കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ യുവാക്കൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു.പൊലീസ് അന്വേഷണം കൃത്യമായി നടക്കില്ലെന്നും യഥാര്‍ത്ഥ പ്രതികള്‍ വെളിച്ചത്തെത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. കൊല നടത്തിയത് പുറത്തുനിന്നുള്ളവരാണെന്നും കൊലയുമായി കൂടുതല്‍ ആളുകള്‍ക്ക് ബന്ധമുണ്ടെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.കൊലപാതകം ആസൂത്രണം ചെയ്തത് ഉദുമ എംഎൽഎ കെ.കുഞ്ഞിരാമന്റെ അറിവോടെയാണെന്ന് ശരത്ലാലിന്റെ പിതാവ് വ്യക്തമാക്കി.സംഭവത്തില്‍ സിപിഎം ഉന്നത നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.കുറ്റംമുഴുവൻ പീതാംബരനുമേൽ ചുമത്തി രക്ഷപ്പെടാനുള്ള ശ്രമമാണ് പാർട്ടിതലത്തിലും പോലീസ് തലത്തിലും നടക്കുന്നതെന്ന ആരോപണമുയർന്നതിന് പിന്നാലെയാണ് ഇരുകുടുംബങ്ങളും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.താന്‍ ഒറ്റയ്ക്കാണ് കൊല ആസൂത്രണം ചെയ്തത് എന്നാണ് പീതാംബരന്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇതിന് എതിരെ പീതാംബരന്റെ കുടുംബം രംഗത്ത് വന്നിരുന്നു. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊലപാതകം നടത്തില്ലെന്നാണ് കുടുംബം പറയുന്നത്.
ബംഗ്ലാദേശിൽ രാസവസ്തു സംഭരണശാലയില്‍ സ്‌ഫോടനം; 69 മരണം
ധാക്ക:ബംഗ്ലാദേശിലെ ധാക്കയിൽ ചൗക്ക്ബസാറില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ച കെട്ടിടത്തിലുണ്ടായ സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തില്‍ 69 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. നിരവധിയാളുകള്‍ കെട്ടിടത്തിനകത്തു കുടുങ്ങി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.തിരച്ചില്‍ തുടരുകയാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും ബംഗ്ലദേശ് അഗ്‌നിശമനസേനാ വിഭാഗം തലവന്‍ അലി അഹമ്മദ് മാധ്യമങ്ങളോടു പറഞ്ഞു.ഗ്യാസ് സിലിണ്ടറില്‍ നിന്നാണു തീപടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം.രാസവസ്തുക്കള്‍ സംഭരിക്കുന്ന മറ്റു നാലുകെട്ടിടങ്ങളിലേക്കും തീ പടര്‍ന്നതോടെയാണു മരണസംഖ്യ ഉയര്‍ന്നത്.അപകടസ്ഥലത്തെ ഇടുങ്ങിയ വഴികളില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. ഒരേ സമയം ജനവാസ കേന്ദ്രവും വാണിജ്യ കേന്ദ്രവുമായ ചൗക്ക് ബസാറില്‍ കെട്ടിടങ്ങള്‍ തമ്മില്‍ നേരിയ അന്തരം മാത്രമാണുള്ളത്. ഇത് തീ മറ്റ് കെട്ടിടങ്ങളിലേക്ക് കൂടി പടരാനിടയാക്കി. കെട്ടിടങ്ങള്‍ക്കകത്തു സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ ഒന്നിനു പുറകെ മറ്റൊന്നായി പൊട്ടിത്തെറിച്ചതായി ദൃക്‌സാക്ഷികളില്‍ ചിലര്‍ പറയുന്നു.കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന നാല് കെട്ടിടങ്ങളും നിമിഷനേരം കൊണ്ടാണ് തീ വിഴുങ്ങിയത്.
