്തിക് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൈമനത്തെ കാട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയതെങ്ങനെയെന്ന് പ്രതികള്‍ പൊലീസിനോട് വിശദീകരിച്ചു. അനന്തുവിന്‍റെ കണ്ണില്‍ സിഗരറ്റ് വെച്ച്‌ കുത്തിയെന്ന് പ്രതികള്‍ പറഞ്ഞു. സിഗരറ്റ് പാക്കറ്റും പ്രതികള്‍ കാണിച്ചു കൊടുത്തു.അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും ഒളിവില്‍ പോയവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് കമ്മീഷണര്‍ അറിയിച്ചു. കൊലപാതകത്തിന്റെ കാരണം അടക്കം വിശദമായ അന്വേഷണം കേസില്‍ ഉണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. അറസ്റ്റിലായ പ്രതികള്‍ ലഹരികള്‍ക്ക് അടിമകള്‍ ആണെന്ന് പോലീസ് പറഞ്ഞു.ഉത്സവത്തോട് അനുബന്ധിച്ച അടിപിടിക്കേസ് മാത്രമല്ല സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളാണെന്നത് അടക്കം നിര്‍ണ്ണായക വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
മാര്‍ച്ച്‌ 11 ന് വൈകീട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊച്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായി പോലീസ് പറയുന്നത്.

കാന്‍സര്‍ ബാധ;ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ 201 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്

keralanews johnson and johnson fined 201crore rupees in talc cancer suit

ന്യൂയോര്‍ക്ക്:അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ 201 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്.കമ്പനിയുടെ ടാല്‍കം പൗഡര്‍ ഉപയോഗിച്ച്‌ കാന്‍സര്‍ ബാധിച്ചുവെന്ന് കാട്ടി ടെറി ലീവിറ്റ് എന്ന അമേരിക്കന്‍ യുവതി നല്‍കിയ പരാതിയിലാണ് കാലിഫോര്‍ണിയയിലെ പരമോന്നത കോടതിയുടെ ഉത്തരവ്.ചെറുപ്പകാലം തൊട്ടെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ പൗഡറും മറ്റു വസ്തുക്കളും ഉപയോഗിച്ചിരുന്നതായും വര്‍ഷങ്ങള്‍ക്കു ശേഷം കാന്‍സര്‍ പിടിപെട്ടെന്നും കാണിച്ചായിരുന്നു പരാതി. കമ്പനിയുടെ ഉല്‍പന്നം ഉപയോഗിച്ചതാണ് കാന്‍സര്‍ ബാധക്ക് കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും നഷ്ടപരിഹാര തുക എത്രയും പെട്ടെന്ന് ഇരക്ക് ലഭ്യമാക്കണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.കമ്പനിയുടെ പൗഡര്‍ ഉപയോഗിച്ചവര്‍ക്ക് വിവിധ രോഗങ്ങള്‍ പിടിപ്പെട്ടതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്പനിക്കെതിരെ കേസുകള്‍ നിലവിലുണ്ട്.അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച കമ്പനി കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അറിയിച്ചു.

കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

keralanews congress leader tom vadakkan joints in bjp
ന്യൂഡൽഹി:കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസിന്റെ പ്രതികരണം ഖേദകരമാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിടുന്നതെന്നും വടക്കന്‍ പറഞ്ഞു.കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലാണ് ടോം വടക്കനെ ബിജെപിയിലേക്കു സ്വീകരിച്ചത്.‘എന്റെ ജീവിതത്തിലെ വിലപ്പെട്ട വര്‍ഷങ്ങള്‍ കോണ്‍ഗ്രസിനു വേണ്ടി സമര്‍പ്പിച്ചു.കുടുംബരാഷ്ട്രീയവും ഉപയോഗിച്ച  ശേഷം വലിച്ചെറിയുകയെന്ന സംസ്‌കാരവുമാണ് പാര്‍ട്ടിയില്‍ ഉള്ളത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.സ്വാഭിമാനമുള്ള ആർക്കും പാര്‍ട്ടിയില്‍ സ്ഥാനമില്ല’- വടക്കന്‍ പറഞ്ഞു.ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടോം വടക്കന്‍ എഐസിസി സെക്രട്ടറി, കോൺഗ്രസ് വക്താവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലുൾപ്പെടെ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥി പട്ടികയില്‍ പലവട്ടം ടോം വടക്കന്റെ പേര് പലവട്ടം ഉയർന്ന് കേട്ടിരുന്നെങ്കിലും പിന്നീട് തള്ളിപ്പോവുകയും ചെയ്തിരുന്നു. തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച്  പ്രവര്‍ത്തിച്ചു വരികയായിരുന്നു. ടോംവടക്കന്റെ പാർട്ടിയിലേക്കുള്ള വരവിനെ കേരളാ ഘടകം സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി.  കേരളത്തില്‍ കോണ്‍ഗ്രസിന്റെ താഴോട്ടിറക്കം തുടങ്ങിയെന്നും ടോം വടക്കന്റെ ബിജെപി പ്രവേശനം ഇതിന്റെ തുടക്കമായി മാത്രം കണ്ടാല്‍ മതിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

