കോഴിക്കോട്:കോഴിക്കോട് അന്യസംസ്ഥാന തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.കഴിഞ്ഞ രാത്രി വളയനാട്-മാങ്കാവ് റോഡിലെ കുഴിക്കണ്ടത്ത് പറമ്പിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശി ജയ്‌സിംഗ് യാദവ് (35) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജയ്‌സിംഗ് യാദവിന്‍റെ ബന്ധു ഭരതിനെ മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്.പ്രിന്‍റിംഗ് പ്രസിലെ തൊഴിലാളിയാണ് ഭരത്. ഇയാളെ കാണാനായി ഇന്നലെ ഉത്തര്‍പ്രദേശിലെ തന്നെ സഹോദരനായ ജിതേന്ദ്രനും ഭരതിന്‍റെ ഭാര്യാ സഹോദരനുമായ ജയ്‌സിംഗ് യാദവും എത്തി. മൂവരും രാത്രിയില്‍ സംസാരിച്ചിരിക്കുകയും തുടര്‍ന്ന് മദ്യപിക്കുകയും ചെയ്തു. പിന്നീട് മൂവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഭരത് സമീപത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് ജയ്‌സിംഗ് യാദവിന്‍റെ തലക്കടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.
ഒമാനിൽ വാഹനാപകടത്തിൽ മൂന്നു മലപ്പുറം സ്വദേശികൾ മരിച്ചു
സലാല:ഒമാനിൽ വാഹനാപകടത്തിൽ മൂന്നു മലപ്പുറം സ്വദേശികൾ മരിച്ചു.മലപ്പുറം പള്ളിക്കല്‍ ബസാര്‍ നിവാസികളായ സലാം, അസൈനര്‍, ഇ.കെ അഷ്‌റഫ് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ഉമ്മര്‍ എന്നയാള്‍ പരുക്കേറ്റ് ചികിത്സയിലാണ്. സന്ദര്‍ശന വിസയില്‍ സലാലയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇവര്‍.ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കത്തുകയായിരുന്നുവെന്നാണ് സൂചന.മൃതദേഹങ്ങള്‍ സലാല ഖബൂസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം;നാലാം ദിവസവും സഭ സ്തംഭിച്ചു
തിരുവനന്തപുരം:പ്രതിപക്ഷ ബാലഹത്തെ തുടർന്ന് നിയമസഭ നാലാം ദിവസവും പിരിഞ്ഞു.സഭ തുടങ്ങിയ ഉടനെ ഇന്നും പ്രതിപക്ഷ ബഹളം ആരംഭിച്ചു. സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ പ്രതിപക്ഷം ബാനറുയര്‍ത്തിയതോടെ ഭരണപക്ഷ എംഎല്‍എമാരും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. സഹകരിക്കാമെന്ന വാഗ്ദാനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രിയുമായുള്ള വാക്‌പോരിനെ തുടര്‍ന്ന് ഒടുവില്‍ ബഹളത്തില്‍ കലാശിച്ചു. രാവിലെ സഭ ആരംഭിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തങ്ങള്‍ സഭാ നടപടികളുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. മാത്രമല്ല, യുഡിഎഫിന്റെ മൂന്ന് എംഎല്‍എമാര്‍ നിയമലസഭാ കവാടത്തിനുമുന്നില്‍ സത്യഗ്രഹമിരിക്കുന്നതായും ചെന്നിത്തല അറിയിച്ചിരുന്നു. ഇഎന്നാല്‍, ഇതോടെ കോണ്‍ഗ്രസും ആര്‍എസ്‌എസും ഒത്തുകളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കും ചെയ്തു. മാത്രമല്ല, രാഹുല്‍ ഗാന്ധിയുടേതല്ല, അമിത് ഷായുടെ നിലപാടാണു യുഡിഎഫ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മറുപടിയുമായി എഴുന്നേറ്റ രമേശ് ചെന്നിത്തലയ്ക്കു മൈക്ക് കൊടുക്കാതിരുന്നതാണു പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇതുമായി ബന്ധപ്പെട്ട് സംഭവത്തില്‍ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസ് ബാനറുയര്‍ത്തി മറയ്ക്കകയായിരുന്നു. എല്ലാ ദിവസവും സഭ പെട്ടെന്നു പിരിയേണ്ടിവരുന്ന സാഹചര്യം ശരിയല്ലെന്ന് പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. മാത്രമല്ല, തുടര്‍ച്ചയായി സഭ തടസ്സപ്പെടുന്നത് അനുവദിക്കാനാകില്ലെന്നും, അതുകൊണ്ട് സഭാ നടപടികളുമായി സഹകരിക്കാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങളെ സ്പീക്കര്‍ ശാസിക്കുകയും ചെയ്തുിരുന്നു. ഇതേ തുടര്‍ന്ന് ചോദ്യോത്തരവേളയും സബ്മിഷനും റദ്ദാക്കി നടപടികള്‍ പൂര്‍ത്തിയാക്കി സഭ പെട്ടെന്ന് പിരിയുകയായിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു
കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു.മെമ്മറി കാര്‍ഡ് ഉള്‍പ്പെടെയുള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിയ്ക്ക് അവകാശമുണ്ടെന്ന് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്. കേസിലെ പ്രധാന തെളിവായി പോലീസ് കോടതിയില്‍ ഹാജരാക്കിയത് ഈ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളാണ്. എന്നാല്‍ ഇതില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം. തന്നെ കുടുക്കാന്‍ വേണ്ടി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ പോലീസ് ഹാജരാക്കിയ ദൃശ്യങ്ങള്‍ വേണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോത്തിരിയാണ് കേസില്‍ ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നത്. നേരത്തെ നടന്‍ ഇതേ ആവശ്യം വിചാരണ കോടതിയിലും ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടു കോടതിയും ദിലീപിന്റെ ആവശ്യം തള്ളിയിരുന്നു.
