ഹൈദരാബാദ്:ആന്ധ്രാപ്രദേശില്‍ സ്കൂള്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്.ആന്ധ്രയിലെ ഗുണ്ടൂരിലാണ് സംഭവം. 50ലേറെ കുട്ടികളുമായിപ്പോയ ബസാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന്‍റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായാണ് പോലീസ് നല്‍കുന്ന വിവരം.
കർണാടക ബന്ദിപ്പൂർ വനത്തിനുള്ളിൽ കടുവയുടെ ആക്രമണത്തിൽ ഒരുമരണം
വയനാട്:കർണാടക ബന്ദിപ്പൂർ വനത്തിനുള്ളിൽ കടുവയുടെ ആക്രമണത്തിൽ ഒരുമരണം.കുണ്ടറ സ്വദേശി ചിന്നപ്പനാണ് മരിച്ചത്.കര്‍ണാടകയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന സ്ഥലമാണ് ബന്ദിപ്പൂര്‍. ഈ പ്രദേശത്ത് സ്ഥിരമായി വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാറുണ്ടെന്ന് സമീപ വാസികള്‍ പറഞ്ഞു.വയനാട് പുല്‍പ്പള്ളിയില്‍നിന്ന് 20 കിലോ മീറ്റര്‍ ദൂരെയാണ് ആക്രമണം നടന്നത്.വളര്‍ത്തുമൃഗങ്ങളെ കടുവ കൊണ്ടുപോകുന്നത് പതിവാണെന്ന് പ്രദേശ വാസികള്‍ പറഞ്ഞു.
അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷി യോഗത്തിന് സർക്കാർ തയ്യാറെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷി യോഗത്തിന് സർക്കാർ തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭയില്‍ ചോദ്യത്തോര വേളയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.അടുത്തിടെ സംസ്ഥാനത്തുണ്ടായ തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ചിലര്‍ ബോധപൂര്‍വം നടത്തിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരായി ഹർത്താലിന് പിന്നിലുള്ളത്. സംസ്ഥാനത്തിന്റെ പുരോഗതിയില്‍ ഒന്നും ചെയ്യാത്തവരാണ് അവര്‍. അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ പ്രതിപക്ഷം സഹകരിച്ചാല്‍ സര്‍വകക്ഷിയോഗം വിളിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഹര്‍ത്താലിലൂടെ ക്രമസമാധാനം തകര്‍ക്കാനാണ് ബിജെപി ലക്ഷ്യമിട്ടത്. കലാപശ്രമം മുന്‍കൂട്ടിയറിഞ്ഞ് പൊലീസ് അതു തടഞ്ഞു. ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മുങ്ങിമരിച്ചു
ഇടുക്കി:തൊടുപുഴ മൂലമറ്റത്ത് കനാലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മുങ്ങിമരിച്ചു. കാസര്‍കോട് രാജപുരം നിരവടിയില്‍ പ്രദീപന്‍ (45)ആണ് മരിച്ചത്. മകള്‍ പൗര്‍ണമി (11) മരച്ചില്ലയില്‍ പിടിച്ച് രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. മൂലമറ്റത്തെ ബന്ധുവീട്ടില്‍ കുടുംബസമേതം എത്തിയതായിരുന്നു പ്രദീപന്‍.ഇതിനിടെ കനാലിൽ കുളിക്കാനിറങ്ങുകയായിരുന്നു. പ്രദീപന്റെ ഭാര്യ രാധാമണിയും ഒപ്പമുണ്ടായിരുന്നു.പൗര്‍ണമി ഒഴുക്കില്‍പെട്ടതോടെ കനാലിലേക്ക് ചാടി മകളെ തോളിലേറ്റി നീന്താന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം രാധാമണി തൊട്ടടുത്ത ഫോറസ്റ്റ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി കനാലിനു മുകളില്‍ നിന്ന് കയറിട്ട് കൊടുത്തെങ്കിലും പ്രദീപനു കയറില്‍ പിടിക്കാനായില്ല. അവശനിലയിലായ പ്രദീപന്‍ കനാലിനരികിലെ മരത്തിന് സമീപത്തേക്ക് കുട്ടിയെ തള്ളിവിട്ട ശേഷം വെള്ളത്തില്‍ താഴ്ന്നു പോവുകയായിരുന്നു. മരച്ചില്ലയില്‍ പിടിച്ച് നിന്ന കുട്ടിയെ സമീപവാസി രഞ്ജിത്ത് രക്ഷിക്കാന്‍ ശ്രമിക്കുകയും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഇരുവരെയും കരയിലെത്തിക്കുകയുമായിരുന്നു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൊടുപുഴ:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് അദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എഎസ്പി ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും;കടുത്ത നടപടി ഉണ്ടായേക്കില്ലെന്ന് സൂചന