യു.എ.ഇയില്‍ കനത്ത മൂടല്‍മഞ്ഞ്; പലയിടങ്ങളിലും വാഹനാപകടങ്ങളും ഗതാഗത സ്തംഭനവും

keralanews heavy fog in uae and motor traffic and accidents in many places

ദുബായ്:യു.എ.ഇയില്‍ വിവിധയിടങ്ങളിൽ കനത്ത മൂടല്‍മഞ്ഞ് അനുഭപ്പെട്ടു.വ്യാഴാഴ്ച രാവിലെ മുതലാണ് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടാൻ തുടങ്ങിയത്.മൂടൽമഞ്ഞിനെ തുടർന്ന് ദൂരക്കാഴ്ച കുറഞ്ഞതിനാൽ പലയിടങ്ങളിലും വാഹനാപകടങ്ങളും ഗതാഗത സ്തംഭനവും അനുഭവപ്പെട്ടു. ദൂരക്കാഴ്ച 200 മീറ്ററിലും താഴെയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ദുബൈയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നീ പ്രധാന പാതകളില്‍ ഗതാഗത സ്തംഭനം അനുഭവപ്പെട്ടു.ഈ റോഡുകളില്‍ ഒന്നിലേറെ അപകടങ്ങളുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാഹനമോടിക്കുന്നവര്‍ വളരെ ജാഗ്രത പുലര്‍ത്തണമെന്നും നിശ്ചിത അകലം പാലിച്ച്‌ പതുക്കെ വാഹനം ഓടിക്കണമെന്നും പോലീസും ആര്‍ടിഎയും മുന്നറിയിപ്പ് നല്‍കി.

ബോയിങ്​ 737 മാക്​സ്​ വിമാനങ്ങള്‍ക്ക് ആഗോള വിലക്ക്

The Boeing Co. 737 MAX airplane stands outside the company's manufacturing facility in Renton, Washington, U.S., on Tuesday, Dec. 8, 2015. Boeing Co.'s latest 737 airliner is gliding through development with little notice, and that may be the plane's strongest selling point. The single-aisle 737 family is the company's largest source of profit, and the planemaker stumbled twice earlier this decade with tardy debuts for its wide-body 787 Dreamliner and 747-8 jumbo jet. Photographer: David Ryder/Bloomberg

ആഡിസ് അബാബ:എത്യോപ്യന്‍ എയര്‍ലൈന്‍സ് തകര്‍ന്ന് 157 പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബോയിങ് 737 മാക്സ് എട്ട് വിഭാഗത്തില്‍പെട്ട മുഴുവന്‍ വിമാനങ്ങളും സര്‍വിസ് നിര്‍ത്തിവെക്കാന്‍ ലോകത്തുടനീളം സമ്മര്‍ദം ശക്തം.യൂറോപ്യന്‍ യൂനിയന്‍ കടുത്ത നിലപാട് പ്രഖ്യാപിച്ചതിനു പിന്നാലെ പശ്ചിമേഷ്യയിലെയും ഏഷ്യയിലെ മറ്റു മേഖലകളിലെയും കൂടുതല്‍ രാജ്യങ്ങള്‍ സുരക്ഷ മുന്‍നിര്‍ത്തി വിമാനം നിലത്തിറക്കുകയാണെന്ന് പ്രഖ്യാപിച്ചു.ബോയിങ് 737 മാക്സ് എട്ട്, ഒൻപത്  വിമാനങ്ങള്‍ക്ക് ചൊവ്വാഴ്ചയാണ് യൂേറാപ്യന്‍ യൂനിയന്‍ വ്യോമയാന വിഭാഗം വിലക്കേര്‍പെടുത്തിയത്.ഈ ജിപ്ത്, വിയറ്റ്നാം, കസാഖ്സ്താന്‍, ചൈന, സിംഗപ്പൂര്‍, ആസ്ട്രേലിയ, തുര്‍ക്കി, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, അയര്‍ലന്‍ഡ്, ദക്ഷിണ കൊറിയ, മംഗോളിയ, ഇന്തോനേഷ്യ, മലേഷ്യ, ഒമാന്‍, യു.എ.ഇ, ഇത്യോപ്യ, നോര്‍വേ, അര്‍ജന്‍റീന തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇതിനകം വിലക്ക് നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, യു.എസില്‍ വിമാന സര്‍വിസുകള്‍ റദ്ദാക്കില്ലെന്ന് വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്. ലോകത്തുടനീളം 54 വിമാനക്കമ്ബനികള്‍ക്കായി 350 ഓളം ബോയിങ് 737 മാക്സ് വിമാനങ്ങളാണ് നിലവില്‍ സര്‍വിസിനുള്ളത്.

