ശ്രീനഗർ:ജമ്മുകശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം. ജമ്മുകശ്മീരിലെ സോപോറില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു.എസ്.എച്ച്.ഒ അടക്കം പരിക്കേറ്റ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ചികിത്സക്കായി ശ്രീനഗറിലേക്ക് കൊണ്ടുപോയി. ജമ്മുകശ്മീര്‍ പൊലീസും സി.ആര്‍പി.എഫും പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുന്നുണ്ട്. രണ്ടോ മൂന്നോ ഭീകരര്‍ പ്രദേശത്ത് ഒളിഞ്ഞിരിപ്പുണ്ട് എന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന.അതിനിടെ സുന്ദര്‍ബാനിയിലുണ്ടായ പാക് വെടിവെപ്പില്‍ സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ജേക്കബ് തോമസ്
തൃശൂർ:ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങി മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് ജേക്കബ് തോമസ്.കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി- ട്വന്റി കൂട്ടായ്മയുടെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക. ഇതിനായി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ജേക്കബ് തോമസ് രാജിവെക്കും. കേരള കേഡറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നിലവില്‍ സസ്‌പെന്‍ഷനിലാണ്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുള്ളതിനാല്‍ ഐ.പി.എസ് സ്ഥാനം രാജിവെക്കേണ്ടിവരും.നിലവില്‍ ട്വന്റി ട്വന്റി കൂട്ടായ്മയാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത്. പത്തൊല്‍പതില്‍ പതിനെട്ട് സീറ്റ് നേടിയാണ് ട്വന്റി ട്വന്റി കൂട്ടായമ അധികാരം പിടിച്ചെടുത്തത്. കിഴക്കമ്പലം പഞ്ചായത്തിലും സമീപ പഞ്ചായത്തിലും വലിയ സ്വാധീനമുള്ള ട്വന്റി ട്വന്റി കൂട്ടായ്മയുടെ നിലപാട് ചാലക്കുടി മണ്ഡലത്തിലെ വിജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാവും.
ക്യാമ്പിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് സിആര്‍പിഎഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊന്നു
കാശ്മീർ:ക്യാമ്പിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് സിആര്‍പിഎഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊന്നു.ജമ്മു കശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പിൽ ബുധനാഴ്ചയാണ് സംഭവം.രാത്രി 10 മണിയോടെ ഉദംപൂരിലെ 187 ബറ്റാലിയന്‍ ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ അജിത് കുമാര്‍ തന്‍റെ മൂന്ന് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.തുടര്‍ന്ന് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അജിത്തിനെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ് അജിത് കുമാര്‍.സിആര്‍പിഎഫില്‍ ഹെഡ് കോൺസ്റ്റബിൾമാരായ രാജസ്ഥാനില്‍ നിന്നുള്ള പൊകര്‍മാല്‍ ആര്‍, ദില്ലിയില്‍ നിന്നുള്ള യോഗേന്ദ്ര ശര്‍മ, ഹരിയാനയില്‍ നിന്നുള്ള റെവാരി എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയുതിർത്തത്തിന്റെ കാരണം വ്യക്തമല്ല.സംഭവത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ക്യാമ്പിലെത്തി പരിശോധന നടത്തി.
