സെക്രട്ടേറിയറ്റിന് മുൻപിൽ പിരിച്ചുവിട്ട കെഎസ്ആർടിസി എംപാനല്‍ ജീവനക്കാരുടെ ആത്മഹത്യാ ഭീഷണി

keralanews ksrtc m panal employees threatened to commit suicide infront of secretaiate

തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുൻപിൽ പിരിച്ചുവിട്ട കെഎസ്ആർടിസി എംപാനല്‍ ജീവനക്കാരുടെ ആത്മഹത്യാ ഭീഷണി.തിരുവനന്തപുരം സെക്രട്ടേറിയറ്റിന് പിന്നിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തിന് സമീപത്തെ മരത്തില്‍ കയറിയാണ് എംപാനല്‍ ജീവനക്കാരായിരുന്ന കണ്ടക്ടര്‍മാര്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്.അധികൃതരെത്തി ഇവരെ താഴെയിറക്കി.പിരിട്ടുവിട്ട മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് കണ്ടക്ടര്‍മാര്‍ സമരം നടത്തുന്നത്. ഇതിനിടെ നേരത്തേയും സമരക്കാരില്‍ ചിലര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ജയസൂര്യയും സൗബിൻ ഷാഹിറും മികച്ച നടന്മാർ;നിമിഷ സജയൻ നടി

keralanews state film awards announced jayasurya and soubin shahir selected as best actors and nimisha sajayan best actress

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.ജയസൂര്യയും സൗബിൻ ഷാഹിറും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.നിമിഷ സജയനാണ് മികച്ച നടി.ഞാൻ മേരിക്കുട്ടി,ക്യാപ്റ്റൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് പുരസ്ക്കാരം.സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയമാണ് സൗബിൻ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്.ചോല,ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലൂടെ നിമിഷ സജയൻ മികച്ച നടിയായി.മന്ത്രി എ.കെ ബാലനാണ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനായി ജോജു ജോര്‍ജിനെ തിരഞ്ഞെടുത്തു.ശരീഫ് ഈസ സംവിധാനം ചെയ്ത ‘കാന്തൻ ദി ലവർ ഓഫ് കളർ’ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം നേടി. മികച്ച ജനപ്രിയ ചിത്രം സുഡാനി ഫ്രം നൈജീരിയ ആണ്.സൺ‌ഡേ എന്ന ചിത്രത്തിലൂടെ ശ്യാമപ്രസാദ് മികച്ച സംവിധായകനുള്ള പുരസ്ക്കാരം സ്വന്തമാക്കി.ജോസഫ് എന്ന ചിത്രത്തിലെ ‘പൂമുത്തോളെ’ എന്ന ഗാനം ആലപിച്ച വിജയ് യേശുദാസിനെ മികച്ച ഗായകനായി ജൂറി തിരഞ്ഞെടുത്തു.ശ്രെയ ഘോഷാലാണ് മികച്ച ഗായിക.മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കരിയ മുഹമ്മദിനാണ്.

പെരിയ ഇരട്ടക്കൊലപാതകം;സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് വാഹനങ്ങൾ കണ്ടെത്തി

keralanews periya double murder case two vehicles found under suspicious circumstances

