ചെന്നൈ:ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഉച്ചവെയിലത്ത് ബാസ്‌ക്കറ്റ് ബോള്‍ കളിപ്പിച്ച പെണ്‍കുട്ടി കോര്‍ട്ടില്‍ വീണ് മരിച്ചു.തമിഴ്‌നാട് ആനന്ദപുരം സ്വദേശി മഹിമ ജയരാജനാണ് മരിച്ചത്.നാലായിരത്തോളം മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ചെന്നൈയിലെ മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ തിങ്കളാഴ്‌ച്ച ഉച്ചയ്ക്കാണ് സംഭവം. ഇന്റേണല്‍ മാര്‍ക്കിന്റെ പട്ടികയില്‍ സര്‍വ്വകലാശാല നിര്‍ദ്ദേശിക്കാത്ത കാര്യങ്ങളാണ് അധികൃതര്‍ വിദ്യാർത്ഥികളുടെ മേല്‍ അടിച്ചേല്‍പിപ്പിച്ചിരുന്നത്. സ്പോര്‍ട്സ് ഫോറം എന്ന പേരില്‍ കൊണ്ടുവന്ന പുതിയ ഇനമാണ് തമിഴ്‌നാട് ആനന്ദപുരം സ്വദേശി മഹിമ ജയരാജിന്റെ ജീവന്‍ കവര്‍ന്നത്.ഉച്ചയ്ക്ക് ശേഷം എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധപ്പൂര്‍വ്വം കായികപരിശീലനം നടത്തണമെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ ഉത്തരവ്. ഇതില്‍ തുടക്കം മുതൽ തന്നെ വിദ്യാർഥികൾ എതിര്‍പ്പ് പ്രകടപ്പിച്ചിരുന്നെങ്കിലും അധികൃതര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയിരുന്നില്ല.ഇതനുസരിച്ച് ഉച്ചവെയിലത്ത് ബാസ്‌ക്കറ്റ് ബോള്‍ കളിക്കാനാണ് അധികൃതര്‍ ഒന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥി മഹിമ ജയരാജിനോട് ആവശ്യപ്പെട്ടത്. തലകറങ്ങുന്നുണ്ടെന്ന് പറഞ്ഞിട്ടും അധികൃതര്‍ കൂട്ടാക്കിയില്ല.ശക്തമായ ചൂടിനെ തുടര്‍ന്ന് രക്തസമ്മര്‍ദ്ദം അമിതമായി കുറഞ്ഞ പെണ്‍കുട്ടി കോര്‍ട്ടില്‍ തന്നെ വീണ് മരിക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ദിവസം ചെല്ലും തോറും ശക്തമാവുകയാണ്.പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലെ നടപ്പാക്കിയ നിബന്ധനകള്‍ പിൻവലിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
ട്രെയിനിലേക്ക് ചാടികയറുന്നതിനിടെ ട്രാക്കിനിടയിലേക്ക് വീണ് യുവാവിന്റെ രണ്ടു കാലുകളും അറ്റു
തലശ്ശേരി:ട്രെയിനിലേക്ക് ചാടികയറുന്നതിനിടെ ട്രാക്കിനിടയിലേക്ക് വീണ് യുവാവിന്റെ രണ്ടു കാലുകളും അറ്റു.ഉരുവച്ചാല്‍ നെല്ലൂന്നിയിലെ സിഎച്ച് ഫൈസല്‍ (35) ആണ് തലശേരി റെയില്‍വേ സ്റ്റേഷനില്‍ അപകടത്തില്‍പ്പെട്ടത്.തിങ്കളാഴ്ച രാത്രി പത്തു മണിയ്ക്കാണ് സംഭവം.എറണാകുളത്തേക്ക് പോകാന്‍ തലശേരി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ട്രെയിനിൽ കയറിയ ഫൈസല്‍ വെള്ളം വാങ്ങാന്‍ വീണ്ടും ഇറങ്ങുകയായിരുന്നു. വെള്ളം വാങ്ങിയെത്തിയ ഉടനെ ട്രെയ്ന്‍ പുറപ്പെട്ടപ്പോള്‍ ചാടികയറാന്‍ ശ്രമിക്കവേ കാല്‍ തെന്നി ട്രാക്കിലേക്ക് വീഴുകയായിരുന്നു.ഓടിക്കൊണ്ടിരുന്ന ട്രെയ്‌നിന്റെ ബോഡി ഉരഞ്ഞ് ഇരുകാലുകളും ചതഞ്ഞു. പോലീസും യാത്രക്കാരും ചേര്‍ന്ന് ഉടന്‍ തലശേരി ആശുപത്രിയിലെത്തിച്ചു.തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി.ചതഞ്ഞ ഇരുകാലുകളും ഇന്നലെ രാവിലെ മുറിച്ചുനീക്കി. ഏതാനും വര്‍ഷം മുൻപ് ഫൈസലിന്റെ പിതാവ് ട്രെയ്‌നില്‍ നിന്ന് വീണു മരിച്ചിരുന്നു. ഈ കേസിന്റെ ആവശ്യത്തിന് എറണാകുളത്തേക്ക് പോകവേയാണ് ഫൈസല്‍ അപകടത്തില്‍പ്പെട്ടത്.
തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസ്സിന് തീപിടിച്ചു
തിരുവനന്തപുരം:തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസ്സിന് തീപിടിച്ചു.കാട്ടാക്കടയില്‍ നിന്നെത്തിയ ബസിനാണ് തീപിടിച്ചത്.ഉടന്‍ തീ അണക്കാന്‍ കഴിഞ്ഞതിനാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന വിവരം ലഭ്യമല്ല.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നും പിരിഞ്ഞു
തിരുവനന്തപുരം:പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നും പിരിഞ്ഞു.നിയമസഭയ്ക്കു മുന്നില്‍ സത്യഗ്രഹമിരിക്കുന്ന പ്രതിപക്ഷ എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇന്നും സഭയില്‍ പ്രതിപക്ഷ ബഹളം.ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ത്തന്നെ സത്യഗ്രഹമിരിക്കുന്ന എംഎല്‍എമാർക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.പതിവുപോലെ ശബരിമല വിഷയത്തില്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. ബാനറുകളും പ്ലക്കാര്‍ഡുകളും ഉപയോഗിച്ച് പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറച്ചിരുന്നു.പ്രതിപക്ഷ ബഹളം ശക്തമായതോടെ ചോദ്യോത്തരവേള റദ്ദാക്കി. പിന്നീട് സഭാ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ അറിയിച്ചു.
തെലങ്കാനയിൽ ചന്ദ്രശേഖര റാവു നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും
തെലങ്കാന:തെലങ്കാനയിൽ ചന്ദ്രശേഖര റാവു നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും.ആകെയുള്ള 119 സീറ്റുകളില്‍ 88 സീറ്റിലും വ്യക്തമായ ആധിപത്യം നേടിയാണ് തെലങ്കാന രാഷ്ട്ര സമിതി(ടിആർഎസ്) അധികാരത്തില്‍ കയറുന്നത്. തെലങ്കാനയില്‍ മഹാകൂടമി വിജയം നേടുമെന്ന് ആദ്യഘട്ട കണക്കുകള്‍ വന്നിരുന്നെങ്കിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ടിആര്‍എസ് അധികാരം നിലനിര്‍ത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. 119 സീറ്റുകളില്‍ 88 സീറ്റിലും വ്യക്തമായ ആധിപത്യം നേടിയ ടിആര്‍എസിന്റെ സ്ഥാനാര്‍ത്ഥികള്‍ മിക്കയിടങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. ചന്ദ്രശേഖര്‍ റാവുവും മകന്‍ കെടി രാമ റാവുവും 50000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം കൈവരിച്ചത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാകൂടമി സഖ്യത്തിന് 21 സീറ്റുകളില്‍ മാത്രമാണ് വിജയം ലഭിച്ചത്.ടിഡിപിയുടെ ചന്ദ്ര ബാബു നായിഡുവിനെ ഒപ്പം കൂട്ടിയതാണ് വലിയ പരാജയത്തിന് കാരണമായതെന്ന വികാരം തെലങ്കാനയിലെ കോണ്‍ഗ്രസിനുള്ളില്‍ ശക്തമാകുന്നതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാകൂടമി സഖ്യം തുടരുമോയെന്ന് കണ്ടറിയണം.
