ശബരിമല:ശബരിമല പതിനെട്ടാം പടിയുടെ സമീപമുള്ള ആല്‍മരത്തിന് തീപിടിച്ചു. ആഴിയില്‍ നിന്ന് തീക്കനൽ ആല്മരത്തിലെ ഉണങ്ങിയ ഇലകളിൽ വീണാണ് തീപടർന്നതു.രാവിലെ 11.30-ന് ആണ് തീ പിടിച്ചത്.ഉടൻതന്നെ ഫയര്‍ ഫോഴ്സ് എത്തുകയും തീ കെടുത്തുകയും ചെയ്തു .തീ പടര്‍ന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ പോലീസ് നടപന്തലില്‍ തടയുകയും തീകെടുത്തിയതിന് ശേഷം ദര്‍ശനത്തിനായി കടത്തി വിടുകയും ചെയ്തു .
ഹിമാചൽപ്രദേശിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 6 വിദ്യാർഥികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു.
ഷിംല:ഹിമാചൽപ്രദേശിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 6 വിദ്യാർഥികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു.സിര്‍മോര്‍ ജില്ലയിലെ ദാവ് പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരില്‍ ആറ് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ ഡ്രൈവറുമാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.12 ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.പലരുടേയും നില ഗുരുതരമായ തുടരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി .
ജന്മദിനത്തിൽ വിദ്യാർഥികൾ കളർഡ്രെസ്സ് ധരിച്ചെത്തിയാൽ നടപടിയെടുക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ കർശന നിർദേശം
തിരുവനന്തപുരം:ജന്മദിനത്തിൽ വിദ്യാർഥികൾ കളർഡ്രെസ്സ് ധരിച്ചെത്തിയാൽ നടപടിയെടുക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ കർശന നിർദേശം.കാതറില്‍ ജെ വി എന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിന്‍മോലാണ് നടപടിയെന്ന് ഡിപിഐ ഓഫീസ് അറിയിച്ചു.ജന്മദിനത്തില്‍ യൂണിഫോം ധരിക്കാതെ എത്തിയ കാതറിനോട് സ്‌കൂള്‍ അധികൃതര്‍ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ നടപടി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജന്മ ദിനത്തില്‍ യൂണിഫോം അല്ലാത്ത നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഡിപിഐ നല്‍കിയത്.
ഹർത്താൽ മൂലം നഷ്ട്ടം സംഭവിച്ചവർക്ക് സൗജന്യ നിയമസഹായവുമായി അഭിഭാഷകർ
എറണാകുളം:ഹർത്താൽ മൂലം നഷ്ട്ടം സംഭവിച്ചവരെ സഹായിക്കാൻ സൗജന്യ നിയമസഹായവുമായി എറണാകുളം ലീഗൽ സർവീസസ് അതോറിറ്റി. എറണാകുളം ജില്ലയിലെ ഏഴു കേന്ദ്രങ്ങളിൽ കോടതികളോട് ചേർന്ന് പ്രവർത്തിക്കുന്ന അതോറിറ്റി ഓഫീസിൽ നിന്നും നിയമസഹായം ലഭിക്കുന്നതാണ്.കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഹർത്താൽ മൂലം നഷ്ട്ടം സംഭവിച്ചവർക്ക് ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും നഷ്ടപരിഹാരം നേടിയെടുക്കുന്നതിനാണ് നിയമസഹായം നൽകുന്നത്.സാധാരക്കാരായ കച്ചവടക്കാർക്കും മറ്റുമാണ് ഈ സഹായം ലഭിക്കുക.വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കുറവുള്ളവർക്ക് സിവിൽ കോടതിയിൽ കേസ് നടത്താൻ സൗജന്യമായി അഭിഭാഷകരെ ചുമതലപ്പെടുത്തും.എന്നാൽ സ്ത്രീകൾക്ക് വരുമാനപരിധി ബാധകമല്ല.ഹർത്താൽ മൂലം കടകമ്പോളങ്ങൾ അടച്ചിടുകമൂലം ക്രിമിനൽ സ്വഭാവമുള്ള പരാതികൾ പോലീസ് സ്വീകരിക്കാറില്ല.കടകൾ തുറന്നു പ്രവർത്തിക്കുന്നതിന് സർക്കാർ നൽകുന്ന സംരക്ഷണം പര്യാപ്തമല്ല.സിവിൽ സ്വഭാവമുള്ള കേസുകളായതിനാൽ വിചാരണ ദിവസം മാത്രം കോടതിയിൽ വാദി ഹാജരായാൽ മതി.അതുവരെ ലീഗൽ സർവീസസ് അതോറിറ്റിയുടെ പാനൽ ലോയേഴ്സ് കേസുകൾ ഹാജരാക്കും.നിയമസഹായം ആവശ്യമുള്ളവർ കഴിഞ്ഞ മൂന്നുവർഷത്തെ വരുമാന നഷ്ട്ടം തെളിയിക്കുന്ന രേഖകൾ സഹിതം അതാത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയെ സമീപിക്കേണ്ടതാണ്.
