മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം അല്പസമയത്തിനകം നാടിനു സമർപ്പിക്കും.രാവിലെ 9.55ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ആദ്യ വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യും.രാവിലെ 7.30ഓടെ ഉദ്ഘാടന വേദി ഉണർന്നു.മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ കേളികൊട്ട് അടക്കമുളള കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി.പത്ത് മണിയോടെ മുഖ്യവേദിയിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. ഒരു ലക്ഷത്തിലധികം പേര്‍ ഉദ്ഘാടന ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ. ഇവരെ സ്വീകരിക്കാന്‍ വലിയ ക്രമീകരണങ്ങളാണ് മട്ടന്നൂരില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനദിവസമായ ഇന്ന് 15 വിമാനങ്ങള്‍ വിമാനത്താവളത്തിലുണ്ടാകും.അബുദാബിയിലേക്ക് ആദ്യ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനു പുറമെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കിയാല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ എത്തുന്ന വിമാനങ്ങളാണ് ഇവിടെയുണ്ടാകുക. കൂടാതെ വ്യോമസേന, നാവിക സേന എന്നിവയുടെ വിമാനങ്ങളുമുണ്ടാകും.ഉച്ചയ്ക്ക് 12.20ന് ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ഗോ എയര്‍ വിമാനവും കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുമായെത്തും. ഉദ്ഘാടനച്ചടങ്ങിനെത്തുന്ന വിശിഷ്ടാതിഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെയും വഹിച്ച് ഉച്ചകഴിഞ്ഞ് മൂന്നിന് ഈ വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെടും.
കണ്ണൂർ വിമാനത്താവളം ഉൽഘാടനത്തിന് ഇനി മണിക്കൂറുകൾ മാത്രം;ഉൽഘാടന ദിനം എയർപോർട്ടിൽ പതിനഞ്ചോളം വിമാനങ്ങൾ
മട്ടന്നൂർ:കണ്ണൂരിൽ നിന്നും ആദ്യ വിമാനം പറന്നുയരാൻ ഇനി മണിക്കൂറുകൾ മാത്രം.വിമാനത്താവളത്തെ വരവേൽക്കുവാനുള്ള ആഘോഷത്തിലാണ് നാടും നാട്ടുകാരും.കിയാല്‍ എം.ഡി വി തുളസീദാസിന്റെ നേതൃത്വത്തില്‍ വിമാനത്താവളം ഉദ്ഘാടനത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ നടന്നുവരികയാണ്. അബുദാബിയിലേക്കുള്ള ആദ്യവിമാനത്തിലെ യാത്രക്കാരെ വായന്തോട് ജംഗ്ഷനില്‍ ഞായറാഴ്ച രാവിലെ ആറു മണിക്ക് സ്വീകരിച്ച് എയർപോർട്ടിലെത്തിക്കും. ഇവരെ സ്വീകരിക്കുന്നതിന് വായന്തോട്ട് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.യാത്രക്കാരെ അലങ്കരിച്ച നാലു ബസുകളില്‍ ഏഴു മണിയ്ക്കകം വിമാനത്താവളത്തിൽ എത്തിക്കും. യാത്രക്കാരുടെ ലഗേജുകള്‍ കൊണ്ടപോകുന്നതിനായി പ്രത്യേക വാഹനവും ഏര്‍പ്പാടാക്കും. ഏഴു മണിക്ക് ടെര്‍മിനല്‍ കെട്ടിടത്തില്‍ മന്ത്രിമാരുടെയും വിശിഷ്ടാതിഥികളുടെയും നേതൃത്വത്തില്‍ യാത്രക്കാരെ സ്വീകരിക്കും.രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 9.55ന് അബുദാബിയിലേക്കുള്ള ആദ്യ യാത്രാവിമാനം ഇരുവരും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ദിനത്തില്‍ പതിനഞ്ചോളം വിമാനങ്ങള്‍ എയര്‍പോര്‍ട്ടിലുണ്ടാവും.ഉദ്ഘാടന വേദിയില്‍ 7.30 മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
സംസ്ഥാന സ്കൂൾ കലോത്സവം;രണ്ടാം ദിനം കോഴിക്കോട് ജില്ല മുൻപിൽ
ആലപ്പുഴ:അൻപത്തിയൊൻപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം ദിനം കോഴിക്കോട് ജില്ലാ ഒന്നാമത്.ആദ്യം തൃശ്ശൂര്‍ ജില്ലയായിരുന്നു ഒന്നാം സ്ഥാനത്ത്.എന്നാല്‍ വെറും ഒരു പോയിന്റ് വ്യത്യാസത്തില്‍ കോഴിക്കോട് രണ്ടാം ദിനം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.നിലവില്‍ കോഴിക്കോടിന് 345 പോയിന്റും തൃശൂരിന് 344 പോയിന്റുമാണ്. വാശിയേറിയ മത്സരവീര്യത്തോടെ കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകള്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നുണ്ട്.രണ്ടാം ദിനമായ ഇന്ന് 75 ഇനങ്ങളിലെ മത്സരങ്ങളാണ് നടക്കുക.ഹയര്‍സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി, ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം, ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിര, പരിചമുട്ടുകളി, കോല്‍ക്കളി, പഞ്ചവാദ്യം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് അരങ്ങിലെത്തുന്നത്.
ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു
ഇരിട്ടി:ആറളം ഫാമില്‍ വീണ്ടും കാട്ടാനയാക്രമണത്തില്‍ ഒരാള്‍ മരിച്ചു. പത്താം ബ്ലോക്കിലെ കൃഷ്ണന്‍ മണക്കാവ് (45) ആണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. അടുത്തിടയും സമാനരീതിയില്‍ ആറളം ഫാമില്‍ ഒരാള്‍ മരിച്ചിരുന്നു. തുടര്‍ച്ചയായി കാട്ടാനയാക്രമണം ഉണ്ടാകാറുള്ള പ്രദേശമാണിത്.
കെ.സുരേന്ദ്രൻ ജയിൽ മോചിതനായി
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് അറസ്‌റ്റിലായ ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിന് മുന്നില്‍ നാമജപവുമായി സുരേന്ദ്രനെ സ്വീകരിക്കാന്‍ പാര്‍ട്ടി ഉന്നത നേതാക്കളടക്കം നിരവധി പ്രവര്‍ത്തകരാണ് എത്തിയത്. ചിത്തിര ആട്ട വിശേഷ സമയത്ത് തീര്‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലും ജാമ്യം ലഭിച്ചതോടെയാണ് മോചനം സാധ്യമായത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് അടക്കമുള്ള കര്‍ശന നിര്‍ദ്ദേശങ്ങളോടെയാണ് ജാമ്യം അനുവദിച്ചത്.കഴിഞ്ഞ 22 ദിവസമായി ജയിലില്‍ കഴിയുകയായിരുന്ന സുരേന്ദ്രന് ബിജെപി നേതൃത്വം വന്‍വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും തിരുവനന്തപുരത്ത് കെ.സുരേന്ദ്രനെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നും പുറത്തുവന്ന സുരേന്ദ്രനെ ആരാധകര്‍ തോളിലേറ്റിയാണ് തുറന്ന ജീപ്പിലേയ്ക്ക് എത്തിച്ചത്. തുടര്‍ന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്ബടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും. അതിന് മുന്‍പ് അദ്ദേഹം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തും.ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകിട്ടോടെ റാന്നി കോടതിയിൽ പൂർത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഴു മണി കഴിഞ്ഞതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല.
കൊല്ലത്ത് ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു
കൊല്ലം:രാമൻകുളങ്ങരയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു.സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഫ്രാന്‍സിസ് (21), ജോസഫ് (19), സിജിന്‍ (21), എന്നിവരാണ് മരിച്ചത്. ഇവര്‍ നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ സ്വദേശികളാണ്. രാത്രി ഒന്നേമുക്കാല്‍ മണിയോടെ ദേശീയപാതയില്‍ മാതൃഭൂമി ഓഫീസിന് സമീപമായിരുന്നു അപകടം നടന്നത്.
കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം
ന്യൂഡൽഹി:കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. പരിപാടിക്ക് എത്തില്ലെന്ന് കാണിച്ച കണ്ണന്താനം വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. സംസ്ഥാന സര്‍ക്കാര്‍ ആദ്യം ക്ഷണിച്ചവരുടെ പട്ടികയില്‍ കണ്ണന്താനത്തിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ ഓഫീസ് പറഞ്ഞതിനെ തുടര്‍ന്നാണ് ഉദ്ഘാടനത്തിന് കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റി തന്നെ ക്ഷണിച്ചത്. സമ്മര്‍ദത്തിന് വഴങ്ങിയുള്ള ക്ഷണം തനിക്ക് വേണ്ടെന്നും സുരേഷ് പ്രഭുവിന് അയച്ച കത്തില്‍ കണ്ണന്താനം ചൂണ്ടിക്കാട്ടി.വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ വ്യക്തമാക്കിയിരുന്നു
ഇനി ഡോളറിനെ ആശ്രയിക്കേണ്ട;സ്വന്തം കറൻസിയിൽ വ്യാപാര വിനിമയം നടത്താനുള്ള കറന്‍സി സ്വാപ് കരാറില്‍ ഒപ്പിട്ട് ഇന്ത്യയും യുഎഇയും
