ദുബായ്:യുഎയിൽ കനത്ത മഴ തുടരുന്നു.ദിവസങ്ങളായി തുടരുന്ന മഴയിൽ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കം അനുഭവപ്പെട്ടു.പലയിടത്തും റോഡ് ഗതാഗതം ഏറെക്കുറെ സ്തംഭിച്ച അവസ്ഥയാണ്.മോശം കാലവസ്ഥയെ തുടര്‍ന്ന് നഗരത്തിലെ ട്രാഫിക്ക് സിഗ്നലുകളും തകരാറിലായി.ദുബായ്, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നീ എമിറേറ്റുകളിലാണ് മഴ കൂടുതലായി പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് പല സ്ഥാപനങ്ങളും നഗരത്തില്‍ അടച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥ നീരിക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.പലയിടങ്ങളിലും മരങ്ങള്‍ കടപുഴകിയും വലിയ പാറകള്‍ പതിച്ചും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.പല റോഡുകളും പൊലീസ് അടിച്ചിട്ടിരിക്കുകയാണ്. ഡ്രൈവര്‍മാര്‍ ജാഗ്രതയോടെ വേഗം കുറച്ച് മാത്രമെ വാഹനം ഓടിക്കാന്‍ പാടുള്ളു എന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്.
ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
പനാജി:അര്‍ദ്ധരാത്രി വരെ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ശിഷ്യനും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിക്കൊപ്പം 11മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍.മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്ന് വാശിപിടിച്ചു നിന്ന രണ്ട് ഘടകകക്ഷികള്‍ക്കും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയാണ് ബിജെപി സംസ്ഥാനത്ത് ഭരണം നിലനിറുത്തിയത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായ്, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എം.എല്‍.എ സുധിന്‍ ധവാലികര്‍ എന്നിവരാണ് ഉപ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഗോവയില്‍ സർക്കാർ രൂപീകരിക്കാന്‍ നീക്കം നടത്തിയ കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ മറികടന്നാണു പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റത്.
സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി
തൃശൂര്‍:ഗുണ്ടകളെ ഉപയോഗിച്ച് തന്നേയും കുടുംബത്തേയും വീട് കയറി ആക്രമിച്ചു എന്ന നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു ആല്‍വിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്.റോഷന്‍ ആന്‍ഡ്രൂസ് പതിനഞ്ചോളം ഗുണ്ടകളും ചേര്‍ന്ന് തന്നെയും കുടുംബത്തെയും വീട് കയറി ആക്രമിക്കുകയായിരുന്നു.ആ സമയത്ത് വീട്ടിലുണ്ടായിരുന്ന തന്റെ സുഹൃത്തായ ഡോക്ടറെയും ഗുണ്ടകള്‍ ആക്രമിച്ചെന്നും സ്‌കൂളില്‍ പോകുന്ന തന്റെ മകളെ പോലും വെറുതെ വിട്ടില്ലെന്നും ആല്‍വിന്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് നിര്‍മാതാക്കളുടെ സംഘടന സംവിധായകന് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി റോഷന്‍ ആന്‍ഡ്രൂസും രംഗത്തെത്തി.ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാള്‍ക്കുണ്ടായിരുന്നുവെന്നും ഒരിക്കല്‍ താക്കീത് നല്‍കിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടര്‍ന്നപ്പോള്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്.ഇതിന്റെ പ്രതികാരമായി തനിക്കെതിരെ ഇയാള്‍ തുടര്‍ച്ചയായി അപവാദ പ്രചരണം നടത്തിയെന്നും ഒടുവില്‍ അസഹ്യമായപ്പോള്‍ ചോദിക്കാന്‍ ചെന്ന തന്നെയും തന്റെ സുഹൃത്ത് നവാസിനേയും ഇയാളും അച്ഛനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നും നവാസിന്റെ വയറില്‍ ഇവര്‍ തൊഴിച്ചുവെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ ആരോപണം. ആല്‍വിനും കൂട്ടുകാരനും തന്നെ മര്‍ദിച്ചുവെന്നു കാണിച്ചു റോഷന്‍ ആന്‍ഡ്രൂസും പരാതി നല്‍കിയിട്ടുണ്ട്.