മലപ്പുറത്ത് ലഹരിക്കടിമയായ യുവാവ് സഹോദരനെ കുത്തിക്കൊന്നു
മലപ്പുറം:വളാഞ്ചേരി കൊപ്പം നടുവട്ടത്ത് ലഹരിക്കടിമയായ യുവാവ് ഒൻപതുവയസ്സുകാരനായ സഹോദരനെ കുത്തിക്കൊന്നു.കൊപ്പം നടുവട്ടം കൂര്‍ക്ക പറമ്ബ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹീമാണ് കൊല്ലപ്പട്ടത്. അനുജന്‍ ഏഴ് വയസ്സുകാരനായ അഹമ്മദിനും കുത്തേറ്റു. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹോദരന്‍ നബീല്‍ ഇബ്രാഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്കടിമയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച മുഹമ്മദ് ഇബ്രാഹിം.മാതാപിതാക്കളുമായുള്ള വഴക്കിനിടയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഇബ്രാഹിമിന് കുത്തേറ്റത്. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ മുഹമ്മദ് ഇബ്രാഹിമിനേയും അനുജന്‍ അഹമ്മദിനേയും ഉടന്‍ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് ഇബ്രാഹിമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.കുട്ടികളെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട സഹോദരന്‍ നബീലിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. കോയമ്പത്തൂരിൽ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിയായ പ്രതി നബീല്‍ ഏറെ നാളായി കഞ്ചാവ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.
കൈത്തറി സ്‌കൂള്‍ യൂണിഫോം: കൈത്തറി മേഖലയ്ക്ക് 40.26 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം:സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ കൈത്തറി മേഖലക്ക് 40.26 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇതില്‍നിന്നും നെയ്ത്തു തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കൂലിയിനത്തില്‍ 21.19 കോടി രൂപ കൈത്തറി ഡയറക്ടര്‍ അതാതു ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍മാര്‍ക്ക് നല്‍കി. ഇന്നും നാളെയുമായി തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും.അടുത്ത അധ്യയന വര്‍ഷത്തേക്ക് 42 ലക്ഷം മീറ്റര്‍ തുണി നെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് കൈത്തറി മേഖലയില്‍ നടക്കുന്നത്. ഇതിനു 108 കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഡിസൈന്‍ ചെയ്ത ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ കൈത്തറിയില്‍ നെയ്‌തെടുത്തു വിപണിയില്‍ എത്തിക്കും. ഹാന്‍ടെക്‌സ് മുഖേന പ്രീമിയം കൈത്തറി ഉല്‍പ്പന്നങ്ങള്‍ ആധുനിക രീതിയില്‍ തയ്യാറാക്കി വിപണനം നടത്താനും പദ്ധതിയുണ്ട്. കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയോടൊപ്പം ഇതര കൈത്തറി ഉല്‍പ്പന്നങ്ങളും മാര്‍ക്കറ്റില്‍ ആവശ്യത്തിന് ലഭ്യമാക്കാനും തൊഴിലാളികള്‍ക്ക് പൂര്‍ണമായും തൊഴില്‍ നല്‍കാനും ഇതുവഴി കഴിയുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.
മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു ബുഷ്(സീനിയർ)അന്തരിച്ചു
വാഷിങ്ടൺ:മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു ബുഷ് അന്തരിച്ചു.മകന്‍ ജോര്‍ജ്ജ് ബുഷാണ് മരണ വിവരം പുറത്തുവിട്ടത്.പാര്‍ക്കിങ്‌സണ്‍ രോഗബാധിതനായ അദ്ദേഹം ഏറെക്കാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു.രോഗബാധയെ തുടന്ന് വീല ചെയറില്‍ കഴിയുന്ന സീനിയര്‍ ട്രംപിനെ സമീപ കാലത്ത് ശ്വാസകോശ സംബന്ധമായ പ്രശനങ്ങളെ തുടര്‍ന്ന് പലതകവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജോര്‍ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ് എന്ന സീനിയര്‍ ബുഷ് 1989 മുതല്‍ 1993 വരെ യുഎസ് പ്രസിഡന്റായിരുന്നു. അമേരിക്കയുടെ നാല്പത്തിയൊന്നാമത് പ്രസിഡന്റായിരുന്നു അദ്ദേഹം. യുഎസ് കോണ്‍ഗ്രസ് അംഗം, സിഐഎ ഡയറക്ടര്‍, റൊണാള്‍ഡ് റീഗന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബന്ദിപ്പൂർ മേഖലയിൽ മേൽപ്പാലം നിർമിക്കുന്നതിനായി 250 കോടി രൂപ മുടക്കാമെന്ന് സംസ്ഥാന സർക്കാർ
വയനാട്:വയനാട് വഴി ബെംഗളൂരുവിലേക്കുള്ള രാത്രിയാത്ര നിരോധനത്തിന് പരിഹാരമായി ബന്ദിപ്പുർ മേഖലയിൽ മേല്പാലം നിർമിക്കുന്നതിന്റെ 50 ശതമാനം ചിലവ്(250 കോടി രൂപ) സംസ്ഥാന സർക്കാർ വഹിക്കും.ഇക്കാര്യം വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം അനുമതി നൽകി.500 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം നിർമ്മാണച്ചിലവ് പ്രതീക്ഷിക്കുന്നത്.15 മീറ്റർ വീതിവരുന്ന റോഡിൽ ഒരു കിലോമീറ്റർ നീളത്തിലുള്ള അഞ്ചു മേൽപാതകളാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. പ്രശ്നപരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച സബ് കമ്മിറ്റിയിൽ കേരള, കർണാടക സർക്കാരുകൾക്ക് പുറമേ ദേശീയപാത അതോറിറ്റിയും അംഗമാണ്. മേൽപാതകളുടെ അടിഭാഗത്ത് വരുന്ന നിലവിലുള്ള റോഡുകൾ ഫോറസ്റ്റ് ലാൻഡ്സ്കേപ്പായി വന്യമൃഗങ്ങൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ തടസ്സമില്ലാത്ത രീതിയിൽ തയ്യാറാക്കും. ബന്ദിപ്പുർ മേഖലയിൽ മേൽപ്പാലം നിർമിക്കുന്നതിനോട് കർണാടകസർക്കാർ അനുകൂല നിലപാട് നേരത്തേ സബ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇതിനുള്ള ചെലവ് കർണാടകം വഹിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.കടുവ സങ്കേതത്തിലെ സുപ്രധാന മേഖലയടങ്ങുന്ന അഞ്ച് കിലോമീറ്റർ വനപ്രദേശത്താണ് മേൽപ്പാലത്തിലൂടെ വാഹനഗതാഗതം അനുവദിക്കുക. ആകെ 25 കിലോമീറ്റർ ദൂരം കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്നുണ്ട്. അഞ്ച് കിലോമീറ്റർ മേൽപ്പാലം വരുന്ന സ്ഥലം കഴിച്ചുള്ള 20 കിലോമീറ്റർ പ്രദേശത്ത് റോഡിൽ ആന, കടുവ തുടങ്ങിയ മൃഗങ്ങൾ എത്താതിരിക്കാൻ എട്ടടി ഉയരത്തിൽ സ്റ്റീൽ വയർകൊണ്ട് വേലി കെട്ടും. ഇതിനെല്ലാമായി 500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.ഇതിൽ 50 ശതമാനം തുക ദേശീയപാതാ അതോറിറ്റി വഹിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ബാക്കിവരുന്ന 50 ശതമാനം കേരളം വഹിക്കണമെന്നായിരുന്നു സബ്‌കമ്മിറ്റിയുടെ നിർദേശം.ഇതിനാണ് വ്യാഴാഴ്ച മുഖ്യമന്ത്രി അനുമതി നൽകിയത്.ബന്ദിപ്പുർ വഴിയുള്ള രാത്രിയാത്ര പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് വ്യാഴാഴ്ച സംസ്ഥാനസർക്കാർ എടുത്തത്.ഇതോടെ ദേശീയപാത 212 ഇൽ ബന്ദിപ്പൂർ-വയനാട് ദേശയീയപാർക്ക് വഴിയിലൂടെ പത്തുവർഷമായി ഏർപ്പെടുത്തിയിരുന്ന രാത്രികാല യാത്രാനിരോധനത്തിന് സർക്കാരിന്റെ നീക്കം പരിഹാരമാവും.
