തിരുവനന്തപുരം:പ്രളയത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് അവതരണം ഇന്ന്. നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നൽകിയുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് സഭയിൽ അവതരിപ്പിക്കുക.കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് തുടങ്ങിയ ബജറ്റ് അവതരണത്തില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ധനമന്ത്രി ഉയർത്തിയത്.കേരളം സമീപകാല ചരിത്രത്തിലേ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട സമയത്ത് കേരളത്തിനോട് കേന്ദ്രം മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു.കേരളത്തിലേ ജനങ്ങളോട് എന്തിനാണ് ഈ ക്രൂരത. ഒറ്റക്കെട്ടായാണ് കേരളത്തിലേ ജനങ്ങള്‍ പ്രളയത്തെ അതിജീവിച്ചത്. എന്നാല്‍, ആ സമയത്ത് അത്രയും കേന്ദ്രം കേരളത്തിനോട് അവഗണനാ നിലപാടാണ് കാണിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 3229 കോടി രൂപ ലഭിച്ചു. ഈ ഫണ്ടില്‍ നിന്നും 1732 കോടി വിതരണം ചെയ്‌തു. ഫണ്ടില്‍ നിന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ തുക ചെലവഴിക്കൂ എന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേ വീട് നിര്‍മാണത്തിന്, വായ്പാസഹായം ഉള്‍പ്പടെയുള്ള ചെലവുണ്ട്, പുനര്‍നിര്‍മാണത്തിന് ആയിരം കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. പ്രളയാനന്തര നവകേരളം നിര്‍മിക്കുന്നതിന് 25 പദ്ധതികള്‍ രൂപീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. റീബില്‍ഡ് കേരള, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികള്‍ സംഘടിപ്പിക്കുന്നത്. പ്രളയത്തിന് ശേഷം കേരളം കണ്ട രണ്ടാമത്തെ ദുരന്തമാണ് ശബരിമല പ്രക്ഷോഭമെന്നും തോമസ് ഐസക് പറഞ്ഞു.
പയ്യന്നൂരിൽ പോലീസ് വാഹനവും ലോറിയും കൂട്ടിയിടിച്ച് 3 പോലീസുകാർക്ക് പരിക്ക്
പയ്യന്നൂർ:പയ്യന്നൂരിൽ പോലീസ് കൺട്രോൾ റൂമിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ച് 3 പോലീസുകാർക്ക് പരിക്ക്.അപകടത്തില്‍ പയ്യന്നൂര്‍ പോലീസിലെ എഎസ്‌ഐ സുനില്‍ കുമാര്‍,സിപിഒ ഷമീം,ഡ്രൈവര്‍ രാജേഷ് എന്നിവര്‍ക്ക് പരിക്കേറ്റു.ഇന്ന് പുലര്‍ച്ചെ 1.30ഓടെ കണ്ടോത്ത് ദേശീയപാതയിലാണ് അപകടമുണ്ടായത്.നൈറ്റ് പെട്രോളിംങ്ങിന്റെ ഭാഗമായി കരിവെള്ളൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടയില്‍ കണ്ടോത്ത് റോഡരികില്‍ നിര്‍ത്തിയിട്ട പോലീസ് വാഹനത്തിൽ പിന്നില്‍ നിന്നുവന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കണ്‍ട്രോള്‍ റൂമിന്റെ വാഹനത്തിന്റെ വലതു ഭാഗം തകര്‍ന്നു. അപകടമുണ്ടാക്കിയ ടോറസ് ലോറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും ഡ്യൂട്ടി പരിഷ്‌ക്കരണം;ക്ലറിക്കല്‍ ജോലിയില്‍ നിന്ന് ഓപ്പറേറ്റിംഗ് വിഭാഗ ജോലിക്കാരെ മാറ്റി പുതിയ ഉത്തരവ്