കൊല്ലം ജില്ലയിൽ രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു
കൊല്ലം:കൊല്ലം ജില്ലയിൽ രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു. തെന്‍മലയില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ച് കൊണ്ടിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയായ സെയ്ദലിക്കും കുളത്തൂപ്പുഴ ഫിഷറീസ് വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനായ ഷൈജു ഷാഹുല്‍ ഹമീദിനുമാണ് സൂര്യാഘാതമേറ്റത്. സെയ്ദലിക്ക് മുഖത്തും ഷൈജുവിന്റെ ചുമലിലുമാണ് സൂര്യാഘാതമേറ്റിരിക്കുന്നത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെ തുടർന്ന് ജനങ്ങള്‍ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഉഷ്‌ണതരംഗം;കടലില്‍ തിരമാലകള്‍ ഉയരും; കേരളം, ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട്, കര്‍ണാടക തീരങ്ങളില്‍ ജാഗ്രതാ നിർദേശം
തിരുവനന്തപുരം:ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍ തിങ്കളാഴ്ച രാത്രിവരെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.ഈ സമയം കടലില്‍ 1.7 മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉയരുമെന്നും അതിനാൽ കേരളം, ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട്, കര്‍ണാടക തുടങ്ങിയ തീരങ്ങളിൽ മൽസ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി.കടലില്‍ ഈ സമയത്തുണ്ടാകുന്ന ഉഷ്ണജലപ്രവാഹങ്ങളുടെ തീവ്രത വര്‍ധിക്കുന്നതാണ് തിരമാല ഉയരാന്‍ കാരണം.കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. സൂര്യതാപം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
ന്യൂസിലാൻഡ് വെടിവെയ്പ്പിൽ 50 മരണം; മരിച്ചവരിൽ മലയാളിയടക്കം അഞ്ച് ഇന്ത്യക്കാരും
ക്രൈസ്റ്റ് ചർച്ച്:ന്യൂസിലൻഡിലെ രണ്ടു മുസ്ലിം പള്ളികളിൽ ഭീകരർ നടത്തിയ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി.ഇതിൽ മലയാളി അടക്കം അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു.ന്യൂസിലാന്‍റിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.കൊടുങ്ങല്ലൂർ സ്വദേശിയായ അൻസി അലിബാവ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ മരിച്ചെന്നാണ് ന്യൂസിലാന്‍റിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സ്ഥിരീകരിച്ചത്. അഹമ്മദാബാദ് സ്വദേശി മെഹ്‌ബൂബ് കോക്കർ, ഹൈദരാബാദ് സ്വദേശി ഒസൈർ ഖാദർ, ഗുജറാത്ത് സ്വദേശി ആസിഫ് വോറ, മകൻ റമീസ് വോറ എന്നിവരാണ് അൻസിക്ക് പുറമെ മരിച്ച ഇന്ത്യാക്കാർ.ന്യൂസിലാന്‍റിലെ ലിൻകോൺ സർവകലാശാലയിലെ അഗ്രികൾച്ചർ ബിസിനസ് മാനേജ്‌മന്റ് വിദ്യാർഥിയായിരുന്നു അൻസി. അൻസിയുടെ ഭർത്താവ് അബ്ദുൽ നാസർ പരിക്കുകളോടെ ചികിത്സയിലാണ്. അൻസിയുടെ മൃതദേഹം നാലു ദിവസത്തിനകം നാട്ടിൽ എത്തിക്കാനാകുമെന്ന് നോർക്ക റൂട്സ് അധികൃതർ പറഞ്ഞു.
അഴീക്കൽ സിൽക്കിൽ പൊളിക്കാൻ കൊണ്ടുവന്ന കപ്പലിന് തീപിടിച്ചു
കണ്ണൂർ:പൊതുമേഖലാ സ്ഥാപനമായ അഴീക്കൽ സിൽക്കിൽ പൊളിക്കാൻ കൊണ്ടുവന്ന കപ്പലിന് തീപിടിച്ചു.ഞായറഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.മാലിദ്വീപിൽ നിന്നും എത്തിച്ച ഹൊറൈസൺ ഫിഷറീസിന്റെ ‘ദിവാലി 107’ എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്.കപ്പലിന്റെ മുകൾത്തട്ടിലെ ഡക്കിലാണ് അഗ്നിബാധ ഉണ്ടായത്.കണ്ണൂരിൽ നിന്നും അസി.ഫയർ സ്റ്റേഷൻ ഓഫീസർ ടി.അജയന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീയണച്ചു.തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.മാലിദ്വീപിൽ നിന്നും മൂന്നു കപ്പലുകളാണ് പൊളിക്കാനായി സിൽക്കിലെത്തിച്ചത്.ഇതിൽ ഒരു കപ്പൽ മുക്കാൽ ഭാഗത്തോളം പൊളിച്ചു. പൊളിച്ചുകൊണ്ടിരുന്ന രണ്ടാമത്തെ കപ്പലിനാണ് തീപിടിച്ചത്.
