കൊച്ചി:മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നില്‍കൂടുതല്‍ ബോട്ടുകള്‍ കൊച്ചിയില്‍ നിന്ന് പോയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.തമിഴ്നാട്ടില്‍ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാപുകളില്‍ കഴിയുന്നവരാണ് ജയമാതാ ബോട്ടില്‍ കൊച്ചി തീരം വിട്ടതെന്നും സംശയിക്കുന്നു. ഇത്തരം ക്യാംപുകളിലെ നിരവധിപ്പേര്‍ മുൻപും കൊച്ചി വഴി സമാനരീതിയില്‍ ഓസ്ട്രേലിയയിലേക്ക് പോയതാണ് ഇത്തരമൊരു സംശയത്തിന് കാരണം.അതേസമയം സംഭവത്തിന് പിന്നിലെ രണ്ടുപേരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.ബോട്ടു വാങ്ങിയത് ശ്രീകാന്തന്‍, സെല്‍വം എന്നിവരാണെന്നാണ് തിരിച്ചറിഞ്ഞത്. കുളച്ചല്‍ സ്വദേശിയാണ് ശ്രീകാന്തന്‍.ഒരു കോടി രണ്ടു ലക്ഷം രൂപയ്ക്ക് തിരുവനന്തപുരം സ്വദേശി അനില്‍കുമാറില്‍ നിന്നാണ് ഇവര്‍ ബോട്ട് വാങ്ങിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞയാഴ്ച കൊടുങ്ങല്ലൂരെത്തിയ ശ്രീകാന്തന്‍ ഇവിടുത്തെ ഒരു ലോഡ്ജിലാണ് താമസിച്ചത്. കാര്യങ്ങള്‍ ഏകോപിപ്പിച്ചതും ശ്രീകാന്തന്‍ ആണെന്നാണ് സൂചന. ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലവില്‍ പ്രവര്‍ത്തന രഹിതമാണ്.രണ്ടുദിവസം മുൻപാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മല്‍സ്യബന്ധനബോട്ടില്‍ പുറപ്പെട്ടത്. മുനമ്പത്തു നിന്നും കൊടുങ്ങല്ലൂരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നല്‍കിയത്. ഓസ്ട്രേലിയയില്‍ നിന്ന് 1538 നോട്ടിക്കല്‍ മൈല്‍ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവര്‍ പോയെതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഓസ്ട്രേലിയയിലേക്കുളള അനധികൃത കുടിയേറ്റത്തിന്‍റെ ഇടനാഴിയാണ് ഈ ദ്വീപ്.
ശബരിമല ദർശനം കഴിഞ്ഞെത്തിയ കനകദുർഗയെ ഭർത്താവിന്റെ വീട്ടുകാർ മർദിച്ചതായി പരാതി
മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളിലൊരാളായ കനകദുര്‍ഗയെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ മര്‍ദിച്ചതായി പരാതി. പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയപ്പോളാണ് അവര്‍ക്ക് മര്‍ദനമേറ്റത്. ഇതേതുടര്‍ന്ന് കനകദുര്‍ഗയെ പെരിന്തല്‍മണ്ണയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശബരിമല ദർശനത്തിനു ശേഷം ബിജെപി അനുകൂലികളായ ഭർത്താവിന്റെ കുടുംബം കനകദുര്‍ഗയെ തള്ളിപ്പറഞ്ഞിരുന്നു.സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലര്‍ച്ചയോടെ വീട്ടിലെത്തിയത്. കനകദുര്‍ഗയും, കണ്ണൂര്‍ സര്‍വകലാശാലയുടെ തലശേരിയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപികയായി ജോലി നോക്കുന്ന ബിന്ദുവും ചേര്‍ന്ന് ഡിസംബര്‍ 24 നാണ് ശബരിമല ദര്‍ശനം നടത്തിയത്.
