കണ്ണൂർ:ഹൃദ്രോഗിയായ ഇരിക്കൂർ സ്വദേശിനി ഒരു വയസ്സുകാരി ചികിത്സയ്ക്കായി പോകും വഴി ട്രെയിനിൽ വെച്ച് മരണപ്പെട്ടു.ഇന്നലെ രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനിലെത്തിയ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലാണു സംഭവം.കണ്ണൂര്‍ ഇരിക്കൂര്‍ കെസി ഹൗസില്‍ ഷമീര്‍-സുമയ്യ ദമ്പതികളുടെ മകള്‍ മറിയം ആണ് മരിച്ചത്.തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ഒരു മാസം മുമ്പ് മറിയത്തിനു ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു.ഇന്നലെ പനി ബാധിച്ചപ്പോള്‍ ഇരിക്കൂറിലെ ഡോക്ടറെ കാണിച്ചു. ശ്രീചിത്രയില്‍ വിളിച്ചപ്പോള്‍ തിരുവനന്തപുരത്തേക്കു കൊണ്ടുവരാന്‍ പറയുകയായിരുന്നു. ഉടന്‍ തന്നെ റെയില്‍വേ സ്‌റ്റേഷനിലെത്തിയെങ്കിലും റിസർവേഷൻ ലഭിച്ചില്ല.തിരക്കേറിയ ജനറൽ ബോഗിയില്‍ കൊണ്ടുപോകുന്നതു നില വഷളാക്കുമെന്നതിനാല്‍ സ്ലീപ്പര്‍ കോച്ചില്‍ കയറി. എന്നാല്‍, ടിക്കറ്റ് പരിശോധകര്‍ ഓരോ കോച്ചില്‍നിന്നും ഇവരെ ഇറക്കിവിടുകയായിരുന്നത്രെ.ഒടുവില്‍ സുമയ്യ കുട്ടിയുമായി ലേഡീസ് കംപാര്‍ട്ട്‌മെന്റിലും ഷമീര്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറി.കുറ്റിപ്പുറത്തെത്തിയപ്പോൾ കുട്ടിയുടെ അവസ്ഥ കണ്ട സഹയാത്രികര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തീവണ്ടിയിൽ നിന്നും തെറിച്ച് വീണ യുവാവിനെ ബേക്കൽ പോലീസ് ആശുപത്രിയിൽ എത്തിച്ചു.
കാഞ്ഞങ്ങാട്: ലോകമാന്യ തിലകിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന നേത്രാവതി എകസ്പ്രസ്സിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ് യുവാവിന് സാരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ ബേക്കൽ ജൻക്ഷനടുത്താണ് അപകടം നടന്നത്. കൈകളിലെയും തുടയിലെയും എല്ലുകൾ പൊട്ടി ചോര വാർന്ന നിലയിൽ ട്രാക്കിനരികിൽ കിടക്കുന്ന വിവരം നാട്ടുകാർ ബേക്കൽ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
ബേക്കൽ സ്റ്റേഷനിൽ നിന്നും ഉടനെ തന്നെ പോലീസകാരെത്തി ഉദുമ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വളരെ പെട്ടന്ന് തന്നെ പരിയാരം മെഡിക്കൽ കോളേജിലെത്തിച്ചതിനാൽ യുവാവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു.
സ്കൂള്‍ പ്രവേശനത്തിന് ആധാര്‍ ആവശ്യമില്ലെന്ന് യുഐഡിഎഐ
ന്യൂഡല്‍ഹി:സ്കൂള്‍ പ്രവേശനത്തിന് ആധാര്‍ ആവശ്യമില്ലെന്ന് യുഐഡിഎഐ. ഡല്‍ഹിയിലെ ആയിരത്തിയഞ്ഞൂറിലേറെ സ്വകാര്യ സ്കൂളുകളില്‍ അഡ്മിഷന്‍ ആരംഭിച്ചിരിക്കേയാണ് യുഐഡിഎഐ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.പല സ്കൂളുകാരും അഡ്മിഷൻ സമയത്ത് ആധാര്‍ ചോദിക്കുന്നുണ്ട്.എന്നാൽ ഇത് നിയമാനുസൃതമല്ലെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു. വ്യവസ്ഥ ലംഘിക്കുന്ന സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് സമാപനം
ശബരിമല:ശബരിമലയിൽ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് സമാപനം. തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകീട്ട് വീണ്ടും നട തുറക്കും.ജനുവരി 14നാണ് മകരവിളക്ക്.മണ്ഡലകാലത്തിന്റെ അവസാന ദിവസങ്ങളില്‍ വന്‍ ഭജനത്തിരക്കാണ് അനുഭവപ്പെടുന്നത്.മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിയിരുന്നു. തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് മുമ്ബ് ഭക്തര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. ഇന്ന് ഉച്ചയ്ക്കാണ് മണ്ഡല പൂജ.
