വയനാട്:പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാൻ വസന്തകുമാറിന്‍റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു.മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും ഇ പി ജയരാജനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.വയനാട് വെറ്റിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരിയായ വസന്തകുമാറിന്റെ ഭാര്യ ഷീനയ്ക്ക് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ താല്‍പര്യമില്ലെങ്കില്‍ എസ് ഐ തസ്തികയില്‍ ജോലി നല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കാനും വസന്തകുമാറിന്റെ രണ്ട് മക്കളുടെയും ഇനിയുള്ള പഠന ചിലവുകളും വഹിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
കാസർകോഡ് ഇരട്ട കൊലപാതകം;കഞ്ചാവ് ലഹരിയിൽ താൻ തന്നെയാണ് യുവാക്കളെ വെട്ടിയതെന്ന് പീതാംബരന്റെ മൊഴി
കാസർകോഡ്: ഇരട്ട കൊലപാതകത്തിൽ കഞ്ചാവ് ലഹരിയിൽ തന്നെയാണ് യുവാക്കളെ വെട്ടിയതെന്ന് പീതാംബരന്റെ മൊഴി.മൊഴികള്‍ വിശ്വസിക്കാതെ ചോദ്യം ചെയ്യുന്ന പൊലീസിനെ കുഴപ്പിച്ച് പ്രതികള്‍ മൊഴികള്‍ ഒരുപോലെ ആവര്‍ത്തിക്കുകയാണ്. പ്രതികളുടെ നീക്കം അന്വേഷണത്തിന്റെ ദിശ തിരിച്ച് വിടാനുള്ള ശ്രമമാണെന്നാണ് പൊലീസ് നിഗമനം.കേസിൽ അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും എ പീതാംബരനെ കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക. പീതാംബരന്‍ നിരവധി കേസില്‍ പ്രതിയാണ്. മൂരിയനം മഹേഷ് കൊലപാതകക്കേസിലും പ്രതിയാണ് പീതാംബരന്‍. പെരിയയില്‍ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും പ്രതിയാണ് ഇയാള്‍. നേരത്തെ പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‍ലാലും.ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.
ഷുക്കൂർ വധക്കേസ്;വിചാരണ കോടതി മാറ്റണമെന്ന സിബിഐയുടെ ആവശ്യം തള്ളി
കണ്ണൂർ:അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ കോടതി മാറ്റണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി.തലശ്ശേരി സെഷൻസ് കോടതിയാണ് ആവശ്യം തള്ളിയത്.കൊച്ചി സിബിഐ പ്രത്യേക കോടതിയിലേയ്ക്ക് വിചാരണ മാറ്റണമെന്നായിരുന്നു ആവശ്യം.കേസ് സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് ഷുക്കൂറിന്റെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു സിബിഐയും കോടതിയില്‍ സമാന ആവശ്യം ഉന്നയിച്ചത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.പി. ജയരാജനെതിരെ കൊലക്കുറ്റവും ടി.വി.രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് സിബിഐ തലശ്ശേരി കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.
ഇരിക്കൂറിനടുത്ത് പെരുമണ്ണിൽ കക്കൂസ് ടാങ്ക് നിർമാണത്തിനിടെ ഗുഹ കണ്ടെത്തി
കണ്ണൂർ:ഇരിക്കൂറിനടുത്ത് പെരുമണ്ണിൽ കക്കൂസ് ടാങ്ക് നിർമാണത്തിനിടെ ഗുഹ കണ്ടെത്തി. പെരുമണ്ണ നാരായണ വിലാസം എ എൽ പി സ്കൂളിന് സമീപത്തെ നാറോത്ത് റിസ്വാനയ്ക്കായി പുതുതായി നിർമിക്കുന്ന വീടിന്റെ പിൻഭാഗത്ത് കക്കൂസ് ടാങ്കിനായി കുഴിയെടുക്കുമ്പോഴാണ് ഗുഹ കണ്ടെത്തിയത്.ജെസിബി കൊണ്ട് കുഴിക്കുമ്പോൾ ഒന്നരമീറ്റർ താഴ്ചയിലെത്തിയപ്പോഴാണ് ഗുഹ ദൃശ്യമായത്.ഗുഹയുടെ കവാടത്തിനു രണ്ടുമീറ്റർ വ്യാസവും പത്തുമീറ്ററിലധികം നീളവുമുണ്ട്.റിസ്വാനയ്ക്കുവേണ്ടി നിർമ്മിക്കുന്ന വീടിന്റെ തറയുടെ അടിഭാഗത്തുകൂടി കടന്നുപോകുന്ന ഗുഹ തൊട്ടടുത്തുള്ള നാറോത്ത് നഫീസയുടെ വീടിന്റെ രണ്ട് കിടപ്പുമുറികൾക്കിടയിലൂടെയാണ് കടന്നു പോകുന്നത്.ഗുഹയ്ക്കുള്ളിൽ ഒരാൾക്ക് നില്ക്കാൻ കഴിയുന്ന ഉയരവുമുണ്ട്.ഗുഹ കണ്ടെത്തിയതോടെ ടാങ്കിന്റെ നിർമാണം നിർത്തിവെച്ചിരിക്കുകയാണ്.വിവരം അറിഞ്ഞ് നിരവധി ആളുകളാണ് ഗുഹ കാണാനായി എത്തുന്നത്.ഇരിക്കൂർ പ്രിൻസിപ്പൽ എസ്‌ഐ വിജേഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തി.ജിയോളജി,പുരാവസ്തു വകുപ്പ് അധികൃതർ എന്നിവരെയും വിവരമറിയിച്ചിട്ടുണ്ട്.
തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് കാണിച്ച് ഇന്ത്യൻ സൂപ്പർലീഗ് ചെന്നൈയിൻ എഫ്‌സി താരം സി.കെ വിനീത് പൊലീസിന് പരാതി നൽകി
എറണാകുളം:സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് കാണിച്ച് ഇന്ത്യൻ സൂപ്പർലീഗ് ചെന്നൈയിൻ എഫ്‌സി താരം സി.കെ വിനീത് പൊലീസിന് പരാതി നൽകി.എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ഒരു ബോൾ ബോയിയോട് താൻ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടക്കുന്നതായി വിനീത് നൽകിയ പരാതിയിൽ പറയുന്നു. താന്‍ ബോള്‍ ബോയിയോട് അപമര്യാദയായി പെരുമാറിയിട്ടില്ല. ബോള്‍ പുറത്തേയക്ക് പോയ സമയത്ത് അതു നോക്കി നിന്ന കുട്ടിയെ ശബദ്ം കൂട്ടി വിളിക്കുകയാണ് ചെയ്തത്. സ്‌റ്റേഡിയത്തിലെ ആരവം കാരണം കേള്‍ക്കാന്‍ പറ്റാതിരുന്നതിനെ തുടര്‍ന്നാണ് താന്‍ ശബ്ദം കൂട്ടി വിളിച്ചത്.അല്ലാതെ താന്‍ ആ കുട്ടിയോട് ഒന്നും പറഞ്ഞിട്ടില്ല.പൊതുജനമധ്യത്തില്‍ അവഹേളിക്കുവാനുദ്ദേശിച്ച് വോയ്സ് ക്ലിപ്പ് ഉള്‍പ്പെടെ പോസ്റ്റുകളിലൂടെ ഫേസ്ബുക്ക്, വാട്ട്‌സ്‌ആപ്പ് തുടങ്ങിയവയില്‍ ചില തത്പ്പരകക്ഷികള്‍ ഇത് പ്രചരിപ്പിക്കുകയാണ്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമന്നാണ് ആവശ്യം. വോയ്‌സ് ക്ലിപ്പുകളടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും വിനീത് കമ്മീഷണര്‍ക്ക് സമര്‍പിച്ചു.സംഭവത്തിനു പിന്നിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ വാട്സ്ആപ് കൂട്ടായ്മയായ ‘മഞ്ഞപ്പട’ ആണെന്ന് വ്യക്തമായിട്ടുണ്ടെന്നും ‘മഞ്ഞപ്പട എക്സിക്യൂട്ടീവ്സ്’ എന്ന വാട്സ്ആപ് കൂട്ടായ്മയുടെ അഡ്മിനും സംഘടനയുടെ എറണാകുളം ജില്ലാ അധ്യക്ഷനുമായ പ്രഭുവിനെ കുറിച്ച് ഒരു വോയിസ് ക്ലിപ്പിൽ പരാമർശിക്കുന്നുണ്ടെന്നും വിനീത് പരാതിയിൽ പറയുന്നു.
പുൽവാമ ഭീകരമാണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്;25 ലക്ഷം രൂപയും വീടും സഹായമായി നൽകും
തിരുവനന്തപുരം:പുൽവാമ ഭീകരമാണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്.ജവാന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.വസന്തകുമാറിന്‍റെ അമ്മയ്ക്ക് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് 15 ലക്ഷം രൂപയും നല്‍കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു.ഇതിന് പുറമേ കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വസന്തകുമാറിന്‍റെ രണ്ട് മക്കളുടെയും ഇനിയുള്ള പഠന ചിലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.വയനാട് വെറ്ററിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരിയായ വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
കാസര്‍കോട് ഇരട്ടക്കൊലപാതകം; മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ പോലീസ് കസ്റ്റഡിയില്‍
കാസർകോഡ്:കാസര്‍കോട് ഇരട്ടക്കൊലപാതകത്തിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ പോലീസ് കസ്റ്റഡിയില്‍. കൊലപാതകങ്ങള്‍ക്ക് ശേഷം കല്യോട്ടെ വീട്ടില്‍ നിന്ന് ഒളിവില്‍ പോയ പീതാംബരനെ ഇന്നലെ രാത്രി കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിപ്രദേശത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‍ലാലും. കൃപേഷുള്‍പ്പടെയുള്ളവരെ ക്യാംപസില്‍ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിലാണ് പീതാംബരന്‍റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.അതേസമയം പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം തീരുമാനിച്ചു.ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനാണ് പീതാംബരനെ പുറത്താക്കിയെന്ന വിവരം അറിയിച്ചത്.പാര്‍ട്ടി നേതൃത്വത്തിന് ഈ കൊലപാതകത്തെക്കുറിച്ച് ഒരറിവുമില്ലെന്നും പ്രാദേശികമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പാര്‍ട്ടി ജില്ലാ നേതൃത്വം അറിയിക്കുന്നത്.