തിരുവനന്തപുരം:കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും ഡ്യൂട്ടി പരിഷ്‌ക്കരണം.ക്ലറിക്കല്‍ ജോലിയില്‍ നിന്ന് ഓപ്പറേറ്റിംഗ് വിഭാഗ ജോലിക്കാരെ മാറ്റി പുതിയ ഉത്തരവ് പുറത്തിറക്കി.ഓപ്പറേറ്റിംഗ് വിഭാഗത്തില്‍പെട്ട സ്റ്റേഷന്‍മാസ്റ്റര്‍ അടക്കമുള്ളവരെ ക്ലെറിക്കല്‍ ജോലികളില്‍ നിന്ന് മാറ്റും.പുതിയ ഉത്തരവനുസരിച്ച് ക്ലെറിക്കല്‍ ജോലികള്‍ ഇനി മുതല്‍ മിനിസ്റ്റീരിയില്‍ സ്റ്റാഫ് ചെയ്യും.ബസ് സ്റ്റാന്റുകളിലെ എഴുത്ത് ജോലികളും, അനൗണ്‍സ്‌മെന്റ് ജോലികളുമായി ഓഫീസിനകത്ത് ഇരിക്കുന്ന ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാര്‍ക്ക് ഇനിമുതല്‍ ബസ്സുകളുടെ സമയക്ലിപ്തത, യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ എന്നിവ പരിശോധിച്ചും പരിഹരിച്ചും ബസ് സ്റ്റേഷനുകളില്‍, ഓഫീസിന് പുറത്തുതന്നെ ഉണ്ടാകണമെന്നാണ് നിര്‍ദ്ദേശം.അതെസമയം, ഓഫീസിനകത്തെ ജോലികള്‍ പൂര്‍ണ്ണമായും മിനിസ്റ്റീരിയല്‍ വിഭാഗത്തെ ഏല്‍പിച്ചതിനെതിരെ ശക്തമായ എതിര്‍പ്പുമായി യൂണിയനുകള്‍ രംഗത്ത് എത്തി. കെഎസ്‌ആര്‍ടിസി മാനുവലിന് വിരുദ്ധമാണ് പുതിയ ഉത്തരവെന്നാണ് സംഘടനകളുടെ നിലപാട്.
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് ഒ.എം.ജോര്‍ജിനെ സസ്പെന്‍ഡു ചെയ്തു
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് ഒ.എം. ജോര്‍ജിനെ സസ്പെന്‍ഡു ചെയ്തു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.കുറ്റവാളികളെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കേസ് ഒതുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവിനെതിരെയും അന്വേഷണം നടത്തും.ഒ.എം.ജോര്‍ജിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ വയനാട് ഡിസിസി സെക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.എം.ജോര്‍ജ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്. വിവരം പുറത്തുവന്നതോടെ ഒ.എം.ജോര്‍ജ് ഒളിവിലാണ്.ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ഉമ്മര്‍ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമിച്ചുവെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ ഒഎം ജോര്‍ജ് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കള്‍ പരാതിയിൽ വെളിപ്പെടുത്തിയിരുന്നു.
പതിനേഴുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി;കോൺഗ്രസ് നേതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു
വയനാട്: പട്ടിക വര്‍ഗ വിഭാഗക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും ഡിസിസി അംഗവുമായ ഒ.എം. ജോര്‍ജിനെതിരെയാണ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നര വര്‍ഷം പീഡിപ്പിച്ചെന്നാണ് പരാതി.പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഒരാഴ്ച മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈൽഡ്‌ലൈൻ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് കുട്ടിയിപ്പോള്‍. ഇവരാണ് പീഡന വിവരം പൊലീസില്‍ അറിയിച്ചത്. സംഭവം പുറത്തായതോടെ, പണം നല്‍കി ഒതുക്കിതീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഉമര്‍ ശ്രമിച്ചതായി കുട്ടിയുടെ രക്ഷിതാക്കള്‍ വ്യക്തമാക്കി.കുട്ടിയും ജോര്‍ജും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം കേട്ടതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ കൊല്ലുമെന്ന് ജോര്‍ജ് ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കള്‍ പറഞ്ഞു.കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജോര്‍ജിന്റെ വീട്ടിലെ ജോലിക്കാരാണ് പെണ്‍കുട്ടിയും മാതാപിതാക്കളും.സംഭവം പുറത്തറിഞ്ഞതോടെ ഒ.എം.ജോര്‍ജ്ജ് ഒളിവില്‍ പോയിരിക്കുകയാണ്.
