വിഴിഞ്ഞം:വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കൂറ്റന്‍ ടഗ്ഗ് കടലില്‍ മറിഞ്ഞ് താണു.വ്യാഴാഴ്ച പുലര്‍ച്ചെ വലിയ ശബ്ദത്തോടെ ടഗ്ഗ് മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഫിഷറിസ് വകുപ്പിന്റെ പഴയ പെട്രോള്‍ ബോട്ടും തര്‍ന്നു.അഞ്ചുവർഷം മുൻപാണ് ഇന്ധനവും വെള്ളവും തീര്‍ന്നതിനെ തുടര്‍ന്ന് സഹായം അഭ്യർത്ഥിച്ച് മുംബൈയില്‍ നിന്നുള്ള ബ്രഹ്മേശ്വര എന്ന ടഗ്ഗ് വിഴിഞ്ഞത്ത് അടുപ്പിച്ചത്. തീരത്ത് അടുത്ത ശേഷം ജീവനക്കാരും ഉടമകളും തമ്മില്‍ ഉടലെടുത്ത വേതനം സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ് ടഗ്ഗ് ഇവിടെ കുടുങ്ങുകയായിരുന്നു. ജീവനക്കാരും ഉടമകളും ഉപേക്ഷിച്ച ടഗ്ഗിനെ തുറമുഖത്തുനിന്ന് മാറ്റണമെന്ന തുറമുഖ വകുപ്പ് അധികൃതരുടെ ആവശ്യം ഉടമകള്‍ ചെവികൊണ്ടില്ല. മുംബൈയിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത കടം ജപ്തിയിലൂടെ ഈടാക്കാന്‍ ബാങ്ക് അധികൃതര്‍ വിഴിഞ്ഞത്ത് എത്തിയിരുന്നു. എന്നാല്‍ മതിയായ വില ലഭിക്കാത്തതിനാല്‍ ലേലനടപടികള്‍ പൂര്‍ത്തിയായില്ല. വര്‍ഷങ്ങളായി കാറ്റും മഴയുമേറ്റ് തുരുമ്പിച്ച് വെള്ളം കയറിയ ടഗ്ഗിനെ വീണ്ടും ലേലം ചെയ്യാനിരിക്കെയാണ് ടഗ്ഗ് മറിഞ്ഞ് കടലില്‍ താണത്.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭാ നടപടികൾ തൽക്കാലത്തേക്ക് നിർത്തിവെച്ചു
തിരുവനന്തപുരം:ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളം ശക്തമായതിനെ തുടർന്ന് നിയമസഭാ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു.പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ സഭ താൽകാലികമായി നിർത്തിവെയ്ക്കാൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു.പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്നാണ് സഭ നിര്‍ത്തിവച്ചത്.സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ചോദ്യത്തോരവേള സസ്പെന്‍ഡ് ചെയ്തു വിഷയം സഭ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.എന്നാല്‍ പ്രളയവുമായി ബന്ധപ്പെട്ട അംഗങ്ങളുടെ ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയാന്‍ എണീറ്റതോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികള്‍ ആരംഭിച്ചു. ഇതിനിടെ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. ആകെ 16 ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷത്തിന്‍റെ അപേക്ഷയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഒന്നിച്ചാണ് മറുപടി പറഞ്ഞത്. ഇതിന് 40 മിനിറ്റ് സമയം ചെലവഴിക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ 40 മിനിറ്റ് സമയമെടുത്തെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.പ്രതിപക്ഷം ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും ഒന്നിച്ച് മറുപടി നല്‍കിയതിനാലാണ് ഇത്രയും സമയമെടുത്തതെന്ന് സ്പീക്കർ മറുപടി നൽകിയെങ്കിലും ഇത് അംഗീകരിക്കാതെ പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ഇതിനിടെ സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷാംഗങ്ങള്‍ തള്ളിക്കയറുവാനും ശ്രമിച്ചു.മറ്റംഗങ്ങള്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമായി. ഇതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവയ്ക്കുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.