രാജസ്ഥാനില്‍ വിവാഹ ഘോഷയാത്രയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി 13 മരണം;18 പേർക്ക് ഗുരുതരമായി പരിക്കേറ്റു
ജയ്‌പൂർ:രാജസ്ഥാനില്‍ വിവാഹ ഘോഷയാത്രയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി കുട്ടികളടക്കം 13 പേർ മരിച്ചു.18 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.രാജസ്ഥാനിലെ പ്രതാപഗര്‍ ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്.തിങ്കളാഴ്‌ച്ച രാത്രിയാണ് ദേശീയപാത 113 ഇൽ സമീപം രാംദേവ് ക്ഷേത്രത്തിന് സമീപം നാടിനെ നടുക്കിയ ദുരന്തം നടന്നത്. ബാന്‍സ്വരയില്‍ നിന്നും നിംബഹരയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് ഈ ഭാഗത്ത് നടന്നു വരികയായിരുന്ന വിവാഹ ഘോഷയാത്രയിലേക്ക് ഇടിച്ചു കയറിയത്. ട്രക്ക് അമിത വേഗതയിലായിരുന്നുവെന്ന് ഡിഎസ്‌പി വിജയ്പാല്‍ സിങ് പറഞ്ഞു. പരുക്കേറ്റവരെ ചോട്ടി സാദ്രിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഉദയ്പൂരിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടു പോയി.എന്നാല്‍ വിവാഹ ഘോഷയാത്ര വരുന്നത് ശ്രദ്ധയില്‍പെട്ടില്ലെന്നാണ് ട്രക്ക് ഡ്രൈവര്‍ മൊഴിനൽകിയത്.
കാസർകോഡ് ഇരട്ട കൊലപാതകം;പ്രതികളെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ട്
കാസർകോഡ്:കാസർകോഡ് ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ കുറിച്ച് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായി റിപ്പോർട്ട്.പ്രതികൾ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ പോലീസിന് ലഭിച്ചു.കൃത്യം നടന്ന സ്ഥലത്ത് നിന്ന് മൂന്ന് മൊബൈല്‍ ഫോണുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് പ്രതികളുടേതെന്നാണ് സൂചന.സംഭവ സ്ഥലത്ത് എത്തിയിരുന്ന ജീപ്പിനെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ രജിസ്‌ട്രേഷനുള്ള ജീപ്പാണ് ഇത്.കണ്ണൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഘം കര്‍ണാകടത്തിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്.ഇതോടെ കര്‍ണാടക പോലീസിന്റെ സഹകരണത്തോടെ അന്വേഷണം വ്യാപിപ്പിക്കാനും തീരുമാനിച്ചു.അതേസമയം കൃത്യത്തില്‍ പങ്കെടുത്തവര്‍ അടക്കം ഏഴ് പേര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
സമരപ്പന്തല്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം
തിരുവനന്തപുരം:സമരപ്പന്തല്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം.ആലപ്പുഴ സ്വദേശിനിയായ എംപാനല്‍ കണ്ടക്ടര്‍ ദിയയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.മരത്തിന് മുകളില്‍ കയറി നിന്നാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്.ഭര്‍ത്താവ് മരിച്ചതിനാല്‍ ജീവിക്കാന്‍ വേറെ വഴിയില്ലെന്നും രണ്ട് കൊച്ചുകുട്ടികളാണെന്നും പറഞ്ഞുകൊണ്ടാണ് ദിയ ആത്മഹത്യാശ്രമം നടത്തിയത്.ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം തിങ്കളാഴ്ച രാത്രിയാണ് സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപ്പന്തലുകള്‍ നഗരസഭയും പൊലീസും പൊളിച്ചുനീക്കിയത്. പത്തോളം വരുന്ന സമരപന്തലുകളാണ് പൊളിച്ചു നീക്കിയത്.മുന്നറിയിപ്പില്ലാതെയായിരുന്നു നടപടി. കെഎസ്ആർടിസി എംപാനൽ ജീവനക്കാരുടേതുൾപ്പെടെ സെക്രെട്ടെറിയേറ്റിന് മുൻപിലുള്ള എല്ലാ പന്തലും പൊളിച്ചുനീക്കി.സമരപന്തലിൽ നിന്നും പിന്മാറാൻ തയ്യാറാകാത്തവരെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. അതേസമയം തന്റെ സഹോദരന്റെ മരണത്തിന് കരണക്കാരായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് രണ്ടു വർഷത്തോളമായി സെക്രെട്ടെറിയറ്റിനു മുൻപിൽ സമരം നടത്തുന്ന പാറശാല സ്വദേശി ശ്രീജിത്ത് പന്തൽ പൊളിച്ചിട്ടും റോഡരികിൽ സമരം തുടരുകയാണ്.