പ്രളയം;കേരളത്തിന് കേന്ദ്രം 3,048 കോ​ടി​യു​ടെ ധനസഹായം അനുവദിച്ചു

keralanews central govt allocated 3048crore to kerala for flood relief

ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിന് 3,048.39 കോടി രൂപയുടെ കേന്ദ്രസഹായം അനുവദിച്ചു.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയുടേതാണ് തീരുമാനം.കേരളത്തിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.5,700 കോടി രൂപയാണ് പല ഘട്ടങ്ങളായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യ ഘട്ടത്തില്‍ 100 കോടി രൂപയും രണ്ടാം തവണ 500 കോടി രൂപയും അനുവദിച്ചിരുന്നു.കേരളത്തെ കൂടാതെ ഒഡീഷ, ആന്ധ്രാപ്രദേശ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ശബരിമലയിലെ നിരോധനാജ്ഞ ഭക്തർക്ക് തടസം സൃഷ്ട്ടിക്കുന്നില്ലെന്ന് ഹൈക്കോടതി

keralanews the prohibitory order in sabarimala did not affect the deveotees in sabarimala said high court

പത്തനംതിട്ട:ശബരിമലയിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഭക്തർക്ക് തടസ്സം സൃഷ്ട്ടിക്കുന്നില്ലെന്ന് ഹൈക്കോടതി. ശബരിമല നിരീക്ഷക സമിതിയാണ് ഇക്കാര്യം അറിയിച്ചതെന്നും, ഇപ്പോള്‍ സുഗമമായ തീര്‍ത്ഥാടനം സാദ്ധ്യമാകുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. നിരോധനാജ്ഞ സര്‍ക്കാരും അനുകൂലിച്ചിട്ടുണ്ട്. ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും, ഇത് ഭക്തര്‍ക്ക് തടസമല്ലെന്നും കോടതി വ്യക്തമാക്കി.

കെ.സുരേന്ദ്രന്റെ റിമാൻഡ് കാലാവധി ഈ മാസം 20 വരെ നീട്ടി

keralanews remand period of k surendran extended to 20th of this month

പത്തനംതിട്ട: ശബരിമലയില്‍ സ്ര്തീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജയിലിൽ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെ നീട്ടി.പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയത്.ചിത്തിര ആട്ട വിശേഷ പൂജ സമയത്ത് ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയായ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസിലാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തിട്ടുള്ളത്.അതേസമയം പൊലീസ് തനിക്കെതിരെ തെറ്റായ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ നല്‍കകുയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇന്ന് സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കെ.സുരേന്ദ്രനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

keralanews high court critisises k surendran

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നിലയ്ക്കലിലും ശബരിമലയിലും മറ്റും നടത്തിയ ആക്രമണങ്ങളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ഒരു തരത്തിലും ന്യായീകരിന്‍ കഴിയാത്ത ഒന്നാണെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും കോടതി ചോദിച്ചു. സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെയൊരു പെരുമാറരുതായിരുന്നുവെന്നും ഭക്തിയുടെ പേരില്‍ കലാപം അഴിച്ചു വിടരുതെന്നും ഹൈക്കോടതി പറഞ്ഞു.  അതേസമയം സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ സർക്കാർ കോടതിൽ ശക്തമായി എതിര്‍ത്തു. സുരേന്ദ്രന്റെ പ്രവൃത്തികള്‍ ന്യായീകരിക്കാനാവില്ലെന്നും ഭക്തര്‍ കാണിക്കുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഒരു സംഘമാളുകള്‍ ശബരിമലയില്‍ കലാപം അഴിച്ചു വിടാന്‍ നിരന്തരം ശ്രമിക്കുകയാണെന്നും ഈ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് സുരേന്ദ്രനെന്നും സുരേന്ദ്രന്‍ സുപ്രീംകോടതി വിധിയെ മാനിച്ചില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. വാദം കേട്ടതിനു ശേഷം സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ബാക്കി വാദം പൂര്‍ത്തിയാക്കി നാളെ വിധി പറയുമെന്ന് ഹൈക്കോടതി അറിയിച്ചു.

