ന്യൂഡൽഹി: 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.ഏഴുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.ഏപ്രിൽ 11, 18, 23, 29, മേയ് 6, 12, 19 തീയതികളിലായാണു ഏഴു ഘട്ടങ്ങൾ. ഏപ്രിൽ 23ന് മൂന്നാംഘട്ടത്തിലാണു കേരളത്തിൽ തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം മെയ് 23 നടക്കും. മാർച്ച് 25 ആണ് നാമനിർദേശം സമർപിക്കാനുള്ള അവസാന തീയതി. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറയാണ് പതിനേഴാം ലോക്സഭയിലേക്കുള്ള തീയതികൾ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നു. രാജ്യത്തെ പരീക്ഷാ സമയം ഒഴിവാക്കിയാകും തിരഞ്ഞെടുപ്പ് തീരുമാനിക്കുക. എല്ലായിടത്തും വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തും. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രവും ഉൾപ്പെടുത്തും. വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. രാജ്യത്ത് 10 ലക്ഷം പോളിംഗ് ബൂത്തുകളാണുള്ളത്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ തങ്ങളുടെ കേസുകളെ സംബന്ധിച്ച് പത്രപരസ്യം നൽകി കമ്മിഷനെ അറിയിക്കണം. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. സുതാര്യമായ തിരഞ്ഞെടുപ്പിന് മാദ്ധ്യമങ്ങൾ സഹകരിക്കണമെന്നും സുനിൽ അറോറ ആവശ്യപ്പെട്ടു.പ്രശ്നബാധിത മേഖലയിൽ കൂടുതൽ സുരക്ഷയൊരുക്കുമെന്നും പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പു പ്രചാരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിരോധിക്കും.ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോഴില്ല. മാർച്ച് 9 വരെ ഒഴിവുള്ള നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും.