തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി എച്ച് 1 എന്‍ 1 രോഗം പടരുന്നതായി റിപ്പോർട്ട്. ഈ മാസം 162 പേര്‍ക്കുള്‍പ്പടെ ഇതുവരെ 481 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച 26 പേര്‍ മരിച്ചു.വൈറസ് തദ്ദേശീയമായി തന്നെ ഉള്ളതും മഴയുള്ള കാലാവസ്ഥയുമാണ് രോഗ പകര്‍ച്ചയ്ക്ക് പ്രധാന കാരണം. രാജ്യത്താകെ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടാതെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലുമടക്കം പ്രതിരോധ മരുന്ന് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗത്തെക്കുറിച്ച് ഡോക്ടര്‍മാരേയും പൊതുജനങ്ങളേയും ബോധവാന്മാരാക്കാന്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എം പി യുമായ എം ഐ ഷാനവാസ് അന്തരിച്ചു
കൊച്ചി:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എം പി യുമായ എം ഐ ഷാനവാസ്(67) അന്തരിച്ചു.കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഷാനവാസിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മരണം സംഭവിക്കുകയുമായിരുന്നു. നിലവിലെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായിരുന്നു അന്തരിച്ച എം ഐ ഷാനവാസ്‌എം പി.കേരളത്തില്‍നിന്ന് ഏറ്റവും അധികം ഭൂരിപക്ഷത്തോടെ 2009ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തി കൂടിയാണ് ഷാനവാസ്.രോഗബാധയെ തുടര്‍ന്ന് സജീവരാഷ്ട്രീയത്തില്‍നിന്ന് കുറച്ചുനാള്‍ മാറിനിന്നിരുന്നു എങ്കിലും 2010 ല്‍ പൊതുജീവിതത്തിലേക്കു മടങ്ങിവരുകയും ചെയ്തു .ഷാനവാസിന്റെ മൃതദേഹം കൊച്ചിയിലേക്ക് ഇന്ന് കൊണ്ടുവരുകയും നാളെ രാവിലെ 10 മണിക്ക് എറണാകുളം തൊട്ടത്തുംപടി പള്ളിയില്‍ സംസ്‌കാരം നടക്കുകയും ചെയ്യും.
പി മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെ ബോംബേറ്
കോഴിക്കോട്:സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെ ബോംബേറ്. തിങ്കളാഴ്ച രാത്രി 12.30ഓടെയാണ് കുറ്റിയാടി നെട്ടൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സുധീഷിന്റെ വീടിനു നേരെ ബോംബേറുണ്ടായത്. കേസിലെ മറ്റൊരു പ്രതിയായ രമേശന്റെ വീടിനു നേരെയും കഴിഞ്ഞ രാത്രി ആക്രമണം ഉണ്ടായിരുന്നു. മറ്റൊരു പ്രതിയുടെ വീട് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയസ് നികിതാസ് (33), ഭാര്യയും ഏഷ്യാനെറ്റ് ലേഖികയുമായ സാനിയോ മനോമി (25) എന്നിവര്‍ക്കു നേരെ ഹര്‍ത്താല്‍ ദിനമായ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോവും വഴിയും ആക്രമണമുണ്ടായി. സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കണ്ണൂർ കാഞ്ഞിരോട് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു;രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു
കണ്ണൂർ:കാഞ്ഞിരോട് ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു. ഇരിട്ടി സ്വദേശിനി ലക്ഷ്മി (69), മകളുടെ ഭര്‍ത്താവ് കീഴൂര്‍ സ്വദേശി ബാലകൃഷ്ണന്‍ (49) എന്നിവരാണ് മരിച്ചത്. ലക്ഷ്മി കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും ബാലകൃഷ്ണന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചുമാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ തൃലജ, മകള്‍ അഭിന എന്നിവരുടെ നില ഗുരുതരമായി തുടരുന്നു. തൃലജയെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.മകള്‍ അഭിനയെ വിദഗ്ധ ചികില്‍സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോയി.കണ്ണൂർ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഭഗവതി ബസാണ് സ്വകാര്യ ഓട്ടോയുമായി കൂട്ടിയിടിച്ചത്.ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം നടന്നത്.
സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്തവരെ പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചു;14 ദിവസം റിമാൻഡ് ചെയ്യും;ജയിലിനു മുൻപിലും നാമജപ പ്രതിഷേധം
തിരുവനന്തപുരം:നാമജപ പ്രതിഷേധം നടത്തിയതിനെ തുടർന്ന് സന്നിധാനത്തും നിന്നും അറസ്റ്റിലായ 69 പേരെ പൂജപ്പുര ജയിലിലെത്തിച്ചു.പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ഇവരെ പൂജപ്പുരയിലേക്ക് കൊണ്ട് പോയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ഇവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.സന്നിധാനത്ത് നിന്നും മണിയാര്‍ എത്തിച്ച ഇവരെ റാന്നിയിലേക്ക് മാറ്റാനായിരുന്നു പൊലീസിന്റെ ആദ്യ തീരുമാനം. വൈകിട്ട് കോടതിയില്‍ എത്തിച്ചതോടെയാണ് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ നിര്‍ദ്ദേശം ലഭിച്ചത്. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്.അതിനിടെ പൂജപ്പുര സെൻട്രൽ ജയിലിനു മുൻപിൽ ബിജെപി പ്രവർത്തകർ നാമജപ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന് പിന്നാലെ പോലീസ് ജയിൽ പരിസരത്ത് സുരക്ഷ ശക്തമാക്കി.
രക്ഷിതാക്കൾ ശാസിച്ചതിന് വിദ്യാർത്ഥി വീടുവിട്ടുപോയി;പോലീസ് അന്വേഷണം തുടരുന്നു
കാസർകോഡ്:രക്ഷിതാക്കൾ ശാസിച്ചതിന്റെ പേരിൽ വീടുവിട്ടുപോയ വിദ്യാർത്ഥിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.പാലക്കുന്നിലെ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന കരുണാകരനെയും പിഗ്ഗ്മിഏജന്റ് വിജയലക്ഷ്മിയുടെയും മകൻ കാര്‍ത്തികിനെ (14) യാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണി മുതല്‍ കാണാതായത്. പഠിക്കാന്‍ മിടുക്കനായ കാര്‍ത്തിക്ക് കൂട്ടുകാര്‍ക്കൊപ്പം അധികം സമയം ചെലവിടുന്നതിന്റെ പേരില്‍ രക്ഷിതാക്കള്‍ ശാസിച്ചിരുന്നു. ഇതായിരിക്കാം വിദ്യാര്‍ത്ഥിയെ വീടു വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബേക്കല്‍ മലാംകുന്ന് ഫിഷറീസ് ഹൈസ്‌ക്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്ക്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ ബേക്കല്‍ പോലീസില്‍ പരാതി നൽകിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മിസ്സിംഗിന് കേസെടുത്ത് നാട്ടുകാരുടെയും ബസുക്കളുടെയും സഹായത്തോടെ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോൺഗ്രസ്,ബിജെപി നേതാക്കൾ ഇന്ന് ശബരിമലയിലേക്ക്;നിരോധനാജ്ഞ ലംഘിക്കും
പത്തനംതിട്ട:ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധാജ്ഞ ലംഘിക്കുന്നതിനായി യുഡിഎഫ്, ബിജെപി നേതാക്കള്‍ ഇന്ന് ശബരിമലയിലേക്ക്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഘടകകക്ഷി നേതാക്കളും ചേര്‍ന്ന് ശബരിമലയില്‍ ഇന്ന് നിരോധാജ്ഞ ലംഘിക്കും . നിരോധാജ്ഞ ലംഘിക്കുന്നതിന് വേണ്ടി യുഡിഎഫ് ഇന്ന് പ്രത്യക്ഷ സമരത്തിനിറങ്ങും. ശബരിമല പോലൊരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആളുകള്‍ ഒരുമിച്ച് നില്‍ക്കുന്നത് സാധാരണമാണ്. എന്നാല്‍ അത് നിരോധിച്ചത് ഭക്തരോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് യു ഡി എഫ് പറഞ്ഞു .ശബരിമലയില്‍ വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും ഇന്ന് എത്തുന്നുണ്ട് .
