കണ്ണൂർ:മാതൃഭൂമി ന്യൂസ് കണ്ണൂർ ബ്യുറോയിലെ സീനിയര്‍ ക്യാമറാമാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു.കണ്ണൂരില്‍ മാതൃഭൂമി ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയുടെ ചിത്രീകരണം കഴിഞ്ഞു രാത്രി 12 മണിയോടെ വീട്ടിലേക്ക് മടങ്ങവേ വളപട്ടണത്തിനു സമീപം വെച്ച് പ്രതീഷ് സഞ്ചരിച്ച ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.പ്രദേശത്ത് ഉണ്ടായിരുന്നവരാണ് വളപട്ടണം പാലം കഴിഞ്ഞു അപകടത്തില്‍പ്പെട്ട പ്രതീഷിനെ വഴിയരികില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹേഷ്‌മയാണ് ഭാര്യ. സംസ്കാരം ഇന്ന് വൈകീട്ട് നടക്കും. പരേതനായ നാരായണന്‍റെയും നാരായണി മണിയന്പാറയുടെയും മകനാണ്.സഹോദരങ്ങള്‍; അഭിലാഷ്, നിധീഷ്.
ഡൽഹി തീപിടുത്തം;മരണം 17 ആയി;മരിച്ചവരിൽ ഒരു മലയാളിയും
ന്യൂഡൽഹി:ഡൽഹി കരോൾബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. രണ്ടു മലയാളികളെ കാണ്മാനില്ല. ചോറ്റാനിക്കര സ്വദേശിനിയായ ജയശ്രിയാണ് മരിച്ചത്.ജയശ്രീയുടെ അമ്മ നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരെയാണ് കാണാതായത്.അപടത്തില്‍ നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. നിരവധിപ്പേരെ കാണാതായി.കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലാണ്, തീപ്പിടുത്തം ഉണ്ടായത്. മലയാളികളടക്കം നിരവധി്പ്പേര്‍ ഹോട്ടലില്‍ താമസത്തിനുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഹോട്ടലില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അഗ്നിബാധയുടെ കാരണം അധികൃതര്‍ അന്വേഷിച്ചു വരികയാണ്.
കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും;സുരക്ഷയൊരുക്കി പോലീസ്; നിരോധനാജ്ഞ ഏർപ്പെടുത്തിയേക്കും
പത്തനംതിട്ട:കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തുറക്കും.സ്ത്രീകള്‍ ശബരിമലയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. അതോടൊപ്പം ജില്ലാ പോലീസ് സൂപ്രണ്ട് കഴിഞ്ഞ ദിവസം നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഈ മാസം 17 ന് നട അടക്കുന്നത് വരെ നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള ഭാഗത്ത് 700 അംഗ പോലീസ് സംഘമാണ് ആദ്യഘട്ടത്തിൽ എത്തിയിരിക്കുന്നത്.സന്നിധാനം,പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഓരോ എസ്പിമാരും അവരോടൊപ്പം രണ്ട് ഡിവൈഎസ്പിമാർ വീതവും ചുമതലയേറ്റു.നാലുവീതം സിഐ മാരും എല്ലാ സ്ഥലങ്ങളിലും ഡ്യൂട്ടിയിലുണ്ടാകും.