കൊല്ലം ബൈപാസ് ഉൽഘാടനം;ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും
കൊല്ലം:കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നു കേരളത്തിലെത്തും.കൊല്ലത്തും തിരുവനന്തപുരത്തുമായാണ് സന്ദര്‍ശനം. വൈകിട്ടു 4മണിക്ക് തിരുവനന്തപുരം വ്യോമസേനാ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന മോഡി, ഹെലികോപ്റ്ററില്‍ കൊല്ലത്തേക്കു തിരിക്കും. 4.50ന് ആശ്രാമം മൈതാനത്തെ ചടങ്ങില്‍ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ പി സദാശിവം, മന്ത്രി ജി സുധാകരന്‍ എന്നിവരും വേദിയിലുണ്ടാകം. ശേഷം, 5.30ന് കൊല്ലം കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ എന്‍ഡിഎ മഹാസംഗമത്തില്‍ പ്രസംഗിക്കും. ആശ്രാമം മൈതാനത്തെ ഹെലിപാഡില്‍നിന്നു തിരുവനന്തപുരത്തേക്കു മടങ്ങുന്ന പ്രധാനമന്ത്രി 7നു തലസ്ഥാനത്തെത്തും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാത്രി 7.15നു സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ക്ഷേത്രദര്‍ശനം നടത്തും. 8ന് വ്യോമസേനാ ടെക്നിക്കല്‍ ഏരിയയില്‍നിന്നു ഡല്‍ഹിയിലേക്കു മടങ്ങും.
മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമാണു ബൈപാസ്. 1972ല്‍ ആരംഭിച്ച പദ്ധതിയുടെ മൂന്നാംഘട്ടമായ കല്ലുംതാഴം – ആല്‍ത്തറമൂട് ഭാഗവും പുനര്‍നിര്‍മിച്ചു വീതി കൂട്ടിയ ബാക്കി ഭാഗവുമാണു പ്രധാനമന്ത്രി നാടിനു സമര്‍പ്പിക്കുന്നത്.അതേസമയം, ബൈപ്പാസ് ഉദ്ഘാടനത്തിന് വേദിയില്‍ ഇടം നല്‍കാതെ അപമാനിച്ചെന്ന് കാണിച്ച് ബൈപ്പാസ് കടന്നു പോകുന്ന സ്ഥലങ്ങളിലെ ജനപ്രതിനിധികള്‍ രംഗത്തെത്തി.ബൈപ്പാസ് കടന്നുപോകുന്ന പ്രദേശത്തെ ഇടത് എംഎല്‍എമാര്‍ക്കും നഗരസഭാ മേയര്‍ക്കും വേദിയില്‍ ഇരിപ്പിടം നല്‍കിയിട്ടില്ല.ഇരവിപുരം, കൊല്ലം, ചവറ നിയമസഭാ മണ്ഡലങ്ങളിലൂടെയാണു ബൈപാസ് കടന്നുപോകുന്നത്. കൊല്ലം എംഎല്‍എ എം മുകേഷിനു മാത്രമാണു വേദിയില്‍ ഇടം അനുവദിച്ചത്. എം നൗഷാദിനെയും വിജയന്‍ പിള്ളയെയും കൊല്ലം മേയര്‍ വി രാജേന്ദ്രബാബുവിനും ഒഴിവാക്കി.അതേസമയം ബിജെപിയുടെ എംഎല്‍എയായ ഒ രാജഗോപാലിനും രാജ്യസഭാംഗങ്ങളായ വി മുരളീധരനും സുരേഷ് ഗോപിക്കും വേദിയില്‍ ഇരിപ്പിടവും നല്‍കി. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, ജി സുധാകരന്‍, കെ രാജു, എംപിമാരായ എന്‍കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ് എന്നിവരും ഉദ്ഘാടന വേദിയിലുണ്ടാകും.
പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്‍(67) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ഇന്നലെ രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.രാവിലെ 9 മണിക്ക് ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ കോളെജില്‍ എംബാം ചെയ്ത ശേഷം മൃതദേഹം വൈകീട്ട് നാല് മണിക്കുള്ള വിമാനത്തില്‍ സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും.ഊരൂട്ടമ്പലത്തെ വീട്ടിലും, കലാഭവനിലും മൃതദേഹം പൊതുദർശനത്തിനു വെയ്ക്കും.രണ്ടാഴ്ച മുൻപ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക വിധേയനായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. മരണ സമയത്ത് കുടുംബാഗങ്ങള്‍ അടുത്തുണ്ടായിരുന്നു. 1981ല്‍ വേനല്‍ എന്ന സിനിമയിലൂടെയാണ് ലെനിന്‍ രാജേന്ദ്രന്‍ മലയാള സിനിമാ രംഗത്തേക്ക് ചുവടുവച്ചത്. മീനമാസത്തിലെ സൂര്യന്‍, സ്വാതിതിരുനാള്‍,ചില്ല്, പ്രേംനസീറിനെ കാണാന്മാനില്ല, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍.കടുത്ത ഇടതുപക്ഷ ചിന്തകനായ അദ്ദേഹം രണ്ടു തവണ ഒറ്റപ്പാലത്തു നിന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ചിട്ടുണ്ട്. ഒറ്റപ്പാലം ലോകസഭ തിരഞ്ഞെടുപ്പില്‍ അന്ന് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.ആര്‍. നാരായണനെതിരെ മത്സരിച്ചത് ലെനിൻ രാജേന്ദ്രനായിരുന്നു.ഭാര്യ:ഡോ.രമണി, മക്കൾ:ഡോ.പാർവതി,ഗൗതമൻ.
