കൊച്ചി:മുനമ്പം തീരത്തുനിന്നും സ്തീകളും കുട്ടികളുമടക്കം 230 പേരുമായി ആസ്‌ട്രേലിയയിലേയ്ക്ക് പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇന്തോനേഷ്യൻ തീരത്തേക്ക് നീങ്ങുന്നതായി പോലീസിന് സൂചന ലഭിച്ചു.ഒരാഴ്ച മുൻപ് മുനമ്പത്തു നിന്നും പുറപ്പെട്ട സംഘം ഇന്ത്യയുടെ സമുദ്രാതിര്‍ത്തി കടന്നു. കൊച്ചിയില്‍നിന്ന് ന്യൂസീലന്‍ഡിലേക്ക് കടല്‍മാര്‍ഗം 11,470 കിലോമീറ്റര്‍ ദൂരമുണ്ട്. 47 ദിവസം തുടര്‍ച്ചയായി സഞ്ചരിച്ചാലേ ന്യൂസീലന്‍ഡ് തീരത്തെത്തൂ. ബോട്ടില്‍ ഒറ്റയടിക്ക് ഇത്രയും ദൈര്‍ഘ്യമേറിയ യാത്ര പ്രായാസമായതിനാലാകണം ഇന്‍ഡൊനീഷ്യ ലക്ഷ്യമാക്കാന്‍ കാരണമെന്ന് പോലീസ് കരുതുന്നു.ബോട്ടില്‍ കരുതിയിട്ടുള്ള ഭക്ഷ്യവസ്തുക്കളും ഇന്ധനശേഖരവും തീർന്നുതുടങ്ങിയതും ഇതിനു കാരണമായേക്കാം. മനുഷ്യക്കടത്തിന് അന്താരാഷ്ട്രബന്ധം ഉണ്ടെന്ന സംശയത്താൽ സംഭവത്തില്‍ വിദേശ അന്വേഷണ ഏജന്‍സികളുടെ സഹകരണം തേടാന്‍ കേരള പോലീസ് തീരുമാനിച്ചു.
നിപാ വൈറസ് കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരുടെ സമരം ഒത്തുതീർപ്പായി
കോഴിക്കോട്:നിപാ വൈറസ് കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരുടെ സമരം ഒത്തുതീർപ്പായി. സ്ഥിരനിയമനം ആവശ്യപ്പെട്ടാണ് ഇവർ സമരം നടത്തിവന്നിരുന്നത്.ഇന്നലെ വൈകിട്ടോടെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.ആരോഗ്യവകുപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി ജോലി നല്‍കാമെന്ന മെഡിക്കല്‍ കോളേജ് അധികൃതരുടെ നിര്‍ദ്ദേശം സമരസമിതി അംഗീകരിക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം മേയ് 22 മുതല്‍ 31 വരെ ഐസലേഷന്‍ വാഡില്‍ ജോലി ചെയ്തിരുന്ന 23 ജീവനക്കാര്‍ക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസിനു കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കാമെന്നതാണ് നിലവിലെ ധാരണ.മറ്റു ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാകാതിരുന്ന കാലത്ത് ജീവന്‍ പണയം വച്ച് ജോലി ചെയ്യാന്‍ തയാറായ 45 ജീവനക്കാരെയാണ് നോട്ടീസ് പോലും നൽകാതെ 2018 ഡിസംബര്‍ 31 ന് പിരിച്ചുവിട്ടത്.ഇവരില്‍ 23 പേര്‍ക്കാണ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുക. മറ്റ് ജീവനക്കാരുടെ ജോലിയും നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതായി സമരക്കാര്‍ വ്യക്തമാക്കി.