തിരുവനന്തപുരം:സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് എഎസ്പി ചൈത്ര തെരേസ ജോണിനെതിരായുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും.എ ഡി ജി പി മനോജ് എബ്രഹാമാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.എസ്പിക്കെതിരായി കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് സൂചന.തേരേസ ജോണ്‍, ഒപ്പമുണ്ടായിരുന്ന മെഡിക്കല്‍ കോളേജ് സി ഐ എന്നിവരില്‍ നിന്നെല്ലാം ഐ ജിയുടെ ചുമതല വഹിക്കുന്ന എ ഡി ജി പി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു.മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നല്‍കിയ വിശദീകരണം. മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്. താന്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരം പ്രതി അമ്മയെ ഫോണില്‍ വിളിച്ച് പറയുന്നത് കേട്ടിരുന്നു. പരിശോധന ചട്ടങ്ങള്‍ പാലിച്ചായിരുന്നുവെന്നും പിന്നാലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍; കൊച്ചിയിൽ റിഫൈനറി വികസന പദ്ധതി ഉത്ഘാടനം ചെയ്യും
കൊച്ചി:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍.കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി കൊച്ചിയിലും തൃശൂരിലുമായി രണ്ടു ചടങ്ങുകളില്‍ പങ്കെടുക്കും.രണ്ടാഴ്ചയുടെ ഇടവേളയില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്.കൊച്ചി നാവികസേനാ ആസ്ഥാനത്തെ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് കൊച്ചിന്‍ റിഫൈനറിയിലെ പരിപാടിയില്‍ പങ്കെടുക്കും.ഉച്ചയ്ക്ക് 2.30ന് കൊച്ചിന്‍ റിഫൈനറി വികസന പദ്ധതി ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നരയോടെ തൃശ്ശൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി തേക്കിന്‍കാട് മൈതാനത്തെ യുവമോര്‍ച്ച പരിപാടിയില്‍ പങ്കെടുക്കും.വൈകിട്ട് ആറുമണിയോടെ തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി പിന്നീട് ദില്ലിക്ക് തിരിക്കും.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡ്;എഎസ്പി ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദേശം
തിരുവനന്തപുരം:സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്‌ഡുമായി ബന്ധപ്പെട്ട് എഎസ്പി ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദേശം.പാര്‍ട്ടിയെ അപമാനിക്കുന്നതിന് റെയ്ഡ് നടത്തിയെന്ന സി.പി.എമ്മിന്റെ പരാതിയിലാണ് അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. ഐ.ജി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല.വ്യാഴാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു ചൈത്ര തെരേസയുടെ നേതൃത്വത്തില്‍ പൊലീസ് സി.പി.എം ഓഫീസില്‍ റെയ്ഡ് നടത്തിയത്.പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ തിരഞ്ഞാണ് പൊലീസ് മേട്ടുക്കടയിലെ സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയത്. പ്രതികളുടെ വീടുകളില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.എന്നാല്‍ ആരെയും കണ്ടെത്താനായില്ല.പൊലീസ് എത്തുമ്ബോള്‍ ഓഫീസ് സെക്രട്ടറി അടക്കം കുറച്ച്‌പേര്‍ മാത്രമേ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ.സംഭവം വിവാദമായതോടെ അന്വേഷിക്കാന്‍ കമ്മീഷണറെ ചുമതലപ്പെടുത്തിക്കൊണ്ട് പൊലീസ് മേധാവി ലോക്‌നാഥ് ബഹ്റ ഉത്തരവിട്ടു. ആര്‍.ആദിത്യ ശബരിമല ഡ്യൂട്ടിയിലായതിനാലാണ് ചൈത്രയ്ക്ക് ചുമതല നല്‍കിയിരുന്നത്. ഇന്നലെ തന്നെ ഡി.സി.പിയുടെ അധിക പദവി ചൈത്ര ഒഴിഞ്ഞു. നിലവില്‍ ചൈത്ര കന്റോണ്‍മെന്റ് എ.സി.പിയാണ്.