കേരളത്തെ ഞെട്ടിച്ച് മനുഷ്യക്കടത്ത്;കൊച്ചി മുനമ്പം ഹാർബർ വഴി നാല്‍പതോളം പേര്‍ ഓസ്‌ട്രേലിയയിലേക്ക് കടന്നതായി സൂചന
കൊച്ചി:കേരളത്തെ ഞെട്ടിച്ച് കൊച്ചി മുനമ്പം ഹാർബർ വഴി മനുഷ്യക്കടത്ത്.മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം നാല്‍പതോളം പേര്‍ മുനമ്പം ഹാര്‍ബര്‍ വഴി ഓസ്‌ട്രേലിയയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു. യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യകടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.ശനിയാഴ്ച്ച രാവിലെയാണ് മുനമ്പം ഹാര്‍ബറിന് സമീപം ബോട്ട് ജെട്ടിയോട് ചേര്‍ന്നുളള ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ കൂട്ടിയിട്ടിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഉണക്കിയ പഴവര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍ ,കുടിവെളളം, ഫോട്ടോകള്‍ ,ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്കുളള വിമാനടിക്കറ്റുകള്‍,കുട്ടികളുടെ കളിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെത്തി. ബാഗുകള്‍ വിമാനത്തില്‍ നിന്ന് വീണതാണെന്ന അഭ്യൂഹം ഉണ്ടായെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സ്ഥിരീകരിച്ചത്. ബാഗില്‍ കണ്ട രേഖകളില്‍ നിന്ന് പത്ത് പേരടങ്ങുന്ന സംഘം സമീപ പ്രദേശങ്ങളിലെ റിസോര്‍ട്ടുകളില്‍ താമസിച്ചതായി പൊലീസ് കണ്ടെത്തി. ഇവരില്‍ ചിലര്‍ ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു.
അതേസമയം പോലീസ് നടത്തിയ അന്വേഷണത്തിൽ മനുഷ്യക്കടത്തിനെ കുറിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചു.ചെന്നൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും എത്തിയ സംഘം ചെറായിയിലെ വിവിധ ലോഡ്ജുകളിലാണ് താമസിച്ചിരുന്നത്.ഓസ്‌ട്രേലിയയിലേക്ക് കടക്കുന്നതിന് മുമ്ബായി ബോട്ടുകളില്‍ അധിക ഇന്ധനം നിറച്ചതിന്റെയും കുടിവെളളവും മരുന്നും ശേഖരിച്ചതിന്റെയും തെളിവുകള്‍ പൊലീസിന് ലഭിച്ചു.കൊച്ചി ചെറായിയിലെ ആറ് ഹോംസ്റ്റേകളിലായി ഈ മാസം 11 വരെ ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുളള 41 അംഗ സംഘം താമസിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.ഡിസംബര്‍ 22നാണ് ദില്ലിയില്‍ നിന്ന് 5 പേര്‍ ചെന്നൈയിലെത്തിയത്. അവിടെ വച്ച് സംഘം വിപുലപ്പെടുത്തി. അഞ്ചാം തിയതിയോടെ സംഘം ചെറായിലെത്തി.മുനമ്പം, വടക്കേക്കര, ചെറായി തുടങ്ങിയ തീരപ്രദേശങ്ങളില്‍ താമസിച്ച് ഓസ്‌ട്രേലിയയിലേക്ക് കടക്കാനുളള സജ്ജീകരണങ്ങള്‍ ഒരുക്കി.മുനമ്ബത്തെ പെട്രോള്‍ പമ്പിൽ നിന്നും 10 ലക്ഷം രൂപയ്ക്ക് 12,000 ലിറ്റര്‍ ഇന്ധനം ശേഖരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കുടിവെളളം ശേഖരിക്കാന്‍ മുനമ്പത്ത് നിന്നും അഞ്ച് ടാങ്കുകള്‍ വാങ്ങി. ഒരു മാസത്തേക്കുളള മരുന്നുകളും ശേഖരിച്ചിട്ടുണ്ട്.ഓസ്‌ട്രേലിയയോ ന്യൂസിലന്‍ഡോ ആകാം ലക്ഷ്യമെന്ന് കരുതുന്നു. മുനമ്ബം തീരത്ത് നിന്നും പുറപ്പെട്ടാന്‍ ഓസീസ് തീരത്തെത്താന്‍ 27 ദിവസമെങ്കിലും വേണ്ടി വരും. തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കടലിലും തെരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.രാജ്യാന്തര ബന്ധമുണ്ടെന്ന് സംശയിക്കുന്ന കേസില്‍ ഐബിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹർത്താൽ പ്രകടനത്തിനിടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യ മുദ്രാവാക്യം മുഴക്കിയ പെൺകുട്ടി അറസ്റ്റിൽ