കർണാടക വനത്തിനുള്ളിൽ നായാട്ടിനു പോയ മലയാളി വെടിയേറ്റ് മരിച്ചു;രണ്ടുപേർ കസ്റ്റഡിയിൽ
കാസർകോഡ്:കർണാടക വനത്തിനുള്ളിൽ നായാട്ടിനു പോയ മലയാളിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശിയായ ജോര്‍ജ്ജ് വര്‍ഗ്ഗീസാണ് വെടിയേറ്റുമരിച്ചത്. കര്‍ണ്ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റാകാം ഇയാള്‍ മരിച്ചതെന്നാണ് സംശയം.ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ കസ്റ്റഡിയിലാണ്. നായാട്ടിനായാണ് ജോര്‍ജ്ജും സംഘവും വനത്തില്‍ പ്രവേശിച്ചത്. വാഗമണ്‍തട്ട് എന്ന സ്ഥലത്ത് നിന്നാണ് ജോര്‍ജ്ജിന്റെ മൃതദേഹം കണ്ടെടുത്തത്.
മധ്യപ്രദേശിൽ വോട്ടെണ്ണൽ പൂർത്തിയായി;ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് അധികാരത്തിലേക്ക്
ഭോപ്പാൽ:മധ്യപ്രദേശിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് അധികാരത്തിലേക്ക്.ഒരു ദിവസത്തിലധികം നീണ്ട് നിന്ന ആകാംഷയ്ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ മധ്യപ്രദേശിലെ ആകെയുളള 230 സീറ്റുകളില്‍ 114 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.ബിജെപി 109 സീറ്റുകളിലാണ് വിജയിച്ചത്. ബിഎസ്പി 2 സീറ്റുകളിലും എസ്പി ഒരു സീറ്റിലും മറ്റുളളവര്‍ 4 സീറ്റുകളിലും വിജയിച്ചു.കേവല ഭൂരിപക്ഷത്തിന് വേണ്ട 116 എന്ന മാന്ത്രിക സംഖ്യം തൊടാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെങ്കിലും മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പാണ്. എസ്പിയും ബിഎസ്പിയും നേരത്തെ തന്നെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വതന്ത്രരുടെ പിന്തുണയും കോണ്‍ഗ്രസിന് തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരുണ്ടാക്കാനുളള അവകാശ വാദം ഉന്നയിച്ച് കൊണ്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.വോട്ടെണ്ണലിന്റെ പലഘട്ടങ്ങളിലും മാറിമറിഞ്ഞിരുന്നു.ബിജെപിയും കോൺഗ്രസ്സും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് മധ്യപ്രദേശ് സാക്ഷ്യം വഹിച്ചത്.അര്‍ധരാത്രിയിലും തുടര്‍ന്ന വോട്ടെണ്ണലില്‍ കോണ്‍ഗ്രസ്, ബിജെപി ക്യാംപുകള്‍ ഒരുപോലെ ആശങ്കയില്‍ ആയിരുന്നു.ബിജെപിയുടെ പതിനഞ്ച് വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് ഹിന്ദുസ്ഥാന്റെ ഹൃദയഭൂമിയില്‍ വിന്നിക്കൊടി പാറിച്ചിരിക്കുന്നത്. ചെറിയ ഭൂരിപക്ഷത്തിനെങ്കിലും അധികാരത്തില്‍ തുടരും എന്ന ബിജെപിയുടെ പ്രതീക്ഷകളെ മലര്‍ത്തിയടിച്ചാണ് ബിജെപി കോട്ടയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തേരോട്ടം നടത്തിയിരിക്കുന്നത്.