കഞ്ചാവുമായി കണ്ണൂർ സ്വദേശിയായ യുവാവ് എറണാകുളത്ത് പിടിയിൽ
കൊച്ചി:കഞ്ചാവുമായി കണ്ണൂർ സ്വദേശിയായ യുവാവ് എറണാകുളത്ത് പിടിയിൽ.വളപട്ടണം കെ.വി ഹൗസിൽ ആഷിക്കിനെയാണ്(26) എറണാകുളം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്റ്റർ പി.ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.പിടിക്കപ്പെടുമ്പോൾ ഇയാളുടെ കൈവശം രണ്ടു കിലോ കഞ്ചാവ് ഉണ്ടായിരുന്നതായാണ് സൂചന.കണ്ണൂരിൽ നിന്നും എറണാകുളത്തെത്തി ഓട്ടോ ഓടിച്ചാണ് ഇയാൾ കച്ചവടം തുടങ്ങിയത്.സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും നിന്നും ചെറിയ പൊതി കഞ്ചാവ് വാങ്ങി ഉപയോഗിച്ചും വിറ്റും കച്ചവടം തുടർന്ന്.പിന്നീട് 500 രൂപ മുതൽ 1000 രൂപ വരെയുള്ള പൊതികൾ ഓട്ടോയിൽ കൊണ്ടുനടന്ന് വിൽപ്പന ആരംഭിച്ചു.ലാഭം കിട്ടിത്തുടങ്ങിയപ്പോൾ ഓട്ടോറിക്ഷ ജീവിതം അവസാനിപ്പിച്ച് തട്ടുകട തുടങ്ങി.ഭക്ഷണം വാങ്ങാനെത്തുന്നവർ എന്ന വ്യാജേന ഉപഭോക്താക്കളെ തട്ടുകടയിലെത്തിച്ച് വില്പന തുടർന്നു.വൻ ലാഭം കിട്ടിത്തുടങ്ങിയതോടെ ഇന്നോവ,ഡസ്റ്റർ തുടങ്ങിയ ആഡംബര വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് കമ്പം,തേനി എന്നിവിടങ്ങളിൽ നിന്നും കഞ്ചാവ് എറണാകുളത്തെത്തിക്കാൻ തുടങ്ങി.ചെക്ക് പോസ്റ്റുകളിൽ പരിശോധനയ്ക്കിടെ സംശയം തോന്നാതിരിക്കാൻ സ്ത്രീകളെയും വണ്ടിയിലിരുത്തും.എന്നാൽ ചെക്ക്‌പോസ്റ്റുകളിൽ നിരീക്ഷണം ശക്തമായപ്പോൾ ബെംഗളൂരുവിൽ നിന്നും തീവണ്ടിമാർഗം കഞ്ചാവ് കടത്ത് ആരംഭിച്ചു.മാസത്തിൽ മൂന്നോ നാലോ തവണകളിലായി പത്തു മുതൽ ഇരുപത് കിലോ വരെ കഞ്ചാവ് കടത്തികൊണ്ടുവന്ന് എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലോഡ്ജുകളിൽ മുറിയെടുത്ത് ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കാൻ തുടങ്ങി.മുൻപ് പരിചയമുള്ള ചില്ലറ വില്പനക്കാർക്ക് മാത്രമാണ് ഇയാൾ നേരിട്ട് കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നത്.’ബോംബെ ഭായ്’ എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ആളെ തിരിച്ചറിയാതിരിക്കാൻ ഓരോ മാസത്തിലും രൂപത്തിലും വേഷത്തിലും മാറ്റം വരുത്തുന്ന ഇയാൾ പതിനയ്യായിരം രൂപയ്ക്ക് മേൽ വാടകയുള്ള വീടുകളിലാണ് താമസിച്ചിരുന്നത്. സ്ഥിരമായി ഒരിടത്തും താമസിക്കില്ല.ആവശ്യക്കാരാണെന്ന വ്യാജേന സൂത്രത്തിൽ വിളിച്ചുവരുത്തിയാണ് എക്‌സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.പ്രിവന്റീവ് ഓഫീസർമാരായ എം.എസ് ജയൻ,പി.എക്സ് റൂബൻ,എം.എം അരുൺ വിപിൻദാസ്, ചിത്തിര, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