കുഷ്ടരോഗ നിർണയ പ്രചാരണ പരിപാടി ‘അശ്വമേധം’ ജില്ലയിൽ ആരംഭിച്ചു

keralanews leprosy diagnostic campaign aswamedham started in the district

കണ്ണൂർ:ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള കുഷ്‌ഠരോഗ നിർണയ പ്രചാരണ പരിപാടിയായ ‘അശ്വമേധം’ ജില്ലയിൽ തുടങ്ങി.പി.കെ ശ്രീമതി എം പി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.പയ്യാമ്പലത്തെ ലക്കി എന്ന കുതിരയെ ഉപയോഗിച്ചാണ് യാത്ര.ഡിസംബർ 18 വരെയാണ് അശ്വമേധം ക്യാമ്പയിൻ.നിലവിൽ ജില്ലയിൽ 64 കുഷ്‌ഠരോഗ ബാധിതർ ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.സമൂഹത്തിൽ കണ്ടുപിടിക്കപ്പെടാത്ത കുഷ്‌ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കി രോഗം നിർമാർജനം ചെയ്യുക എന്നാണത് അശ്വമേധം പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ ചികിത്സയാരംഭിച്ചാൽ വൈകല്യങ്ങൾ ഒഴിവാക്കാം.രോഗബാധിതരെ കണ്ടെത്തുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച ആശ വർക്കർമാരും സന്നദ്ധ പ്രവർത്തകരും വീടുകൾ സന്ദർശിച്ച് ബോധവൽക്കരണവും രോഗനിർണയവും നടത്തും.

കണ്ണൂർ വിമാനത്താവളത്തിൽ കൃത്രിമ കുന്നും

keralanews artificial hill in kannur airport

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ വിസ്മയമൊരുക്കി കൃത്രിമ കുന്ന്.മറ്റിടങ്ങളിൽ  വിമാനത്താവളത്തിനായി കുന്നുകൾ ഇടിച്ചു നിരത്തുമ്പോൾ കണ്ണൂർ വിമാനത്താവള റൺവേയ്ക്ക് സമീപം തലയുയർത്തി നിൽക്കുകയാണ് ഈ കൃത്രിമ കുന്ന്.പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മ്മിച്ച കുന്നാണ് ഇത്. എന്‍ജിനീയറിങ് വൈദഗ്ധ്യവും മനുഷ്യാധ്വാനവും ചേര്‍ന്ന് യാഥാർഥ്യമാക്കിയ ഈ കുന്നിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റം ഉള്ളത്.ഇതിനോടുചേര്‍ന്നാണ് 3050 മീറ്ററുള്ള റണ്‍വേ. കുന്നുകളും കുഴികളും നിറഞ്ഞ മൂര്‍ക്കന്‍പറമ്ബ് എങ്ങനെ നിരപ്പാക്കാമെന്ന ചര്‍ച്ചയ്ക്കിടയിലാണ് കുന്നുണ്ടാക്കാനുള്ള തീരുമാനമുണ്ടായത്.സിക്കിം വിമാനത്താവളത്തിനുവേണ്ടി 70 മീറ്റര്‍ ഉയരത്തിലുണ്ടാക്കിയ കുന്നാണ് ഇത്തരത്തില്‍ നേരത്തേയുള്ള നിര്‍മ്മിതി. അതിനെ മറികടക്കുന്ന കണ്ണൂരിലെ കുന്നിന് 88 മീറ്ററാണ് ഉയരം. 240 മീറ്റര്‍ നീളവും 150 മീറ്റര്‍ വീതിയും 65 ഡിഗ്രി ചരിവുമുണ്ട്.ചെന്നൈ ഐ.ഐ.ടി.യിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം തലവന്‍ ഡോ. രാജഗോപാലാണ് രൂപകല്പനയ്ക്ക് നേതൃത്വം നല്‍കിയത്. 40 സെന്റീമീറ്റര്‍ ഉയരത്തില്‍ മണ്ണും അതിനുമുകളില്‍ പോളിപെര്‍പ്പലിന്‍ (പെരാലിങ്ക്) മാറ്റും അടങ്ങിയ പാളികളായാണ് കുന്ന് നിർമിച്ചിരിക്കുന്നത്.കുന്നിനുമുകളില്‍ ഹൈഡ്രോ സീഡിങ് സംവിധാനത്തിലൂടെ പുല്ല് വളര്‍ത്തി. 7.1 ലക്ഷം ലോഡ് (65 ലക്ഷം ക്യൂബിക് മീറ്റര്‍) മണ്ണ് വേണ്ടിവന്നു ഈ കുന്നുണ്ടാക്കാന്‍. വിമാനത്താവളസ്ഥലത്തു നിന്ന് തന്നെ ഇതിനാവശ്യമായ മണ്ണ് ലഭിച്ചു.പൂര്‍ണമായും പരിസ്ഥിതിക്ക് ഇണങ്ങുന്ന ഗ്രീന്‍ഫില്‍ഡ് വിമാനത്താവളമാണ് കണ്ണൂരില്‍ പൂര്‍ത്തിയായിരിക്കുന്നത്. വിമാനത്താവള പരിസരത്ത് പൂച്ചെടികളും മരങ്ങളും നട്ടുവളര്‍ത്തിയിട്ടുമുണ്ട്. മൂര്‍ഖന്‍പറമ്ബിനോട് ചേര്‍ന്ന കൃഷിയിടങ്ങളും വിമാനത്താവളത്തിന്റെ ഭാഗമായി. പ്രധാന കവാടംമുതല്‍ ടെര്‍മിനല്‍ കെട്ടിടംവരെ പൂച്ചെടികള്‍ ആണ്. വിവിധ നിറങ്ങളിലുള്ള ഇലച്ചെടികള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ടെര്‍മിനല്‍ കെട്ടിത്തിന് മുന്‍പില്‍ തെയ്യത്തിന്റെ മുടിയുടെ രൂപത്തില്‍ പൂന്തോട്ടം ഉണ്ടാകും. സാധ്യമായ സ്ഥലങ്ങളിലെല്ലാം പുല്‍ത്തകിടിയും വളര്‍ത്തി. പാര്‍ക്കിങ് മൈതാനത്തോട് ചേര്‍ന്ന് പേരയും കണിക്കൊന്നയും നട്ടു. വിമാനത്താവളത്തിലേക്കുള്ള റോഡുകളോട് ചേര്‍ന്ന് പൂച്ചെടികളും സ്ഥാനംപിടിച്ചുകഴിഞ്ഞു.

