പത്തനംതിട്ട:ശബരിമല കാനനപാതയിൽ കാട്ടാനയുടെ ആക്രമണത്തിൽ തീർത്ഥാടകൻ കൊല്ലപ്പെട്ടു.തമിഴ്നാട് സേലം സ്വദേശി പരമശിവം (35) ആണ് മരിച്ചത്. കിരിയിലാം തോടിനും കരിമലയ്ക്കും മധ്യേയാണ് സംഭവമുണ്ടായത്. എരുമേലിയില്‍ പേട്ടതുള്ളി ശബരിമല ഭക്തന്മാര്‍ കരിമല വഴി സന്നിധാനത്തേക്ക് കാല്‍നടയായി വരുന്ന പാതയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവര്‍ വിശ്രമിച്ചിരുന്ന കടയുടെ ഭാഗത്ത് കാട്ടാന വന്നതോടെ രക്ഷപ്പെട്ട് മറ്റൊരു കടയുടെ ഭാഗത്തേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. ഉടന്‍ തന്നെ വനപാലകരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് പരമശിവത്തെ ചുമന്ന് മുക്കുഴില്‍ എത്തിച്ചു. അവിടെ നിന്നും മുണ്ടക്കയത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദേശീയ പണിമുടക്ക്;അക്രമസംഭവങ്ങളിൽ സംസ്ഥാനത്ത് ഇരുനൂറിലധികം പേർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം:ദേശീയ പണിമുടക്കിനിടെ ഉണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് ഇരുന്നൂറിലധികം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ട്രെയിന്‍ തടഞ്ഞതിനും ബലമായി കടകള്‍ അടപ്പിച്ചതിനും സെക്രട്ടറിയേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് നിര്‍മ്മിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. പൊതുപണിമുടക്കിന്റെ ആദ്യ ദിവസം വിലെ ഏഴ് മണിയോടെയാണ് മഞ്ചേരി മാര്‍ക്കറ്റിലെ നാലോ അഞ്ചോ കടകള്‍ തുറന്നത്. ഇതിന് പിന്നാലെ കടകളടക്കണമെന്ന ആവശ്യവുമായി സമരാനുകൂലികള്‍ എത്തി കടകള്‍ അടപ്പിച്ചിരുന്നു. എന്നാല്‍ രാവിലെ പത്ത് മണിയോടെ വീണ്ടും വ്യാപാരികള്‍ സംഘടിച്ച് കടകള്‍ തുറന്നു. പിന്നീട് വീണ്ടും സംഘം ചേര്‍ന്നെത്തിയ ഇവര്‍ വ്യാപാരികളെ മര്‍ദിക്കുകയും കടകളുടെ ഷട്ടര്‍ താഴ്ത്തുകയുമായിരുന്നു.ഈ സംഭവത്തിൽ ഇവിടെ 50 പേര്‍ക്കെതിരെയാണ് കേസെടുത്തത്.ആലുപ്പഴയില്‍ ട്രെയിന്‍ തടഞ്ഞതിന് 100 പേര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞതിന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അടക്കമുള്ള 20 പേർക്കെതിരെ കേസെടുത്തായി റെയില്‍വേ സംരക്ഷണ സേന അറിയിച്ചു.
ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്;കടകൾ തുറക്കുമെന്ന് വ്യപാരികൾ;പോലീസ് സുരക്ഷ ഒരുക്കും
കോഴിക്കോട്:കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു.എന്നാൽ ദേശീയ പണിമുടക്ക് ചലനമുണ്ടാക്കിയത് കേരളത്തിലും ബംഗാളിലും ഒഡീഷയിലും മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സാധാരണ പ്രവൃത്തി ദിനം പോലെ മാത്രമായിരുന്നു ഉണ്ടായിരുന്നത്.പണിമുടക്കു ദിനത്തില്‍ ട്രെയിനുകള്‍ തടയില്ലെന്നും റയില്‍വേ സ്റ്റേഷന്‍ പിക്കറ്റിങ് മാത്രമാണ് ഉണ്ടാകുകയെന്നും നേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും ആ ഉറപ്പ് രണ്ടാം ദിവസവും പാളി. തിരുവനന്തപുരത്ത് ട്രെയിനുകള്‍ തടഞ്ഞവരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷം നാല്‍പതു മിനിറ്റോളം വൈകിയാണ് വേണാട് എക്സ്പ്രസ് പുറപ്പെട്ടത്.കൊച്ചി കളമശ്ശേരിയിലും ട്രെയിന്‍ തടഞ്ഞു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരം – മംഗളൂരു മലബാര്‍ എക്സ്പ്രസ് സമരാനുകൂലികള്‍ തടഞ്ഞു. കൊല്ലം തിരുവനന്തപുരം പാസഞ്ചര്‍ ചിറയിന്‍കീഴ് വച്ച് തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.അതേസമയം പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് മിഠായി തെരുവില്‍ കടകള്‍ തുറക്കുമെന്ന് വ്യപാരികള്‍ അറിയിച്ചു. ഇതോടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. കോഴിക്കോട് നഗരത്തിലെ ഒട്ടുമിക്ക കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നലെയും വ്യപാരികള്‍ കട തുറന്നുവെങ്കിലും സമരാനുകൂലികള്‍ കടകള്‍ നിര്‍ബന്ധപൂര്‍വം കട അടപ്പിക്കുകയായിരുന്നു.
തളിപ്പറമ്പിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
തളിപ്പറമ്പ്:വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന വൻ കഞ്ചാവ് ശേഖരവുമായി രണ്ടുപേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ.കാര്യമ്പലത്ത് താമസിക്കുന്ന ചപ്പാരപ്പടവ് താഴെ എടക്കോത്തെ ചപ്പന്റകത്ത് അലി അക്ബർ (35), ചുഴലിയിൽ താമസിക്കുന്ന കുറുമാത്തൂർ പൂഴികടവിലെ ചപ്പന്റെ കത്ത് ജാഫർ (48) പിടിയിലായത്.തളിപ്പറമ്പ് ഡി.വൈ.എസ്.പി.കെ.വി.വേണുഗോപാലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ധർമ്മശാല എഞ്ചിനീയറിംഗ് കോളേജിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.ജെ വിനോയി പ്രിൻസിപ്പൽ എസ്.ഐ.കെ.ദിനേശൻ, എ.എസ്.ഐമാരായ ശാർങ ധരൻ, മാത്യു ,രാജേഷ്, സീനിയർ സി .പി ഒ മാരായ രാജീവൻ, രമേശൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.വാഗണർ കാറിലാണ് കഞ്ചാവുമായി ഇരുവരും എത്തിയത്.കാറിനുള്ളിൽ വലിയ ട്രാവൽ ബേഗുകളിലായി ഒളിപ്പിച്ചു വെച്ച 16 കിലോ 700 ഗ്രാം ഉണക്ക കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വില്പന നടത്താൻ ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതാണെന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞത്.
സിബിഐ കേസിൽ കേന്ദ്രത്തിന് തിരിച്ചടി;അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് പുനര്‍നിയമിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:സിബിഐ ഡയറക്ടറെ മാറ്റി നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി.അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം തിരിച്ച് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിധിച്ചു.ജസ്റ്റിസ് എസ്.കെ കൗൾ,കെ.എം ജോസഫ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.2018 ഒക്ടോബര്‍ 24 അര്‍ധരാത്രിയില്‍ അപ്രതീക്ഷിത ഉത്തരവിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയത്. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയും ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ചുമതലകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്. ഈ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അലോക് വര്‍മ്മ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിധി.അലോക് വര്‍മ്മക്കെതിരെ രാകേഷ് അസ്താന നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ സിവിസി അതിന്‍റെ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. അലോക് വര്‍മ്മക്ക് ക്ളീന്‍ ചിറ്റ് നല്‍കാതെയുളള റിപ്പോര്‍ട്ടാണ് സിവിസി നല്‍കിയത്. സിബിഐ ഡയറക്ടറെ മാറ്റിയത് റഫാല്‍ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയതോടെ വിവാദം ദേശീയരാഷ്ട്രീയത്തെ ഇളക്കിമറിച്ചിരുന്നു. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അലോക് വര്‍മ്മ ജനുവരി 31-നാണ് സര്‍വ്വീസില്‍ നിന്നും വിരമിക്കേണ്ടിയിരുന്നത്.