ഫോൺ നമ്പറുകൾ:
കണയന്നൂർ:9495159584
മൂവാറ്റുപുഴ:04852837733
നോർത്ത് പറവൂർ:04842446970
ആലുവ:8304845219 കൊച്ചി:8330810100
കോതമംഗലം:8304859290
കുന്നത്തുനാട്:8304832564
സുപ്രീം വിധിക്ക് ശേഷം ശബരിമലയിൽ ഇതുവരെ 9 യുവതികൾ മലചവിട്ടിയതായി റിപ്പോർട്ട്
പത്തനംതിട്ട:സുപ്രീം വിധിക്ക് ശേഷം ശബരിമലയിൽ ഇതുവരെ 9 യുവതികൾ മലചവിട്ടിയതായി പോലീസ് റിപ്പോർട്ട്.ശ്രീലങ്ക മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരടക്കം 50 വയസില്‍ താഴെയുള്ള ഒന്‍പതു യുവതികള്‍ ഇതുവരെ ദര്‍ശനം നടത്തിയെന്നാണു പോലീസ് ഉന്നതര്‍ പറയുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വൈകാതെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനാണു നിര്‍ദേശം.മലേഷ്യയില്‍ നിന്നു മൂന്നു യുവതികള്‍ ഇന്നലെ പോലീസ് സഹായത്തോടെ ദര്‍ശനം നടത്തി. 25 അംഗ മലേഷ്യന്‍ സംഘത്തിനൊപ്പമെത്തിയ യുവതികളാണു മല കയറിയത്. മലേഷ്യയില്‍ സ്ഥിരതാമസക്കാരായ മലയാളികളും തമിഴ്നാട്ടുകാരുമാണ് സംഘത്തിലുണ്ടായിരുന്നത്. തര്‍ക്കമുണ്ടായപ്പോള്‍ തങ്ങള്‍ 50 വയസിന് മുകളിലുള്ളവരാണെന്ന് മലേഷ്യന്‍ സ്ത്രീകള്‍ പ്രതിഷേധക്കാരോട് പറഞ്ഞെന്നും പൊലീസ് വിശദീകരിക്കുന്നു. മറ്റ് മൂന്നുപേരുടെ വിശദാംശം പൊലീസ് പുറത്തുവിട്ടിട്ടില്ല.
ശബരിമല ഡ്യൂട്ടിക്കാണെന്ന് പറഞ്ഞുപോയ എസ്‌ഐയെ കണ്ണൂരിലെ ലോഡ്ജിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ:ശബരിമല ഡ്യൂട്ടിക്കാണെന്ന് പറഞ്ഞുപോയ എസ്‌ഐയെ കണ്ണൂരിലെ ലോഡ്ജിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി.രണ്ടു മാസം മുന്‍പ് കാണാതായ ആലപ്പുഴ രാമങ്കരി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഐ.ജി അഗസ്റ്റിനെ (55)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് നവംബര്‍ 29ന് വീട്ടില്‍നിന്ന് ഇറങ്ങിയ ഇദ്ദേഹം ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇദ്ദേഹത്തെ കാണാനില്ലെന്നുകാട്ടി ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു.അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച അഗസ്റ്റിനെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസം മുന്‍പാണ് ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ മുറി തുറന്നപ്പോഴാണ് എസ്‌ഐ.യെ മരിച്ചനിലയില്‍ കണ്ടത്.വിഷം ഉള്ളില്‍ ചെന്ന് മരിച്ചതായാണ് വിവരം. ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.
