ഹൈദരാബാദ്:ഇന്ത്യൻ ബാഡ്മിന്ടൻറെ അഭിമാനം എന്ന് വിശേഷിപ്പിക്കാവുന്ന സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരായി.കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഇവര്‍ പ്രണയത്തിലായിരുന്നു. ഇതിന് ഇരട്ടി മധുരം നല്‍കിയാണ് കഴിഞ്ഞ ദിവസം ഇരുവരും ജീവിത കോര്‍ട്ടില്‍ കൈപിടിച്ച് ഒന്നിച്ചത്.ഹൈദരാബാദിലായിരുന്നു വിവാഹച്ചടങ്ങുകള്‍. തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളും രാഷ്ട്രീയ നേതാക്കളും കായിക രംഗത്ത് നിന്നുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇക്കാര്യം സൈനയും കശ്യപും ആരാധകരെ അറിയിച്ചത്.28 കാരിയായ സൈന ഒളിമ്ബിക്സ് വെങ്കല മെഡലും ലോക ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളിയും ഉള്‍പ്പെടെ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. 32 കാരനായ കശ്യാപ് 2013 ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്.
മൈസൂരുവിലെ ക്ഷേത്രത്തിൽ ഭക്ഷ്യവിഷബാധ;12 മരണം
മൈസൂരു:ചാമരാജ നഗറിലെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് 12 മരണം.80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ എട്ടുപേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. മരിച്ചവരില്‍ ക്ഷേത്രത്തിലെ താല്‍ക്കാലിക പാചകക്കാരനായ പുട്ടസ്വമിയുടെ 12 വയസ്സുകാരിയായ മകള്‍ നളിനിയും ഉള്‍പ്പെടുന്നു.പ്രസാദ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തുവീണതായി റിപ്പോര്‍ട്ടുണ്ട്.ഇന്നലെ രാവിലെ പത്തരയോടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തിൽ നിന്നുമാണ് വിഷബാധയേറ്റിരിക്കുന്നത്. അമ്പലത്തിൽ വിശേഷാല്‍ പൂജയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധയേറ്റത്.പൂജാ വേളകളില്‍ ക്ഷേത്രത്തില്‍ പുറത്ത് നിന്ന് കൊണ്ടുവരുന്ന ഭക്ഷണവും വിതരണം ചെയ്യാറുണ്ട്. ഇത്തരത്തില്‍ എത്തിച്ച ഭക്ഷണത്തില്‍ വിഷം കലര്‍ന്നിരുന്നോയെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു.ക്ഷേത്രത്തോട് ചേര്‍ന്ന് പുതുതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങായിരുന്നു വെള്ളിയാഴ്ച. ഇതിന് ശേഷം നല്‍കിയ പ്രസാദം കഴിച്ചവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അഞ്ച് പേര്‍ ക്ഷേത്രമുറ്റത്ത് വെച്ച് തന്നെ മരിച്ചു. 100 ലധികം പേര്‍ ചടങ്ങിനെത്തിയിരുന്നു.കിച്ചുക്കുട്ടി മാരിയമ്മന്‍ കോവിലുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കം നടന്നിരുന്നു.ഇതിനെ തുടര്‍ന്ന് ആരെങ്കിലും വിഷം കലര്‍ത്തിയതാണോ എന്നും സംശയമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ജീവനക്കാരായ രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രസാദം വിതരണം ചെയ്യുന്നതിന് മുൻപ് താന്‍ രുചിച്ചുനോക്കിയിരുന്നു, മണത്തില്‍ ചെറിയ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും തനിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തോന്നാത്തതിനാല്‍ പ്രസാദം വിതരണം ചെയ്യുകയായിരുന്നു. പക്ഷെ പ്രസാദം കഴിച്ച തന്റെ മകള്‍ ഉള്‍പ്പടെയുള്ളവര്‍ മരണപ്പെടുകയായിരുന്നെന്ന് പുട്ടസ്വാമി പറയുന്നു.
അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ പോലീസ് വ്യാജ തെളിവുണ്ടാക്കിയെന്ന കെ.എം ഷാജിയുടെ ഹർജിയിൽ മുന്‍ വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിക്ക് ഹൈക്കോടതി നോട്ടീസ്
കണ്ണൂർ:അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ പോലീസ് വ്യാജ തെളിവുണ്ടാക്കിയെന്ന കെ.എം ഷാജിയുടെ ഹർജിയിൽ മുന്‍ വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.വര്‍ഗ്ഗീയ പരാമര്‍ശങ്ങളടങ്ങിയ ലഘു രേഖകൾ വിതരണം ചെയ്തതിന്റെ പേരിലാണ് കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു.എന്നാല്‍ തിരഞ്ഞെടുപ്പ് കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന കെ.എം.ഷാജിയുടെ പരാതിയില്‍ അന്നത്തെ വളപട്ടണം എസ്‌ഐ. ശ്രീജിത്തുകൊടേരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കയാണ്. വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എന്‍.പി. മനോരമയുടെ വീട്ടില്‍ നിന്നും വര്‍ഗ്ഗീയ പരാമര്‍ശമുള്ള ലഘുലേഖ പിടിച്ചെടുത്തിരുന്നുവെന്ന് എസ്‌ഐ. കൊടേരി ഹൈക്കോടതിയില്‍ സാക്ഷിമൊഴി നല്‍കിയിരുന്നു.ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ.എം.ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. നേരത്തെ കണ്ണൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ എസ്‌ഐ. നല്‍കിയ സ്ഥലമഹസ്സറിലും എഫ്.ഐ. ആറിലും ലഘുലേഖ ഹാജരാക്കിയത് സിപിഎം. ലോക്കല്‍ കമ്മിറ്റി മെമ്ബര്‍ അബ്ദുള്‍ നാസറാണെന്നാണ് പറഞ്ഞിരുന്നത്. ഇതിന്റെ പകര്‍പ്പ് സഹിതം കെ.എം. ഷാജി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ശ്രീജിത്തുകൊടേരി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എസ്‌ഐ.യോട് നേരിട്ട് ഹാജരാവാന്‍ കോടതി നോട്ടീസ് അയച്ചത്.വിവാദ ലഘുലേഖയുടെ പകര്‍പ്പ് സ്‌ക്വാഡിന് ലഭിച്ചത് മനോരമയുടെ വീട്ടില്‍ നിന്നല്ല പൊലീസ് സ്റ്റേഷനില്‍ നിന്നായിരുന്നുവെന്നാണ് എസ്‌ഐ.യുടെ മൊഴി. ഈ മൊഴി കോടതി വിധിയിലും പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് ഇങ്ങനെ ഒരു പകര്‍പ്പ് സ്‌ക്വാഡിന് നല്‍കിയതായി രേഖയൊന്നുമില്ലെന്ന് എസ്‌ഐ. കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഷാജി പറയുന്നു.തനിക്കെതിരെ കോടതിയില്‍ ഉപയോഗിച്ച വിവാദ ലഘുലേഖയുടെ ഉറവിടം സംബന്ധിച്ച് സംശയം ജനിപ്പിക്കുന്നതാണ് ഈ മൊഴികളെന്ന് ഷാജി ആരോപിച്ചിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ.ടി. അബ്ദുല്‍ നാസറാണ് ലഘുരേഖ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയതെന്നാണ് ഷാജിയുടെ വാദം. അബ്ദുല്‍ നാസറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ കേസെടുത്തതെന്നും ലഘുരേഖ സ്റ്റേഷനിലെത്തിച്ചത് അബ്ദുല്‍ നാസറാണെന്ന് തെളിയിക്കുന്ന രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മനോരമയുടെ വീട്ടില്‍ നിന്ന് ലഘുരേഖ പിടിച്ചെടുത്തുവെന്ന് തെറ്റായി മൊഴി നല്‍കിയ എസ്‌ഐ. ശ്രീജിതുകൊടേരി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കെ.എം.ഷാജിയുടെ ഹര്‍ജിയില്‍ പറയുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച എസ്‌ഐക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ഷാജിയുടെ ആവശ്യം.
രാജസ്ഥാനില്‍ അശോക് ഗെഹ്‍ലോട്ട് മുഖ്യമന്ത്രിയാകും;സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രി
ന്യൂഡൽഹി:രാജസ്ഥാനില്‍ അശോക് ഗെഹ്‍ലോട്ട് മുഖ്യമന്ത്രിയാകും.രാജസ്ഥാന്‍ മുഖ്യമന്ത്രിയെ ചൊല്ലി കഴിഞ്ഞ രണ്ട് ദിവസമായി നടന്ന തര്‍ക്കത്തിനൊടുവിലാണ് ഇന്ന് പ്രഖ്യാപനം ഉണ്ടായത്. പ്രശ്ന പരിഹാരത്തിനായി മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റുമായും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു.സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി ആകും. ഒപ്പം രാജസ്ഥാന്‍ പിസിസി അദ്ധ്യക്ഷന്‍ സ്ഥാനത്ത് സച്ചിന്‍ തുടരും.