രഹ്ന ഫാത്തിമ അറസ്റ്റിൽ
കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ ഫേസ് ബുക്ക് പോസ്റ്റിട്ടതിനാണ് അറസ്റ്റ്പത്തനംതിട്ട ടൗണ്‍ സി ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു.ബി എസ് എന്‍ എല്‍ ഓഫീസിലെത്തിയാണ് രഹ്നയെ പൊലീസ് അറസ്റ്റ് ചെയ്തത്.ഓഫീസിലെത്തിയ പൊലീസ് സംഘം മാനേജര്‍ക്ക് ആദ്യം നോട്ടീസ് നല്‍കുകയായിരുന്നു. അതിന് ശേഷം വിടുതല്‍ വാങ്ങിയാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. രഹ്നയുടെ ഭര്‍ത്താവ് മനോജിനെ ഫോണില്‍ വിവരങ്ങള്‍ അറിയിക്കുകയും ചെയ്തു. ജാമ്യമില്ലാ കേസ് ആയതു കൊണ്ട് തന്നെ മജിസ്‌ട്രേട്ടിന് മുമ്ബില്‍ രഹ്നയെ ഹാജരാക്കും. സാധാരണ നിലയില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതു കൊണ്ട് തന്നെ മജിസ്‌ട്രേട്ട് റിമാന്‍ഡ് ചെയ്യാനാണ് സാധ്യത. ശബരിമലയില്‍ പ്രവേശിക്കുന്നതിന് ശ്രമിച്ച രഹനയുടെ നീക്കം വലിയ പ്രതിഷേധമാണ് സന്നിധാനത്ത് ഉണ്ടാക്കിയത്. പൊലീസ് സഹായത്തോടെ യൂണിഫോം ധരിച്ചായിരുന്നു ഇവര്‍ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചത്. യുവതികള്‍ പ്രവേശിച്ചാല്‍ ശ്രീകോവില്‍ അടയ്ക്കുമെന്ന് തന്ത്രിയും പൊലീസിനോട് മടങ്ങാന്‍ ദേവസ്വം മന്ത്രിയും നിര്‍ദ്ദേശിച്ചതോടയാണ് രഹന തിരിച്ചിറങ്ങിയത്.
‘കേസെടുക്കാത്തത് കഴിവുകേടായി കാണരുത്’:ശബരിമലയിലെ പോലീസ് നടപടികളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി:ശബരിമലയിലെ പോലീസ് നടപടികളിൽ ഹൈക്കോടതിയുടെ കടുത്ത വിമർശനം.ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ജഡ്‌ജിയെ പൊലീസ് അപമാനിച്ചത് തെറ്റായ നടപടിയാണ്. ഇക്കാര്യത്തില്‍ പൊലീസിനെതിരെ സ്വമേധയാ കേസെടുക്കാതിരുന്നത് ജഡ‌്‌ജി നിര്‍ദ്ദേശിച്ചത് കൊണ്ടാണ്. അത് കോടതിയുടെ കഴിവ് കേടായി കരുതരുത്. നാമജപം നടത്തുന്നവരെ അറസ്‌റ്റ് ചെയ്യുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.സ്വാമിയേ സ്ത്രീകളെ കയറ്റല്ലേ എന്നല്ലല്ലോ സ്വാമി ശരണം എന്നല്ലേ ഭക്തര്‍ വിളിക്കുന്നത്,അതെങ്ങനെ സുപ്രീം കോടതി വിധിക്ക് എതിരാകുമെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് ചോദിച്ചു. എന്നാല്‍ ശബരിമലയില്‍ സുരക്ഷ ഒരുക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.സന്ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയുന്നതിനാണ് സമരക്കാര്‍ ശ്രമിക്കുന്നത്. യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കും. ശബരിമലയിലെത്താന്‍ ഒരു യുവതിയെയും നിര്‍ബന്ധിക്കില്ലെന്നും എ.ജി വ്യക്തമാക്കി. പ്രതിഷേധം മൂലം ഒരു യുവതിക്കും ഇതുവരെ പ്രവേശിക്കാനായിട്ടില്ലെന്നും എ.ജിയുടെ വിശദീകരിച്ചു. ശബരിമലയിലെ അതിക്രമം സംബന്ധിച്ച സ്‌പെഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വായിച്ചു.