സംസ്ഥാനത്ത് ഓട്ടോ,ടാക്സി ചാർജ് വർധിപ്പിച്ചു; ഓട്ടോയ്ക്ക് മിനിമം ചാർജ് 25 രൂപ

keralanews auto taxi rate increased in the state minimum charge of auto is rs25

തിരുവനന്തപുരം:സംസ്ഥാനത്ത് ഓട്ടോ ടാക്സി നിൽക്കുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഓട്ടോറിക്ഷയുടെ മിനിമം ചാർജ് ഇതോടെ 20 രൂപയിൽ നിന്നും 25 രൂപയായി.ടാക്സിക്ക് 150 രൂപയിൽ നിന്നും 175 രൂപയായും ഉയർത്തി.മന്ത്രിസഭാ തീരുമാനം വ്യാഴാഴ്ച ഗതാഗതമന്ത്രി നിയമസഭയിൽ പ്രഖ്യാപിക്കും.നിലവിൽ ഒന്നരക്കിലോമീറ്ററിനാണ് ഓട്ടോറിക്ഷകൾക്ക് മിനിമം ചാർജ്.മിനിമം നിരക്ക് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 13 രൂപയാകും.ടാക്സികൾക്ക് അഞ്ചുകിലോമീറ്റർ വരെയാണ് മിനിമം ചാർജ് ഈടാക്കുക.തുടർന്നുള്ള ഓരോകിലോമീറ്ററിനും 15 രൂപ ഈടാക്കിയിരുന്നത് 17 രൂപയാകും.ഓട്ടോയുടെ മിനിമം ചാർജ് 30 രൂപയാക്കമാണെന്നും ടാക്സിയുടെത് 200 രൂപയാക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശ നൽകിയിരുന്നു.എന്നാൽ നിരക്ക് കുത്തനെ ഉയർത്തുന്നത് സാധാരക്കാർക്ക് താങ്ങാനാവില്ലെന്ന വിലയിരുത്തലിനെ തുടർന്ന് കമ്മീഷൻ ശുപാർശ മന്ത്രി സഭ അപ്പാടെ അംഗീകരിച്ചില്ല.2014 ലാണ് ഏറ്റവും ഒടുവിൽ ഓട്ടോ,ടാക്സി നിരക്കുകൾ വർധിപ്പിച്ചത്.