മൂന്നു കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി കണ്ണൂരിൽ പിടിയിലായി
കണ്ണൂർ:മൂന്നു കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി കണ്ണൂരിൽ പിടിയിലായി.കണ്ണൂർ എക്സൈസ് ഇന്റലിജിൻസ് ബ്യുറൊയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.മലപ്പുറം സ്വദേശി താമൂളി ഹൗസിൽ സുബീഷ് ആണ് പിടിയിലായത്.കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ പത്മരാജൻ, എം.കെ സന്തോഷ് സിവിൽ എക്സൈസ് ഓഫീസർമാരായ ഉമേഷ്, സുജിത് ദിനേശൻ, ഹരിദാസൻ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
കാസർകോഡ് ഇരട്ടകൊലപാതക കേസിൽ അറസ്റ്റിലായ പീതാംബരന്റെ വീടിനു നേരെ ആക്രമണം;വീട്ടുപകരണങ്ങൾ നശിപ്പിച്ചു;കാർ തല്ലിത്തകർത്തു
കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സിപിഎം ലോക്കൽ കമ്മിറ്റിയംഗമായ പീതാംബരന്റെ വീടിനു നേരെ ആക്രമണം.ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് ആക്രമിച്ച് കയറി വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും വീടിന് മുന്നില്‍ കിടന്നിരുന്ന കാര്‍ തല്ലി തകര്‍ക്കുകയും ചെയ്തു.വീടിന് മുന്നിലെ തോട്ടത്തിലെ കവുങ്ങും വാഴയും വെട്ടി നശിപ്പിക്കുകയും വീടിന്റെ അകത്തുള്ള സാധന സാമഗ്രികളും ജനല്‍ച്ചില്ലുകളും വാതിലും മുറ്റത്തെ തകരഷീറ്റുമെല്ലാം പൂര്‍ണമായും അടിച്ചുതകര്‍ക്കുകയും ചെയ്തു.സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു.സംഭവത്തെ തുടർന്ന് പീതാംബരന്റെ കുടുംബത്തെ തറവാട്ട് വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെയും അക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൊലപാതകം നടന്നതിനുശേഷം പ്രദേശത്ത് ഒരുസംഘം വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. വ്യാപാരസ്ഥാപനങ്ങളും വീടുംബീഡിക്കമ്പനിയുമുൾപ്പെടെ ബീഡിക്കമ്പനിയുമുൾപ്പെടെ തകര്‍ക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാളെ കേരളത്തിൽ;തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും
തിരുവനന്തപുരം:ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാളെ കേരളത്തിൽ എത്തും. പാലക്കാട്ടെത്തുന്ന അമിത് ഷാ 20 ലോക്‌സഭ മണ്ഡലങ്ങളുടെയും ചുമതലക്കാരുമായി കൂടിക്കാഴ്ച നടത്തും.രാവിലെ ഭാരവാഹിയോഗം ചേരും. പിന്നീട് അമിത്ഷായുടെ നേതൃത്വത്തില്‍ 20 മണ്ഡലങ്ങളിലെയും ഇന്‍ ചാര്‍ജ്ജുമാരുടേയും കോ ഇന്‍ ചാര്‍ജ്ജുമാരേടുയും യോഗം ചേരും. അതിന് ശേഷം പാലക്കാട് മണ്ഡലത്തിലെ ബൂത്ത് പ്രതിനിധികളുടെ യോഗത്തിലും ദേശീയ അധ്യക്ഷന്‍ പങ്കെടുക്കും.സംസ്ഥാന ഘടകത്തില്‍ ഭിന്നതകള്‍ രൂക്ഷമായിരിക്കെയാണ് അമിത്ഷായുടെ വരവ്.ഇതില്‍ ഷാ ശക്തമായ മുന്നറിയിപ്പ് നല്‍കാനും സാധ്യതയുണ്ട്. ഏകപക്ഷീയമായി സാധ്യതാ പട്ടിക കേന്ദ്രത്തിന് അയച്ച സംസ്ഥാന അധ്യക്ഷനെതിരെ മുരളീധരപക്ഷവും കൃഷ്ണദാസ് പക്ഷവും ഇതിനകം പരാതിപ്പെട്ടുകഴിഞ്ഞു. പട്ടിക അയച്ചില്ലെന്ന് ശ്രീധരന്‍പിള്ള തിരുത്തിപ്പറഞ്ഞെങ്കിലും പ്രശ്‌നം തീര്‍ന്നിട്ടില്ല. നിര്‍ണ്ണായക തെരഞ്ഞെടുപ്പ് അടുത്തിട്ടും തുടരുന്ന തമ്മിലടിയിലെ അതൃപ്തി ഷാ അറിയിക്കാനിടയുണ്ട്.