രാഹുൽ ഗാന്ധി കാസർകോട്ടെത്തി;കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത്ലാലിന്റെയും വീടുകൾ സന്ദർശിച്ചു

keralanews rahul gandhi visited the houses of sarathlal and kripesh in kasarkode periya

കാസർകോഡ്:പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത്ലാലിന്റെയും വീടുകൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു.ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. ഇരുവീടുകളിലും 15 മിനിറ്റ് നേരമാണ് രാഹുല്‍ ചെലവഴിച്ചത്.ഇരുവരുടെയും കുടുംബങ്ങള്‍ക്കായി കോൺഗ്രസ് സമാഹരിച്ച സഹായധനം കൈമാറി. ഇരുവരുടെയും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കുടുംബാംഗങ്ങളെയും രാഹുല്‍ കാണുന്നുണ്ട്. തൃശൂർ തൃപ്രയാറിൽ ഫിഷർമെൻ പാർലമെന്റിൽ സംസാരിച്ച ശേഷമാണ് രാഹുല്‍ പെരിയയിലെത്തിയത്. വന്‍കിടക്കാരുടെ കടം എഴുതിത്തള്ളാന്‍ തയ്യാറാകുന്ന പ്രധാനമന്ത്രി, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കടവും എഴുതിത്തള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു.സന്ദര്‍ശനത്തോടനുബന്ധിച്ച്‌ കാസര്‍കോട് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസിന്റെ ജനാമഹാറാലിക്ക് ശേഷം രാത്രി രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് തിരിക്കും.

തിരുവല്ലയിൽ യുവാവ് തീകൊളുത്തിയ പെണ്‍ക്കുട്ടി മരിച്ചെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി പൊലീസ്

keralanews police will take action against people who spread fake news that the student whome the man set fire died

പത്തനംതിട്ട:പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തിരുവല്ലയിൽ യുവാവ് തീകൊളുത്തിയ പെണ്‍ക്കുട്ടി മരിച്ചെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി പൊലീസ്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്ന പെണ്‍ക്കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. 52 ശതമാനം പൊള്ളലേറ്റതിന് പുറമെ യുവതിയുടെ വയറില്‍ കുത്തേറ്റിട്ടുമുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്ബനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. രാവിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാനെത്തിയ യുവതിയെ റോഡില്‍ വെച്ച്‌ പ്രതി തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു.അതേസമയം പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഇല്ലെന്നും വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആശുപത്രി കിടക്കയില്‍ നിന്ന് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനി പരീക്ഷ എഴുതിയ ശേഷം കുഴഞ്ഞുവീണു മരിച്ചു

keralanews student who came to write sslc exam from hospital died after writing exam

കടത്തുരുത്തി:ആശുപത്രി കിടക്കയില്‍ നിന്ന് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനി പരീക്ഷ എഴുതിയ ശേഷം കുഴഞ്ഞുവീണു മരിച്ചു.കല്ലറ എസ്‌എന്‍വിഎന്‍എസ്‌എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആയാംകുടി നാല് സെന്റ് കോളനി മൂലക്കര മോഹന്‍ദാസിന്റെ മകള്‍ അതുല്യ(15) യാണ് മരിച്ചത്.പനിയും ശ്വാസംമുട്ടലും പിടിപെട്ടതിനെ തുടര്‍ന്ന് കല്ലറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അതുല്യ.എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നതിനായി രാവിലെ ആശുപത്രിയില്‍ നിന്ന് അമ്മയ്ക്കും സഹോദരനുമൊപ്പം സ്കൂളിലേക്ക് പോയി. പരീക്ഷയ്ക്ക് ശേഷം അസുഖം കൂടിയതിനെ തുടര്‍ന്ന് അതുല്ല്യയെ കല്ലറയില്‍ ചികിത്സയിലായിരുന്ന ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകുന്നേരം അഞ്ചുമണിയോടെ മരിച്ചു.സംസ്‌കാരം ഇന്ന് നടക്കും.മാതാവ്: രാധാമാണി,സഹോദരന്‍: അതുല്‍.