കാസർകോഡ്:ഹർത്താൽ പ്രകടനത്തിനിടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യ മുദ്രാവാക്യം മുഴക്കിയ പെൺകുട്ടി അറസ്റ്റിൽ.അണങ്കൂര്‍ ജെ പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരിയെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനൊപ്പം മുന്‍നിരയില്‍നിന്നാണ് രാജേശ്വരി മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ അസഭ്യമുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുത്തത്.വീഡിയോ വൈറലായതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചത്. സംഭവത്തിനെതിരേ ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി ശിവദാസ് നല്‍കിയ പരാതിയിലാണ് കാസര്‍ഗോഡ് ടൗണ്‍ പൊലീസ് പെണ്‍കുട്ടിക്കെതിരേ കേസെടുത്തത്. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും അസഭ്യം പറയല്‍, റോഡ് ഉപരോധിക്കല്‍, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങി മൂന്ന് കേസിലാണ് അറസ്റ്റ്.
ഗാന്ധിയൻ കെ.പി.എ റഹിം പ്രസംഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചു
കണ്ണൂർ:ഗാന്ധിയൻ കെ.പി.എ റഹിം പ്രസംഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചു.മാഹിയിൽ ഗാന്ധിസ്‌മൃതി യാത്രയുടെ സമാപനച്ചടങ്ങിൽ സംസാരിച്ചുകൊണ്ടിരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു.ഞായറാഴ്ച രാവിലെ 10.10 നു പ്രസംഗം തുടങ്ങി.10.20 ഓടെ കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻതന്നെ മാഹി ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഗാന്ധി യുവമണ്ഡലം,കേരളം സർവോദയ മണ്ഡലം,ഹിന്ദ് സ്വരാജ് ശതാബ്തി സമിതി,കണ്ണൂർ ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റി എന്നിവയുടെ പ്രെസിഡന്റായി പ്രവർത്തിച്ചിരുന്നു.ശ്രീനാരായണഗുരു,ഗാന്ധിജി,വാഗ്‌ഭടാനന്ദൻ എന്നിവരുടെ മതസമന്വയ സന്ദേശത്തിന്റെയും സൂഫി ദർശനത്തിന്റെയും പ്രചാരകനായിരുന്നു. ആകാശവാണിയിൽ, പ്രത്യേകിച്ച് വിദ്യാഭ്യാസപരിപാടിയിൽ പ്രഭാഷണം, ചിത്രീകരണം, പ്രശ്നോത്തരി, പുസ്തകാസ്വാദനം എന്നിവ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഗാന്ധിദർശൻ പ്രോഗ്രാമിന്റെ ഭാഗമായി ദൂരദർശനിൽ ക്ലാസുകൾ സംപ്രേഷണം ചെയ്തിരുന്നു. കെ.ജനാർദനൻ പിള്ള പുരസ്കാരം, സി.എച്ച്.മൊയ്തുമാസ്റ്റർ സ്മാരക പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.പാനൂരിന്റെ സാംസ്‌കാരിക മുഖമായിരുന്ന റഹീം മാസ്റ്റര്‍ കക്ഷിരാഷ്ട്രിയത്തിനതീതമായി വലിയൊരു സുഹൃദ്ബന്ധത്തിന് ഉടമ കൂടിയാണ്.കെ.കെ.വി. മെമ്മോറിയൽ പാനൂർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 2003-ൽ വിരമിച്ചു.പരേതരായ പൈക്കാട്ട് അബൂബക്കറിന്റെയും കുഞ്ഞിപ്പറമ്പത്ത് കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ: നഫീസ. മക്കൾ: ലൈല, ജലീൽ,കബീർ .