കണ്ണൂർ മുണ്ടയാട്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കണ്ണൂർ:കണ്ണൂർ മുണ്ടയാട്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.ഞായറഴ്ച പുലർച്ചെ ഒന്നരയോടുകൂടി ചൊവ്വ-മട്ടന്നൂർ ഹൈവേയിലായിരുന്നു അപകടം.ചക്കരക്കൽ മൗവ്വഞ്ചേരി മാച്ചേരി സ്വദേശി പ്രാർത്ഥനയിൽ പ്രഭാകരൻ – ലീന ദമ്പതികളുടെ മകൻ ലിബീഷ് (25), എടയന്നൂർ കാനാട്ട് സ്വദേശി രാജന്റെയും അനിതയുടെയും മകൻ നെല്ലിത്തറയിൽ ഷിബിൻ (24) എന്നിവരാണ് മരിച്ചത്. ലിബീഷിന്റെ കൂടെ കാറിൽ ഉണ്ടായിരുന്ന അമൽമോഹൻ, ഋഷികേശ് എന്നിവർക്കും ഷിബിനൊപ്പം കാറിൽ ഉണ്ടായിരുന്ന എടയന്നൂർ സ്വദേശികളായ അഖിൽ, നിധിൻ, ജിജിത്ത് എന്നിവർക്കുമാണ് പരിക്കേറ്റത്.ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷിബിൻ സഞ്ചരിച്ച കാർ കണ്ണൂരിൽ നിന്നും എടയന്നൂരിലേക്കും ലിബീഷ് സഞ്ചരിച്ച കാർ എച്ചൂരിൽ നിന്നും ചൊവ്വയിലേക്കും പോവുകയായിരുന്നു.രണ്ടു കാറുകളും നേർക്കുനേർ കൂട്ടിയിടിക്കുകയാണ് ഉണ്ടായത്.ശക്തമായ കൂട്ടിയിടിയിൽ കാറുകൾ പൂർണ്ണമായും തകർന്നു.ഇടിയുടെ ശക്തിയിൽ ലിബീഷ് സഞ്ചരിച്ച കാർ റോഡിൽ തലകീഴായി മറിഞ്ഞു.കാറുകൾക്ക് അകത്തു കുടുങ്ങിയ യാത്രക്കാരെ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് വാഹനം പൊളിച്ചാണ് പുറത്തെടുത്തത്.
മലപ്പുറത്ത് വെസ്റ്റ് നൈൽ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു
മലപ്പുറം:മലപ്പുറത്ത് വെസ്റ്റ് നൈൽ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു.വേങ്ങര സ്വദേശി ഷാന്‍ (6) ആണു മരിച്ചത്.രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിനു നേരത്തെ തന്നെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.പനിയും തലവേദനയും ശരീരവേദനയുമായാണ് കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.ഈ രോഗത്തിന് പ്രതിരോധ വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. നാഡീസംവിധാനത്തെയാണ് ഈ വൈറസ് ഗുരുതരമായി ബാധിക്കുന്നത്.പനി, ശക്തമായ തലവേദന, ബോധക്ഷയം, അപസ്മാരം, ഛര്ദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍.കൊതുകാണ് ഈ രോഗം പരത്തുന്നത്. മനുഷ്യനില്‍നിന്നു മനുഷ്യരിലേക്ക് രോഗം പകരില്ല. ഇത്തരം വൈറസ് ബാധയേല്‍ക്കുന്നവരില്‍ 150-ല്‍ ഒരാള്‍ക്കു മാത്രമാണ് രോഗം മൂര്‍ഛിക്കാറുള്ളത്. ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ 10 ശതമാനം മാത്രമാണ് മരണം സംഭവിക്കുക. കൊതുകുകളാണ് രോഗവാഹകര്‍ എന്നതിനാല്‍ കൊതുകുകളില്‍നിന്നും രക്ഷനേടുക എന്നതാണ് രോഗം പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം.. വെസ്റ്റ് നൈല്‍ പനിക്ക് നിലവില്‍ പ്രത്യേക വാക്സിന്‍ ലഭ്യമല്ലെങ്കിലും രോഗ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സ ഫലപ്രദമായി നടത്താനാകും. വൈറസ് പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.മലിനജലത്തിലാണ് ക്യൂലക്സ് കൊതുകുകള്‍ കാണപ്പെടുന്നത്. കൊതുകുകള്‍ വളരാനുള്ള സാഹചര്യം ഒഴിവാക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുകുകളുടെ ലാര്‍വ നശിപ്പിക്കാനായി ജലസ്രോതസുകളില്‍ ഗപ്പികളെ വളര്‍ത്തുക. കിണര്‍ നെറ്റ് ഉപയോഗിച്ചു മൂടണം. കൊതുക് കടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുക.