ചക്കരക്കൽ:ചക്കരക്കല്ലിൽ സ്കൂൾ ബസ് മറിഞ്ഞ് 32 വിദ്യാർത്ഥികൾക്ക് പരിക്ക്.വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ കണയന്നൂർ ചീരൻപീടികയ്ക്ക് സമീപത്താണ് അപകടം നടന്നത്.മലബാർ ഇംഗ്ലീഷ് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.ബസിന്റെ മുൻപിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൽ ഇടിച്ച ബസ് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.തെങ്ങിൽ ഇടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായത്.കണ്ണൂരിൽ നിന്നെത്തിയ റെസ്ക്യൂ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ്സിൽ കുട്ടികളെ കുത്തിനിറച്ചാണ് ഓടിയതെന്ന് നാട്ടുകാർ പറഞ്ഞു.പരിക്കേറ്റ കുട്ടികളെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റു കുട്ടികളെ ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി.
ലിനിക്ക് സര്‍ക്കാരിന്റെ ആദരം; സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള പുരസ്‌ക്കാരം ഇനി സിസ്റ്റർ ലിനിയുടെ പേരില്‍
തിരുവനന്തപുരം:നിപരോഗികളെ ശുശ്രൂഷിക്കുന്നതിനിടെ മരണമടഞ്ഞ ലിനിക്ക് സര്‍ക്കാരിന്റെ ആദരം. സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള പുരസ്‌ക്കാരം ഇനി സിസ്റ്റർ ലിനിയുടെ പേരില്‍ നൽകപ്പെടും.സര്‍ക്കാരിന്റെ മികച്ച നഴ്സിനുള്ള അവാര്‍ഡ് ഇനി മുതല്‍ ‘സിസ്റ്റര്‍ ലിനി പുതുശേരി അവാര്‍ഡ്’ എന്ന് അറിയപ്പെടും. പേരാമ്ബ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സായിരുന്ന ലിനി നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് മരിച്ചത്. വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു പോലും വിട്ടുകൊടുക്കാതെ സംസ്‌കരിക്കുകയായിരുന്നു.
ശബരിമല വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്, സംവിധായകന്‍ പ്രിയനന്ദന് നേരെ ആര്‍.എസ്.എസ് ആക്രമണം
തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ സംവിധായകന്‍ പ്രിയനന്ദന് നേരെ ആര്‍.എസ്.എസ് ആക്രമണം.തന്നെ ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചെന്നും വീട്ടില്‍ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദന്‍ പറഞ്ഞു.ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു ആക്രമണം.സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വല്ലംചിറ ജംഗ്ഷനിലെ കടയിലേക്ക് പോകുന്നതിനിടെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരാണിതെന്നും അവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പ്രിയനന്ദന്‍ പറഞ്ഞു. സംഭവത്തില്‍ പരാതിയുമായി പൊലീസിനെ സമീപിക്കാനാണ് പ്രിയനന്ദന്റെ തീരുമാനം.ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്റെ പോസ്റ്റ് വിവാദമായിരുന്നു.ഇതിന്റെ പേരിൽ സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചിരുന്നു. എന്നാല്‍ പോസ്റ്റിലെ ഭാഷ മോശമെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും നിലപാടില്‍ മാറ്റമില്ലെന്നും ഇതിന്റെ പേരില്‍ മാപ്പ് പറയില്ലെന്നും നേരത്തെ പ്രിയനന്ദനന്‍ വ്യക്തമാക്കിയിരുന്നു.അതേസമയം, സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും യാതൊരു ബന്ധമില്ലെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു.
പ്ലാച്ചിമടയിൽ സമരം വീണ്ടും സജീവമാകുന്നു;ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി തുടർപ്രക്ഷോഭത്തിലേക്ക്
പാലക്കാട്:പ്ലാച്ചിമടയിൽ സമരം വീണ്ടും സജീവമാകുന്നു.ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി തുടർപ്രക്ഷോഭത്തിലേക്ക്. സംസ്ഥാനം പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ നിയമമാക്കുക, പ്ലാച്ചിമടക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുക,കൊക്ക കോള കമ്ബനിക്കെതിരെ ചുമത്തിയ പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ എടുക്കുക എന്നീ ന്യായമായ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം. സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് പ്ലാച്ചിമട സമരസമിതി നേതാക്കള്‍ അറിയിച്ചു.2009 ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പ്രദേശവാസികള്‍ക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനിയിൽ നിന്നും ഈടാക്കാമെന്ന് റിപ്പോര്‍ട്ടും അന്ന് നല്‍കിയിരുന്നു. 2011 ല്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് നിയമസഭ പാസ്സാക്കി.രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യക്തതക്കുറവിന്റെ പേരില്‍ ബില്ല് മടക്കി.സംസ്ഥാന സര്‍ക്കാര്‍ ഇതിന് വിശദീകരണം നല്‍കിയെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. പ്രാദേശിക സമരങ്ങളെ തുടര്‍ന്ന് 2017 ല്‍, പരിഹാരമുറപ്പെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. ഇതും കടലാസില്‍ മാത്രമാണെന്ന് സമരസമിതി ആരോപിക്കുന്നു.പ്ലാച്ചിമടയില്‍ പുതിയ പദ്ധതിക്ക് കളമൊരുങ്ങുന്നത് പ്രതിഷേധാര്‍ഹമെന്നാണ് സമരസമിതിയുടെ നിലപാട്. പ്ലാച്ചിമടയില്‍ കാര്‍ഷികേതര പദ്ധതികളൊന്നും അനുവദിക്കില്ലെന്നും ഇവര്‍ പറയുന്നു.
കേരളതീരത്തെ കടല്‍മീനുകളുടെ തൂക്കം കുറയുന്നതായി മത്സ്യബന്ധനവകുപ്പിന്റെ പഠന റിപ്പോർട്ട്
കൊച്ചി:കേരളതീരത്തെ കടല്‍മീനുകളുടെ തൂക്കം കുറയുന്നതായി മത്സ്യബന്ധനവകുപ്പിന്റെ പഠന റിപ്പോർട്ട്.ജലപരിസ്ഥിതിയിലെ വ്യതിയാനവും മറ്റും മൂലമാണ് മീനുകളുടെ തൂക്കം കുറയുന്നത് എന്നാണ് വിലയിരുത്തല്‍. എല്ലായിനം മീനുകളുടേയും തൂക്കം കുറയുന്നുണ്ട്. മത്സ്യത്തിന്റെ വലിപ്പം കുറയുന്നതാണ് തൂക്കം കുറയാന്‍ പ്രധാന കാരണം.ചൂടിന്റെ ഏറ്റക്കുറച്ചില്‍, സമുദ്രമേഖലയിലെ ജൈവ-ഭൗതിക പ്രവര്‍ത്തനങ്ങള്‍, മലിനീകരണം എന്നിവയെല്ലാം ഇതിന് കാരണമാണ്.താപനിലയിലെ വര്‍ധനമൂലം സമുദ്രനിരപ്പ് ഉയരുന്നു. തിര, വേലിയേറ്റം, വേലിയിറക്കം, കാറ്റ്, ഭൂമിയുടെ ചരിവ് എന്നിവയിലുണ്ടാകുന്ന മാറ്റവും മത്സ്യങ്ങളുടെ സ്വാഭാവികവളര്‍ച്ചയേയും വ്യാപനത്തെയും തടസപ്പെടുത്തുന്നുണ്ട്.സംസ്ഥാനത്ത് പിടിക്കുന്ന മീനിന്റെ 72 ശതമാനവും 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരത്തു നിന്നാണ്. കായല്‍, പുഴ മത്സ്യങ്ങള്‍, വളര്‍ത്തുമീനുകള്‍ എന്നിവ എല്ലാംകൂടി 28 ശതമാനമേയുള്ളൂ.2007ല്‍ ഇതുപോലൊരു പഠനം നടത്തിയിരുന്നു. പ്രതിവര്‍ഷം 5.98 ലക്ഷം ടണ്‍ മീന്‍ കടലില്‍നിന്ന് ലഭിക്കുന്നെന്നാണ് അന്ന് കണ്ടെത്തിയത്. എന്നാല്‍, 2018ല്‍ നടത്തിയ പഠനത്തില്‍ ഇത് 5.23 ലക്ഷം ടണ്ണായി കുറഞ്ഞു.തെറ്റായ മത്സ്യബന്ധനരീതികളും മത്സ്യവളര്‍ച്ച തടയുന്നുണ്ട്. അതുകൊണ്ട് തീരക്കടലില്‍ മീന്‍പിടിക്കുന്നതിന് ഡൈനമിറ്റ്, ലൈറ്റ്, വിഷം, ബുള്‍ ട്രോളിങ് എന്നിവ ഉപയോഗിക്കുന്നതിനെതിരേ നടപടി സ്വീകരിക്കാന്‍ മത്സ്യബന്ധനവകുപ്പിന്റെ നിര്‍ദേശമുണ്ട്.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോ എയർലൈൻസിന്റെ ഉഡാൻ സർവീസുകൾ നാളെ മുതൽ
കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇൻഡിഗോ എയർലൈൻസിന്റെ ഉഡാൻ സർവീസുകൾ നാളെ മുതൽ ആരംഭിക്കും.ഹൈദരാബാദ്, ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ പ്രതിദിന സർവീസുകൾ നടത്തും. 74 പേർക്കിരിക്കാവുന്ന എ.ടി.7 വിമാനങ്ങളാണ് സർവീസ് നടത്തുന്നതിനായി ഉപയോഗിക്കുക. രാവിലെ 9.15-ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 11 മണിക്ക് ഹൈദരാബാദിലെത്തും. തിരിച്ച് 11.35-ന് പുറപ്പെട്ട് 1.25-ന് കണ്ണൂരിലെത്തിച്ചേരും.ഉച്ചയ്ക്ക് 1.45-ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന വിമാനം 3.20-ന് ചെന്നൈയിലെത്തിച്ചേരും. ചെന്നൈയിൽനിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് 5.30-ന് കണ്ണൂരിലെത്തും.വൈകുന്നേരം 5.50-നാണ് ഹുബ്ബള്ളിയിലേക്കുള്ള സർവീസ് നടത്തുക.7.05-ന് എത്തും. തിരിച്ച് 7.25-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് 8.45-ന് കണ്ണൂരിലെത്തിച്ചേരും.ബെംഗളൂരുവിൽനിന്നുള്ള വിമാനം രാത്രി എട്ടുമണിക്ക് പുറപ്പെട്ട് 9.05-ന് കണ്ണൂരിലെത്തും. കണ്ണൂരിൽനിന്ന് തിരിച്ച് 9.25-ന് പുറപ്പെട്ട് 10.30-ന് ബെംഗളൂരുവിലെത്തും. ഗോവയിലേക്ക് രാത്രി 10.05-ന് പുറപ്പെട്ട് 11.35-ന് എത്തിച്ചേരും. തിരിച്ച് 11.55-ന് പുറപ്പെട്ട് 1.20-ന് കണ്ണൂരിലെത്തും. ഇത്തരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.ഉഡാൻ സർവീസിനുള്ള വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ ഇളവുകൾ അനുവദിച്ചതിനെത്തുടർന്നാണ് കിയാൽ സർവീസുകൾക്ക് തയ്യാറായത്.ഗോ എയർ, ഇൻഡിഗോ കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകളും കണ്ണൂരിൽനിന്ന് ഉടൻ തുടങ്ങൂം. ഇൻഡിഗോ കുവൈത്തിലേക്കും ദോഹയിലേക്കും മാർച്ച് 15 മുതൽ സർവീസ് നടത്തും.ഗോ എയറിന്റെ മസ്കറ്റ് സർവീസ് ഫെബ്രുവരി 28-ന് തുടങ്ങും. ബഹ്‌റൈൻ, ദമാം എന്നിവിടങ്ങളിലേക്കും കണ്ണൂരിൽനിന്ന് സർവീസുകളുണ്ടാകും.
എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരേസമയം നടത്താമെന്ന നിര്‍ദേശം ഈ വര്‍ഷം നടപ്പാക്കില്ല
തിരുവനന്തപുരം:എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇനിമുതൽ ഒരേസമയം നടത്താമെന്ന നിര്‍ദേശം ഈ വര്‍ഷം നടപ്പാക്കില്ല. ഡി.പി.ഐ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മാപരിശോധനാ സമിതിയുടേതാണ് തീരുമാനം.ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചകഴിഞ്ഞും നടത്തും.ഇരു പരീക്ഷകളും ഒരുമിച്ച് നടത്തുന്നതിന് നിരവധി സ്കൂളുകളിൽ സൗകര്യക്കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.എസ്എസ്എൽസി പരീക്ഷ മാർച്ച് 13 ന് ആരംഭിച്ച് 28 ന് അവസാനിക്കും.കണക്കു പരീക്ഷയുടെ തലേന്ന് അവധി നല്‍കും. ഇതനുസരിച്ച് ടൈംടേബിളില്‍ മാറ്റംവരും. 25-ന് സോഷ്യല്‍ സ്റ്റഡീസ്, 26-ന് അവധി, 27-ന് കണക്ക്, 28-ന് ബയോളജി എന്നിങ്ങനെയാണ് പുതുക്കിയ ടൈംടേബിള്‍.അധ്യാപക സംഘടനകളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ശബരിമല യുവതീ സന്ദർശനം;പോലീസ് സമർപ്പിച്ച 51 പേരുടെ പട്ടികയിൽ യുവതികൾ 17 പേർ മാത്രം
തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നു കാട്ടി പോലീസ് സുപ്രീം കോടതിയിൽ സമര്‍പ്പിച്ച 51 പേരുടെ പട്ടികയില്‍ യുവതികളായുള്ളത് 17 പേര്‍ മാത്രം.പട്ടികയില്‍ നിന്നും 34 പേരെ ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ളു ഉന്നതതല സമിതി ശിപാര്‍ശ ചെയ്തു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ നാല് പുരുഷന്മാരും, 50 വയസിന് മുകളില്‍ പ്രായമുള്ള 30 പേരും ഉള്‍പ്പെട്ടിരുന്നുവെന്നാണ് ഉന്നതതല സമിതി കണ്ടെത്തിയത്.വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 51 യുവതികൾ മലകയറിയെന്ന് കാട്ടിയാണ് സർക്കാർ പട്ടിക സമർപ്പിച്ചത്. ഇവരുടെ ആധാർ നമ്പറും ഫോൺ നമ്പരും ഇതിലുണ്ടായിരുന്നു. മാധ്യമങ്ങൾ വിളിച്ചന്വേഷിപ്പിച്ചപ്പോൾ പലരും 50 വയസ്സിനു മുകളിൽ പ്രായമുള്ളവരാണെന്ന് കണ്ടെത്തുകയായിരുന്നു. പട്ടിക കോടതിയില്‍ നല്‍കുന്നതിലുണ്ടായ തിടുക്കവും, കാര്യക്ഷമതയില്ലായ്മയുമാണ് അബദ്ധത്തിലേക്ക് നയിച്ചതെന്നാണ് സമിതി വിലയിരുത്തിയത്.
നിരോധിത കീടനാശിനികള്‍ വ്യാജലേബലില്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക്
ചെന്നൈ:നിരോധിത കീടനാശിനികള്‍ വ്യാജലേബലില്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വ്യാപകമായി കടത്തുന്നതായി റിപ്പോർട്ട്.അംഗീകൃത കീടനാശിനികളുടെ വ്യാജ ലേബല്‍ പതിച്ചാണ് തമിഴ്നാട്ടിലെ ഇടനിലക്കാര്‍ നിരോധിത മരുന്നുകള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്.മെര്‍ക്കുറിക്ക് ക്ലോറേഡ്,ഫ്രഫന്ന ഫോസ് , ട്രൈസോഫോസ്, മോണോക്രോട്ടോഫോസ് തുടങ്ങി നിരോധിത പട്ടികയിലുള്ള കീടനാശിനികള്‍ എത്ര അളവ് വേണമെങ്കിലും ചെന്നൈയിലെ ഇടനിലക്കാരില്‍ നിന്ന് ലഭ്യമാണ്. അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ സാധാരണ പരിശോധന ഉണ്ടാകാറില്ലെന്നും, മുന്‍കരുതല്‍ എന്ന നിലയില്‍ അംഗീകൃത കീടനാശിനികളുടെ വ്യാജലേബല്‍ പതിച്ചാണ് അയക്കുകയെന്നും ഇടനിലക്കാര്‍ തന്നെ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.ചെറിയ അളിവാലാണെങ്കില്‍ മലയോര മേഖലയില്‍ ജോലിക്കെത്തുന്ന തൊഴിലാളികളുടെ വാഹനത്തിലോ ചരക്ക് വാഹനങ്ങളെയോ കേരളത്തിലേക്ക് എത്തിക്കും. അനിലോഫോസ്, പാരക്ക്വറ്റ്, അട്ടറസൈന്‍ തുടങ്ങിയ കീടനാശിനികളുടെ വില്‍പനയ്ക്ക് തമിഴ്നാട്ടിലും വിലക്ക് ഉണ്ടെങ്കിലും പരിശോധന കാര്യക്ഷമം അല്ലാത്തതിനാല്‍ ചെറുകടകളില്‍ പോലും ലഭ്യമാണ്. വിലപ്രശ്നമെങ്കില്‍ തമിഴ്നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്ന ലോക്കല്‍ കീടനാശിനി എത്തിച്ച് നല്‍കാനും ഇടനിലക്കാര്‍ തയാറാണ്.
കണ്ണൂർ മെഡിക്കൽ കോളേജ്;പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി
അഞ്ചരക്കണ്ടി:വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ തുക ഇരട്ടി ആയി മടക്കി നല്‍കണം എന്ന ഉത്തരവിന് എതിരെ കണ്ണൂർ മെഡിക്കൽ കോളേജ് സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി.ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചേമ്പറിൽ പരിഗണിച്ച ശേഷമാണ് പുനഃ പരിശോധന ഹര്‍ജികള്‍ തള്ളിയത്.2016 -17 അദ്ധ്യായന വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ പണം ഇരട്ടി ആയി നല്‍കാന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോട് സുപ്രീകോടതി നിര്‍ദേശിച്ചിരുന്നു.150 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ചട്ടവിരുദ്ധമാണെന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.