മെക്സിക്കോയിൽ ഇന്ധന പൈപ്പ് ലൈനില്‍ നിന്നും എണ്ണ മോഷ്ട്ടിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി:ഇന്ധന പൈപ്പ് ലൈനില്‍ നിന്നും എണ്ണ മോഷ്ട്ടിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു.ഒട്ടേറെ പേര്‍ക്ക് പൊള്ളലേറ്റു. മെക്‌സിക്കന്‍ സംസ്ഥാനമായ ഹിഡാല്‍ഗോയിലെ ത്‌ലാഹുലിപാനിലാണ് സംഭവം.പൈപ്പ് ലൈനില്‍ അനധികൃത ടാപ്പ് സ്ഥാപിച്ച് മോഷണത്തിന് ശ്രമം നടന്നിരുന്നു. ഇവിടെ നിന്ന് ഇന്ധനം ചോര്‍ത്തി എടുക്കുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്.പരിക്കേറ്റവരിൽ ഒട്ടേറെ പേരുടെ നില അതീവ ഗുരുതരമാണ്.മരണസംഖ്യ കൂടാനാണ് സാധ്യത.മെക്‌സിക്കന്‍ സിറ്റിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്ന സ്ഥലം. പൈപ്പ് ലൈനില്‍ നിന്ന് ഇന്ധനം ചോര്‍ത്തുന്നതിനിടെ ശേഖരിക്കാന്‍ പ്രദേശവാസികള്‍ കൂട്ടത്തോടെ എത്തിയിരുന്നു. ഈ വേളയിലാണ് തീപ്പിടുത്തമുണ്ടായത്.മെക്‌സിക്കോയില്‍ ഇന്ധനമോഷണം പതിവാണ്. പ്രസിഡന്റ് ലോപസ് ഒബ്‌റാഡര്‍ അധികാരത്തിലെത്തിയ ശേഷം പൈപ്പ് ലൈന്‍ സുരക്ഷക്കായി ആയിരകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. 2013ലും 2012ലും മെക്‌സിക്കോയില്‍ സമാന സ്‌ഫോടനങ്ങള്‍ ഉണ്ടായിരുന്നു. അന്ന് 63 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ശബരിമല വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് പന്തളം കൊട്ടാരം
പത്തനംതിട്ട:ശബരിമല വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് പന്തളം കൊട്ടാരം.പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനായി ഏത് ചര്‍ച്ചക്കും തയാറാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ അറിയിച്ചു.മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ശേഷം ശബരിമല നടയടച്ചതിന് പിന്നാലെയാണ് കൊട്ടാരം പ്രതിനിധിയുടെ പ്രതികരണം.അതേസമയം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക സുപ്രിംകോടതിയില്‍ നല്‍കിയ സര്‍ക്കാര്‍ അടി ഇരന്ന് വാങ്ങിയെന്നും അദ്ദേഹം വിമര്‍ശിച്ചു.തീര്‍ത്ഥാടന കാലം ആരംഭിക്കുന്ന വേളയില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ പന്തളം കൊട്ടാരം തയ്യാറായിരുന്നില്ല. പിന്നീട് ദേവസ്വം ബോര്‍ഡ് വിളിച്ചുചേർത്ത ചർച്ചയിലും പന്തളം കൊട്ടാരം പങ്കെടുത്തില്ല.
കോട്ടയത്ത് അയപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന കെഎസ്‌ആര്‍ടിസി 20അടി താഴ്ചയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്
കോട്ടയം:കോട്ടയത്ത് അയപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന കെഎസ്‌ആര്‍ടിസി 20അടി താഴ്ചയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.പമ്പയിൽ നിന്നും അയപ്പ ഭക്തരുമായി എറണാകുളത്തേക്ക് പോയ ബസ് 20അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.കെഎസ്‌ആര്‍ടി ജന്‍ട്രം ബസാണ് അപകടത്തില്‍പ്പെട്ടത്. ജീവനക്കാരുള്‍പ്പടെയുള്ള യാത്രക്കാര്‍ പരിക്കേറ്റു.ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനം കുറച്ച് ശബരിമല നട അടച്ചു
ശബരിമല:മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനം കുറച്ച് ശബരിമല നട അടച്ചു. ഇന്നു രാവിലെ പന്തളം രാജപ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം മേല്‍ശാന്തി നട അടച്ച് താക്കോല്‍ കൈമാറി.പന്തളംകൊട്ടാരത്തിലെ പ്രതിനിധിക്ക് മാത്രമാണ് ഇന്ന് ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് അവസരം ഉണ്ടായിരുന്നത്. തുടര്‍ന്നു രാജപ്രതിനിധിയും 22അംഗ സംഘവും തിരുവാഭരണങ്ങളുമായി പതിനെട്ടാം പടിയിലൂടെ മലയിറങ്ങി പന്തളത്തേക്ക് തിരിച്ചു.ശനിയാഴ്ച രാത്രി മാളികപ്പുറത്തു നടന്ന ഗുരുതിയോടെയാണ് മകരവിളക്ക് തീര്‍ഥാടനകാലത്തിനു സമാപനം കുറിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ പമ്പയിൽ നിന്നുള്ള മലകയറ്റം അവസാനിച്ചിരുന്നു. രാത്രി കൂടി മാത്രമേ ഭക്തര്‍ക്കു ക്ഷേത്രത്തില്‍ പ്രവേശിക്കാനാകുമായിരുന്നുള്ളൂ.