കാസര്‍കോട്:പെരിയയിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് വാഹനങ്ങള്‍ കണ്ടെത്തി. ഒരു സ്വിഫ്റ്റ് കാറും ഒരു ഇന്നോവയുമാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന കല്ല്യോട്ടിന് സമീപം കണ്ണാടിപ്പാറ എന്ന സ്ഥലത്ത് നിന്നാണ് കാറുകള്‍ കണ്ടെത്തിയത്. സ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തുന്നു.കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സാഹയിച്ചതില്‍ സി പി എം നേതാക്കള്‍ക്ക് പങ്കുണ്ടെന്നും സംഭവത്തിന് ശേഷം  ഉദുമ ഏരിയയിലെ പ്രമുഖ നേതാവിനെ ബന്ധപ്പെട്ടുവെന്നും ഇയാളുടെ നിര്‍ദേശ പ്രകാരമാണ് വസ്ത്രങ്ങള്‍ കത്തിച്ചതെന്നും മുഖ്യപ്രതി പീതാംബരന്റെ മൊഴി നല്‍കിയിരുന്നു. അതേസമയം കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കല്‍ സെക്രട്ടറിയുമായ പീതാംബരന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയെന്ന് സിപിഎം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ സമ്മതിച്ചു. കൊലപാതകം നടത്തിയ പ്രതിയെ സംരക്ഷിക്കാന്‍ പാര്‍ട്ടിയോ താനോ ശ്രമിച്ചിട്ടില്ല. പീതാംബരന്‍ മാത്രമേ കൃത്യത്തില്‍ പങ്കെടുത്തിട്ടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ പൈലറ്റ് തങ്ങളുടെ കസ്റ്റഡിയിലെന്ന് പാകിസ്ഥാൻ;സമാധാന ചർച്ചയ്ക്ക് ഇന്ത്യ തയ്യാറാകണമെന്ന് ഇമ്രാൻ ഖാൻ

keralanews pakistan said indian pilots are under their custody and india should ready for peace talk

ഇസ്ലാമാബാദ്:അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.രണ്ട് ഇന്ത്യൻ പൈലറ്റുമാർ പാക്കിസ്ഥന്റെ കസ്റ്റഡിയിലുണ്ടെന്നും ഇമ്രാൻഖാൻ അവകാശപ്പെട്ടു.തെറ്റിദ്ധാരണയാണ് പല സംഘര്‍ഷങ്ങള്‍ക്കും കാരണം.പുല്‍വാമ അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.പാകിസ്താന്‍ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഇന്ത്യയ്ക്ക് ഒരു വിമാനം നഷ്ടമായിട്ടുണ്ടെന്നും ഒരു പൈലറ്റിനെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ പിടിയിലുണ്ടെന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ പൈലറ്റിന്റെ വീഡിയോ പാകിസ്താന്‍ പുറത്ത് വിട്ടിട്ടുണ്ട്.വൈമാനികനായ സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനന്ദന്‍ വര്‍ധമാനിനെ ആണ് കാണാതായിരിക്കുന്നത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.മിഗ് 21 ബൈസണ്‍ ജെറ്റ് കമാന്‍ഡര്‍ ആണ് അഭിനന്ദന്‍.പാകിസ്താന്‍ മേജര്‍ ജനറല്‍ നേരത്തെ അവകാശവാദം ഉന്നയിച്ചത് രണ്ട് പൈലറ്റുമാരെ തങ്ങള്‍ പിടികൂടിയിട്ടുണ്ട് എന്നാണ്.ഇന്ത്യന്‍ പൈലറ്റിന്റേത് എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും പാകിസ്താന്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇത് കാണാതായ ഇന്ത്യന്‍ പൈലറ്റ് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പാകിസ്താന്‍ യൂണിഫോമിലുളള ആളുകള്‍ ഇയാളെ ചോദ്യം ചെയ്യുന്നതാണ് വീഡിയോ. തന്റെ പേര് അഭിനന്ദന്‍ എന്നാണെന്നും തന്റെ നമ്ബര്‍ ഇത്രയാണെന്നും താന്‍ ഫ്‌ളൈയിംഗ് കമാന്‍ഡര്‍ ആണെന്നും വീഡിയോയില്‍ ഇദ്ദേഹം പറയുന്നുണ്ട്. തന്റെ മതം ഹിന്ദുമതം ആണെന്നും അദ്ദേഹം പറയുന്നുണ്ട്.ഈ വീഡിയോ വ്യാജമാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. യൂട്യൂബില്‍ ഇന്നലത്തെ തിയ്യതിയില്‍ ആണ് ഈ വീഡിയോ കിടക്കുന്നത്. ഇന്ത്യ ടുഡേ അടക്കമുളള മാധ്യമങ്ങള്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇന്ത്യയുടെ പൈലറ്റുമാരില്‍ ആരെയും കാണാതായിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണ് എന്നുമാണ് ആദ്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ പിന്നീട് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പൈലറ്റിനെ കാണാനില്ല എന്ന കാര്യം സ്ഥിരീകരിച്ചത്.