ശബരിമല ദർശനത്തിന് ആഗ്രഹം പ്രകടിപ്പിച്ച് മൂന്നു യുവതികൾ എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തുന്നു;പുറത്ത് വൻ പ്രതിഷേധം
കൊച്ചി:ശബരിമല ദർശനത്തിന് ആഗ്രഹം പ്രകടിപ്പിച്ച് മൂന്നു യുവതികൾ എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തുന്നു.കോഴിക്കോട് , കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള യുവതികളാണ് വാര്‍ത്താസമ്മേളനത്തിന് എത്തിയത്. തങ്ങള്‍ ശബരിമലയില്‍ പോകാന്‍ തയ്യാറായി വന്നതാണ്. ശബരിമലയില്‍ പോകാന്‍ തങ്ങള്‍ വ്രതം എടുത്തിട്ടുണ്ട്. യാത്രക്ക് പൊലീസിന്റെ സുരക്ഷ തേടിയിട്ടുണ്ടെന്ന് യുവതികള്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.തങ്ങളോടൊപ്പം വേറെയും യുവതികള്‍ മലയ്ക്ക് പോകാന്‍ തയ്യാറായി നില്‍പ്പുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ട്. മുമ്ബ് ശബരിമലയില്‍ പോയവരെ നിലയ്ക്കലില്‍ തടഞ്ഞിരുന്നു. എന്നാല്‍ സന്നിധാനത്തേക്ക് പോകാന്‍ വേണ്ടിയാണ് തങ്ങള്‍ താല്‍പ്പര്യപ്പെടുന്നത്. അതിന് കഴിയുമെങ്കില്‍ മാത്രമേ തങ്ങള്‍ പോകൂ. ശബരിമലയില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കി പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവതികള്‍ വ്യക്തമാക്കിയിരുന്നു. രേഷ്മ നിശാന്ത്, ധന്യ, ശാനില,എന്നിവരാണ് ശബരിമലയില്‍ കയറാന്‍ താല്‍പര്യം പ്രകടിപ്പിച്ച് എറണാകുളം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളെ കണ്ടത്.അതേസമയം യുവതികള്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് അറിഞ്ഞ് എറണാകുളം പ്രസ്സ് ക്ലബ്ബിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി.വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ക്ലബ്ബിന് മുന്നില്‍ സ്ത്രീകള്‍ അടക്കമുള്ള പ്രക്ഷോഭകര്‍ നാമജപവുമായി പ്രതിഷേധം നടത്തി.പ്രതിഷേധക്കാരെ ഭയന്ന് യുവതികൾ ഒരുമണിക്കൂറോളം പ്രസ് ക്ലബ്ബിൽ തങ്ങി.പിന്നീട് പോലീസ് സുരക്ഷയിൽ ഇവരെ പുറത്തെത്തിക്കുകയായിരുന്നു.
പയ്യന്നൂരിൽ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്
പയ്യന്നൂര്‍: രാമന്തളി കക്കമ്ബാറയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്.ഇന്നലെ രാത്രി പതിനൊന്നോടെയാണ് ബോംബേറുണ്ടായത്. സിപിഎം കക്കമ്ബാറ ബ്രാഞ്ച് സെക്രട്ടറിയും മത്സ്യത്തൊഴിലാളിയുമായ പി.പി.ജനാര്‍ദ്ദനന്‍റെ വീടിന് നേരെയായിരുന്നു ആക്രമണം.സ്‌ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് രാത്രിയില്‍ നടത്തിയ തെരച്ചിലില്‍ പൊട്ടാതെ കിടന്ന ഒരു സ്റ്റീല്‍ ബോംബ് കണ്ടെത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.രണ്ടാഴ്ച മുൻപും ജനാര്‍ദ്ദനന്‍റെ വീടിനു നേരെ ബോംബേറുണ്ടായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സന്നിധാനത്തെ കൂട്ട അറസ്റ്റില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം;വാഹനങ്ങൾക്ക് നേരെ കല്ലേറ്
ശബരിമല:സന്നിധാനത്തെ കൂട്ട അറസ്റ്റില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധം. കൊട്ടാരക്കരയില്‍ കെഎസ്‌ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ആലപ്പുഴയില്‍ പോലീസ് വാഹനത്തിന് ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു.ഇന്നലെ അർധരാത്രിയോടെയാണ് വലിയ നടപ്പന്തലിന് മുൻപിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയ എണ്‍പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തത്.സന്നിധാനത്ത് വിരിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉണ്ടായ തർക്കമാണ് പ്രതിഷേധത്തിൽ കലാശിച്ചത്.ഹരിവരാസനം പാടി നടയടച്ച ശേഷവും പ്രതിഷേധം തുടര്‍ന്നതോടെ പോലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മണിയാര്‍ എആര്‍ ക്യാമ്പിലേക്കാണ് അറസ്റ്റ് ചെയ്തവരെ മാറ്റിയത്.ക്യാമ്പിന് മുൻപിലും വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി.തലസ്ഥാനത്ത് ക്ലിഫ് ഹൗസിന് മുൻപിൽ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വസതിയും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പോലീസ് സ്റ്റേഷനുകള്‍ക്ക് മുൻപിൽ ഉപരോധസമരം നടത്തുകയും ചെയ്തു. തിങ്കളാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കുമെന്ന് യുവമോര്‍ച്ച അറിയിച്ചു.