ദേഹാസ്വാസ്ഥ്യം;നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ലാല്‍ മീഡിയയില്‍ ഡബ്ബിംഗിന് എത്തിയപ്പോഴാണ് ശ്രീനിവാസന് ശാരീരിക അവശതയുണ്ടായത്.അവശതയെ തുടർന്ന് കാറിൽ നിന്നും ഇറങ്ങാൻ കഴിയാതെ വന്നതോടെ അതെ കാറിൽ തന്നെ അദ്ദേഹത്തേ ആശുപത്രിയിലേക്ക് എത്തിക്കുകയായിുരന്നു. വിശദ പരിശോധന തുടരുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സെക്രട്ടേറിയേറ്റിന് മുന്നിലെ അനിശ്ചിതകാല പട്ടിണിസമരം ആരംഭിച്ചു
തിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സെക്രട്ടേറിയേറ്റിന് മുന്നിലെ അനിശ്ചിതകാല പട്ടിണിസമരം ആരംഭിച്ചു.രാവിലെ 9 മണിക്ക് കവയിത്രി സുഗതകുമാരി ടീച്ചർ ഉൽഘാടനം ചെയ്തു. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാബായിയാണ് അനിശ്ചിതകാല നിരാഹാരമിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരത്തിൽ പങ്കെടുക്കുന്നത്.മുഴുവന്‍ ദുതിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
‘ദ്യുതി 2021’; സംസ്ഥാനത്തെ ആറു ലക്ഷത്തോളം ഉപയോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതികണക്ഷനുമായി കെഎസ്‌ഇബി
തിരുവനന്തപുരം:സര്‍ക്കാരിന്റെ ഊര്‍ജ കേരള മിഷന്റെ ഭാഗമായ ‘ദ്യുതി 2021’ ല്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ബിപിഎല്‍ വിഭാഗക്കാര്‍ ഉള്‍പ്പെടെ ആറു ലക്ഷത്തോളം ഉപയോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതികണക്ഷനുമായി കെഎസ്‌ഇബി.ലൈഫ് പദ്ധതിയുടെ ഭാഗമായി പുതുതായി നിര്‍മിക്കുന്ന ഉദ്ദേശം നാലര ലക്ഷം വീടുകള്‍ക്കും സര്‍ക്കാര്‍ വൈദ്യുതികണക്ഷന്‍ സൗജന്യമായി നല്‍കും. 50 കോടി രൂപയാണ് ‘ദ്യുതി 2021’ നായി മാറ്റിവെച്ചിരിക്കുന്നത്.പോസ്റ്റില്‍നിന്ന് 35 മീറ്ററിനകത്തുള്ള കണക്ഷന്‍ (വെതര്‍ പ്രൂഫ്), 35 മീറ്ററിനകത്ത് പോസ്റ്റ് സ്ഥാപിച്ചുള്ള കണക്ഷന്‍(വെതര്‍ പ്രൂഫ് വിത്ത് സപ്പോര്‍ട്ട്), 200 മീറ്റര്‍വരെ പോസ്റ്റ് സ്ഥാപിച്ച് ലൈന്‍വലിച്ച് നല്‍കേണ്ട കണക്ഷന്‍ (ഓവര്‍ ഹെഡ്ലൈന്‍ 200 മീറ്റര്‍) എന്നീ കണക്ഷനുകള്‍ക്കാണ് ഈ സൗജന്യം ലഭ്യമാകുക. സാധാരണഗതിയില്‍ 200 മീറ്റര്‍ ഓവര്‍ ഹെഡ്ലൈന്‍ വലിക്കുന്നതിന് 60,000രൂപയും വെതര്‍ പ്രൂഫ് വിത്ത് സപ്പോര്‍ട്ട് കണക്ഷന് ആറായിരം രൂപയും വെതര്‍ പ്രൂഫ് വിഭാഗത്തില്‍ കണക്ഷന്‍ നല്‍കുന്നതിന് 1700 രൂപയുമാണ് ചെലവു വരിക. സംസ്ഥാനത്തെ 780 സെക്ഷനുകളിലായി കുറഞ്ഞത് 40,000 ഓവര്‍ ഹെഡ്ലൈന്‍ കണക്ഷന്‍ നല്‍കേണ്ടതായിവരും.