വ്യോമാതിർത്തി ലംഘിച്ച് വീണ്ടും പാക്കിസ്ഥാന്റെ ആക്രമണം;തിരിച്ചടി നൽകി ഇന്ത്യ

keralanews pakistan attack again violates indian airspace

ശ്രീനഗര്‍: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച്‌ വീണ്ടും പാക്കിസ്ഥാന്‍ ആക്രമണം. രജൗരി സെക്ടറിലെ നൗഷേരയിലാണ് പാക്കിസ്ഥാന്‍ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച്‌ ബോംബുകള്‍ വര്‍ഷിച്ചത്.ബുധനാഴ്ച രാവിലെ മൂന്ന് യുദ്ധവിമാനങ്ങളാണ് അതിര്‍ത്തി ലംഘിച്ചത്.പാക്കിസ്ഥാന്‍ അതിര്‍ത്തിലംഘിച്ചതോടെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇതോടെ വിമാനങ്ങള്‍ മടങ്ങിയെന്നും സൈന്യം അറിയിച്ചു.ഒരു വിമാനം നിയന്ത്രണ രേഖയ്ക്ക് അപ്പുറം തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുണ്ട്.സംഭവത്തെ തുടര്‍ന്നു കാഷ്മീരില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. നാല് വിമാനത്താവളങ്ങള്‍ അടയ്ക്കാനും കേന്ദ്രം തീരുമാനിച്ചു. പത്താന്‍കോട്ട്, ജമ്മു, ശ്രീനഗര്‍, ലേ വിമാനത്താവളങ്ങളാണ് അടയ്ക്കുന്നത്.ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാക് ആക്രമണം.

കാശ്മീരിൽ യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

keralanews two pilots killed when fighter jet crashed in kashmir

കാശ്മീര്‍: കാശ്മീരില്‍ ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. ജമ്മുകാശ്മീരിലെ ബുദ്ഗാം ജില്ലയിലാണ് സൈന്യത്തിന്റെ മിഗ് യുദ്ധവിമാനം തകര്‍ന്നത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

പാനൂരിൽ ആയുധശേഖരം പിടികൂടി

keralanews weapons seized from panoor

തലശ്ശേരി:പാനൂരിൽ വൻ ആയുധശേഖരം പിടികൂടി.പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സെൻട്രൽ എലാങ്കോട്ട് ആളൊഴിഞ്ഞ പറമ്പിൽ നിന്നും ആയുധ ശേഖരം കണ്ടെത്തിയത്.നാല് കൊടുവാൾ,നാല് പൽചക്രം,75 ഡിറ്റണേറ്റർ,40 ജെലാറ്റിൻ സ്റ്റിക്ക്,ബോംബ് നിർമിക്കാൻ ഉപയോഗിക്കുന്ന ചണനൂൽ എന്നിവയാണ് കണ്ടെടുത്തത്.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാനൂർ എസ്‌ഐ കെ.സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പോലീസുകാരായ എൻ.അബ്ദുൽ സലാം,എം.എസ് ശരത്ത്,കെ.എം സുജോയ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകൾ തകർത്ത ഇന്ത്യൻ ദൗത്യത്തിന് പിന്നിൽ മലയാളി സാന്നിധ്യവും

Air Marshal C. Harikumar, takes over as the Air Officer Commanding in Chief, Western Air Command, in New Delhi on January 01, 2017.