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവുവേട്ട;20 കിലോ കഞ്ചാവ് പിടികൂടി
ആലപ്പുഴ:ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവുവേട്ട.പ്ലാറ്റ്‌ഫോമില്‍ രണ്ടു ബാഗുകളിലായി സൂക്ഷിച്ച 20 കിലോ കഞ്ചാവ് പിടികൂടി.സംഭവത്തില്‍ ആരെയും പിടികൂടാനായിട്ടില്ലന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലേക്ക്;ഒരു ദിവസം കൊണ്ട് കൂടിയത് 30 ലക്ഷം യൂണിറ്റ്
ഇടുക്കി:ദിനംപ്രതി വർധിച്ചു വരുന്ന ചൂടിന്റെ ഫലമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലേക്ക് കടക്കുന്നു.ചൊവ്വാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ ഉപയോഗിച്ചത് 83.0865 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്.ഒരു ദിവസംകൊണ്ട് കൂടിയത് 30.05 ദശലക്ഷം യൂണിറ്റ്.സംസ്ഥാനത്ത് ഇതിനു മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം 2018 ഏപ്രില്‍ 30ന്, 80.9358 ദശലക്ഷം യൂണിറ്റാണ്.കഴിഞ്ഞ ഒരാഴ്ചയായി 80 ദശലക്ഷത്തിന് മുകളിലായിരുന്നെങ്കിലും ഉപഭോഗം കാര്യമായി ഉയര്‍ന്നിരുന്നില്ല. പരീക്ഷാക്കാലവും തെരഞ്ഞെടുപ്പുമെത്തിയതും ഉപഭോഗം കുതിച്ചുയരാന്‍ കാരണമായി. ഉപഭോഗം കൂടിയതോടെ വൈദ്യുതി വർധിപ്പിച്ചു.ഇതോടെ ഇടുക്കിയിലെ ജലനിരപ്പ് താഴ്ന്നു. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2355.46 അടിയാണ് ജലനിരപ്പ്, 50.45 ശതമാനം. മുന്‍വര്‍ഷം ഇതേ സമയം ഇത് 45.92 ശതമാനമായിരുന്നു.
തിരുവല്ലയിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു
പത്തനംതിട്ട:തിരുവല്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു.തിരുവല്ല സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്.വൈകിട്ട് 6 മണിക്കായിരുന്നു മരണം. കഴിഞ്ഞ 8 ദിവസമായി വെന്റിലേറ്ററില്‍ ആയിരുന്നു കവിത. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തിൽ അറുപതുശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ആദ്യം പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലിലേക്ക് മാറ്റുകയായിരുന്നു. തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ഥിനിയായ യുവതി ക്ലാസിലേക്കു പോകുന്നതിനിടെയാണ് അക്രമമുണ്ടായത്.സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു(18)വിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷമാണ് പ്രതി പെട്രോളൊഴിച്ചു തീകൊളുത്തിയത്. അജിന്‍ റെജി മാത്യുവിനെ സംഭവശേഷം നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.
ഇലക്ട്രിക് കാറുകൾക്ക് 1.5 ലക്ഷം രൂപ വരെ ഇളവ് – ഫെയിം രണ്ടാംഘട്ടത്തിൽ
ന്യൂഡല്‍ഹി:വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച ഫെയിം പദ്ധതിയുടെ(ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഇലക്‌ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ) രണ്ടാം ഘട്ടത്തില്‍ 15 ലക്ഷം രൂപയുടെ ഇലക്ട്രിക് കാറുകൾക്ക് 1.5 ലക്ഷം രൂപയുടെ ഇൻസെന്റീവ് നൽകുന്നു.ഫെയിം രണ്ടാം ഘട്ടത്തിൽ ഇലക്ട്രിക് കാറുകൾ, ഹൈബ്രിഡ് കാറുകൾ, ഇലക്ട്രിക് ബസ്സുകൾ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ, ഇ-റിക്ഷകൾ തുടങ്ങിയ വാഹനങ്ങള്‍ക്കു സബ്സിഡി അനുവദിക്കുന്നതിനു മാത്രം 8596 കോടിയാണു മാറ്റിവച്ചിരിക്കുന്നത്. 15 ലക്ഷത്തിലേറെ വാഹനങ്ങള്‍ക്കു 3 വര്‍ഷം നീളുന്ന രണ്ടാം ഘട്ടത്തില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. വാഹനങ്ങള്‍ വാങ്ങാന്‍ സബ്സിഡി നല്‍കുന്നതിനൊപ്പം റജിസ്ട്രേഷന്‍ നിരക്ക്, പാര്‍ക്കിങ് ഫീസ് എന്നിവയില്‍ ഇളവ്, കുറഞ്ഞ ടോള്‍ നിരക്ക് എന്നിവയും ഇ- വാഹനങ്ങള്‍ക്കായി പരിഗണിക്കുന്നുണ്ട്.മോട്ടര്‍വാഹന ആക്‌ട് അനുസരിച്ചു റജിസ്റ്റര്‍ ചെയ്ത ഇലക്‌ട്രോണിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കും ബസുകള്‍ക്കും മാത്രമാണു സബ് സിഡി അനുവദിക്കുക.
