കണ്ണൂർ:ടിപി ചന്ദ്രശേഖരന്‍ വധക്കേസിൽ പരോളിലിറങ്ങിയ പ്രതി കൊടിസുനി ക്വട്ടേഷന്‍ കേസില്‍ അറസ്റ്റില്‍.കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കൊടി സുനിയെ പോലീസ് അറസ്റ്റ് ചെയ്തത്.യുവാവിന്‍റെ കൈയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടമായതോടെ പണം തിരികെ ലഭിക്കാന്‍ യുവാവിന്‍റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. സുനിയെ കൂടാതെ മറ്റ് മൂന്ന് പേര്‍ കൂടി കേസില്‍ അറസ്റ്റിലായിട്ടുണ്ട്.യുവാവിന്‍റെ സഹോദരനെ വയനാട്ടിലേക്ക് തട്ടിക്കൊണ്ടുപോവുകയും ഭീഷണപ്പെടുത്തി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. കൊടിസുനിയുടെ നിര്‍ദ്ദേശ പ്രകാരം ഗള്‍ഫില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ട് വഴി സ്വര്‍ണ്ണം എത്തിച്ചത് റാഷിദ് എന്ന യുവാവായിരുന്നു.കൊച്ചിയില്‍ നിന്ന് കണ്ണൂരേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് സ്വര്‍ണ്ണം നഷ്ടമാവുന്നത്.ഇത് തിരകെ കിട്ടാന്‍ യുവാവിനെയും സഹോദരനേയും കൊടി സുനിയുടെ സംഘാഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.റാഷിദിന്‍റെ ഉമ്മ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കൊടിസുനി ഈ സമയം പരോളിലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍;റോബര്‍ട്ട് വദ്രയെയും അമ്മയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് ഇന്നും ചോദ്യം ചെയ്യും
ജയ്‌പൂർ:കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ റോബര്‍ട്ട് വദ്രയെയും അമ്മ മൗറീന്‍ വദ്രയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി കഴിഞ്ഞ ദിവസം തന്നെ ഇരുവരും ജയ്പുരിലെത്തിയിരുന്നു.ഭര്‍ത്താവിനും ഭര്‍തൃമാതാവിനും പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ജയ്പുരിലെത്തിയിട്ടുണ്ട്. ലക്നൗവിലെ തന്റെ റോഡ് ഷോ പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രിയങ്ക ഇവിടെ എത്തിച്ചേര്‍ന്നത്.പ്രിയങ്കയ്ക്കൊപ്പമാകും ഇരുവരും ഇ.ഡി ഓഫീസിലെത്തുക.രാജസ്ഥാനിലെ ബിക്കാനേര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാജസ്ഥാന്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണ് വദ്രയും മാതാവും ഇപ്പോള്‍ ജയ്പുരിലെത്തിയിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി.വദ്രക്കൊപ്പം അദ്ദേഹം സഹസ്ഥാപകനായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പാര്‍ട്ണര്‍മാരോടും എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിൽ
കണ്ണൂർ:എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിൽ.മാടപ്പീടിക അടക്കാക്കുനിയില്‍ ശ്രീശാന്താണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ പുന്നോല്‍ മാക്കുട്ടം റോഡില്‍ വെച്ചാണ് പ്രതി അറസ്റ്റിലാവുന്നത്.ഇക്കഴിഞ്ഞ ജനുവരി നാലിനാണ് ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ആക്രമണമുണ്ടാവുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട നടന്ന ഹർത്താലിനിടെയാണ് ഷംസീറിന്റെ വീടിനു നേരെ ബോംബേറുണ്ടായത്.സംഭവവുമായി ബന്ധപ്പെട്ട് സതീഷ് എന്നയാളെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആര്‍എസ്‌എസ് നേതാവ് കൊളക്കാട്ട് ചന്ദ്രശേഖരന്റെ വീടിന് നേരെയുള്ള സിപിഎം ആക്രമമാണ് എംഎല്‍എയുടെ വീടാക്രമിക്കാന്‍ കാരണമായതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
ഡൽഹിയിൽ വീണ്ടും തീപിടുത്തം;ചേരിയിലെ 200ലധികം കുടിലുകൾ കത്തിനശിച്ചു
ന്യൂഡൽഹി:ദല്‍ഹിയില്‍ വീണ്ടും തീപിടിത്തം. ബഹ്‌റൈചിലെ കൊട്ട്‌വാലി ദെഹത് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചേരിയിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ ഇരുന്നൂറിലേറെ കുടിലുകള്‍ കത്തി നശിച്ചതായാണ് വിവരം.അപകടത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഗ്‌നിശമനസേനയുടെ 25 യൂണിറ്റ് സ്ഥലത്തെത്തിയാണ് പിന്നീട് തീയണച്ചത്.പുലര്‍ച്ചെ ഒരു മണിയോടെയാണ് അഗ്‌നിബാധയുണ്ടായത്.തീ പടര്‍ന്ന് തുടങ്ങിയപ്പോള്‍ തന്നെ ആളുകള്‍ ഇറങ്ങിയോടിയത് വന്‍ ദുരന്തം ഒഴിവാക്കി.
