ഇന്ത്യൻ തിരിച്ചടി;വ്യോമസേനാ പൈലറ്റുമാർക്ക് സല്യൂട്ട് നൽകി രാഹുൽ ഗാന്ധി
ന്യൂഡൽഹി:പുല്‍വാമ ഭീകരാക്രണത്തിന് പാകിസ്താന്‍ അതിര്‍ത്തി കടന്ന് തിരിച്ചടി നല്‍കിയ വ്യോമാസേന പൈലറ്റുമാര്‍ക്ക് സല്യൂട്ട് നൽകി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ന്ധി. ‘സല്യൂട്ട് ഐഎഎഫ് പൈലറ്റ്സ്’ എന്നാണ് ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി കുറിച്ചത്.ഭീകരവാദികള്‍ക്ക് എതിരെ സൈന്യവും കേന്ദ്രസര്‍ക്കാറും സ്വീകരിക്കുന്ന ഏത് നടപടികൾക്കും പ്രതിപക്ഷം പിന്തുണ നല്‍കുമെന്ന് പുല്‍വാമ ഭീകരാക്രണത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു ആക്രമണത്തിനിടയില്‍ രാഷ്ട്രീയം പറയാനില്ലെന്നും എന്ത് നടപടിയെടുത്താലും കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും വ്യക്തമാക്കിയിരുന്നു.ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് നിയന്ത്രണ രേഖകടന്നുള്ള ഇന്ത്യയുടെ തിരിച്ചടിയുണ്ടായത്.അതിര്‍ത്തിക്ക് അപ്പുറത്തെ നിരവധി ഭീകര ക്യാംപുകള്‍ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകര്‍ക്കുകയായിരുന്നെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണം മോദിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ; കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കി
ന്യൂഡൽഹി:പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് റിപ്പോര്‍ട്ട്. ഭീകരാക്രമണം നടന്നതിന് പിന്നാലെ ഡല്‍ഹിയില്‍ മോദിയുടെ വസതിയില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു.ഈ യോഗത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് എത്രത്തോളം സജ്ജീകരണങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് മോദി ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് സൈന്യം വ്യോമാതിര്‍ത്തി ലംഘിച്ച് ഭീകരക്യാംപുകള്‍ ആക്രമിച്ചത്. അല്‍പസമയത്തിനകം ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ വീണ്ടും ഉന്നതതലയോഗം ചേരും.പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി, ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് എന്നിവരുള്‍പ്പടെ യോഗത്തിനെത്തും. ഇപ്പോള്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുന്നുണ്ട്. ഇതിനുശേഷം ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഔദ്യോഗികമായി ഒരു പ്രഖ്യാപനം ഉണ്ടായേക്കും.പാക് അധീനകശ്മീരിലെ ജയ്ഷെ ക്യാംപുകളുടെ ജിയോഗ്രാഫിക്കല്‍ കോര്‍ഡിനേറ്റുകള്‍ കൃത്യമായി കണ്ടെത്തിയ സൈന്യം ക്യാംപുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി എങ്ങനെ ആക്രമണം നടത്തണമെന്ന് ആസൂത്രണം ചെയ്തു. തുടര്‍ന്നാണ് അപ്രതീക്ഷിതമായി വ്യോമാതിര്‍ത്തി കടന്ന് സൈന്യം ആക്രമണം നടത്തി മടങ്ങിയത്.പുല്‍വാമ ആക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ പാകിസ്ഥാനും കനത്ത ജാഗ്രതയിലായിരുന്നു. ഇതെല്ലാം കണക്കാക്കിയാണ് ആക്രമണം ആസൂത്രണം ചെയ്തത്.
സൈന്യം കനത്ത ജാഗ്രതയിൽ;അതിർത്തിയിൽ പാകിസ്താന്റെ തുടർച്ചയായ വെടിവെയ്പ്പ്
ശ്രീനഗര്‍: പാകിസ്ഥാന് തിരിച്ചടി നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയില്‍. പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായ വെടിവെപ്പ് നടക്കുന്നതായാണ് വിവരം. ഇന്ത്യയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഇന്ത്യ-പാക് നിയന്ത്രണരേഖയുടെ സമീപത്ത് വെച്ചാണ് പാകിസ്ഥാന്‍ ഇപ്പോള്‍ വെടിവെപ്പ് നടത്തുന്നത്.നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഗ്രാമങ്ങള്‍ക്കെല്ലാം നേരത്തെ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. പാക് അധീനകാശ്മീരിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന ഗ്രാമങ്ങള്‍ പാകിസ്ഥാനും ഒഴിപ്പിക്കുകയാണ്.