ഡൽഹിയിലെ ഹോട്ടലിൽ വൻ തീപിടുത്തം; ഒൻപതുപേർ മരിച്ചു
ന്യൂഡൽഹി:സെൻട്രൽ ഡൽഹിയിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒൻപതുപേർ മരിച്ചു.നിരവധിപേർക്ക് പരിക്കേറ്റു.കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിൽ പുലർച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്.ഹോട്ടലിൽ മലയാളികളും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ആലുവ ചേരാനെല്ലൂരില്‍ നിന്ന് 13 അംഗ സംഘം ഈ ഹോട്ടലിലാണ് താമസിച്ചിരുന്നത്.ഇതില്‍ മൂന്ന് പേരെ കാണതായിട്ടുണ്ട്. ഇവര്‍ ഹോട്ടലില്‍ കുടുങ്ങിയതായാണ് സംശയിക്കുന്നത്. 26 ഫയര്‍ എഞ്ചിനുകള്‍ തീയണയ്ക്കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
കുംഭമാസ പൂജകൾക്കായി നട തുറക്കുമ്പോൾ ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി പോലീസ്
പത്തനംതിട്ട:കുംഭമാസ പൂജകൾക്കായി നാളെ നട തുറക്കുമ്പോൾ ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി പോലീസ്.ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.സ്ത്രീ പ്രവേശനവുമായ് ബന്ധപ്പെട്ട വിഷയത്തില്‍ വിവാദങ്ങള്‍ കെട്ടടങ്ങാത്തതും, പ്രതിഷേധക്കാര്‍ എത്തുമെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് നടപടി.ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിധിപറയാനായി മാറ്റിയ സാഹചര്യത്തിൽ സന്നിധാനത്ത് പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ നിരീക്ഷണം.നിലയ്ക്കലില്‍ നിന്നു പമ്ബയിലേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ യാത്രയ്ക്ക് ഇന്നു മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തും. കെഎസ്‌ആര്‍ടിസി ഒഴികെയുള്ള തീര്‍ഥാടക വാഹനങ്ങള്‍ കഴിഞ്ഞ തീര്‍ഥാടനകാലത്തേതു പോലെ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യാനാണു നിര്‍ദേശം.നിലയ്ക്കലില്‍നിന്നു നാളെ രാവിലെ 10നു ശേഷമേ മാധ്യമപ്രവര്‍ത്തകരെ അടക്കം കടത്തിവിടുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.
അരിയിൽ ഷുക്കൂർ വധക്കേസ്;പി.ജയരാജനെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി
കണ്ണൂർ:കണ്ണൂരിലെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എക്കുമെതിരെ കൊലക്കുറ്റം ചുമത്തി. തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കൊപ്പം കൊലക്കുറ്റവും ചുമത്തിയിരിക്കുന്നത്.നേരത്തെ ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന കുറ്റം മാത്രമായിരുന്നു ഉണ്ടായിരുന്നത്.ഐ.പി.സി 302, 120 ബി വകുപ്പുകളാണ് പി.ജയരാജനെതിരെയും ടി.വി രാജേഷിനെതിരെയും സി.ബി.ഐ ചുമത്തിയത്. കേസില്‍ പി.ജയരാജന്‍ 32 ആം പ്രതിയും ടി.വി രാജേഷ് 33ആം പ്രതിയുമാണ്.
2012 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൽ ഷുക്കൂർ (24) എന്ന യുവാവിനെ വള്ളുവൻ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു.സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.വാഹനം ആക്രമിക്കപ്പെട്ട ശേഷം പി ജയരാജനെയും ടി വി രാജേഷിനെയും തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും ആശുപത്രിയിലെ 415 ആം നമ്പര്‍ മുറിയില്‍ വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.കേസില്‍ സി.പി.എം അരിയില്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന യു.വി വേണു ഉള്‍പ്പടെ 33 പ്രതികളാണുളളത്. രണ്ടുമാസത്തിനുളളില്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നേരത്തെ സുപ്രീം കോടതി സി.ബി.ഐയോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം എറണാകുളം സി.ജെ.എം കോടതിയില്‍ സി.ബി.ഐ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍ കുറ്റപത്രം തലശേരി സെക്ഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കാന്‍ സി.ജെ.എം നിര്‍ദേശിക്കുകയായിരുന്നു.