ഡൽഹി തീപിടുത്തം;മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞ മൂന്നു മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തിക്കും. ചോറ്റാനിക്കര സ്വദേശികളായ നളിനിയമ്മ, മക്കളായ വിദ്യാസാഗര്‍, ജയശ്രീ എന്നിവരാണ് ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികള്‍. മൃതദേഹങ്ങള്‍ പെട്ടന്ന് നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.എയര്‍ ഇന്ത്യ വിമാനത്തിലാണ‌് മൃതദേഹങ്ങള്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിക്കുക. അപകടത്തില്‍ രക്ഷപ്പെട്ടവരും ഇന്നു കൊച്ചിയിലെത്തും. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡെൽഹിയിലെത്തിയതായിരുന്നു ഇവർ.
കടുവയിറങ്ങുന്നത് പതിവാകുന്നു;നാട്ടുകാർ പ്രതിഷേധത്തിലേക്ക്
വയനാട്:മരക്കടവ്, പെരിക്കല്ലൂര്‍ പ്രദേശങ്ങളില്‍ കടുവയിറങ്ങുന്നത് പതിവായ സാഹചര്യത്തില്‍ നാട്ടുകാര്‍ പ്രതിഷേധ സമരത്തിനൊരുങ്ങുന്നു. സമരത്തിന്റെ ആദ്യഘട്ടമായി നാട്ടുകാരുടെ നേതൃത്വത്തില്‍ പുല്‍പള്ളി ഫോറസ്റ്റ് സ്റ്റേഷന് മുൻപിൽ ധര്‍ണ നടത്തും. ഒരു മാസം മുൻപ് മരക്കടവില്‍ കടുവയിറങ്ങിയപ്പോള്‍ കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമപരമായ കാരണങ്ങൾ പറഞ്ഞ് കൂട് സ്ഥാപിക്കാന്‍ വനംവകുപ്പ് തയ്യാറായില്ല.ഉന്നതാധികാരികളില്‍നിന്ന് ഉത്തരവ് ലഭിച്ചാല്‍ മാത്രമേ കൂട് സ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്നാണ് വനംവകുപ്പിന്റെ നിലപാട്. ഞായറാഴ്ച പെരിക്കല്ലൂരിലും കടുവയെ കണ്ടതോടെയാണ് സമരം ആരംഭിക്കാൻ നാട്ടുകാര്‍ തീരുമാനിച്ചത്. കടുവയെ കൂട് സ്ഥാപിച്ച് പിടിച്ചില്ലെങ്കില്‍ റോഡ് ഉപരോധമടക്കമുള്ള സമരങ്ങള്‍ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം. രാത്രികാല നിരീക്ഷണമടക്കമുള്ള മുന്‍കരുതലുകള്‍ വനംവകുപ്പ് സ്വീകരിച്ചിട്ടുണ്ടെങ്കിലും നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. ഉറക്കമിളച്ച് വളര്‍ത്ത് മൃഗങ്ങള്‍ക്ക് കാവലിരിക്കുകയാണ് ഗ്രാമവാസികള്‍. കബനി നദിയുടെ സമീപമുള്ള അതിര്‍ത്തി ഗ്രാമങ്ങളില്‍ കടുവയുടെ സാന്നിധ്യം പതിവായതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ഒരു മാസത്തിനിടെ നിരവധി തവണയാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ കടുവയിറങ്ങിയത്. മരക്കടവിലിറങ്ങിയ കടുവ ഒരു പശുവിനെ കൊന്ന് തിന്നിരുന്നു. ഈ കടുവയെ പ്രദേശത്തെ തോട്ടത്തില്‍ നിന്ന് തുരത്താന്‍ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് ഒരാഴ്ചയോളം പരിശ്രമിച്ചിരുന്നു. ഇതുവരെ കടുവയുടെ സാന്നിധ്യം ഇല്ലാതിരുന്ന പെരിക്കല്ലൂരില്‍ കഴിഞ്ഞ ദിവസം കടുവയെ കണ്ടതാണ് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുന്നത്.