കോഴിക്കോട് മിഠായിത്തെരുവിൽ കടകൾ തുറന്നു;സ്ഥലത്ത് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി
കോഴിക്കോട്:കോഴിക്കോട് മിഠായിത്തെരുവിൽ കടകൾ തുറന്നു.രാവിലെ ഒൻപത് മണിയോടെത്തന്നെ പല കടകളും തുറന്നു തുടങ്ങി. പണിമുടക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്നും മിഠായിത്തെരുവിലെ വ്യാപാരികള്‍ പറയുന്നു.ഇതോടെ സ്ഥലത്ത് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി.കോഴിക്കോട്ട് മേലേ പാളയം, വലിയങ്ങാടി എന്നീ വ്യാപാരകേന്ദ്രങ്ങളിലും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലിയ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. തുറന്ന കടകള്‍ അടപ്പിക്കാന്‍ കര്‍മസമിതി – ബിജെപി – ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടായി. കടകള്‍ അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. മിഠായിത്തെരുവില്‍ തെരുവുയുദ്ധമായി.ഈ പശ്ചാത്തലത്തിലാണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.
എരുമേലി വാവരു പളളിയില്‍ പ്രവേശിക്കാനെത്തിയ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ റിമാന്റില്‍
പാലക്കാട്:എരുമേലി വാവരു പളളിയില്‍ പ്രവേശിക്കാനെത്തിയ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ റിമാന്റില്‍.തിരുപ്പൂര്‍ സ്വദേശികളായ സുശീലാദേവി, രേവതി, തിരുനെല്‍വേലി സ്വദേശി ഗാന്ധിമതി, എന്നീ സ്ത്രീകളും ഇവരോടൊപ്പമുണ്ടായിരുന്ന തിരുപ്പതി, മരുഗസ്വാമി, സെന്തില്‍കുമാര്‍ എന്നിവരെയുമാണ് പാലക്കാട് ചിറ്റൂര്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡു ചെയ്തത്.പാലക്കാട് കൊഴിഞ്ഞാമ്ബാറ പോലീസ് ഇന്നലെ രാത്രിയാണ് ഇവരെ അറസ്റ്റു ചെയ്തത്.സഹായത്തോടെ ശബരിമലയില്‍ യുവതികളെ കയറ്റിയെങ്കില്‍ എരുമേലി വാവരുപളളിയിലും സ്ത്രീകള്‍ കയറുമെന്ന തീവ്രഹിന്ദുത്വ നിലപാടുളള സംഘനയാണ് തമിഴ്‌നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി. ഇതിന്റെ കോയമ്ബത്തൂര്‍, തിരുപ്പൂര്‍ മേഖലകളിലെ പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍.ഇവരുടെ വരവറിഞ്ഞ് ദേശീയപാതയിലും വാളയാറിലും ഉള്‍പ്പെടെ വാഹനപരിശോധന കർശനമാക്കിയിരുന്നെങ്കിലും ഈ വിവരം ലഭിച്ച സംഘം ഊടുവഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു. കേരളത്തിലെ മതസൗഹാര്‍ദം ഇല്ലാതാക്കുക, ലഹളയ്ക്ക് ആഹ്വാനം ചെയ്യുക, അതിക്രമിച്ച് കടക്കുക എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൊയിലാണ്ടിയിൽ സിപിഎം-ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബേറ്
കോഴിക്കോട്:കൊയിലാണ്ടിയിൽ സിപിഎം-ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബേറ്.സി.പി.എം നേതാവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.ഷിജുവിന്റെ വീടിന് നേരെയും, ബി.ജെ.പി മണ്ഡലം സെക്രട്ടറി വി.കെ മുകുന്ദന്റെ വീടിന് നേരെയുമാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സി.പി.എം നേതാവിന്റെ വീടിനുനേരെ ബോംബേറുണ്ടായത്.തുടർന്ന് രാവിലെ അഞ്ചുമണിയോടെ മുകുന്ദന്റെ വീടിനു നേരെയും ബോംബേറുണ്ടായി.വീടിന്റെ ജനാലയുടെ ചില്ലുകളും വാതിലുകളും തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.സ്ഥലത്ത് പോലീസ് പരിശോധന കർശനമാക്കി.