ക്യാൻസറിനെ പൂർണ്ണമായും സുഖപ്പെടുത്താന്‍ കഴിയുന്ന മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍
ടെൽ അവീവ്:ക്യാൻസറിനെ പൂർണ്ണമായും സുഖപ്പെടുത്താന്‍ കഴിയുന്ന മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍ രംഗത്ത്.പെപ്‌റ്റൈഡ്‌സ് എന്നറിയപ്പെടുന്ന പ്രോട്ടീന്റെ ചെറുഘടകങ്ങളുപയോഗിച്ച് സൃഷ്ടിക്കുന്ന വലയിലൂടെ കാന്‍സര്‍ കോശങ്ങളെ വലയം ചെയ്യാനും അതുവഴി വിവിധ ഭാഗങ്ങളിലൂടെ ആക്രമിച്ച് ട്യൂമറുകളെ നിശ്ശേഷം ഇല്ലാതാക്കാനും സഹായിക്കുന്ന മരുന്നാണ് തങ്ങള്‍ കണ്ടെത്തിയതെന്ന് ഇസ്രയേല്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. ട്യൂമറില്‍നിന്നുള്ള പ്രത്യാക്രമണം ഉണ്ടാകുന്നതിനുമുന്നെ പെപ്‌റ്റൈഡുകള്‍ പ്രവര്‍ത്തിക്കും. മാത്രമല്ല, ഇതിന് പാര്‍ശ്വഫലങ്ങളും ഉണ്ടാകില്ലെന്ന് ഇസ്രയേലിലെ ആക്‌സിലറേറ്റഡ് എവല്യൂഷന്‍ ബയോടെക്‌നോളജീസ് ലിമിറ്റഡിലെ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.എന്നാല്‍, ഇത് വിശ്വസിക്കാന്‍ മറ്റു രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ തയ്യാറായിട്ടില്ല.രോഗത്തെ ഭേദമാക്കാന്‍ ഇതിന് കഴിയുമെന്നത് വെറും അവകാശവാദം മാത്രമാണെന്നാണ് അവരുടെ പക്ഷം. ഈ ചികിത്സാ രീതി ഇതുവരെ മനുഷ്യരില്‍ പരീക്ഷിട്ടില്ലെന്നതാണ് അതിന്റെ ഏറ്റവും വലിയ ന്യൂനത. എലിയില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ആ പരീക്ഷണഫലങ്ങള്‍ ആരും ഇതുവരെ കണ്ടിട്ടുമില്ല.ശരീരത്തെ ബാധിക്കുന്ന എല്ലാത്തരം കാന്‍സറുകള്‍ക്കും ഒരേതരം ചികിത്സ സാധ്യമല്ലെന്ന എതിര്‍വാദവും അവര്‍ ഉന്നയിക്കുന്നു. എന്നാല്‍, ഈ അവകാശവാദം ശരിയാണെങ്കില്‍ പ്രതീക്ഷാനിര്‍ഭരമായ മുന്നേറ്റമാണ് ചികിത്സാ രംഗത്തുണ്ടായിരിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല.
കോഴിക്കോട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു
കോഴിക്കോട്:കുറ്റിക്കാട്ടൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.ബുധനാഴ്ച രാവിലെയാണ് സംഭവം. പ്രണവ്, സുധീഷ് എന്നിവരെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്. സാരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.പോലീസ് അന്വേഷണം ആരംഭിച്ചു.