കലാഭവന്‍ മണിയുടെ മരണം;സുഹൃത്തുക്കളുടെ നുണ പരിശോധനയ്ക്ക് കോടതിയുടെ അനുമതി
കൊച്ചി:കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ നുണ പരിശോധനയ്ക്ക് കോടതിയുടെ അനുമതി. നടന്മാരായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരടക്കമുള്ള ഏഴ് പേരുടെ നുണ പരിശോധനക്കാണ് എറണാകുളം സി.ജെ.എം കോടതി അനുമതി നല്‍കിയത്. ചോദ്യം ചെയ്യലില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിന് നുണപരിശോധന നടത്തണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരൻ രാമകൃഷ്ണൻ പരാതി നൽകിയിരുന്നു. ഇതിനെ തുടര്‍ന്ന് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് സിബിഐ കേസെടുത്തിരുന്നു.സി.ബി.ഐ കൊച്ചി യൂണിറ്റ് അന്വേഷണം ആരംഭിച്ച് സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട നൂറുകണക്കിനാളുകളുടെ മൊഴിയെടുത്തിരുന്നു.നുണ പരിശോധന കേരളത്തില്‍ തന്നെ നടത്തണമെന്ന ആവശ്യം ജാഫര്‍ ഇടുക്കി അടക്കമുള്ളവര്‍ ഉന്നയിച്ചിട്ടുണ്ട്.കലാഭവന്‍ മണിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുള്ളില്‍ വിഷാംശം ഉണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്തു. ഇവര്‍ നല്‍കിയ മൊഴി ശാസ്ത്രീയമായി തെളിയിക്കുന്നതിന്റെ ഭാഗമായാണ് നുണപരിശോധന നടത്തണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചത്.
ഡൽഹി തീപിടുത്തം;മൂന്ന് മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു
ഡൽഹി:ഡല്‍ഹി കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് മലയാളികളടക്കം 17 പേര്‍ മരിച്ചു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പതിമൂന്ന് അംഗ സംഘത്തില്‍പെട്ട എറണാകുളം ചേരാനെല്ലൂര്‍ സ്വദേശികളാണ് മരിച്ച മലയാളികള്‍.അറുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ചേരാനെല്ലൂര്‍ സ്വദേശികളായ ജയശ്രീ, അമ്മ നളിനിയമ്മ സഹോദരൻ വിദ്യാസാഗര്‍ എന്നിവരാണ് മരിച്ചത്.നളിനിയമ്മയുടെ മറ്റൊരു മകളുടെ കല്യാണത്തിനായാണ് ഇവർ ഡൽഹിയിലെത്തിയത്. പുലര്‍ച്ച നാലു മണിയോടെയാണ് ഹോട്ടലില്‍ തീപിടിത്തം ഉണ്ടായത്. ആദ്യ നിലയിലെ 104ആം നമ്പര്‍ മുറിയില്‍ നിന്ന് തീ മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. ഗാസിയാബാദിലെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയ നളിനിയമ്മയും കുടുംബവും രണ്ടാം നിലയിലാണ് താമസിച്ചിരുന്നത്.5:30ന് ഹരിദ്വാറിലേക്ക് പോകാനുള്ളതിനാല്‍ പുലര്‍ച്ചെ പലരും എഴുന്നേറ്റിരുന്നു. തീ പിടിത്തം ഉണ്ടായപ്പോള്‍ ഇപ്പോള്‍ മരിച്ചവര്‍ രക്ഷപ്പെടാനായി മുകളിലെ നിലയിലേക്ക് പോകാന്‍ ശ്രമിച്ചതായാണ് കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ പറയുന്നത്.മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സർക്കാർ അറിയിച്ചു.