ശക്തമായ തിരിച്ചടി നൽകി ഇന്ത്യ;പാക്കിസ്ഥാനിലെ ഭീകരത്താവളങ്ങളിൽ വ്യോമസേനയുടെ ബോംബാക്രമണം
ന്യൂഡൽഹി: പുല്‍വാമയില്‍ 40 ലേറെ സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശക്തമായി തിരിച്ചടി നൽകി ഇന്ത്യ.അതിര്‍ത്തിക്ക് അപ്പുറത്തെ നിരവധി ഭീകര ക്യാംപുകള്‍ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകര്‍ക്കുകയായിരുന്നു.12 മിറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.വ്യോമസേനയെ ഉദ്ധരിച്ച് എഎന്‍ഐ ആണ് വിവരം പുറത്തുവിട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അക്രമണം. 1000 കിലോയിലേറെ ബോംബുകള്‍ വര്‍ഷിച്ചതായാണ് സൂചന.ജയിഷെ മുഹമ്മദ് തീവ്രവാദികളുടെ പ്രഭാഷണം നടക്കുന്ന ബലാപൂരിനെയാണ് മിറാഷ് വിമാനങ്ങള്‍ പ്രധാനമായും ആക്രമിച്ചത്. ലേസര്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള ബോംബ് വര്‍ഷത്തില്‍ മുന്നൂറോളം ഭീകരരെ വധിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ഇതാദ്യമായാണ് പാക്കിസ്ഥാനിൽ കടന്നുകയറി ഇന്ത്യൻ വ്യോമസേനാ ആക്രമണം നടത്തുന്നത്.നേരത്തെ കാർഗിൽ യുദ്ധത്തിലും മറ്റും പാക് അധീന കാശ്മീരിൽ വ്യോമസേനാ ആക്രമണം നടത്തിയിരുന്നെങ്കിലും പാക്കിസ്ഥാനിൽ കടന്നിരുന്നില്ല. പാക്കിസ്ഥാനിലെ ഭീകരതവളത്തിൽ ബോംബ് മിറാഷ് യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തി.യുദ്ധവിമാനങ്ങൾക്ക് സഹായമായി ഡ്രോണുകളും ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തതായി സൈന്യം പറഞ്ഞു.മുസഫറാബാദ് മേഖലയില്‍ ആക്രമണം നടന്നതായി പാക് സൈന്യവും സ്ഥിരീകരിക്കുന്നു. പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. എന്നാല്‍ നാശനഷ്ടങ്ങളോ മരണമോ ഇല്ലെന്നാണ് പാകിസ്ഥാന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ജയ്ഷെ ക്യാംപിലെ തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്ന് തന്നെ വ്യക്തമാക്കുന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരെ പ്രതി ദിലീപ് സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. വനിതാ ജഡ്ജി ഹണി വര്‍ഗീസാകും കേസില്‍ വാദം കേള്‍ക്കുക.എറണാകുളം സിബിഐ കോടതി (3) യില്‍ ആണ് വാദം നടക്കുക.വിചാരണ നടപടികള്‍ വേഗം തീര്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.വിചാരണയ്ക്കായി വനിതാ ജഡ്ജി വേണം, പ്രത്യേക കോടതി വേണം, വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ഹർജി സമർപ്പിച്ചത്. നടിയുടെ ആവശ്യങ്ങള്‍ക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നടിക്ക് മാത്രമായി എന്തിനാണ് പ്രത്യേക പരിഗണന നല്‍കുന്നതെന്നാണ് ദിലീപ് കോടതിയില്‍ ചോദിച്ചത്.എന്നാൽ നടി സമീപിച്ചത് നിയമപരമായ അവകാശങ്ങള്‍ തേടിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വനിതാ ജഡ്ജി വേണമെന്ന ആവശ്യം ന്യായമാണെന്നും കോടതി നിരീക്ഷിച്ചു.പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിചാരണ വൈകിപ്പിക്കാനാണ് ദിലീപിന്റെ നീക്കമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. വിചാരണ തൃശൂരിലേക്ക് മാറ്റണമെന്നായിരുന്നു നടിയുടെ ഒരു ആവശ്യം. എന്നാല്‍ തൃശൂരിലും പാലക്കാടും വനിതാ ജഡ്ജിമാരെ കിട്ടാനില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
റാന്നിയിൽ ടിപ്പർലോറി സ്‌കൂട്ടറിലിടിച്ച് രണ്ടുപേർ മരിച്ചു
പത്തനംതിട്ട:റാന്നി മന്ദമരുതിയില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം.തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിക്കുകയായിരുന്നെന്ന് സമീപവാസികളായ ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.പത്തനാപുരം പുന്നല സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അപകടത്തെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കാസർകോഡ് ഇരട്ട കൊലപാതക കേസിൽ കസ്റ്റഡിയിലായ പ്രതി പീതാംബരനെ റിമാൻഡ് ചെയ്തു
കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പടിയുതിയ കേസിൽ കസ്റ്റഡിയിലായ പ്രതി പീതാംബരനെ റിമാൻഡ് ചെയ്തു.ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഒന്നാം പ്രതി പീതാംബരന്‍, രണ്ടാം പ്രതി സജി ജോര്‍ജ് എന്നിവരെയാണ് കോടതിയില്‍ ഇന്ന് ഹാജരാക്കിയത്.അതേസമയം, അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നും പീതാംബരന്‍ കോടതിയില്‍ പറഞ്ഞു.