ജനത്തെ വലച്ച് 48 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു;കെഎസ്ആർടിസി അടക്കം ഗതാഗതം മുടങ്ങി;ട്രെയിൻ ഗതാഗതവും താറുമാറായി
ന്യൂഡൽഹി:കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് രാജ്യത്ത് ആരംഭിച്ചു. പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.തൊഴിലില്ലായ്മ പരിഹരിക്കുക, പ്രതിമാസവരുമാനം 18,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ബസ്, ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ നിലയ്ക്കും.റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ മേഖലകളും പണിമുടക്കിന്റെ ഭാഗമാകും.സംസ്ഥാനത്തും പണിമുടക്ക് പൂർണ്ണമാണ്.പലയിടത്തും ട്രെയിന്‍, കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ട്രെയിന്‍ തടഞ്ഞു. സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. അന്തര്‍സംസ്ഥാന സര്‍വ്വീസുകളും മുടങ്ങി.വേണാട്, രപ്തിസാഗര്‍, ജനശതാബ്ദി എക്‌സ്പ്രസുകള്‍ തിരുവനന്തപുരത്ത് തടഞ്ഞു. വേണാട് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.എറണാകുളത്ത് നിന്നുള്ള കെഎസ്‌ആര്‍ടിസി ഷെഡ്യൂളുകള്‍ മുടങ്ങി. വയനാട് നിന്നുളള കെഎസ്‌ആര്‍ടിസി സര്‍വീസുകളും മുടങ്ങി.അതേസമയം ട്രെയിനുകള്‍ മണിക്കൂര്‍ നേരം വൈകിപ്പിച്ച ശേഷം തൊഴിലാളികള്‍ കടത്തിവിടുന്നതിനാല്‍ തീവണ്ടി ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടില്ല.നിലയ്ക്കല്‍,എരുമേലി, കോട്ടയം തുടങ്ങി ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള സര്‍വ്വീസുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിലെവിടെയും കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല.പണിമുടക്കിന്‍റെ ഭാഗമായി കടകള്‍ നിര്‍ബന്ധിപ്പിച്ച് അടക്കില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചിരുന്നുവെങ്കിലും സംസ്ഥാനത്തെ ഭൂരിപക്ഷം വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചേളാരി ഐഒസി പ്ലാന്‍റിലും എറണാകുളം സെസിലും ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികളായ സഹപ്രവര്‍ത്തകര്‍ തടഞ്ഞു. അതേസമയം തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ പതിവ് പോലെ കന്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി തുറമുഖത്ത് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാരെ തടഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടി
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടി.കോഴിക്കോട് താമരശേരി സ്വദേശി നടുക്കുന്നുമില്‍ ജംഷീര്‍ എന്നയാളില്‍ നിന്നും ഒരു കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.ഇന്ന് രാവിലെയാണ് റിയാദില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ ഇയാളില്‍ നിന്നും റോളര്‍ സ്‌കേറ്റിംഗ് ഷൂസിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.