തിരുവനന്തപുരം:പണിമുടക്കിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് എസ്ബിഐ ശാഖ ആക്രമിച്ച സംഭവത്തിൽ രണ്ട് എൻജിഒ നേതാക്കൾ അറസ്റ്റിൽ.ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിലാല്‍ തൈക്കാട് ഏരിയ കമ്മറ്റി അംഗം അശോകന്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഇനി 13 പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇതില്‍ ഒന്‍പതു പേരെ തിരിച്ചറിഞ്ഞുവെന്നാണ് വിവരം.എന്‍ജിഒ യൂണിയന്‍ പ്രസിഡന്റ് അനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി.അക്രമം നടത്താനെത്തിയ സംഘം മാനേജരെ ഭീഷണിപ്പെടുത്തുകയും മേശയും കംപ്യൂട്ടറും ഫോണും അടിച്ചുതകര്‍ക്കുകയും ചെയ്തു. പണിമുടക്ക് ദിനത്തില്‍ ബാങ്ക് തുറന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗം നടന്ന സമരപ്പന്തലിന് തൊട്ടടുത്തുള്ള ബാങ്കിലാണ് അക്രമികള്‍ അഴിഞ്ഞാടിയത്.സമ്മേളനസ്ഥലത്തിന് ചുറ്റും പൊലീസ് ഉണ്ടായിരുന്നെങ്കിലും ബാങ്കില്‍ നിന്ന് പരാതി ലഭിച്ചതിന് ശേഷമാണ് പൊലീസ് വിവരമറിഞ്ഞത്. കന്റോണ്മെന്റ് ഡിസിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി തെളിവെടുപ്പ് നടത്തി.
ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ചു
തിരുവനന്തപുരം:ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ചു.കരിക്കകം അറപ്പുരവിളാകം പുതുവല്‍പുത്തന്‍ വീട്ടില്‍ അരുണ്‍ഗോപിനാഥിന്റെ ഭാര്യ സ്വപ്നകുമാരി (30), ഏകമകള്‍ ആത്മിക എസ്.നായര്‍(5) എന്നിവരാണ് മരിച്ചത്.കരിക്കകം അറപ്പുരവിളാകം ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ട് ഏഴോടെയാണ് അപകടമുണ്ടായത്.ഈ ഭാഗത്ത് റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്ന ഭാഗത്താണ് സ്വപ്‌നകുമാരിയുടെ കുടുംബവീട്. വീട്ടിലെത്തിയ ശേഷം വൈകിട്ട് ഇവര്‍ സമീപത്തെ അറപ്പുരവിളാകം ക്ഷേത്രത്തില്‍ പോയിരുന്നു. തുടര്‍ന്ന് വീട്ടിലേക്കു മടങ്ങാന്‍ പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. പാളത്തിന്റെ വശങ്ങളിലേക്ക് തെറിച്ചുവീണ ഇരുവരുടേയും ശരീരം ഏറെനേരം കഴിഞ്ഞാണ് കണ്ടത്.അപകടം നടന്ന ഭാഗത്തിന് സമീപം പാളം വളഞ്ഞുപോകുന്നതിനാല്‍ ദൂരെനിന്നു തീവണ്ടി വരുന്നത് കാണാന്‍ കഴിയില്ലെന്ന് പൊലീസ് പറയുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
മലപ്പുറത്ത് മൂന്ന് ലീഗ്-കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു
മലപ്പുറം: മലപ്പുറം തിരൂരിന് സമീപം പറവണ്ണയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ജംഷീര്‍, ആഷിഖ്, സല്‍മാന്‍ എന്നിവര്‍ക്കാണ് ഇന്നലെ രാത്രി പത്തരയോടെ വെട്ടേറ്റത്. കാറില്‍ എത്തിയ സംഘം ഇവർ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല. വെട്ടറ്റവര്‍ ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. എന്നാല്‍, ആക്രമണത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കേരള പൊലീസ് ഫേസ്‌ബുക്ക് പേജിന് ചരിത്ര നേട്ടം;ന്യൂയോര്‍ക്ക് പൊലീസിനേയും പിന്നിലാക്കി വണ്‍ മില്യണ്‍ ലൈക്ക് സ്വന്തമാക്കി
തിരുവനന്തപുരം; സോഷ്യല്‍ മീഡിയ രംഗത്ത് ഏറ്റവും കൂടുതല്‍ പേര്‍ പിന്‍തുടരുന്ന കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് 1 മില്ല്യന്‍ ലൈക്ക് നേടി ചരിത്രം കുറിച്ചു.ലോകത്തിലെ ഏറ്റവും വലിയ പൊലീസ് സന്നാഹമായ ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിനെ മറികടന്നാണ് കേരള പോലീസ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.ഇതിന്റെ ഔദ്യോഗിക അറിയിപ്പ് ജനുവരി 10 ന് വൈകുന്നേരം പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫേസ്‌ബുക്ക് ഇന്ത്യ മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. ചടങ്ങില്‍ ഈ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച പൊലീസിന്റെ ഫേസ്‌ബുക്കിന്റെ പിന്നിലുള്ള ഉദ്യാഗസ്ഥരെ മുഖ്യമന്ത്രി ആദരിക്കും.സോഷ്യല്‍ മീഡിയ വഴി പൊലീസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും, ട്രാഫിക് – സൈബര്‍ സംബന്ധമായ ബോഘവത്കണവും, നിയമകാര്യങ്ങള്‍ എന്നിവ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് കേരള പൊലീസ് ഫേസ്‌ബുക്ക് പേജ് ആരംഭിച്ചത്.പേജില്‍ ട്രോളുകളുടേയും, വീഡിയോകളുടേയും രൂപത്തില്‍ അവതരിപ്പിച്ച ആശയം വന്‍ ഹിറ്റായതോടെയാണ് ലോകോത്തര പൊലീസ് പേജുകളെ പിന്നിലാക്കി കേരള പൊലീസിന്റെ ഫെയ്സ് ബുക്ക് പേജ് നേട്ടം കൊയ്തിരിക്കുന്നത്.