ശോഭ സുരേന്ദ്രന്റെ നിരാഹാരസമരം ഒൻപതാം ദിവസത്തിലേക്ക്;ആരോഗ്യനില മോശമായതായി ഡോക്ടർമാർ
തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഒൻപതാം ദിവസത്തിലേക്ക്.ഇവരുടെ ആരോഗ്യ നില മോശമായെന്നും ഉടനെ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ വിജയം കാണുന്നതുവരെ നിരാഹാര സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. ശബരിമലയിലെ ഭക്തര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്നിനാണ് ബിജെപി നിരാഹാര സമരം തുടങ്ങിയത്. നേരത്തെ എട്ട് ദിവസം എ എന്‍ രാധാകൃഷ്ണന്‍ നിരാഹാരം കിടന്നിരുന്നു.അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായതോടെ സി കെ പത്മനാഭന്‍ സമരം ഏറ്റെടുത്തു. പത്ത് ദിവസത്തോളം നീണ്ട നിരാഹാരത്തിനു ശേഷമാണ് സി കെ പത്മനാഭന്‍ സമരത്തില്‍ നിന്ന് പിന്മാറിയത്. ഇതോടെ ശോഭ സുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുക്കുകയായിരുന്നു.
കണ്ണൂർ വിമാനത്താവളത്തിൽ എസ്കലേറ്ററിൽനിന്ന് വീണ് സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ എസ്കലേറ്ററിൽനിന്ന് വീണ് സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. വിമാനത്താവളം കാണാനെത്തിയ ഇവർ ടെർമിനൽ കെട്ടിടത്തിന് പുറത്തുള്ള എസ്കലേറ്റർ വഴി മുകളിലേക്ക് കയറുന്നതിനിടെ വീഴുകയായിരുന്നു.വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ ബിൽഡിംഗിന്‍റെ പുറത്തു സ്ഥാപിച്ച എസ്കലേറ്ററിൽ വച്ചായിരുന്നു അപകടം. വിമാനത്താവളം കാണാനെത്തിയ ഇവർ പാസഞ്ചർ ടെർമിനൽ ബിൽഡിംഗിന്‍റെ താഴെ നിലയിൽ നിന്നു എസ്കലേറ്ററിലൂടെ മുകൾ നിലയിലേക്കു കയറുന്നതിനിടെ വീഴുകയായിരുന്നു.ഇവരുടെ കൂടെയുണ്ടായിരുന്ന സ്ത്രീയുടെ സാരി എസ്കലേറ്ററിൽ കുടുങ്ങിയതാണ് അപകടകാരണമെന്ന് പറയുന്നു.ഉടൻ തന്നെ വിമാനത്താവളത്തിലെ ജീവനക്കാർ എസ്കലേറ്റർ ഓഫാക്കി. മലപ്പട്ടം, ചൂളിയാട് ഭാഗങ്ങളിൽ നിന്നു എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിമാനത്താവളത്തിലെ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അഴീക്കോട് കെട്ടിടത്തിന് നേരെ ബോംബേറ്
കണ്ണൂർ:അഴീക്കോട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രവും വായനശാലയും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെ ബോംബേറ്. പുലര്‍ച്ചെ 1.30 ഓടെയാണു സംഭവം. ബോംബേറില്‍ തുടര്‍വിദ്യാകേന്ദ്രത്തിന്‍റെ വാതില്‍ തകര്‍ന്നു.ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കണ്ണൂരില്‍ നിന്നു ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്നു കരുതുന്നു.
അയ്യപ്പജ്യോതിയിൽ പങ്കെടുത്തവർക്കെതിരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ഇന്ന് ദേശ വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നു
തിരുവനന്തപുരം:കണ്ണൂര്‍ കാസര്‍ഗോഡ് അതിര്‍ത്തിയായ കാലിക്കടവിലും കരിവെള്ളൂരിലും അയ്യപ്പജ്യോതിയിൽ പങ്കെടുത്തവർക്കെതിരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ഇന്ന് ദേശ വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നു.കേരളത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറും .ആറ് പേര്‍ക്ക് ആണ് ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ കല്ലേറില്‍ പരിക്കേറ്റത്.സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.