കാസർകോഡ് ഇരട്ട കൊലപാതകം; കൊലയാളിസംഘം എത്തിയ ജീപ്പിന്റെ ഉടമ അറസ്റ്റിൽ;കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും
കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ കൊലയാളിസംഘം എത്തിയ ജീപ്പിന്റെ ഉടമ അറസ്റ്റിൽ.കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കണ്ണൂർ ആലക്കോട് സ്വദേശി സജി ജോർജ് ആണ് അറസ്റ്റിലായത്.ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.കേസിൽ നേരത്തെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ അറസ്റ്റിലായിരുന്നു.സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.അതിനാൽ സംഭവവുമായി ബന്ധപ്പെട്ട ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.
കൊച്ചിയിൽ ചെരുപ്പ് ഗോഡൗണിൽ വൻ തീപിടുത്തം
കൊച്ചി:കൊച്ചിയിൽ ചെരുപ്പ് ഗോഡൗണിൽ വൻ തീപിടുത്തം.കൊച്ചിയില്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനുസമീപം ഇന്ന് ഉച്ചയോടെയാണ് ഗോഡൗണിന് തീപിടിത്തമുണ്ടായത്.പാരഗണ്‍ ചെരിപ്പ് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ആറ് നിലയുള്ള കെട്ടിടത്തിന്റെ അഞ്ച് നിലയും പൂര്‍ണമായും കത്തിനശിച്ചു.അടുത്തുള്ള കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടര്‍ന്നു. കെട്ടിടത്തിന്റെ താഴെ നിലയിലാണ് ഗോഡൗണ്‍ സ്ഥിതിചെയ്‌തിരുന്നത്. അപകടം ഒഴിവാക്കാന്‍ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. അഗ്നിശമന സേനയും ഒപ്പം നേവിയുമെത്തി തുടര്‍ച്ചയായി തീയണക്കാന്‍ ശ്രമിച്ചതോടെയാണ് നഗരത്ത ആശങ്കയിലാഴ്‌ത്തിയ തീ നിയന്ത്രിക്കാനായത്. ആറു നിലകളുള്ള ഈ ഗോഡൌണ്ണിന്റെ അഞ്ച് നിലകളും പൂർണ്ണമായും കത്തി നശിച്ചു.കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ജീവനക്കാര്‍ ഇറങ്ങിയോടിയത് മൂലം വന്‍ അപകടം ഒഴിവായി. ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കില്ലെന്നും പോലീസ് അറിയിച്ചു.
കാസർകോഡ് ഇരട്ടക്കൊലപാതകം; കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി
കാസർകോഡ്:രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ കൃത്യം നടത്തുന്നതിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്ബ് ദണ്ഡുകളും ലഭിച്ചു.കേസിലെ മുഖ്യ സൂത്രധാരന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനുമായി പൊലീസ് തെളിവെടുപ്പ് നടത്തി.ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കും. കൊലനടന്ന സ്ഥലമായ കല്ലിയോട് എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീതാംബരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഇയാള്‍ക്കു വേണ്ടി പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന ആറംഗ സംഘവും പോലീസ് കസ്റ്റഡിയിലുണ്ട്. പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരുമാണ് കൊലനടത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു.
കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു
ഡല്‍ഹി: അമിതവേഗതയിലെത്തിയ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ഓഡി കാറിന് മുകളിലേക്ക് മറിഞ്ഞ് കുടുംബത്തിലെ മൂന്നുപേർ മരിച്ചു.ഡല്‍ഹി രോഹിണിയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ഡല്‍ഹി സ്വദേശികളായ സുമിത്(29), ഭാര്യ രുചി(27), സുമിതിന്റെ മാതാവ് റീത(65) എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുമിതിന്റെ മകനെ (4) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയിലായിരുന്ന ലോറി യു-ടേണ്‍ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സുമിതും കുടുംബവും സഞ്ചരിച്ചിരുന്ന ഓഡി കാര്‍ പൂര്‍ണമായും ലോറിക്കടിയില്‍ പെട്ടു.രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ചാണ് കാറിന് മുകളില്‍ നിന്ന് ലോറി മാറ്റിയത്.
കോഴിക്കോട് മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്
കോഴിക്കോട്: തൂണേരിയില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്.ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.ചൊവ്വാഴ്ച രാത്രി 11.50 ഓടെയാണ് സംഭവം നടന്നത്.ഓഫീസിന്റെ ചുമരില്‍ പതിച്ച ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഡിവൈഎഫ്‌ഐയുടെ ഷെഡ് കത്തിച്ചതിനെ തുടര്‍ന്നാണ് ലീഗ് ഓഫീസിന് നേര്‍ക്കും ആക്രമണം ഉണ്ടായതെന്നാണ് വിവരം. നാദാപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.