സിബിഐ ഡയറക്ടറായി അലോക് വര്‍മ വീണ്ടും ചുമതലയേറ്റു
ന്യൂഡൽഹി:സി ബി ഐ ഡയറക്ടറായി അലോക് വര്‍മ വീണ്ടും ചുമതലയേറ്റു. ഡയറക്ടര്‍ ചുമതലയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.ജൂലൈ മാസം മുതല്‍ സിബിഐ തലപ്പത്തു പ്രശ്നമുണ്ടായിട്ടും ഒക്ടോബര്‍ 23 നു അര്‍ദ്ധരാത്രി നാടകീയ നീക്കങ്ങളിലൂടെയാണ്അലോക് വർമയെ പുറത്താക്കിയത്.പൂര്‍ണ അധികാരമുള്ളപ്പോള്‍ പുറത്താക്കപ്പെട്ട അലോക് വര്‍മ ഭാഗികമായ അധികാരങ്ങളോടെയാണ് തിരിച്ചു വന്നിരിക്കുന്നത്.രാവിലെ 10 45 ഓടെ ആസ്ഥാനത്തെത്തിയ അലോക് വര്‍മ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തു.നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെങ്കിലും പുതിയ കേസുകള്‍ രെജിസ്റ്റര്‍ ചെയ്യുന്നതിനും, പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ഉത്തരവിടുന്നതിനും അലോക് വര്‍മക്ക് തടസങ്ങള്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.അതേസമയം അലോക് വര്‍ക്കെതിരായ പരാതികള്‍ ഒരാഴ്ച്ചക്കകം പരിഗണിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ ഹൈപവര്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹൈപവര്‍ കമ്മിറ്റി അംഗമായ ചീഫ് ജസ്റ്റിസ് യോഗത്തില്‍ പങ്കെടുക്കില്ല. പകരം ജസ്റ്റിസ് എ.കെ സിക്രിയെ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.സി.ബി.ഐ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെയുള്ള ഹരജി പരിഗണിച്ചതും വിധിയെഴുതിയതും ചീഫ് ജസ്റ്റിസായിരിരുന്നു. ഇതിനാലാണ് ഹൈപവര്‍ കമ്മിറ്റിയില്‍ യോഗത്തില്‍ നിന്ന് ചീഫ് ജസ്റ്റിസ് വിട്ടുനില്‍ക്കുന്നതെന്നാണ് വിവരം.പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുനെ ഖാര്‍ഗേയുമാണ് ഹൈ പവര്‍ കമ്മിറ്റിയിലുള്ള മറ്റു അംഗങ്ങള്‍.
കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍
കണ്ണൂർ:കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍. സംഭവത്തില്‍ ചാലക്കുന്ന് കെ.വി.നിവാസിലെ എ.സുനിലാ(46)ണ് പിടിയിലായത്. എടക്കാട് പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ട്രാവലറിലെ ഡ്രൈവറാണ്. പോക്‌സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.സുനിലിനെ കോടതി റിമാന്‍ഡ് ചെയ്തു.