ശബരിമലയിലെ യുവതീ പ്രവേശന വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എൻഎസ്എസ് പങ്കെടുക്കില്ല
തിരുവനന്തപുരം:ശബരിമലയിലെ യുവതീ പ്രവേശന വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എൻഎസ്എസ് പങ്കെടുക്കില്ല.എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ന് വൈകീട്ടാണ് മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗം. എസ്‌എന്‍ഡിപി തീരുമാനം കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.ശബരിമലയിലെ നിരോധനാജ്ഞ, പൊലീസ് നിയന്ത്രണം, വിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്‍റെ തിടുക്കം എന്നിവയെല്ലാം എന്‍എസ്എസിനെ ചൊടിപ്പിച്ചിരുന്നു.യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് വ്യക്തമായിരിക്കുകയാണ്. നവോത്ഥാനപാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകൾ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സർക്കാർ നിലപാട്.യോഗക്ഷേമ സഭാ നേതാക്കളടക്കം നിരവധി സംഘടനകളെയും ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ശബരിമല പ്രശ്നത്തിൽ ബിജെപിക്കൊപ്പം ഇല്ലാത്ത സംഘടനകളുടെ പിന്തുണ ഉറപ്പാക്കൽ ആണ് സർക്കാരിന്‍റെ ലക്ഷ്യം.
ശബരിമലയിൽ കെ.പി ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പോലീസുകാർക്ക് അവാർഡ്
ശബരിമല:ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പോലീസുകാര്‍ക്ക് ഡിജിപി അവാർഡ് പ്രഖ്യാപിച്ചു.10 വനിതാ പോലീസുകാര്‍ക്കാണ് സദ്സേവനാ രേഖയും ക്യാഷ് അവാര്‍ഡും നൽകുക.സിഐമാരായ കെഎ എലിസബത്ത്, രാധാമണി, എസ്‌ഐ മാരായ വി അനില്‍കുമാരി, സി.ടി ഉമാദേവി, വി പ്രേമലത, സീത, സുശീല, കെഎസ് അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥര്‍.സിഐ മാര്‍ക്ക് 1000 രൂപവീതവും എസ്‌ഐമാര്‍ക്ക് 500 രൂപ വീതവുമാണ് അവാര്‍ഡ്. ഈ ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവില്‍ പറയുന്നു.ശബരിമലയിലെത്താതെ മടങ്ങിപ്പോവില്ലെന്ന നിലപാടിലായിരുന്നു ശശികല. നെയ്യഭിഷേകം നടത്തണമെന്നും ഹരിവരാസനം കണ്ടുതൊഴാന്‍ അനുവദിക്കണമെന്നുമായിരുന്നു ശശികലയുടെ ആവശ്യം. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി രാവിലെ മാത്രമേ മലകയറാന്‍ അനുവദിക്കൂ എന്നായിരുന്നു പോലീസിന്റെ നിലപാട്.അര്‍ധരാത്രിയില്‍ ശബരിമലയിലേക്ക് പോകരുതെന്നും തിരിച്ചുപോകണമെന്നുള്ള പോലീസ് നിര്‍ദ്ദേശം അവഗണിച്ച ശശികലയെ മരക്കൂട്ടത്തുവെച്ച് പുലര്‍ച്ചെ രണ്ട് മണിക്ക് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.അതേസമയം പോലീസുകാർക്ക് പാരിതോഷികം നല്‍കിയതിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. കേട്ട്‌കേള്‍വി പോലുമില്ലാത്ത നടപടിയാണ് സംസ്ഥാന പോലീസ് മേധാവിയുടെ അവാര്‍ഡ് പ്രഖ്യാപനം. പിടികിട്ടാപ്പുള്ളികളെയും ഭീകരപ്രവര്‍ത്തരേയും കീഴടക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തരം അവാര്‍ഡുകള്‍ നല്‍കാറുള്ളതെന്നും ഹിന്ദുസംഘടനകള്‍ വിമര്‍ശിക്കുന്നു.