ആന്റിബയോട്ടിക് ഇല്ലാത്ത ചിക്കന്‍ വർഷം മുഴുവൻ 87 രൂപയ്ക്ക് ലഭ്യമാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 30ന് തുടക്കമാവും
കോഴിക്കോട്:ആന്റിബയോട്ടിക് ഇല്ലാത്ത ചിക്കന്‍ വർഷം മുഴുവൻ 87 രൂപയ്ക്ക് ലഭ്യമാക്കുക എന്ന ലഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 30ന് തുടക്കമാവും.പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കോഴിയിറച്ചി 140-150 രൂപ നിരക്കില്‍ ലഭ്യമാക്കും.ശുദ്ധമായ മാംസോല്‍പാദനം ഉറപ്പുവരുത്തുന്നരീതിയില്‍ ഫാമുകളെയും കടകളെയും നവീകരിക്കുക, വിപണിയിലെ ഇടത്തട്ടുകളെ ഒഴിവാക്കി ഉല്‍പാദകനും ഉപഭോക്താവിനും ന്യായവില സ്ഥിരെപ്പടുത്തുക, കോഴിമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നോഡല്‍ ഏജന്‍സിയായ ബ്രഹ്മഗിരി ഡവലപ്മന്റ് സൊസൈറ്റി ചെയര്‍മാന്‍ പി. കൃഷ്ണപ്രസാദ്, കേരള ചിക്കന്‍ പദ്ധതി ഡയറക്ടര്‍. ഡോ. നൗഷാദ് അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അഞ്ചുവര്‍ഷംകൊണ്ട് പ്രതിദിനം രണ്ടുലക്ഷം കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്ന ബ്രീഡര്‍ ഫാമുകള്‍ 6,000 വളര്‍ത്തുഫാമുകള്‍, 2,000 കടകള്‍ എന്നിവ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ വിലയ്ക്കു നല്‍കുമ്ബോള്‍ കമ്ബോളവില താഴുമ്ബോഴുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ സഹായത്തോടെ രൂപവത്കരിക്കുന്ന വിലസ്ഥിരത ഫണ്ടിലൂടെ പരിഹരിക്കും.കര്‍ഷകര്‍ക്ക് കിലോക്ക് 11രൂപ മുതല്‍ വളര്‍ത്തുകൂലി ലഭ്യമാക്കും.
കേരള ഗ്രാമീണ്‍ ബാങ്കില്‍ നടന്നുവന്നിരുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ന്നു
തിരുവനന്തപുരം:കേരള ഗ്രാമീണ്‍ ബാങ്കില്‍ നടന്നുവന്നിരുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ന്നു.ധനകാര്യ മന്ത്രി ഡോ തോമസ് ഐസക്കിന്റെയും തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെയും സാന്നിധ്യത്തില്‍ ബാങ്ക് ചെയര്‍മാനും യൂണിയന്‍ പ്രതിനിധികളുമായി രാവിലെ മുതല്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിൻവലിച്ചത്.ഡിസംബര്‍ 17 മുതലാണ് സംസ്ഥാന വ്യാപകമായി ഗ്രാമീൺ ബാങ്ക് സമരം ആരംഭിച്ചത്. ബാങ്കില്‍ ഒഴിവുള്ള പ്യൂണ്‍ തസ്തികയിലേക്ക് നിയമനം നടത്തണമെന്നും, ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചായിരുന്നു പണിമുടക്ക്.ഗ്രാമീണ ബാങ്കിന്റെ 410 ശാഖകളില്‍ പ്യൂണ്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. 633 ശാഖകളും 10 റിജീണല്‍ ഓഫീസുകളുമുള്ള ബാങ്കില്‍ ഇപ്പോള്‍ കേവലം 257 സ്ഥിരം പ്യൂണ്‍മാര്‍ മാത്രമേ നിലവിലുള്ളു.ഒത്തുതീര്‍പ്പ് പ്രകാരം 2016 ല്‍ കണ്ടെത്തിയിരുന്ന 329 വേക്കന്‍സി പുനരവലോകനത്തിന് വിധേയമാക്കും.3 മാസത്തിനകം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം തേടി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ആരംഭിക്കും. ഡിസംബര്‍ 11 മുതല്‍ മലപ്പുറത്തെ ബാങ്ക് ഹെഡ്‌ഓഫീസില്‍ നടന്നുവന്നിരുന്ന അനിശ്ചിത കാല നിരാഹാര സമരവും ഇന്ന് പിന്‍വലിച്ചു.കെ പ്രകാശന്‍, കെ കെ രജിത മോള്‍, കെ ജി മദനന്‍, എന്‍ സനില്‍ ബാബു എന്നിവരാണ് നിരാഹാര സമരത്തിലേര്‍പ്പെട്ടിരുന്നത്.10 ദിവസമായി ബാങ്കില്‍ നടന്നുവന്നിരുന്ന പണിമുടക്കുമൂലം ബാങ്കിടപാടുകള്‍ സ്തംഭിച്ചിരുന്നു.