ന്യൂഡൽഹി:പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകൾ തകർത്ത് ചരിത്രമായ ഇന്ത്യൻ വ്യോമസേനാ ദൗത്യത്തിന് പിന്നിൽ മലയാളി സാന്നിധ്യവും.അതിര്‍ത്തി കടന്നുള്ള ആക്രമണ പദ്ധതി ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പിലാക്കിയ പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡിന് നേതൃത്വം നല്‍കുന്നത് ചെങ്ങന്നൂര്‍ സ്വദേശിയായ എയര്‍ മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാറാണ്. ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴി സ്വദേശിയാണ് ഇദ്ദേഹം. പാകിസ്താനുമായുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ വ്യോമസുരക്ഷാ ചുമതല ഡല്‍ഹി ആസ്ഥാനമായുള്ള കമാന്‍ഡിനാണ്.2017 ജനുവരി ഒന്നിനാണ് വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡ് തലവനായി ഹരികുമാര്‍ സ്ഥാനമേൽക്കുന്നത്. വ്യോമസേനയുടെ പല പ്രധാനപ്പെട്ട ഓപ്പറേഷനുകളിലും പങ്കാളിയായിട്ടുണ്ട് ഇദ്ദേഹം. 1979 ഡിസംബര്‍ 14നാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ സ്ട്രീമില്‍ പങ്കാളിയായത്. 3300 മണിക്കൂറുകള്‍ പറന്നാണ് ഹരികുമാര്‍ ഫ്‌ളൈയിംഗ് ഇന്‍സ്ട്രക്ടറായി യോഗ്യത നേടിയത്. മിഗ്-21 യുദ്ധവിമാനത്തിന്റെ നേതൃത്വവും, ആദ്യ നിര യുദ്ധവിമാനങ്ങളുടെ നേതൃത്വവും, യുദ്ധവിമാന പരിശീലന വിഭാഗത്തിന്റെ സൗത്ത് -വെസ്റ്റ് എയര്‍ കമാന്‍ഡാവുകയും ചെയ്തിട്ടുണ്ട്.കൂടാതെ ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫുമായിരുന്നു ഹരികുമാര്‍. ഹരികുമാറിന് നിരവധി സൈനിക പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2018 ജനുവരിയില്‍ സമാധാന കാലത്തെ മികച്ച സേവനത്തിനുള്ള പരം വിശിഷ്ട സേവാ മെഡലും , 2016 ജനുവരിയില്‍ അധി വിശിഷ്ട സേവാ മെഡലും , 2015 ജനുവരിയില്‍ വിശിഷ്ട സേവാ മെഡലും, വായു സേന മെഡല്‍ 2011 ലും ലഭിച്ചിട്ടുണ്ട്.

കാസർകോഡ് ഇരട്ടക്കൊലപാതക കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത് അന്വേഷണം അട്ടിമറിക്കാനെന്ന് മുല്ലപ്പള്ളി

keralanews kasargod double murder case leaves crime branch to sabotage investigation said mullapally

കാസർകോഡ്:കാസർകോഡ് ഇരട്ടക്കൊലപാതക കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത് അന്വേഷണം അട്ടിമറിക്കാനെന്ന് കോൺഗ്രസ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുല്ലപ്പള്ളി ആവര്‍ത്തിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി തല സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കൊലപാതകത്തെക്കുറിച്ച്‌ സിബിഐ അന്വേഷിക്കണമെന്നാണ് തുടക്കം മുതല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

ഗോ എയർ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് രണ്ട് ജീവനക്കാർക്ക് പരിക്ക്

keralanews two employees injured when go air flight hit by air turbulance

കൊൽക്കത്ത:ഗോ എയർ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് രണ്ട് ജീവനക്കാർക്ക് പരിക്ക്.പരിക്കേറ്റവരെ കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഡിസ്പെന്‍സറിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ഒൻപത് യാത്രക്കാര്‍ക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. ഭൂവനേശ്വറില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന ഗോഎയറിന്റെ ജി8 761 വിമാനമാണ് കഴിഞ്ഞദിവസം ആകാശച്ചുഴിയില്‍പ്പെട്ടത്.അതേസമയം യാത്രക്കാരെല്ലാം സുരക്ഷിതരായി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയതായി ഗോഎയര്‍ വക്താവ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി മോശം കലാവസ്ഥയാണ്. ഇതാണ് വിമാനം ആകാശച്ചുഴിയില്‍പ്പെടാന്‍ കാരണമായത്. വിമാനത്തിന് കേട്പാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഗോഎയര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.