തട്ടുകട ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനവുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം:കേരളത്തിലെ തട്ടുകട ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനവുമായി സംസ്ഥാന സർക്കാർ.ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നീക്കം. പെട്ടിക്കടകളില്‍ ഭക്ഷണങ്ങള്‍ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കും.വില്‍പ്പനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും വേണ്ടി വരും. സംവിധാനം നടപ്പിലാക്കുന്നതിന്‍റെ മുന്നോടിയായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ വിവര ശേഖരണം തുടങ്ങി.ഭക്ഷണങ്ങള്‍ വില്‍ക്കുന്ന പെട്ടിക്കടകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം പ്രാഥമിക സൗകര്യങ്ങളും ഏര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.വിവിധ ജില്ലകളില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ പെട്ടിക്കടകളില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചു.പെട്ടിക്കടകള്‍ക്ക് ഏകീകൃത രൂപവും നിറവും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
വാവർ പള്ളിയിൽ സ്ത്രീകൾക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് മഹല്ല് കമ്മിറ്റി
എരുമേലി:വാവർ പള്ളിയിൽ സ്ത്രീകൾക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് മഹല്ല് കമ്മിറ്റി. നിസ്‌ക്കാരഹാളില്‍ കയറുന്നതിന് മാത്രമാണ് നിയന്ത്രണമുള്ളത്. വാവര്‍ പള്ളിയില്‍ കയറാന്‍ വന്ന സ്ത്രീകളെ പാലക്കാട് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിശദീകരണവുമായി മഹല്ല് കമ്മിറ്റി രംഗത്തെത്തിയത്.ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി വന്നപ്പോള്‍ തന്നെ എരുമേലി വാവര്‍ പള്ളിയില്‍ വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വാവര്‍ പള്ളിയില്‍ കയറാന്‍ വന്ന സ്ത്രീകളെ പാലക്കാട് വെച്ച് അറസ്റ്റ് ചെയ്തു. ഇതോടെയാണ് പള്ളിയില്‍ നിയന്ത്രണമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പള്ളിയുടെ ഒരു വാതില്‍ പൂട്ടിയിട്ടത് ഇതിന്റ ഭാഗമായാണെന്നായിരുന്നു പ്രചാരണം.ഈ പ്രചാരണങ്ങളെ പള്ളിയുടെ മഹല്ല് കമ്മിറ്റി തള്ളി. പള്ളിയിലെ നിസ്‌ക്കാരഹാളില്‍ അയ്യപ്പന്‍മാര്‍ക്കുള്‍പ്പടെ ആര്‍ക്കും പ്രവേശനമില്ല. ഇവിടെ കയറണമെന്ന് ആരും ആവശ്യപ്പെട്ടിട്ടുമില്ലെന്നും അങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ മഹല്ല് കമ്മിറ്റി തീരുമാനമെടുക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി.
സെക്രട്ടറിയേറ്റിന് മുൻപിലെ എസ്‌ബിഐയുടെ ബ്രാഞ്ച് പണിമുടക്ക് അനുകൂലികൾ തല്ലിത്തകർത്തു
തിരുവനന്തപുരം:സംസ്ഥാനത്ത് പണിമുടക്കിനെ തുടർന്നുള്ള അക്രമങ്ങൾ തുടരുന്നു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുൻപിലെ എസ്‌ബിഐയുടെ ബ്രാഞ്ച് പണിമുടക്ക് അനുകൂലികൾ തല്ലിത്തകർത്തു.ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. സെക്രട്ടറിയേറ്റിന് സമീപത്തുള്ള ബ്രാഞ്ചിലേക്ക് സമര അനുകൂലികള്‍ കയറുകയും അടക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.എന്നാല്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് മാനേജറുടെ മുറി ആക്രമിച്ചു. ചില്ലുകള്‍ തല്ലിത്തകര്‍ത്തും, കമ്ബ്യൂട്ടറുകളും ഫോണും ക്യാബിനും അടിച്ചു തകര്‍ക്കുകയുമായിരുന്നു.അതേസമയം ഇന്നും സമരം ശക്തമായി തുടരുകയാണ്. പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.സ്വകാര്യ ബസുകള്‍ ഇന്നും നിരത്തിലിറങ്ങിയില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ശബരിമലയിലേക്ക് മാത്രമാണ് സര്‍വീസ് നടത്തുന്നത്. പണിമുടക്കില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചിരുന്നെങ്കിലും ചിലയിടങ്ങളില്‍ മാത്രമാണ് കടകള്‍ തുറന്നത്.സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാര്‍ക്കൊപ്പം സ്വകാര്യമേഖലയിലെ തൊഴിലാളികളും കഴിഞ്ഞദിവസം പണിമുടക്കിയിരുന്നു. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.
കോഴിക്കോട് പേരാമ്പ്രയിൽ സിപിഐഎം പ്രവര്‍ത്തകന്‍റെ വീടിന് നേരെ വീണ്ടും ബോംബേറ്
കോഴിക്കോട്:പേരാമ്പ്രയിൽ സിപിഐഎം പ്രവര്‍ത്തകന്‍റെ വീടിന് നേരെ വീണ്ടും ബോംബേറ്.എരവട്ടൂര്‍ സ്വദേശി ശ്രീധരന്റെ വീടിന് നേരെയാണ് ബോബേറുണ്ടായത്.രാത്രി ഒന്നരയോടെ നടന്ന ബോംബേറില്‍ ജനല്‍ ചില്ലുകളും വാതിലും തകര്‍ന്നു. അക്രമത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. പേരാമ്ബ്ര പോലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.