ചെന്നൈ:പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ്റൂമിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ചു.കടലൂര്‍ ജില്ലയിലെ കുറിഞ്ഞിപ്പടിയിലുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്ന രമ്യ(23)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാജശേഖറി(23)നെയാണ് വിഴുപുരം ജില്ലയിലെ ഉളുന്തൂര്‍പ്പേട്ടുള്ള കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച നടന്ന കൊലപാതകത്തിനുശേഷം ഇയാളെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് മരത്തില്‍ തൂങ്ങിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. കടലൂരിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന രാജശേഖര്‍ രണ്ടുവര്‍ഷം മുൻപാണ് അവിടെയുള്ള കോളേജില്‍ വിദ്യാര്‍ഥിനിയായിരുന്ന രമ്യയെ പരിചയപ്പെടുന്നത്. ബസ് യാത്രക്കിടെ പരിചയപ്പെട്ട ഇരുവരും അടുത്ത സുഹൃത്തുക്കളായി.പഠനം പൂര്‍ത്തിയാക്കിയ രമ്യ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചതിനുശേഷവും സൗഹൃദം തുടര്‍ന്നു. ഇതിനിടെ രാജശേഖര്‍ നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും രമ്യ നിരസിച്ചു. വിവാഹാഭ്യർത്ഥനയുമായി രാജശേഖർ രമ്യയുടെ വീട്ടുകാരെ സമീപിച്ചെങ്കിലും അവരും നിരസിക്കുകയായിരുന്നു.ഇതേ തുടർന്നുണ്ടായ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലെത്തിയ രമ്യ ഒരു ക്ലാസ് മുറിയില്‍ തനിച്ചിരിക്കുന്ന സമയം അവിടെയെത്തിയ പ്രതി കുത്തിക്കൊന്നുവെന്നാണ് പോലീസ് കേസ്. ബൈക്കില്‍ രക്ഷപ്പെട്ട ഇയാള്‍ക്കായി പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും നടപടികള്‍ തൃശൂരിലേക്ക് മാറ്റണമെന്നുമാണ് ആവശ്യം നടിയുടെ ആവശ്യം.അതേസമയം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിശ്ചിത യോഗ്യതയുളള വനിതാ ജഡ്ജിമാരില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.ജഡ്ജിമാരുടെ വിശദാംശങ്ങള്‍ പരിശോധിച്ചെങ്കിലും ഒഴിവുള്ള വനിതാ ജഡ്ജിമാര്‍ ഇല്ലെന്നു രജിസ്ട്രാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.വനിതാ ജഡ്ജി വേണമെന്നത് ഇരയായ തന്റെ അവകാശമാണെന്ന് നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുട്ടുസ്വാമി കേസില്‍ സ്വകാര്യത ഇരയുടെ അവകാശമാണെന്ന 2017 ലെ സുപ്രീംകോടതി വിധിയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് കോടതി വനിതാ ജഡ്ജിമാരുടെ ലഭ്യത പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഓസ്‌ക്കാർ അവാർഡുകൾ പ്രഖ്യാപിച്ചു;റാമി മാലിക് മികച്ച നടന്‍, ഒലീവിയ കോള്‍മാന്‍ മികച്ച നടി
ലോസാഞ്ചൽസ്:തൊണ്ണൂറ്റിയൊന്നാമത് ഓസ്‌ക്കാർ അവാർഡുകൾ പ്രഖ്യാപിച്ചു.റാമി മാലിക് മികച്ച നടനായും ഒലീവിയ കോള്‍മാന്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.ബൊഹ്മേഡിയന്‍ റാസ്പഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റാമി മാലിക്കിന് പുരസ്ക്കാരം.ദ ഫേവറൈറ്റ് എന്ന ചിത്രത്തിലെ അഭിനയമാണ് ഒലീവയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. മഹര്‍ഷല അലി ഇത്തവണയും മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ഗ്രീന്‍ബുക്ക് എന്ന ചിത്രമാണ് അദ്ദേഹത്തിന് പുരസ്ക്കാരം നേടിക്കൊടുത്തത്. മെക്സിക്കന്‍ ചിത്രം റോമ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്ക്കാരം നേടി. വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നീ പുരസ്ക്കാരങ്ങള്‍ ബ്ലാക്ക് പാന്തറിന്. റെജിന കിങ് ആണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈഫ് ബെലെ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയ മികവാണ് റെജിനയെ മികച്ച സഹനടിയാക്കിയത്.