കർണാടകയിലെ ക്ഷേത്രത്തിൽ വീണ്ടും ഭക്ഷ്യവിഷബാധ;ഒരു സ്ത്രീ മരിച്ചു;11പേർ ആശുപത്രിയിൽ
ബെംഗളൂരു:കർണാടകയിലെ ക്ഷേത്രത്തിൽ വീണ്ടും ഭക്ഷ്യവിഷബാധ.ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദം കഴിച്ച് ഒരു സ്ത്രീ മരിച്ചു.ഭക്ഷ്യവിഷബാധയേറ്റ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ചിക്കബല്ലപുര സ്വദേശിനി കവിത (28) ആണ് മരിച്ചത്.ഛര്‍ദിമൂലം നിര്‍ജലീകരണം സംഭവിച്ചതാണ് മരണകാരണമായത്. ഇവരുടെ കുട്ടികളും അവശനിലയില്‍ ആശുപത്രിയിലാണ്.സംഭവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു.ജനുവരി 25 വെള്ളിയാഴ്ച ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെയാണ് പ്രസാദവിതരണം ഉണ്ടായത്. ക്ഷേത്രത്തില്‍ എത്തിയ അജ്ഞാതരായ രണ്ട് സ്ത്രീകള്‍ പ്രസാദമായി ഭക്തര്‍ക്ക് ഹലുവ നല്‍കുകയായിരുന്നു. ഇത് കഴിച്ച ആളുകള്‍ക്ക് വയറുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടാകാന്‍ കാരണമായ പ്രസാദം ക്ഷേത്രത്തില്‍നിന്നുള്ളതല്ലെന്ന് പോലീസ് പറഞ്ഞു.
സീരിയൽ അഭിനേതാക്കളായ ജയൻ ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായി
കൊല്ലം:സീരിയൽ അഭിനേതാക്കളായ ജയൻ ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായി.കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ചായിരുന്നു അമ്പിളി ദേവിയും ജയന്‍ ആദിത്യനും തമ്മിലുളള വിവാഹം നടന്നത്.അമ്പിളിദേവിയുടെ രണ്ടാമത്തെയും ആദിത്യന്റെ നാലാമത്തെയും വിവാഹമാണിത്. ഛായാഗ്രാഹകന്‍ ലോവലായിരുന്നു അമ്പിളി ദേവിയുടെ ആദ്യത്തെ ഭര്‍ത്താവ്. 2009ലായിരുന്നു അമ്പിളി ദേവി ലോവലിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഏഴ് വയസുളള മകനുണ്ട് ഇവര്‍ക്ക്.മലയാളത്തിലെ അനശ്വര നടന്‍ ജയന്റെ അനുജന്റെ മകനാണ് ആദിത്യന്‍.മൂന്നാമത്തെ വിവാഹത്തിൽ മൂന്ന് വയസുളള ഒരു മകനുണ്ട് ആദിത്യന്.ജനപ്രിയ സീരിയലുകളുടെയായിരുന്നു ആദിത്യനും അമ്പിളിയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായിരുന്നത്.അതേസമയം ആദ്യ ഭാര്യ പുതിയ വിവാഹം കഴിച്ചത് മുന്‍ ഭര്‍ത്താവായ ലോവല്‍ ആഘോഷിച്ചിരുന്നു. പുതിയ മലയാളം സീരിയലിന്റെ സെറ്റില്‍ വെച്ചായിരുന്നു ലോവലിന്റെ ആഘോഷം നടന്നത്. ലോവലിനൊപ്പം അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ലോവലിന്റെ പുതിയൊരു ജീവിതം ഇന്നു തുടങ്ങുകയാണെന്നും ഇനിമുതല്‍ ഉയര്‍ച്ച മാത്രം ഉണ്ടാവട്ടെയെന്നും സഹപ്രവര്‍ത്തകര്‍ ആശംസിച്ചിരുന്നു.