കാസർകോട്ടെ യൂത്തുകോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകം;രണ്ടുപേർ കസ്റ്റഡിയിൽ

keralanews the murder of youth congress workers in kasarkode two under custody

കാസർകോഡ്:കാസർകോട്ടെ യൂത്തുകോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട്  രണ്ടുപേർ കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.അതേസമയം കേസിലെ പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നേക്കാമെന്ന നിഗമനത്തില്‍ ഡി.ജി.പി കര്‍ണാടക പൊലീസിനോട് സഹായം തേടിയിരുന്നു.അന്വേഷണത്തിന് പൂർണ്ണ പിന്തുണനൽകുമെന്ന് കർണാടക പോലീസ് അറിയിച്ചു.അന്വേഷണ സംഘം വിപുലീകരിച്ചതായും ഡി.ജി.പി വ്യക്തമാക്കി.തനിക്ക് ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും വധഭീഷണി ഉണ്ടായിരുന്നെന്ന കൊല്ലപ്പെട്ട കൃപേഷിന്റെ പരാതിയില്‍ നേരത്തെ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.കാസര്‍ഗോഡ് നടന്നത് രാഷ്ട്രീയ കൊലപാതകങ്ങളാണെന്നും പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നുമാണ് പൊലീസിന്റെ പ്രഥമാന്വേഷണ റിപ്പോര്‍ട്ട്.

പുൽവാമ ഭീകരാക്രമണം;രണ്ടു ഭീകരരെ വധിച്ചതായി റിപ്പോർട്ട്

keralanews pulwama terrorist attack report that two terrorists killed

ശ്രീനഗര്‍:പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി റിപ്പോർട്ട്.കഴിഞ്ഞ ദിവസം 40 സൈനികരുടെ ജീവനെടുത്ത ആക്രമണത്തിന് നേതൃത്വം നല്‍കിയ ആദില്‍ അഹമ്മദ് ധറിന്‍റെ കൂട്ടാളികളായ കമ്രാന്‍, ഗാസി എന്നീ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍, ഇക്കാര്യത്തില്‍ സൈന്യത്തിന്‍റെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സൈനികര്‍ വളഞ്ഞതിനെ തുടര്‍ന്ന് ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു മേജര്‍ അടക്കം 4 സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. സംഭവത്തില്‍ ഒരു സൈനികന് പരുക്കേറ്റു.അതേസമയം, ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്.സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്.

കാസർകോട്ടെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈര്യമെന്ന് എഫ്‌ഐആർ

keralanews fir says the reason behind kasarkode muder is political

പെരിയ:കാസർകോട്ടെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈര്യമെന്ന് എഫ്‌ഐആർ.സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേശ്, ശരത് ലാല്‍ എന്നിവരാണ് ഞായറാഴ്ച രാത്രി വെട്ടേറ്റ് മരിച്ചത്.സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കൊല്ലപ്പെട്ട ശരതും കൃപേഷും പ്രതികളാണ്. ശരത് ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയുമാണ്.ഈ സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ശരത്തിന്റെയും കൃപേഷിന്‍റേയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പുറത്തുവന്നു. കൊടുവാള്‍ പോലെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ ഉണ്ടാക്കിയ മുറിവുകളാണ് ഇരുവരുടേയും മരണകാരണം.ശരത് ലാലിന്റെ കഴുത്തിന്‍റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളേറ്റു.അസ്ഥിയും മാംസവും തമ്മില്‍ കൂടിക്കലര്‍ന്ന രീതിയിലാണ് കാലിലെ മുറിവ്.കൃപേഷിന്‍റെ നെറ്റിയുടെ തൊട്ടുമുകളില്‍ മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റിരിക്കുന്നത്. 11 സെന്‍റിമീറ്റര്‍ നീളത്തിലും രണ്ട് സെന്‍റിമീറ്റര്‍ ആഴത്തിലുമുള്ളതാണ് വെട്ട്.

പയ്യന്നൂരിൽ വാഹനാപകടം;ടാറ്റ സുമോ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു

keralanews two died in an accident in payyannur

പയ്യന്നൂർ:പയ്യന്നൂരിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു.ദേശീയപാതയില്‍ വെളളൂരില്‍ ടാറ്റാ സുമോ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.ഇന്നലെയാണ് അപകടം നടന്നത്. ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കണ്ണൂർ തോട്ടടയിൽ നിന്നും നീലേശ്വരത്തേക്ക് കല്ല്യാണ നിശ്ചയത്തിൽ പങ്കെടുക്കാൻ പോയവർ സഞ്ചരിച്ച വാഹനം തിരിച്ചുവരവേ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.ഡ്രൈവർ ബാബു, കൃഷ്ണൻ എന്നിവരാണ് മരിച്ചത്.പരിക്കേറ്റ മീനാക്ഷി, രവി, പുഷ്പ്പരാജ്, പുരുഷോത്തമൻ എന്നിവരെ പയ്യന്നൂർ സഹകരണാശുപത്രിയിലും, പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ഹർത്താലിൽ ചിലയിടങ്ങളിൽ ആക്രമണം; കോഴിക്കോട്ട് കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കല്ലേറ്