ദുബായ്:വ്യാപാര വിനിമയം നടത്തുന്നതിനായി ഇന്ത്യക്കും യുഎഇയ്ക്കും ഇനി ഡോളറിനെ ആശ്രയിക്കേണ്ട.സ്വന്തം കറൻസിയിൽ തന്നെ വ്യാപാര വിനിമയം നടത്തുന്നതിനുള്ള കറന്‍സി സ്വാപ് കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.ഇതോടെ മറ്റൊരു കറന്‍സിയുടേയും മധ്യസ്ഥം ഇല്ലാതെ ഇരുരാജ്യങ്ങള്‍ക്കും വ്യാപാര വിനിമയം നടത്താം. അതുകൊണ്ടു തന്നെ ഡോളറിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഇരുരാജ്യങ്ങളുടേയും വിനിമയത്തെ ബാധിക്കില്ല.കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ഇത് സംബന്ധിച്ച ധാരണാ പത്രം കൈമാറി.യുഎസ് ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേശകറന്‍സികളെ ഒഴിവാക്കി രൂപയിലും ദിര്‍ഹത്തിലും പരസ്പരം നേരിട്ടുള്ള വ്യാപാരം സാധ്യമാക്കുന്നതാണ് കറന്‍സി സ്വാപ് കരാര്‍.50 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷ കരാറില്‍ ഒപ്പുവച്ചിട്ടുള്ള ഇന്ത്യയും യുഎഇയും സ്വന്തം കറന്‍സിയില്‍ ഇടപാടുകള്‍ നടത്താന്‍ തീരുമാനിച്ചത് കയറ്റുമതി ഇറക്കുമതി മേഖലകള്‍ക്ക് ഏറെ സഹായകമാകും.വിവിധ സമയങ്ങളില്‍ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ഉയര്‍ച്ചയും താഴ്‌ച്ചയും ഇന്ത്യയും യുഎഇയും തമ്മിലുള്ള വിനിമയത്തെ ബാധിക്കില്ലെന്നതാണ് കരാറിന്റെ നേട്ടം. ഇന്ത്യ യുഎഇയുമായി സഹകരിച്ച് ആഫ്രിക്കയില്‍ വികസന പ്രവര്‍ത്തനം നടത്താനുള്ള കരാറിലും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഒപ്പുവച്ചിട്ടുണ്ട്.ഊര്‍ജം, ബഹിരാകാശം, നിക്ഷേപം, സുരക്ഷ, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.
നിയന്ത്രണംവിട്ട സ്വകാര്യ ബസ് മതിലിലിടിച്ച് വിദ്യാർത്ഥികളുൾപ്പെടെ 20 പേർക്ക് പരിക്ക്
കാസർകോഡ്:നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്ലാറ്റിന്റെ മതിലിലിടിച്ച് വിദ്യാർത്ഥികളുൾപ്പെടെ 20 പേർക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ ഉപ്പള സോങ്കാലിലാണ് അപകടം. കന്യാല- ഉപ്പള- പെര്‍ള റൂട്ടിലോടുന്ന പഞ്ചമി ബസാണ് അപകടത്തില്‍പെട്ടത്. ബസിന്റെ നിയന്ത്രണംവിട്ട് റോഡരികിലെ ഫ്‌ളാറ്റിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഗുരുതരമായ പരിക്കേറ്റ മൂന്നു പേരെ മംഗളൂരു യൂണിറ്റി ആശുപത്രിയിലും ഒരാളെ കങ്കനാടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.മറ്റുള്ളവരെ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ബേക്കൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ബസില്‍ കൂടുതലായി ഉണ്ടായിരുന്നത്.
കണ്ണൂർ കൂട്ടബലാൽസംഗ കേസ്;രണ്ടു പ്രതികൾ കൂടി പിടിയിൽ
കണ്ണൂർ:പറശ്ശിനിക്കടവിലെ ലോഡ്ജിൽ വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി.ധര്‍മ്മശാല തളിയില്‍ സ്വദേശി അക്ഷയ്,ഇരിട്ടി സ്വദേശി ബവിന്‍ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനഞ്ചായി.കൂട്ടബലാത്സംഗ കേസില്‍ വിവിധ സ്റ്റേഷനുകളിലായി പൊലീസ് രജിസ്ട്രര്‍ ചെയ്ത പതിമൂന്ന് കേസുകളില്‍ ആകെ 19 പ്രതികളാണുളളത്. ഇതില്‍ മൂന്ന് പേര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്തിനെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയായ താളിക്കാവ് സ്വദേശി രാംകുമാറിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ക്ക് പറശ്ശിനിക്കടവ് കൂട്ടബലാത്സംഗ കേസിലും പങ്കുളളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ കൊളച്ചേരി സ്വദേശി ആദര്‍ശിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ കൂടുതല്‍ പെണ്‍കുട്ടികള്‍ സെക്സ് റാക്കറ്റിന്റെ വലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനയി കണ്ണൂര്‍ വനിത സി.ഐയുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.