ഗോ എയറിന്റെ മസ്‌കറ്റ് -കണ്ണൂര്‍ സർവീസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
മസ്‌ക്കറ്റ്: മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുന്ന ഗോ എയറിന്റെ മസ്‌കറ്റ് -കണ്ണൂര്‍ സർവീസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. വെള്ളിയാഴ്ചയാണ് ബുക്കിങ് ആരംഭിച്ചത്.തുടക്കത്തില്‍ മസ്‌കറ്റില്‍ നിന്ന് വെള്ളി, ഞായര്‍, ബുധന്‍ ദിവസങ്ങളിലാണ് സര്‍വീസ്. കണ്ണൂരില്‍നിന്ന് രാത്രി 9.45ന് പുറപ്പെടുന്ന വിമാനം 12 മണിക്ക് മസ്‌കറ്റിലെത്തും.തിരികെ ഒരു മണിക്ക് പുറപ്പെട്ട് ഇന്ത്യന്‍ സമയം ആറിന് കണ്ണൂരിലെത്തും.ബുക്കിങ് ആരംഭിച്ചപ്പോള്‍ മസ്‌കറ്റില്‍നിന്ന് കണ്ണൂരിലേക്ക് 30 റിയാലും ഇരുവശങ്ങളിലേക്ക് 60 റിയാലുമായിരുന്നു നിരക്ക്. തിരക്കേറിയതോടെ ഇത് 45 റിയാലായി ഉയര്‍ന്നു. ഫെബ്രുവരി 28ന് കണ്ണൂരില്‍ നിന്നുള്ള ആദ്യ സർവീസിന് 35 റിയാലാണ് വെബ്‌സൈറ്റില്‍ നിരക്ക് കാണിക്കുന്നത്. മസ്‌കറ്റില്‍ നിന്നുള്ള അടുത്ത ദിവസങ്ങളിലെ സര്‍വീസിന് 33 റിയാലും 30 റിയാലുമാണ് നിരക്ക്.
ശബരിമല ദർശനത്തിനെത്തിയ കണ്ണൂർ സ്വദേശികളായ യുവതികളെ പോലീസ് വീണ്ടും തിരിച്ചയച്ചു
പത്തനംതിട്ട:ശബരിമല ദർശനത്തിനെത്തിയ കണ്ണൂർ സ്വദേശികളായ യുവതികളെ പോലീസ് വീണ്ടും തിരിച്ചയച്ചു.രേഷ്മ നിഷാന്ത്,ശനില എന്നിവരെയാണ് പോലീസ് നിലയ്ക്കലിൽ നിന്നും എരുമേലിയിലേക്ക് മടക്കി അയച്ചത്.ശബരിമല ദർശനത്തിനായി നിലയ്ക്കലിലെത്തിയ ഇവരെ പോലീസ് തടഞ്ഞ് കൺട്രോൾ റൂമിലേക്ക് മാറ്റി.മലകയറാൻ ശ്രമിച്ച വൻ പ്രതിഷേധമുണ്ടാകുമെന്നും പോലീസ് സംരക്ഷണം നല്കാൻ ആവില്ലെന്നും പോലീസ് ഇവരെ അറിയിച്ചു.ഇതിനു ശേഷമാണ് ഇരുവരെയും മടക്കിയയച്ചത്.കഴിഞ്ഞ ബുധനാഴ്ച ദർശനത്തിനെത്തിയ ഇവരെ നീലിമലയിൽ പ്രതിഷേധക്കാർ തടഞ്ഞിരുന്നു.എന്നാൽ തങ്ങൾ വ്രതമെടുത്താണ് എത്തിയിരിക്കുന്നതെന്നും മടങ്ങിപ്പോകാൻ തയ്യാറല്ലെന്നും ഇവർ പറഞ്ഞു.എന്നാൽ മലകയറാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാരും നിലപാടെടുത്തു.തുടർന്ന് പോലീസ് ഇടപെട്ട് ഇവരെ അന്നും മടക്കിയയക്കുകയായിരുന്നു.