ധർമ്മടത്ത് കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം
തലശ്ശേരി:ധർമ്മടത്ത് കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം.കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സനൽ കുമാറിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.ഇന്ന് പുലര്‍ച്ചെ ആയിരുന്നു അക്രമം നടന്നത്.അക്രമികള്‍ സനല്‍ കുമാറിന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകർക്കുകയും വീട്ടിലെ കിണറ്റിൽ മാലിന്യം നിക്ഷേപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കാസര്‍കോട് പെരിയയിലും കോഴിക്കോട് ആയഞ്ചേരിയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടിനും ഓഫീസിനും നേരെ ആക്രമണം ഉണ്ടായിരുന്നു. പെരിയയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് മുന്നില്‍ അക്രമികൾ തീയിടുകയായിരുന്നു.അക്രമത്തില്‍ വീടിന്റെ വാതിലുകളും വാഹനവും കത്തി നശിച്ചിരുന്നു
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം;കൊച്ചി നഗരത്തിൽ പുകശല്യം രൂക്ഷമായി തുടരുന്നു
കൊച്ചി:ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ ഉണ്ടായ പുകശല്യം രൂക്ഷമായി തുടരുന്നു.പുക വൈകുന്നേരത്തോടെ പൂര്‍ണ നിയന്ത്രണ വിധേയമാക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു.പുക നിയന്തിക്കാന്‍ ഉള്ള നടപടികള്‍ ഊര്‍ജിതം ആയി തുടരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം പരിഗണിച്ചു ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അലെര്‍ട് നല്‍കി. തീപിടിത്തം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് 4 ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും എന്നും കളക്ടര്‍ വ്യക്തമാക്കി.കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലാമത്തെത്തവണയാണ് ഇവിടെ തീപ്പിടുത്തമുണ്ടാകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലവിളി പ്രസംഗം
തൃശൂർ:മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലവിളി പ്രസംഗം.യൂത്ത്കോണ്ഗ്രസ് സംസ്ഥാന നേതാവ് ബാലു കനാല്‍ ആണ് തൃശൂരില്‍ പൊതു വേദിയില്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്.തൃശൂര്‍ കോപ്പറേഷന് മുന്നില്‍ നടന്ന യൂത്ത് കോണ്ഗ്രസ് ഉപവാസ സമരത്തില്‍ ആയിരുന്നു വധഭീഷണി.പിണറായിയുടെ കഴുത്തില്‍ കത്തിവെച്ച് സമാധാനം സൃഷ്ടിക്കുമെന്നും ഇത് യൂത്ത് കോണ്ഗ്രസ് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറയുകയാണെന്നും ബാലു കനാല്‍ പ്രസംഗത്തില്‍ പറഞ്ഞു.യൂത്ത് കോൺഗ്രസ് തൃശൂര്‍ പാർലമെന്റ് കമ്മിറ്റി സെക്രട്ടറിയും ചേര്‍പ്പ് സര്‍വീസ് സഹകരണ സംഘം ഡയറക്ടറുമാണ് ബാലു കനാല്‍.
ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു
ന്യൂഡൽഹി:ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു.മാർച്ച് ഒന്നുമുതലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുക.അധികാരത്തില്‍ എത്തിയാല്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന മോദിയുടെ പഴയ വാഗ്ദാനം ഓര്‍മിപ്പിച്ചു കൊണ്ടാണ് കെജ്രിവാള്‍ നിരാഹാര സമരം തുടങ്ങുന്നത്.പലവട്ടം കേന്ദ്രത്തിനെതിരെ പ്രത്യക്ഷ സമരത്തിന് അയുധമാക്കിയ പൂര്‍ണ സംസ്ഥാന പദവി വിഷയമാണ് ആം അദ്മി പാര്‍ട്ടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായി ഉയര്‍ത്തി കൊണ്ടു വരുന്നത്. സമരത്തിലൂടെ ഡല്‍ഹിയില്‍ മോദിയെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കുക,സഖ്യത്തിന് ശ്രമിച്ചിട്ടും വഴങ്ങാത്ത കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുക തുടങ്ങിയവയാണ് കെജ്രിവാളിന്‍റെ ലക്ഷ്യം.ഏഴു സീറ്റും പാര്‍ട്ടി നേടിയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി എന്നതാണ് കെജ്രിവാളിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. കഴിഞ്ഞ തവണ ഡല്‍ഹിയിലെ ഏഴു ലോക്സഭാ സീറ്റും ബി.ജെ.പിയാണ് ജയിച്ചത്. ഡല്‍ഹിയുടെ പൂര്‍ണമായ വികസനത്തിന് സര്‍ക്കാരിന് പൂര്‍ണമായി ഇടപെടാനും വികസനം പൂര്‍ണമാക്കാനും പൂര്‍ണ സംസ്ഥാന പദവി ആവശ്യമാണെന്ന് കെജ്രിവാള്‍ പറയുന്നു.