കണ്ണൂരിൽ അക്രമം രൂക്ഷം;കേന്ദ്ര സേനയെ വിന്യസിച്ചു;ഇരിട്ടിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ:ഹർത്താലിനെ തുടർന്നുണ്ടായ അക്രമങ്ങൾ കണ്ണൂരിൽ തുടരുന്നു.സിപിഎം-ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ക്ക് നേരെയുള്ള ആക്രമണം തുടരുകയാണ്. ഇരിട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. വി.കെ.വിശാഖിനാണ് വെട്ടേറ്റത്.വിശാഖിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ തലശേരിയിലും പരിസര പ്രദേശങ്ങളിലും എട്ട് പ്ലാറ്റൂണ്‍ സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന തലശേരി മേഖലയില്‍ സായുധ സേന നടത്തിയ മിന്നല്‍ റെയ്ഡില്‍ 27 സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.പിക്കറ്റ് പോസ്റ്റുകളും മൊബൈല്‍ പട്രോളിംഗുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി കേന്ദ്ര കമ്മറ്റി അംഗം പി.കെ കൃഷ്ണദാസ്, തലശേരി നഗരസഭ വൈസ് ചെയര്‍മാന്‍ നജ്മ ഹാഷിം, മഹിളാ മോര്‍ച്ച നേതാവ് സ്മിത ജയമോഹന്‍, ബിജെപി മണ്ഡലം പ്രസിഡന്‍റ് എം.പി.സുമേശ് തുടങ്ങി ബിജെപി -സിപിഎം നേതാക്കളുടെ വീടുകള്‍ക്ക് പോലീസ് കാവലേര്‍പ്പെടുത്തി.രാത്രിയില്‍ നടന്ന വ്യാപകമായ റെയ്ഡില്‍ പിടിയിലായവരില്‍ വി.മുരളീധരന്‍ എംപിയുടെ വീടിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ ഉള്‍പ്പെടെ ഉളളതായിട്ടാണ് പോലീസ് നല്‍കുന്ന സൂചന. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി റെയ്ഡ് തുടരുകയാണ്. ജില്ലാ പോലീസ് മേധാവി ശിവ വിക്രം, ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ രാവിലെ വരെ തലശേരിയില്‍ ക്യാമ്ബ് ചെയ്ത് ക്രമസമാധാന പാലനത്തിന് നേതൃത്വം നല്‍കി വരികയാണ്.