കെ.എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു
ന്യൂഡൽഹി:കെ.എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.ഷാജി സമർപ്പിച്ച ഹർജി തീർപ്പാകുന്നതുവരെയാണ് സ്റ്റേ എന്ന് സുപ്രീം കോടതി മൂന്നംഗ ബെഞ്ച് വിധിച്ചു.ഷാജി സമര്‍പ്പിച്ച ഹര്‍ജി കോടതി ജനുവരിയില്‍ പരിഗണിക്കും.ഇതോടെ ഷാജിക്ക് നിയമസഭയിലെത്താന്‍ അനുമതി ലഭിച്ചു.അതേസമയം നിയമസഭാ യോഗത്തില്‍ ഇരിക്കാമെന്നല്ലാതെ ഷാജിക്ക് വോട്ടവകാശം ഉണ്ടാവില്ല. എംഎല്‍എ എന്ന നിലയിലുള്ള യാതൊരു ആനുകൂല്ല്യവും കൈപ്പറ്റാനാകില്ലെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നേട്ടത്തിനായി വര്‍ഗീയ വിദ്വേഷം പരത്തുന്ന ലഘുലേഖ പ്രചരിപ്പിച്ചതിനാണ് അഴിക്കോട് എംഎല്‍എ കെ എം ഷാജിയെ ഹൈക്കോടതി ഹൈക്കോടതി അയോഗ്യനാക്കിയത്. ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും കോടതി വിലക്കി.ഇതിനെ തുടര്‍ന്ന് കെ എം ഷാജി സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സമയം ചോദിച്ചു. അപ്പീല്‍ നല്‍കാനായി കഴിഞ്ഞ വെള്ളിയാഴ്ച്ച വരെ ഹൈക്കോടതി തന്നെ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയോ സുപ്രീംകോടതിയോ സ്റ്റേയുടെ സമയപരിധി നീട്ടിക്കൊടുത്തുമില്ല. ഈ സാഹചര്യത്തില്‍ കെ എം ഷാജിയുടെ നിയമസഭാഗംത്വം നിയമസഭാ സെക്രട്ടറി റദ്ദാക്കിയിരുന്നു.തിരഞ്ഞെടുപ്പിൽ ഷാജിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാറാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ് നല്‍കിയത്.
തലശ്ശേരിയിൽ വീട് കുത്തിത്തുറന്ന് 60 പവൻ മോഷ്ടിച്ചു
തലശ്ശേരി:ചേറ്റംകുന്നിൽ വീട് കുത്തിത്തുറന്ന് 60 പവൻ മോഷ്ടിച്ചു.ചേറ്റംകുന്ന് ഹസീന മന്‍സിലില്‍ ആഷിഫിന്‍റെ വീട്ടില്‍ നിന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ന്നത്. കിടപ്പുമുറിയുടെ ജനല്‍കമ്ബി തകര്‍ത്ത് അകത്ത് കടന്ന കവര്‍ച്ചാ സംഘം കിടപ്പു മുറിയിലെ അലമാര കുത്തിപ്പൊളിച്ച് സ്വര്‍ണം കവരുകയായിരുന്നു.ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 24ന് വീട് പൂട്ടി പോയ ആഷിഫും കുടുംബവും ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്‍റെ ജനല്‍ തകര്‍ത്തതായി കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം മനസിലായത്. സംഭവത്തില്‍ തലശേരി ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ തലശ്ശേരിയിൽ തിരിതെളിയും