ചെന്നൈയിൽ നിർത്തിയിട്ടിരുന്ന 184 കാറുകൾ കത്തിനശിച്ചു
ചെന്നൈ:ചെന്നൈയിൽ പോരൂർ എസ്.ആർ.എം.സി കോളേജിന് സമീപം നിർത്തിയിട്ടിരുന്ന 184 കാറുകൾ കത്തിനശിച്ചു.ഞായറാഴ്ചയാണ് സംഭവം.കോൾ ടാക്സി കമ്പനിയുടെ കാറുകളാണ് കത്തിനശിച്ചത്.സമീപത്തെ മാലിന്യത്തിൽ നിന്നും തീ കാറിലേക്ക് പടർന്നുപിടിച്ചതാണ് കാരണം. കാറുകളുടെ ടയറുകൾ,പെട്രോൾ,ഗ്യാസ് ടാങ്കുകൾ,എന്നിവ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.മിനിറ്റുകൾക്കുള്ളിൽ നൂറിലധികം കാറുകളിലേക്ക് തീ പടരുകയായിരുന്നു.50 അഗ്‌നിശമന സേന വാഹനങ്ങളും ടാങ്കർ ലോറികളും തീയണയ്ക്കാൻ എത്തി.തീയണയ്ക്കുന്നതിനിടെ ഏതാനും അഗ്നിശമനസേനാംഗങ്ങൾക്കും പൊള്ളലേറ്റു.
കാസർകോഡ് പെരിയയിലെ നവോദയ വിദ്യാലയത്തിൽ ഏഴുപേർക്ക് എച്ച് വണ്‍ എന്‍ വണ്‍
കാസർകോഡ്: പെരിയയിലെ ജവഹർ നവോദയ വിദ്യാലയത്തിൽ ആറു കുട്ടികളടക്കം ഏഴുപേർക്ക് എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിതീകരിച്ചു.കാസർകോഡ് ജില്ലക്കാരായ ആറു വിദ്യാർത്ഥികൾക്കും ഒരു സ്ത്രീ വാർഡനുമാണ് പനി സ്ഥിതീകരിച്ചത്.ഒരു കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റു കുട്ടികൾക്കായി വിദ്യാലയത്തിൽ തന്നെ പ്രത്യേക വാർഡും തുടങ്ങി.രോഗലക്ഷണം പ്രകടിപ്പിച്ച 41 ആൺകുട്ടികളും 35 പെൺകുട്ടികളും നിരീക്ഷണത്തിലാണ്.ആകെ 520 വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്.അതിൽ 18 പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും ബാക്കിയുള്ളവർ കേരളത്തിൽ നിന്നുള്ളവരുമാണ്.സ്കൂൾ ജീവനക്കാരും കുടുംബങ്ങളുമടക്കം എഴുനൂറോളംപേർ കോംബൗണ്ടിൽ താമസിക്കുന്നുണ്ട്. രണ്ടാഴ്ച മുൻപാണ് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായത്.ജലദോഷപ്പനി പോലെ പിടിപെട്ട രോഗം പിന്നീട് കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കുകയായിരുന്നു.വിരൽ പനിയാണെന്ന നിഗമനത്തെ തുടർന്ന് ആറു കുട്ടികളുടെ തൊണ്ടയിലെ സ്രവം മണിപ്പാൽ കസ്തൂർബാ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ അയച്ച് പരിശോധിച്ചപ്പോഴാണ് എച് 1 എൻ 1 ആണെന്ന് സ്ഥിതീകരിച്ചത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.സ്കൂളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.എല്ലവരോടും മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.വീട്ടുകാരിലേക്ക് രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് രോഗം ബാധിക്കാത്ത വിദ്യാർത്ഥികളെ വീട്ടിലേക്ക് വിടില്ലെന്നും അധികൃതർ അറിയിച്ചു. രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ നവോദയ സ്‌കൂളിലെ രക്ഷിതാക്കളുടെ യോഗം ഇന്ന് ചേരാന്‍ തീരുമാനമായി. താലൂക്ക് ഓഫീസിലാണ് യോഗം.