കണ്ണൂരിൽ വ്യാപക അക്രമം;എ.എൻ ഷംസീറിന്റെയും പി.ശശിയുടെയും വീടിനു നേരെ ബോംബേറ്;ചെറുതാഴത്ത് ആർഎസ്എസ് ഓഫീസിന് തീയിട്ടു
കണ്ണൂർ:ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ സംഘർഷം കണ്ണൂർ ജില്ലയിൽ തുടരുന്നു.എ.എന്‍.ഷംസീര്‍ എംഎല്‍എ, എം.പി. വി.മുരളീധരന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി എന്നിവരുടെ വീടിന് നേരെ ബോംബേറുണ്ടായി.എ എന്‍ ഷംസീര്‍ എംഎല്‍എയുടെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വെള്ളിയാഴ്ച രാത്രി ഒമ്ബതരയോടെയാണ് ബൈക്കിലെത്തിയ ആര്‍ എസ്‌എസ് ക്രിമിനല്‍ സംഘം കോടിയേരി മാടപ്പീടികയിലെ വീടിനു ബോംബെറിഞ്ഞത്. മുറ്റത്താണ് ബോംബ് വീണു പൊട്ടിയത്. ഷംസീര്‍ ഈ സമയം തലശേരി എഎസ‌് പി ഓഫീസില്‍ ജില്ലാ പൊലീസ് മേധാവി വിളിച്ചു ചേര്‍ത്ത സമാധാനയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. ഷംസീറിന്റെ ഉപ്പയും ഉമ്മയും സഹോദരിയും അവരുടെ മക്കളും വീട്ടിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. വാട്ടര്‍ ടാങ്കും മുറ്റത്തെ ചെടിച്ചട്ടികളും തകര്‍ന്നു.ബിജെപി എം പി വി മുരളീധരന്റെ തലശേരി എരഞ്ഞോളി വാടിയില്‍ പീടികയിലെ തറവാട് വീടിനു നേരെയാണ് ബോംബേറുണ്ടായത്.കണ്ണൂരില്‍ പി ശശിയുടെ വീടിനു നേരെയും ബോംബേറുണ്ടായി. ബൈക്കില്‍ എത്തിയ ആളുകള്‍ ബോംബ് എറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. അക്രമം നടക്കുന്ന സമയം പി ശശി വീട്ടില്‍ ഉണ്ടായിരുന്നില്ല.കണ്ണൂരില്‍ സിപിഎം- ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെയുണ്ടായ ബോംബേറിന് പിന്നാലെ കണ്ണൂരിലെ ചെറുതാഴത്ത് ആര്‍എസ്‌എസ് ഓഫീസിന് തീയിട്ടു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ്;ഇന്ത്യ 622 റൺസിന് ഡിക്ലയർ ചെയ്തു; പൂജാരയ്ക്കും ഋഷഭ് പന്തിനും സെഞ്ചുറി
സിഡ്‌നി:ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ 622 എന്ന കൂറ്റന്‍ സ്കോറില്‍ ഡിക്ലയര്‍ ചെയ്തു. പൂജാരക്കു പിന്നാലെ പന്തും സെഞ്ച്വറി സ്വന്തമാക്കി ഔട്ടാവാതെ നിൽക്കെയാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. 189 പന്തിൽ നിന്നും 159 റൺസെടുത്ത് ഋഷഭ് പന്ത് ഇന്ത്യയുടെ റണ്‍സ് 600 കടത്തുകയായിരുന്നു. 15 ബൗണ്ടറികളും ഒരു സിക്സറിന്റേയും അകമ്പടിയോടെയാണ് പന്തിന്റെ മിന്നും പ്രകടനം. ഇതോടെ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരിക്കുകയാണ് ഋഷഭ് പന്ത്.ഇന്ത്യന്‍ സ്കോര്‍ 418ല്‍ നില്‍ക്കുമ്പോഴായിരുന്നു പുജാരയുടെ വിക്കറ്റ് നഷ്ടമായത്.193 റണ്‍സെടുത്തായിരുന്നു പുജാര പുറത്തായത്.തുടര്‍ന്നു വന്ന രവീന്ദ്ര ജഡേജ പന്തുമായി ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ പെട്ടെന്ന് പടുത്തുയര്‍ത്തുകയായിരുന്നു. 114 പന്തില്‍ ഒരു സിക്സും ഏഴ് ഫോറുമായി 81 റണ്‍സെടുത്താണ് ജഡേജ പുറത്തായത്.
രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഹനുമ വിഹാരിയുടെ വിക്കറ്റ് നഷ്ടമായി. 96 പന്തില്‍ 42 റണ്‍സെടുത്ത വിഹാരിയെ നഥാന്‍ ലിയോണ്‍ പുറത്താക്കുകയായിരുന്നു.ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്കും (23) വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെക്കും (18) തുടക്കം മുതലാക്കാനാവാതെപോയപ്പോള്‍ വീണുകിട്ടിയ അവസരം മുതലാക്കാന്‍ രാഹുലിന് (ഒമ്പത്) ഈ ഇന്നിങ്‌സിലും കഴിഞ്ഞില്ല. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി അഗര്‍വാളിനൊപ്പം രാഹുല്‍ ഓപണിങ്ങിനെത്തി.ആദ്യ ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ രണ്ടുവട്ടം എഡ്ജ് ചെയ്ത രാഹുല്‍ ഹാസല്‍വുഡിന്റെ അടുത്ത ഓവറില്‍ ഫസ്റ്റ് സ്ലിപ്പില്‍ ഷോണ്‍ മാര്‍ഷിന് പിടികൊടുത്ത് മടങ്ങി.എന്നാല്‍, അഗര്‍വാളിന് പുജാര കൂട്ടത്തിയതോടെ കളി മാറി. പരമ്പരയിലുടനീളം പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച് ഓസിസ് ബൗളിങ്ങിനെ ചെറുത്തുനിന്ന പുജാരയും അരങ്ങേറ്റ ഇന്നിങ്‌സില്‍ തന്നെ അര്‍ധസെഞ്ച്വറിയുമായി വരവറിയിച്ച അഗര്‍വാളും ഒത്തുചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടുനീക്കി.
സ്‌കോര്‍ 126ലെത്തിയപ്പോള്‍ ലിയോണിന് വിക്കറ്റ് സമ്മാനിച്ച് അഗര്‍വാള്‍ മടങ്ങി. തുടര്‍ന്നെത്തിയ കോഹ്ലിക്കും അഞ്ചാം നമ്പറിലെത്തിയ രഹാനെക്കും എതിരെ ലെഗ്സ്റ്റമ്പ് ബൗളിങ് തന്ത്രമായിരുന്നു ഓസിസ് പുറത്തെടുത്തത്.മൂന്നാം വിക്കറ്റില്‍ പുജാര – കോഹ്‍ലി സഖ്യം 54ഉം നാലാം വിക്കറ്റില്‍ പുജാര രഹാനെ ജോടി 48ഉം റണ്‍സെടുത്തു. ഋഷഭ് പന്തും പുജാരയും കൂടെ 89 റണ്‍സെടുത്തപ്പോള്‍ പന്ത് ജഡേജയോടൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ബോഡിലേക്ക് ചേര്‍ത്തത് 204 റണ്‍സാണ്.രണ്ടാം ദിനം കളി തീരുമ്പോള്‍ പത്ത് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 24 റണ്‍സുമായി ഓസ്ട്രേലിയ ബാറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. 19 റണ്‍സുമായി മാര്‍ക്കസ് ഹാരിസും അഞ്ച് റണ്‍സുമായി ഉസ്മാന്‍ ഖ്വാജയുമാണ് ക്രീസില്‍.
ജനുവരി 8,9 തീയതികളിലെ ദേശീയപണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി
കോഴിക്കോട്: ഈ മാസം 8, 9 തീയതികളില്‍ സംയുക്തതൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി. പണിമുടക്കിനെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ഇത് ഹര്‍ത്താല്‍ ആക്കി മാറ്റരുത്. ഇനിയൊരു ഹര്‍ത്താല്‍ താങ്ങാനുള്ള കഴിവ് വ്യാപാരികള്‍ക്കില്ല. അന്നേദിവസം കടകള്‍ തുറന്നു പ്രവര്‍ത്തിയ്ക്കുമെന്നും അവര്‍ പറഞ്ഞു. ഹര്‍ത്താല്‍ ദിവസം വ്യാപാരികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഏകോപനസമിതി പ്രസിഡന്റ് ടി നസിറുദ്ദീന്‍ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് സമിതി മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. വ്യാപാരികള്‍ക്ക് ഹര്‍ത്താലിനിടെയുണ്ടായ നഷ്ടം 10 കോടി രൂപയാണ്. 100 കോടി രൂപയുടേതെങ്കിലും വ്യാപാരനഷ്ടവും ഉണ്ടായി.ഹര്‍ത്താലില്‍ നഷ്ടമുണ്ടാക്കുന്ന നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. ഹര്‍ത്താലില്‍ ആക്രമണം നടത്തിയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ടി നസിറുദ്ദീന്‍ വ്യക്തമാക്കി.