റേഷൻ കാർഡിൽ പേര് ചേർക്കുന്നതിന് ഇനി ആധാർ കാർഡ് മതി
തിരുവനന്തപുരം:റേഷൻ കാർഡിൽ പേര് ചേർക്കുന്നതിനായി ഇനി മുതൽ റേഷൻ കാർഡ് മതിയെന്ന് പൊതുവിതരണ വകുപ്പ്.വിവാഹം,സ്ഥലം മാറ്റം,വിവര ശേഖരണത്തിലെ പിഴവ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് കാർഡിൽ പേര് ചേർക്കാനാകാതെ പോയ നിരവധിപേർക്ക് ഈ ഉത്തരവ് ഗുണകരമാകും.നേരത്തെ റേഷൻ കാർഡിൽ പേര് ചേർക്കുന്നതിനാവശ്യമായ നോൺ ഇൻക്ലൂഷൻ സർട്ടിഫിക്കറ്റ്,നോൺ റിന്യൂവൽ സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കിയാണ് പൊതുവിതരണ വകുപ്പ് ഡയറക്റ്റർ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.കാർഡ് തിരുത്തൽ അപേക്ഷ വേഗത്തിൽ തീർപ്പാക്കുന്നതിനായി ഉടമ ആവശ്യപ്പെട്ടാൽ മാത്രം പുതിയ കാർഡ് പ്രിന്റ് ചെയ്ത് നൽകിയാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്.റേഷൻ കാർഡ് മാനേജ്‌മന്റ് സിസ്റ്റത്തിൽ ആവശ്യമായ തിരുത്തൽ വരുത്തിയ ശേഷം നിലവിലെ കാർഡിൽ തന്നെ രേഖപ്പെടുത്തി നൽകാനും ജില്ലാ,താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് അനുമതി നൽകിയിട്ടുണ്ട്.
വാജ്‌പേയിയുടെ ചിത്രമുള്ള നൂറു രൂപ നാണയം പുറത്തിറക്കും
ന്യൂഡൽഹി:മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ചിത്രമുള്ള നൂറു രൂപ നാണയം പുറത്തിറക്കും. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രസ്താവന ഉടൻ പുറത്തിറക്കും.നാണയത്തിന് 35 ഗ്രാം തൂക്കമുണ്ടാകും. നാണയത്തിന്റെ ഒരു വശത്ത് വാജ്പേയിയുടെ ചിത്രവും ഇംഗ്ലീഷിലും ദേവനാഗരി ലിപിയിലും അദ്ദേഹത്തിന്റെ പേരും രേഖപ്പെടുത്തും. വാജ്പേയിയുടെ ജനനമരണ വര്‍ഷങ്ങള്‍ യഥാക്രമം 1924, 2018 എന്നിങ്ങനെ ചിത്രത്തിന് താഴെയായി രേഖപ്പെടുത്തുകയും ചെയ്യും.നാണയത്തിന്റെ മറുവശത്ത് അശോകചക്രമുണ്ടാകും.2018 ആഗസ്റ്റ് 16 ന് തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിലാണ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് അന്തരിക്കുന്നത്.അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി നിരവധി സ്ഥലങ്ങള്‍ക്ക് വാജ്പേയിയുടെ പേര് നല്‍കിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ നയാ റായ്പൂരിന്റെ പേര് അടല്‍ നഗര്‍ എന്നാക്കി മാറ്റിയിരുന്നു. ല്കനൗവിലെ ഹസ്രത്ത്ഗഞ്ച് ചൗരായുടെ പേരും അടല്‍ ചൗക്ക് എന്നാക്കി മാറ്റിയിട്ടുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച കേസിൽ മെഹുൽ ചോക്‌സിക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്
ന്യൂഡൽഹി:വജ്രവ്യാപാരി നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി മെഹുൽ ചോക്‌സിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.നിലവിൽ കേസന്വേഷിക്കുന്ന സിബിഐയുടെ അഭ്യർത്ഥനയെ തുടർന്നാണ് രാജ്യാന്തര അന്വേഷണ ഏജൻസിയായ ഇന്റർപോൾ ചോക്‌സിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.തട്ടിപ്പ് വിവരം പുറത്തുവന്നതിന് പിന്നാലെ ഈ വർഷം ആദ്യമാണ് ചോക്‌സി നാടുവിട്ടത്.നിലയിൽ ആന്റിഗ്വയിൽ താമസിക്കുന്ന മെഹുൽ ചോക്‌സി അവിടുത്തെ പൗരത്വം സ്വീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.വജ്രവ്യാപാര കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ എംഡിയാണ് മെഹുൽ ചോക്‌സി.ചോക്‌സിക്കൊപ്പം അനന്തിരവൻ നീരവ് മോദിയും കുടുംബവും നാടുവിട്ടിരുന്നു.
മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം
കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്ന സോഷ്യൽ മീഡിയയിൽ രീതിയിൽ പോസ്റ്റിട്ടതിനെ തുടർന്ന് അറസ്റ്റിലായ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം.മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്നും മൂന്ന് മാസത്തേക്ക് പമ്പ പോലീസ് സ്റ്റേഷന്‍ പിരിധിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ രഹ്നയുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് രഹ്ന ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുലാമാസ പൂജയ്ക്ക് ശബരിമല നടതുറന്നപ്പോഴാണ് രഹന ഫാത്തിമ മലകയറാന്‍ എത്തിയത്. പൊലീസ് സംരക്ഷണത്തില്‍ നടപന്തല്‍വരെ എത്തിയെങ്കിലും കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മടങ്ങേണ്ടി വരികയായിരുന്നു.മലകയറുന്നതിന് മുമ്ബ് രഹന ഫാത്തിമ ഫെയ്സ്ബുക്കില്‍ പങ്ക് വെച്ച ചിത്രമാണ് ഇവര്‍ക്കെതിരായ കേസിനാസ്പദമായത്.കഴിഞ്ഞ നവംബര്‍ 28-നാണ് പത്തനംതിട്ട പോലീസ് രഹ്നയെ അറസ്റ്റ് ചെയ്തത്.
നാദാപുരത്ത് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്
കോഴിക്കോട്:നാദാപുരം പുറമേരിയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ച നാലരയോടെ ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് സൂചന.സ്‌ഫോടനത്തിന് ശേഷം സമീപത്തെ റോഡിലേക്ക് ബൈക്ക് ഓടിച്ച് പോകുന്ന ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ കെട്ടിടത്തിന് തകരാല്‍ സംഭവിച്ചു. നാദാപുരം പൊലീസെത്തി പരിശോധന നടത്തി.
സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു;പാലക്കാട് ബസ്സുകൾക്ക് നേരെ കല്ലേറ്
തിരുവനന്തപുരം:സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. ഹർത്താലിൽ അങ്ങിങ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു.പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി. കല്ലേറിൽ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്‌ക്ക് പുറത്തുനിര്‍ത്തിയിട്ടിരിക്കുന്ന മൂന്ന് ബസുകളുടെ ചില്ലുകൾ തകർന്നു.പാലക്കാട് ഡിപ്പോയിലെ ഒരു ബസ്സും, പെരിന്തല്‍മണ്ണ ഡിപ്പോയിലെ രണ്ടു ബസുകള്‍ക്കും നേരെയാണ് കല്ലേറ് ഉണ്ടായത്. മൂന്ന് ബൈക്കുകളിലായി എത്തിയ ഒന്‍പതു പേരാണ് കല്ലേറിനു പിന്നില്‍ എന്നാണ് പ്രാഥമിക വിവരം.സെക്രെട്ടറിയേറ്റിനു സമീപത്തെ ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ. അതേസമയം ബത്തേരിയിൽ നിന്നും കർണാടകയിലേക്ക് നാലും കോഴിക്കോട്ടേക്ക് മൂന്നും ബസ്സുകൾ പുറപ്പെട്ടു.പോലീസ് സംരക്ഷണയിലാണ് ഇവ സർവീസ് നടത്തുന്നത്.ചെങ്ങന്നൂരിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്താത്തതിനെ തുടർന്ന് ശബരിമല തീർത്ഥാടകർ ചെങ്ങന്നൂരിൽ കുടുങ്ങി.അതേസമയം ഹർത്താലിൽ അക്രമം നടത്തുന്നവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാൻ ഡിജിപി ലോക്നാഥ് ബെഹ്‌റ നിർദേശം നൽകിയിട്ടുണ്ട്.നിർബന്ധിച്ച് കടകൾ അടപ്പിക്കുന്നവരെയും വഴിതടയുന്നവരെയും ഉടൻ കസ്റ്റഡിയിലെടുക്കണം.സർക്കാർ ഓഫീസുകളും കോടതികളും പ്രവർത്തിക്കാൻ സംവിധാനമൊരുക്കണമെന്നും നിർദേശമുണ്ട്.