ജില്ലയ്ക്ക് അഭിമാനമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പടിവാതിൽ കടക്കുന്ന ആദ്യ കണ്ണൂരുകാരനായി വരുൺ നായനാർ
കണ്ണൂർ:ജില്ലയ്ക്ക് അഭിമാനമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പടിവാതിൽ കടക്കുന്ന ആദ്യ കണ്ണൂരുകാരനായി വരുൺ നായനാർ.അണ്ടർ 19 ദേശീയ ടീമിലേക്കാണ് വരുൺ തിരഞ്ഞെടുക്കപ്പെട്ടത്.ഈ മാസം 20 ന് തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ചതുർദിന മത്സരത്തിൽ വരുൺ ഇന്ത്യൻ കുപ്പായമണിയും.അതിനു ശേഷം ഇതേ വേദിയിൽ ഇതേ ടീമുമായി മറ്റൊരു മത്സരം കൂടിയുണ്ട്.അണ്ടർ 14 കേരള ടീമിന്റെ നായകസ്ഥാനത്തേക്ക് രണ്ടാം തവണയുമെത്തിയ വരുൺ ഈ വർഷം കേരളത്തിന്റെ അണ്ടർ 19 ടീമംഗമായി അധികം വൈകാതെയാണ് ദേശീയ ടീമിലേക്കുമെത്തുന്നത്.ഉത്തരമേഖലാ അണ്ടർ 14 ക്രിക്കറ്റ് ടൂർണമെന്റിൽ കാസർകോഡിനെതിരെ മിന്നുന്ന പ്രകടനവുമായി കണ്ണൂരിനെ പ്രതിനിധീകരിച്ചാണ് വരുണിന്റെ അരങ്ങേറ്റം.കാസർകോടിനും കോഴിക്കോടിനുമെതിരെയുള്ള പ്രകടനം കണ്ടാണ് വരുൺ ഇന്ത്യൻ ടീമിലെത്താനുള്ള സാധ്യതയുണ്ടെന്ന് കേരള രഞ്ജി ടീം സഹപരിശീലകൻ മസർ മൊയ്‌ദു പ്രവചിച്ചത്.ജില്ലയിൽ നിന്നും ആദ്യമായാണ് ഒരു താരം ദേശീയ ടീമിലെത്തുന്നതെന്നും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഇതെന്നും ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രെട്ടറി വി.പി അനസ് പറഞ്ഞു.സാഹിത്യകാരൻ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ തറവാട്ടിലെ ആറാം തലമുറക്കാരി പ്രിയയാണ് വരുണിന്റെ അമ്മ.അച്ഛൻ ദീപക് ദുബായിൽ ഒരു കമ്പനിയിൽ ഫിനാൻഷ്യൽ മാനേജരാണ്.വരുൺ ജനിച്ചതും വളർന്നതും ദുബായിയിലാണ്.കളിക്കാനായാണ് നാട്ടിലെത്തുന്നത്.
ഷുക്കൂര്‍ വധക്കേസില്‍ നിയമസഭയിൽ പ്രതിപക്ഷ ബഹളം;സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം.ടി വി രാജേഷ് എംഎല്‍എയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചത്.എന്നാല്‍ കുറ്റപത്രങ്ങളുടെ പേരില്‍ അടിയന്തരപ്രമേയം പരിഗണിക്കുന്ന പതിവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ള സംഭവത്തില്‍ ചര്‍ച്ച വേണ്ട. അടിയന്തരപ്രമേയ നോട്ടീസില്‍ കേസിന് സര്‍ക്കാരുമായുള്ള ബന്ധം പറയുന്നില്ല. പല നീതിപീഠങ്ങള്‍ക്ക് മുന്നിലും കുറ്റപത്രങ്ങളുണ്ട്. അതിന്‍റെ പേരില്‍ അടിയന്തരപ്രമേയം കൊണ്ടുവരുകയോ പരിഗണിക്കുകയോ ചെയ്യുന്ന കീഴ് വഴക്കമില്ല എന്നും സ്പീക്കര്‍ പറഞ്ഞു. ഇതോടെ സഭയില്‍ ബഹളമായി. കൊലക്കുറ്റം ചുമത്തപ്പെട്ട ഒരു എംഎല്‍എ സഭയിലുണ്ടെന്ന് ടി വി രാജേഷ് എംഎല്‍എയെ ചൂണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആറ് പ്രാവശ്യം മുന്‍പ്രതിപക്ഷം കോടതി നടപടികള്‍ അടിയന്തരമായി കൊണ്ടു വന്നിട്ടുണ്ട്. അപ്പോഴും അടിയന്തരപ്രമേയം പരിഗണിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.എന്നാല്‍ അടിയന്തരപ്രമേയത്തിന് അനുമതിയില്ലെന്ന നിലപാടില്‍ സ്പീക്കര്‍ ഉറച്ചു നില്‍ക്കുകയാണ്. തുടര്‍ന്ന് പ്രതിഷേധവുമായി സഭാ കവാടത്തില്‍ കുത്തിയിരിക്കുകയാണ് പ്രതിപക്ഷാംഗങ്ങള്‍.