ദോഹ-കണ്ണൂര്‍ എയര്‍ഇന്ത്യ എക്സ്പ്രസ് സർവീസുകൾക്ക് ഇന്ന് മുതൽ തുടക്കം
കണ്ണൂർ:ദോഹ-കണ്ണൂര്‍ എയര്‍ഇന്ത്യ എക്സ്പ്രസ് സർവീസുകൾക്ക് ഇന്ന് മുതൽ തുടക്കമാവും.ഈ സെക്ടറില്‍ ആഴ്ചയില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി എന്നീ ദിവസങ്ങളിലായി നാല് സർവീസുകളാണ് ഉണ്ടാവുക.ദോഹ കണ്ണൂര്‍ വിമാനം(ഐഎക്സ്0774) ഇന്നു രാത്രി 11നു ദോഹയില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 5.45നു കണ്ണൂരിലെത്തും. കണ്ണൂര്‍ ദോഹ വിമാനം(ഐഎക്സ് 0773) കണ്ണൂരില്‍ നിന്ന് രാത്രി 8.20നു പുറപ്പെട്ട് രാത്രി പത്തിനു ദോഹയിലെത്തും. നാലു മണിക്കൂറും15 മിനിറ്റുമായിരിക്കും യാത്രാ സമയം.ബോയിങ് 737800 വിമാനമായിരിക്കും സര്‍വീസ് നടത്തുന്നത്.
പത്തനംതിട്ട ഇലവുങ്കലിൽ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: ഇലവുങ്കലിൽ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു.ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തമിഴ്‌നാട് അരയനെല്ലൂരില്‍ നിന്നുള്ള 57 അംഗ സംഘം ദര്‍ശനം കഴിഞ്ഞു മടങ്ങവേയാണ് ബസ് അപകടത്തില്‍പ്പെട്ടത്. ഇലവുങ്കല്‍ വളവില്‍ നിയന്ത്രണം വിട്ട ബസ് താഴ്ച്ചയിലേയ്ക്ക് മറിയുകയായിരുന്നു.
വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്;രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ്; തെലങ്കാനയില്‍ ടിആര്‍എസ്;മിസോറാമില്‍ എംഎന്‍എഫ്
ന്യൂഡൽഹി:അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുബോൾ ബിജെപി കനത്ത തിരിച്ചടി നേരിടുന്നു.മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് അധികാരത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസ് 115 സീറ്റിലും ബിജെപി 105 ലും ബിഎസ്പി 4 സീറ്റിലും മറ്റുള്ളവര്‍ 6 സീറ്റിലും മുന്നിലാണ്.ഭരണത്തിലായിരുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനം നല്‍കിയത്.
രാജസ്ഥാനിലും ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചു. ഇവിടെയും കോണ്‍ഗ്രസ് അധികാരമുറപ്പിച്ച് മുന്നേറുകയാണ്. വോട്ടെണ്ണല്‍ നടക്കുന്ന 199ല്‍ കോണ്‍ഗ്രസ് 102 ലും ബിജെപി 69 ലും സിപിഐഎം രണ്ടിലും ബിഎസ്പി 6 ലും മറ്റുള്ളവര്‍ 20 ലും മുന്നിലാണ്.
ഭരണത്തിലുണ്ടായിരുന്ന ഛത്തീസ്ഗഢിലും കനത്ത പരാജയമാണ് ബിജെപി നേരിടുന്നത്.ആകെ 90 സീറ്റില്‍ 62 ലും കോണ്‍ഗ്രസ് മുന്നിലാണ്. 13 ഇടത്താണ് ബിജെപി മുന്നിലുള്ളത്. മറ്റുള്ളവര്‍ 9 ടത്ത് ലീഡ് ചെയ്യുന്നു.
തെലങ്കാനയില്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തും. ടിആര്‍എസിന് 86ഉം കോണ്‍ഗ്രസിന് 21ഉം സീറ്റാണ് ലഭിച്ചിരിക്കുന്നത്.മിസോറാമില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ പിന്‍തള്ളി എംഎന്‍എഫ് മുന്നേറി.ആകെ 40 സീറ്റില്‍ എംഎന്‍എഫ് 27 സീറ്റിലും കോണ്‍ഗ്രസ് എട്ടിലും മറ്റുള്ളവര്‍ അഞ്ചിടത്തും മുന്നിലാണ്. ഇവിടെ എംഎന്‍എഫ് അധികാരത്തിലെത്തും.