keralanews conflict in the hartal stone pelting at ksrtc buses in kozhikkode

തിരുവനന്തപുരം: കാസര്‍കോട് രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം.തലസ്ഥാനത്ത് കിളിമാനൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു. ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെഎസ്‌ആര്‍ ടിസി ബസുകള്‍ തടഞ്ഞു.എറണാകുളം ജില്ലിയിലെ ചിലയിടങ്ങളില്‍ ബസുകള്‍ അനുകൂലികള്‍ തടയുന്നുണ്ട്. മിക്ക കടകളും തുറന്നിരിക്കുകയാണ്. കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍നിന്ന് എല്ലാ ബസുകളും യാത്ര തിരിച്ചിട്ടുണ്ട്. എറണാകുളം കുമ്ബളങ്ങിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടഞ്ഞു. കോഴിക്കോട് കുന്ദമംഗലം പന്തീര്‍പാടത്ത് കെഎസ്‌ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി.വയനാട്ടിലേക്ക് പോവുകയായിരുന്ന ബസ്സുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. കൊല്ലം നഗരത്തിലും കെഎസ്‌ആര്‍ടിസി ബസുകള്‍ തടഞ്ഞു.കൊല്ലം, ചവറ ശങ്കര മംഗലത്തും കണ്ണൂര്‍ പയ്യോളിയിലും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു.അതേസമയം ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചു തിരുവന്തപുരം നഗരത്തിലെ കടകള്‍ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയാതായി യുത്ത് കോണ്‍ഗ്രസ് അറിയിച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ കൊലപാതകം; പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നത് വരെ വിശ്രമമില്ലെന്ന് രാഹുൽ ഗാന്ധി

keralanews muder of youth congress workers no rest before the accused brought infront of the law

ന്യൂഡല്‍ഹി: കാസര്‍ഗോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതു വരെ വിശ്രമമില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.കോണ്‍ഗ്രസ് പ്രസ്ഥാനമാകെ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തിനൊപ്പമുണ്ടെന്നും സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും രാഹുല്‍ കുറിച്ചു.ഇന്നലെ രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലായിരുന്നു സംഭവം. നേരത്തെ ഈ സ്ഥലത്ത് സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. കല്യോട്ട് നടന്ന തെയ്യം സംഘാടകസമിതിക്ക് ശേഷം തിരിച്ച്‌ വീട്ടിലേക്ക് പോവുകയായിരുന്ന ഇരുവരെയും ജീപ്പിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു.

ഹര്‍ത്താല്‍;യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

keralanews congress high court take case against youth congress

കൊച്ചി:സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് ഇന്ന് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് തുടര്‍ന്നാണ് കോടതി നടപടി.ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച്ച മുൻപ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.യൂത്ത് കോണ്‍ഗ്രസിന്റേത് കോടതിയലക്ഷ്യ നടപടിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഹർത്താൽ;എസ്എസ്എൽസി മോഡൽ പരീക്ഷ മാറ്റിവെച്ചു;പുതുക്കിയ തീയതി പിന്നീടറിയിക്കും

keralanews harthal sslc model exams postponed

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചു.ഇന്ന് തുടങ്ങാനിരുന്ന എസ്‌എസ്‌എസ്‌എല്‍സി, ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി മാതൃകാ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.കേരള, എംജി സര്‍വകലാശാലകളും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നിവര്‍ ആണ് ഇന്നലെ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട് കൂരാങ്കര റോഡിലൂടെ പോകവേ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തിയ ശേഷം വെട്ടുകയായിരുന്നു.

പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു;മേജർ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെട്ടു

keralanews encounter continues in pulwama four soldiers including a major were killed

ശ്രീനഗര്‍:പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ തുടരുന്നു.മൂന്ന് ദിവസം മുൻപ് സിആര്‍പിഎഫ് വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായ സ്ഥലത്തിന് സമീപമാണ് ഏറ്റുമുട്ടല്‍.സൈനിക വ്യൂഹം ആക്രമിച്ച ചാവേര്‍ ആദില്‍ ധറിന്റെ കൂട്ടാളികളെന്ന് കരുതുന്ന മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളയുകയായിരുന്നു.ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ മരിച്ചു.സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്. സൈന്യം പ്രദേശം വളഞ്ഞുവെന്ന് മനസ്സിലാക്കിയതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറായ ആദില്‍ ധര്‍ ഒറ്റയ്ക്കല്ല ആക്രമണം നടത്തിയതെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്.ആദിലിന് മൂന്നോ നാലോ സഹായികള്‍ ഉണ്ടായിരുന്നുവെന്നും ഇവരാണ് സിആര്‍പിഎഫ് വാഹന വ്യൂഹത്തിന്‍റെ വിവരങ്ങള്‍ കൈമാറിയതെന്നുമാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

കാസർകോട്ട് രണ്ട് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു;സംസ്ഥാന വ്യാപകമായി ഇന്ന് യുഡിഎഫ് ഹർത്താൽ

keralanews two congress workers killed in kasarkode and udf hartal in the state today

കാസർകോഡ്:കാസർകോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. അടിയന്തര സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.ഇന്നലെ രാത്രി എട്ടരയോടെയാണ് കല്യോട്ട് വച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തിനും കൃപേഷിനും വെട്ടേറ്റത്. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.ഗുരുതരമായി പരിക്കേറ്റ  ശരത്തിനെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.