കണ്ണൂർ പെരിങ്ങോത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കണ്ണൂർ: പെരിങ്ങോമിനടുത്ത് പൊന്നമ്പാറയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.ഇന്ന് രാവിലെയാണ് സംഭവം.പെരിങ്ങോം സ്കൂളിന് സമീപത്തെ രമേശിന്റെ മകൻ എടാടൻ വീട്ടിൽ രാഹുൽ രമേശ് (22), പെരിങ്ങോം കരിപ്പോട് സ്വദേശി സന്തോഷിന്റെ മകൻ മാടപ്പാടിൽ അഖിലേഷ് (22) എന്നിവരാണ് മരിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ പരിയാരം കോളേജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണപ്പെട്ടത്.മൃതദ്ദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അപകടത്തിൽ ബൈക്കുകൾ പൂർണ്ണമായും തകർന്നു.
ശബരിമല മകരവിളക്ക് ഇന്ന്
ശബരിമല:ശബരിമല മകരവിളക്ക് ഇന്ന്.മകരസംക്രമ സന്ധ്യയില്‍ ചാര്‍ത്താനായി പന്തളം കൊട്ടാരത്തില്‍ നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം വൈകിട്ട് 5.30ന് ശരംകുത്തിയില്‍ നിന്ന് ദേവസ്വം അധികൃതര്‍ തീവെട്ടിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.30ന് ദീപാരാധന. തുടര്‍ന്നു പൊന്നമ്മബലമേട്ടിൽ മകര ജ്യോതി തെളിയും.ഇന്ന് ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാല്‍ വൈകിട്ട് 6.30ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന കഴിയും വരെ തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കില്ല. ഉച്ചയ്ക്കു ശേഷം തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ എത്തുംവരെ പമ്ബയില്‍ നിന്നു സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ വിടില്ല. വലിയ തിരക്കുള്ളതുകൊണ്ട് സുരക്ഷാപ്രശ്നം മുൻനിർത്തി യുവതികളേയും ഇന്ന് മല കയറാന്‍ അനുവദിക്കില്ല.നിലയ്ക്കല്‍ മുതല്‍ യുവതികളെത്തുന്നുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. യുവതികളെത്തിയാല്‍ സന്നിധാനത്ത് എന്തും സംഭവിക്കാമെന്ന സാഹചര്യമുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നു. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് നിരീക്ഷണവും നിയന്ത്രണവും കര്‍ശനമാക്കുന്നത്.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ ധാരണ;വർധന ഈ മാസം 18ന് പ്രഖ്യാപിക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ റെഗുലേറ്ററി കമ്മിഷനില്‍ ധാരണ.നിരക്ക് കൂട്ടാന്‍ സര്‍ക്കാരും തീരുമാനിച്ചു.വര്‍ധന ഈ മാസം 18ന് പ്രഖ്യാപിക്കും.എത്ര ശതമാനം വര്‍ധന വരുത്തണമെന്ന കാര്യത്തില്‍ കമ്മിഷനില്‍ ചര്‍ച്ച തുടരുകയാണ്.എന്നാല്‍, വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടയത്രയും വര്‍ധന അനുവദിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്.വരുന്ന നാലുവര്‍ഷം രണ്ടുതവണയായി ഏഴായിരം കോടിയുടെ അധികവരുമാനം ലഭിക്കുന്നവിധം നിരക്ക് കൂട്ടണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്.ജനുവരി ഒന്ന് മുതലാണ് പുതിയ നിരക്ക് നിലവിൽ വരേണ്ടിയിരുന്നത്.എന്നാൽ നിരക്ക് പരിഷ്‌ക്കരണ നടപടികൾ പൂർത്തിയാകാത്തതിനാൽ നിലവിലുള്ള നിരക്കിന്റെ പ്രാബല്യം മാർച്ച് വരെ നീട്ടി.പതിനെട്ടാം തീയതി പ്രഖ്യാപിക്കുന്ന പുതിയ നിരക്കിന് ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യം നൽകാനും സാധ്യതയുണ്ട്.