പരാതികള്‍ക്ക് പരിഹാരം കാണാമെന്ന് റെയില്‍വേ അധികൃതരുടെ ഉറപ്പ്;38 ദിവസം നീണ്ടുനിന്ന ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സമരം അവസാനിപ്പിച്ചു
കാസർകോട്:പരാതികള്‍ക്ക് പരിഹാരം കാണാമെന്ന് റെയില്‍വേ അധികൃതരുടെ ഉറപ്പിനെ തുടർന്ന് 38 ദിവസം നീണ്ടുനിന്ന ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സമരം അവസാനിപ്പിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷനിന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന സമരം ഇക്കഴിഞ്ഞ പുതുവത്സര ദിനത്തിലാണ് ആരംഭിച്ചത്. അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സംരക്ഷിക്കണമെന്നായിരുന്നു ആവശ്യം.മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പ്പാടി, പൈവളികെ, മീഞ്ച പഞ്ചായത്തിലെ ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ യാത്രാകേന്ദ്രവുമാണ് ഉപ്പള റെയിൽവേ സ്റ്റേഷൻ. നേത്രാവതി, മാവേലി, ഏറനാട്, പരശുറാം എക്സ്പ്രസുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കുക, ഉപ്പള ടൗണിനെ തീരദേശ പ്രദേശമായ മണിമുണ്ടയുമായി ബന്ധിപ്പിക്കാനായുള്ള മേൽപാലം നിര്‍മ്മിക്കുക, റിസർവേഷൻ കൗണ്ടർ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിത കാല സത്യാഗ്രഹം നടത്തിയത്.സമരം ഔദ്യോഗികമായി പിന്‍വലിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസം ഉപ്പളയില്‍ നടന്നു. ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയര്‍മാന്‍ കെ എഫ് ഇഖ്ബാല്‍ ഉപ്പള അധ്യക്ഷത വഹിച്ചു. ഗാന്ധിയന്‍ ഗുരുവപ്പ, മഞ്ചേശ്വരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബി തോമസ്, ലത്വീഫ് ഉപ്പള, മഹ് മൂദ് കൈക്കമ്ബ, കോസ്‌മോസ് ഹമീദ്, കൊട്ടാരം അബൂബക്കര്‍, ബദ്റുദ്ദീന്‍ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മലപ്പുറത്ത് രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയ ബാധ സ്ഥിരീകരിച്ചു
മലപ്പുറം: മഞ്ചേരിയിലും സമീപപ്രദേശത്തുമായി പതിനാലും പതിമൂന്നും വയസുള്ള രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു.പനിയും മൂക്കൊലിപ്പും മൂലം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഡിഫ്തീരിയ ബാധിതരാണെന്ന് തെളിഞ്ഞത്. ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടികളുടെ മാതാപിതാക്കളെ സമീപിച്ചപ്പോഴാണ് ഇരുവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നില്ലെന്നറിയിച്ചത്.ജില്ലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അന്‍പതോളം പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു.വാക്സിന്‍ വിരുദ്ധ പ്രചാരണം മൂലം നിരവധി ആളുകള്‍ പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കുന്നില്ലെന്ന് മലപ്പുറം ഡെപ്യൂട്ടി ഡിഎംഒ ഡോ കെ മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു.
മൂന്നാര്‍ കൈയ്യേറ്റം;ദേവികുളം സബ് കലക്ടര്‍ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും
മൂന്നാര്‍: അനധികൃത നിര്‍മാണം തടഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവികുളം സബ് കലക്ടര്‍ രേണു രാജ് ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും.മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ നിര്‍മാണം അനധികൃതമാണെന്നും സ്റ്റോപ്പ് മെമ്മോ കൊടുത്ത് ഉദ്യോഗസ്ഥരെ തടഞ്ഞതും ഹൈക്കോടതിയെ അറിയിക്കാനാണ് തീരുമാനം. റവന്യൂ വകുപ്പിന്റെ നടപടികള്‍ തടസപ്പെടുത്തിയ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നടപടിയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സബ് കലക്ടര്‍ പറഞ്ഞു.മൂന്നാറിലെ അനധികൃത നിര്‍മാണം തടയുന്നതിന് റവന്യൂ വകുപ്പ് അധികൃതകര്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എജി ഓഫീസ് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് റവന്യൂ മന്ത്രിയെ നേരിട്ട് കണ്ട് റിപ്പോര്‍ട്ട് നല്‍കും.
പാനിപൂരി കഴിച്ച വീട്ടമ്മയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റു
എറണാകുളം:പാനിപൂരി കഴിച്ച വീട്ടമ്മയ്ക്ക് ഭക്ഷ്യവിഷബാധയേറ്റു. തൃപ്പൂണിത്തുറ റിഫൈനറി റോഡില്‍ താമസിക്കുന്ന ബിസിനസുകാരന്‍ മോഹനന്റെ ഭാര്യക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കിഴക്കേക്കോട്ടയിലെ ശീതളപാനീയക്കടയില്‍ നിന്നാണ് ഇവര്‍ പാനിപൂരി കഴിച്ചത്. വീട്ടുകാര്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിലെത്തി ഭക്ഷ്യവസ്തു പിടിച്ചടുത്തു.ഇന്നലെ രാത്രി എട്ടോടെ ആയിരുന്നു സംഭവം.ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വീട്ടമ്മയ്ക്കു കഴിക്കാന്‍ നല്‍കിയ പാനിപൂരി ഭക്ഷ്യയോഗ്യമല്ലെന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നുവെന്നും ഓഫിസര്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത പാനിപൂരി ഫ്രീസറില്‍ സൂക്ഷിച്ച ശേഷം നാളെ ലാബ് പരിശോധനയ്ക്കയയ്ക്കും.