എച് ഐ വി ബാധിതയായ യുവതി ചാടി ജീവനൊടുക്കിയ കർണാടകയിലെ 32 ഏക്കർ തടാകം വറ്റിച്ചു

keralanews villegers drain entire lake after hiv infected lady committed suicide in it

ബെംഗളൂരു:എച് ഐ വി ബാധിതയായ യുവതി ചാടി ജീവനൊടുക്കിയ തടാകം നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് അധികൃതര്‍ വറ്റിച്ചു. കര്‍ണാടക ഹുബ്ബള്ളിയിലെ മൊറാബ് ഗ്രാമത്തിലെ 32 ഏക്കർ വിസ്തൃതിയുള്ള തടാകമാണ് ബുധനാഴ്ച വറ്റിച്ചത്. 20 സിഫോണുകളും നാലു മോട്ടോര്‍ പമ്പുകളും തടാകം വറ്റിക്കാന്‍ ഉപയോഗിച്ചു. കഴിഞ്ഞ മാസം 29-നാണ് എച്ച്‌ഐവി ബാധിതയായ പെണ്‍കുട്ടിയുടെ മൃതദേഹം തടാകത്തില്‍നിന്നു കണ്ടെടുത്തത്. പാതി മീന്‍ കൊത്തിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തെ ജനങ്ങള്‍ ഈ തടാകത്തില്‍നിന്നാണ് വെള്ളമെടുക്കുന്നത്. എന്നാല്‍ മൃതദേഹം കണ്ടെത്തിയതോടെ തടാകം വറ്റിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. തടാകത്തിലെ ജലത്തില്‍ എച്ച്‌ഐവി വൈറസ് കലര്‍ന്നിട്ടുണ്ടാകുമെന്നാണു ഇവരുടെ വാദം.നാട്ടുകാരുടെ ആവശ്യത്തിനു വഴങ്ങാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നെന്ന് നവാല്‍ഗുണ്ട് തഹസീല്‍ദാര്‍ നവീന്‍ ഹുള്ളുര്‍ പറഞ്ഞു.വറ്റിച്ച തടാകം ശുദ്ധീകരിച്ചശേഷം സമീപത്തെ മലാപ്രഭ കനാലില്‍നിന്ന് വെള്ളം എത്തിച്ച്‌ തടാകം നിറയ്ക്കാനാണ് അധികൃതരുടെ ശ്രമം. ഈ മാസം ഇരുപതോടെ തടാകം നിറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, നാട്ടുകാരുടെ ഭയത്തിനു യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്ന് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡയറക്ടര്‍ ഡോ.നാഗരാജ് പറഞ്ഞു. എച്ച്‌ഐവി വൈറസിന് എട്ടു മണിക്കൂറില്‍ കൂടുതല്‍ വെള്ളത്തെ അതിജീവിക്കാന്‍ കഴിയില്ലെന്നും 25 ഡിഗ്രി സെന്‍റിഗ്രേഡില്‍ കൂടുതല്‍ താപനിലയില്‍ വസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തി

keralanews theft in balaramapuram after tying old lady

തിരുവനന്തപുരം:ബാലരാമപുരത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തി.ബാലരാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്നമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്.മോഷ്ടാക്കളുടെ ആക്രമണത്തില്‍ ഇവർക്ക് പരിക്കേറ്റിട്ടുണ്ട്.11 പവന്‍ സ്വര്‍ണവും ഇവിടെനിന്നും മോഷ്ടാക്കള്‍ കവര്‍ന്നു. നേരത്തെ വാടകയ്ക്കു താമസിച്ചവരാണ് മോഷണത്തിനു പിന്നിലെന്ന് രത്നമ്മ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കണ്ണൂർ പീഡനക്കേസ്;കസ്റ്റഡിയിലായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

keralanews kannur gang rape case congress workers blocked the thaliparamba police station saying that police trying to help the accused dyfi leader in the case

കണ്ണൂർ:പറശ്ശിനിക്കടവിലെ ലോഡ്ജിൽ വിദ്യാർത്ഥിനിയെ കൂട്ടമാനഭം ചെയ്ത കേസിൽ പിടിയിലായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമം നടത്തുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഉപരോധ സമരത്തിൽ പങ്കെടുത്തു.പ്രതികളുടെ അറസ്റ്റ് പോലീസ് വൈകിപ്പിച്ചതോടെ ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സമരവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്.പത്ത് മിനുട്ടിലേറെ പോലീസ് സ്റ്റേഷന്റെ മുൻപിലുള്ള റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഇവരെ പിന്നീട് എസ്‌ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലീസ് ബലം പ്രയോഗിച്ച്‌ നീക്കം ചെയ്തു. ഏറെനേരം പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. റോഡ് ഉപരാധത്തിന് നേതൃത്വം നൽകിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ടി.വി.രവീന്ദ്രന്‍, പി.രാജീവന്‍,മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്  രജനി രമാനന്ദ്,ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ ദാമോദരന്‍, വി.രാഹുല്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.