സബ്‌സിഡി ആനുകൂല്യങ്ങൾ ഇങ്ങനെ:
*ഇരുചക്ര വാഹനങ്ങള്‍:
സബ്സിഡി ആനുകൂല്യം ലഭിക്കുക 10 ലക്ഷം വാഹനങ്ങള്‍ക്ക്
ബാറ്ററി വലുപ്പം- 2 കിലോവാട്ട്
സബ്സിഡി -20,000 രൂപ
വാഹനത്തിന്റെ പരമാവധി വില-1.5 ലക്ഷം
*ഇ-റിക്ഷകള്‍(മുച്ചക്ര വാഹനങ്ങള്‍):
സബ്സിഡി ആനുകൂല്യം ലഭിക്കുക 5 ലക്ഷം വാഹനങ്ങള്‍ക്ക്
ബാറ്ററി വലുപ്പം- 5 കിലോവാട്ട്
സബ്സിഡി -50,000 രൂപ
വാഹനത്തിന്റെ പരമാവധി വില-5 ലക്ഷം
*ഫോര്‍ വീല്‍ വാഹനങ്ങള്‍:
സബ്സിഡി ആനുകൂല്യം ലഭിക്കുക 35,000 വാഹനങ്ങള്‍ക്ക്
ബാറ്ററി വലുപ്പം- 15 കിലോവാട്ട്
സബ്സിഡി – 1.5 ലക്ഷം രൂപ
വാഹനത്തിന്റെ പരമാവധി വില-15 ലക്ഷം
*ഫോര്‍ വീല്‍ ഹൈബ്രിഡ് വാഹനങ്ങള്‍:
സബ്സിഡി ആനുകൂല്യം ലഭിക്കുക 20,000 വാഹനങ്ങള്‍ക്ക്
ബാറ്ററി വലുപ്പം- 1.3 കിലോവാട്ട്
സബ്സിഡി -13,000 രൂപ
വാഹനത്തിന്റെ പരമാവധി വില -15 ലക്ഷം
*ഇ-ബസ്
സബ്സിഡി ആനുകൂല്യം ലഭിക്കുക 7090 എണ്ണത്തിന്
ബാറ്ററി വലുപ്പം- 250 കിലോവാട്ട്
സബ്സിഡി -50 ലക്ഷം രൂപ
വാഹനത്തിന്റെ പരമാവധി വില- 2 കോടി രൂപ
നീരവ് മോദി അറസ്റ്റില്‍
ലണ്ടൻ:13000 കോടി വ്യാജ രേഖകള്‍ ചമച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ വജ്ര വ്യാപാരി നീരവ് മോദി ലണ്ടണില്‍ അറസ്റ്റ് ചെയ്തു. ഈ മാസം 25ന് നീരവ് മോദിയെ ഹാജരാക്കണമെന്ന് കോടതിയുടെ ഉത്തരവിട്ടിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമായിരുന്നു കോടതി നടപടി.കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ 48കാരനായ നീരവ് മോദിയെ ഏത് ദിവസം വേണമെങ്കിലും അറസ്റ്റ് ചെയ്തേക്കാമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യം വിട്ട് പതിനേഴ് മാസങ്ങള്‍ക്ക് ശേഷമാണ് നീരവ് മോദി അറസ്റ്റിലായിരിക്കുന്നത്. കോടതി നടപടികള്‍ക്ക് ശേഷം മോദിയെ ജാമ്യത്തില്‍ വിടാനാണ് സാധ്യത. നീരവ് മോദിയെ ഉടന്‍ ഇന്ത്യയിലെത്തിക്കാന്‍ സാധിക്കില്ല.പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,578 കോടിരൂപയുടെ തട്ടിപ്പ് നടത്തിയതാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. നീരവ് മോദിയുടെ സാന്നിധ്യം ബ്രിട്ടണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളെ ശക്തമായ നീക്കങ്ങളാണ് ഇന്ത്യ നടത്തിക്കൊണ്ടിരുന്നത്.
കർണാടകയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണ് മൂന്നു മരണം
ബംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയിലെ കുമാരേശ്വര നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാലുനില കെട്ടിടം തകർന്നു വീണ് മൂന്നുപേർ മരിച്ചു.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും പതിനഞ്ചോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പരിക്കേറ്റ 18 പേരെ രക്ഷപ്പെടുത്തി. 16 പേരെ ധാര്‍വാഡ് ജില്ല ആശുപത്രിയിലും രണ്ടുപേരെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്.പണിപൂര്‍ത്തിയാവാത്ത കെട്ടിടത്തിെന്‍റ ആദ്യ രണ്ടു നിലകളില്‍ വാടകക്ക് കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു നിലകളില്‍ നിര്‍മാണം നടക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്. ഇതിനാല്‍ കടകളിലുള്ളവരും ഷോപ്പിങ്ങിനെത്തിയവരും നിര്‍മാണത്തൊഴിലാളികളുമടക്കം നിരവധി പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കെട്ടിടത്തിനടിയില്‍പെട്ടു.20 ആംബുലന്‍സ്, നാല് എക്സ്കവേറ്ററുകള്‍, മൂന്ന് ക്രെയിനുകള്‍ എന്നിവ ഉപയോഗിച്ച് പോലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ധാര്‍വാഡില്‍ തെരഞ്ഞെടുപ്പ് സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഒരു യൂണിറ്റ് ബി.എസ്.എഫ് ജവാന്മാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ കെട്ടിടപരിസരത്ത് പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വെസ്റ്റ്നൈൽ വൈറസിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധസംഘം ഇന്ന് മലപ്പുറത്തെത്തും
മലപ്പുറം:വെസ്റ്റ്നൈൽ പനി ബാധിച്ച് മലപ്പുറത്ത് ആറുവയസ്സുകാരൻ മരിക്കാനിടയായ സാഹചര്യത്തിൽ രോഗം പരത്തുന്ന വൈറസിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സംഘം ഇന്ന് മലപ്പുറത്തെത്തും.സംസ്ഥാന എന്‍ഡമോളജി യൂണിറ്റിലേയും കോട്ടയം ആസ്ഥാനമായുള്ള വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിലേയും ഉദ്യോഗസ്ഥരാണ് വരുന്നത്.പനി ബാധിച്ച് മരിച്ച ആറ് വയസുകാരന്‍ മുഹമ്മദ് ഷാന്റെ വേങ്ങര എ ആര്‍ നഗറിലെ വീടിന് സമീപ പ്രദേശങ്ങളില്‍ സംഘം ആദ്യ പരിശോധന നടത്തും. വൈറസ് ബാധ ഉണ്ടാകാനിടയായ സാഹചര്യം കണ്ടെത്തുക, കൊതുകുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുക, ഇത്തരം രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നിര്‍ദ്ദേശിക്കുക എന്നിവയ്ക്കായാണ് പരിശോധനാസംഘം എത്തുന്നത്. പരിശോധനയ്ക്കു ശേഷം ഉച്ച കഴിഞ്ഞ് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീനയുമായി വിദഗ്ദ്ധ സംഘം കൂടിക്കാഴ്ച നടത്തും. അതേസമയം വടക്കന്‍ ജില്ലകളിൽ വെസ്റ്റ് നൈല്‍ പനിക്കെതിരെ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് ഊര്‍ജിതമായി നടക്കുന്നുണ്ട്. രോഗം പടര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.പരിശോധനക്കായി പക്ഷികളുടേയും മൃഗങ്ങളുടേയും രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.രോഗ ലക്ഷണവുമായി ആരെങ്കിലും എത്തിയാല്‍ പ്രത്യേകം നിരീക്ഷിക്കാനും ചികിത്സ നല്‍കാനുമുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.