മണ്ഡല-മകരവിളക്ക് കാലത്തിന് സമാപനം കുറിച്ച് ശബരിമല നട നാളെ അടയ്ക്കും
ശബരിമല:മണ്ഡല-മകരവിളക്ക് കാലത്തിന് സമാപനം കുറിച്ച് ശബരിമല നട നാളെ അടയ്ക്കും.തീര്‍ത്ഥാടകര്‍ക്ക് ഇന്ന് വൈകിട്ട് വരെ മാത്രമാണ് ദര്‍ശന സൗകര്യമുള്ളത്. നാളെ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികള്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. വൈകീട്ട് ഒമ്ബതരയോടെ ഹരിവരാസനം പാടി നട അടയ്ക്കും.തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഉച്ചയോടെ ആരംഭിക്കും വൈകിട്ട് അഞ്ച് മണി വരെ മാത്രമാണ് പമ്ബയില്‍ നിന്ന് തീര്‍ത്ഥാടകരെ കടത്തി വിടുക. ഇന്ന് സാധാരണ പൂജകള്‍ മാത്രമാണ് സന്നിധാനത്ത് നടക്കുക.രാജപ്രതിനിധി നാളെ ദര്‍ശനം നടത്തും. തുടര്‍ന്ന് തിരുവാഭരണം രാജപ്രതിനിധിക്ക് കൈമാറും. തുടര്‍ന്ന് ഈ മണ്ഡല കാലത്തിന് സമാപനം കുറിച്ച് ശബരിമല നട നാളെ രാവിലെ 6 മണിയ്ക്ക് അടയ്ക്കും.
ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയതായി സർക്കാർ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട് വ്യാജമെന്ന് പി എസ് ശ്രീധരന്‍ പിള്ള
തിരുവനന്തപുരം:ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയതായി സർക്കാർ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട് വ്യാജമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരന്‍ പിള്ള.കേരളത്തിലെ വിശ്വാസി സമൂഹത്തോട് തോറ്റത്തിലുള്ള ജാള്യത മറക്കാനാണ് സുപ്രീം കോടതിയില്‍ വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചത്.റിവ്യൂ ഹരജി പരിഗണിക്കാനിരിക്കെ സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല ക്ഷേത്രത്തിലെ കാര്യങ്ങള്‍ നോക്കാന്‍ ഹൈക്കോടതി നിയോഗിച്ച ജില്ലാ ജഡ്ജി സ്പെഷല്‍ ഓഫീസറായി സ്ഥിരമായി സന്നിധാനത്തുണ്ട്. നിലവിലെ കാര്യങ്ങള്‍ പരിശോധിക്കാനും നിരീക്ഷിക്കാനും മൂന്നംഗ നിരീക്ഷണ സമിതിയുമുണ്ട്.ഇവര്‍ക്ക് ഒന്നും റിപ്പോര്‍ട്ട് നല്‍കാത്ത പിണറായി ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയത് പുനഃപരിശോധനാ ഹര്‍ജികളെ സ്വാധീനിക്കാനാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.നേരത്തെ ശബരിമലയില്‍ കയറിയ 51 പേരുടെ പേരും വിവരവും സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിരുന്നു. ഇവരില്‍ പകുതി പേരും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് പട്ടികയില്‍ പറയുന്നു. പേരും ആധാര്‍ നമ്പറും അടക്കമുള്ള പട്ടികയാണ് നല്‍കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവരില്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടവര്‍ക്കാണ് അത് നല്‍കിയതെന്ന് സര്‍ക്കാര്‍ പട്ടികയില്‍ പറയുന്നു.ഓണ്‍ലൈന്‍ ബുക്കിങ് വഴി വന്നവരുടെ വിവരമാണ് പട്ടികയിലുള്ളത്.