രാജ്യത്തുടനീളം ഇനി മുതൽ ഒരേ ഒരു ഹെല്പ് ലൈൻ നമ്പർ ‘112’
ന്യൂഡൽഹി:രാജ്യത്തുടനീളം ഇനി മുതൽ ഒരേ ഒരു ഹെല്പ് ലൈൻ നമ്പർ മാത്രം.പോലീസ് (100), ഹെല്‍ത്ത് (108), വനിത സുരക്ഷ (108) എന്നീ നമ്ബറുകള്‍ക്ക് പകരമാണ് ‘112’ എന്ന ഒറ്റ നമ്പർ അവതരിപ്പിച്ചത്. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗാണ് നമ്ബര്‍ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തത്.ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, പുതുച്ചേരി, ലക്ഷ്യദീപ്, ആന്‍ഡമാന്‍, ജമ്മു ആന്റ് കാശ്മീര്‍ തുടങ്ങിയിടങ്ങളിലാണ് ഹെല്‍പ്പ്‌ലൈന്‍ നമ്പർ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കുളള സംവിധാനം ഇപ്പോള്‍ അഹമ്മദാബാദ്, ബംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഹൈദരബാദ്, കൊല്‍ക്കട്ട, ലക്നൗ, മുംബൈ എന്നീ എട്ട് നഗരങ്ങളിലാണ് നടപ്പിലാക്കുന്നത്.
യുവ സംവിധായിക നയന സൂര്യനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം:യുവ ചലച്ചിത്ര സംവിധായിക നയന സൂര്യനെ തിരുവനന്തപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റും സന്തത സഹചാരിയുമായിരുന്നു നയന. ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞ് എന്ന ചിത്രത്തിലൂടെയായിരുന്നു നയന സിനിമയിലേക്കെത്തിയത്. പക്ഷികളുടെ മരണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി സിനിമകളിലും, പരസ്യ ചിത്രങ്ങളും, രാജ്യത്തിനകത്തും പുറത്തുമായി നിരവധി സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ ആലപ്പാട് സ്വദേശിയാണ് നയന.
കർണാടക ബന്ദിപ്പൂർ വനത്തിൽ വൻ കാട്ടുതീ;600 ഏക്കറോളം വനം കത്തിനശിച്ചു
മൈസൂരു:കർണാടക ബന്ദിപ്പൂർ വനത്തിൽ വൻ കാട്ടുതീ.600 ഏക്കറോളം വനം കത്തിനശിച്ചു. ഗോപാലസ്വാമി ബേട്ട എന്ന് സ്ഥലത്ത് നിന്ന് ആരംഭിച്ച തീ പിന്നീട് ശക്തമായ കാറ്റിനെ തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലേക്കും അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു.600 ഏക്കറിലേറെ വനഭൂമി കത്തി നശിച്ചെന്നാണ് പ്രാഥമിക നിഗമനം.ശനിയാഴ്ച്ച ഉച്ചയോടെയാണ് ഗോപാല്‍സ്വാമി പേട്ട ഭാഗത്ത് നിന്നും തീ പടരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ശക്തമായ കാറ്റില്‍ തീ പിന്നീട് വാച്ചിനഹള്ളി ഭാഗത്തേക്കും മേല്‍ക്കമ്മനഹള്ളി മേഖലയിലേക്കും പടര്‍ന്നു പിടിക്കുകയായിരുന്നു.ബന്ദിപ്പൂര്‍ വനമേഖലയുടെ ഭാഗമായി ലൊക്കെരെയിലെ രണ്ടു ചെറുകുന്നുകളും കെബ്ബാപുരയിലെ രണ്ടു ചെറുകുന്നുകളും കാട്ടുതീയില്‍ കത്തിനശിച്ചു. കടുവ സംരക്ഷണ കേന്ദ്രത്തിന് അകത്തേക്ക് തീ പടര്‍ന്നത് കൂടുതല്‍ ആശങ്കയുണ്ടാക്കിയെങ്കിലും ഇവിടെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്.തീ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് മൈസൂര്‍-ഊട്ടി ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിന്‍റെ തുടര്‍ച്ചയായ വയനാട് വന്യജീവി സങ്കേതത്തിലേക്കും തീ പടരാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന നിരീക്ഷണം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതിര്‍ത്തിയിലെ വനമേഖലയേയും ബാധിക്കാന്‍ സാധ്യതയുണ്ട്.കാട്ടു തീ നേരിടാനുള്ള കര്‍ണാടക വനംവകുപ്പ് സംവിധാനത്തോടൊപ്പം മൈസൂര്‍, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്. നാട്ടുകാരുടേയും വനപാലകരുടേയും സഹായത്തോടെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ അഗ്നിമശമനസേന തുടരുന്നുണ്ടെങ്കിലും ശക്തമായ കാറ്റ് പ്രതികൂലമാവുകയാണ്.