തലശ്ശേരി:കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ തലശ്ശേരിയിൽ തിരിതെളിയും. നഗരത്തിലെ എട്ടു സ്കൂളുകളിലായാണ് സ്റ്റേജ് മത്സരങ്ങൾ അരങ്ങേറുക.ആദ്യദിനം പതിനെട്ട് വേദികളിലും രണ്ടാം ദിനം പതിനേഴ് വേദികളിലും മൂന്നാം ദിനം പതിനഞ്ച് വേദികളിലുമായി മത്സരങ്ങൾ നടക്കും.ഉൽഘാടന,സമാപന ചടങ്ങുകൾ ഉണ്ടായിരിക്കില്ല. സംഘഗാനം, വഞ്ചിപ്പാട്ട്,കേരളനടനം, നാടകം,തിരുവാതിരക്കളി,ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്നീ മത്സരങ്ങൾ ആദ്യദിനം നടക്കും. 15 ഉപജില്ലകളിൽ നിന്നായി 5798 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും.ഹൈസ്കൂൾ വിഭാഗത്തിൽ 95 ഇനങ്ങളിലും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 105 ഇനങ്ങളിലുമായാണ് മത്സരങ്ങൾ നടക്കുക.ബ്രണ്ണൻ എച്എസ്എസ്, ബി.ഇ.എം.പി എച്എസ്എസ്,സെന്റ് ജോസഫ്‌സ് എച്എസ്എസ്,ജി.വി.എച്.എസ്.എസ് ചിറക്കര,സേക്രഡ് ഹാർട്ട് ഗേൾസ് എച്എസ്എസ്,എം.എം.എച്.എസ്.എസ്,ജി.എച്.എസ്.എസ് തിരുവങ്ങാട്, ജി.എസ്.ബി.എസ് വലിയമാടാവിൽ എന്നിവിടങ്ങളിലാണ് വേദികൾ സജ്ജീകരിച്ചിരിക്കുന്നത്. ഗേൾസ് സ്‌കൂളിലാണ് ഭക്ഷണ സൗകര്യം ഒരുക്കിയിരിക്കുന്നത്.
പി.കെ ശശിക്കെതിരെ സിപിഎം നടപടി; പ്രാഥമികാംഗത്വം ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം:വനിതാനേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പി.കെ ശശിക്കെതിരെ സിപിഎം നടപടി.പാലക്കാട് ജില്ലാ സെക്രെട്ടറിയേറ്റ് അംഗമായ ശശിയെ പാർട്ടിയുടെ പ്രാഥമികംഗത്വത്തിൽ നിന്നും ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.പരാതി അന്വേഷിച്ച പാർട്ടി കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിപിഎം സംസ്ഥാന സമിതിയാണ് തീരുമാനമെടുത്തത്.വനിതാ നേതാവിനോട് പി.കെ ശശി ഫോണിൽ വിളിച്ച് മോശം രീതിൽ സംസാരിച്ചിരുന്നതായി മന്ത്രി എ.കെ ബാലൻ,പി.കെ ശ്രീമതി എം.പി എന്നിവരടങ്ങുന്ന കമ്മീഷൻ കണ്ടെത്തിയിരുന്നു.എന്നാൽ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ ആരോപണത്തെ ശരിവയ്ക്കുന്ന പരാമർശങ്ങളൊന്നും കമ്മീഷൻ റിപ്പോർട്ടിൽ ഇല്ല.ശശിക്കെതിരെയുള്ള പരാതി ഗൗരവമുള്ളതാണെന്ന് കമ്മീഷൻ കണ്ടെത്തിയതായി സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണൻ തിങ്കളാഴ്ച ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ അറിയിച്ചു.പൊതുജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും ബോധ്യപ്പെടുന്ന മാതൃകാപരമായ നടപടി ശശിക്കെതിരെ ഉണ്ടാകണമെന്നാണ് സംസ്ഥാന സെക്രെട്ടെറിയേറ്റ് വിലയിരുത്തിയത്.അതിനാൽ ശശിയെ ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യുന്നതായും കോടിയേരി ബാലകൃഷ്ണൻ റിപ്പോർട്ട് ചെയ്തു.അതേസമയം തനിക്കെതിരെ ഉയർന്ന പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് പി.കെ ശശി പറഞ്ഞു.പാർട്ടിയിലെ തന്നെ ചിലർ തനിക്കെതിരായി പ്രവർത്തിച്ചെന്ന ആരോപണവും ശശി ഉന്നയിച്ചു.എന്നാൽ ശശിക്കെതിരായ പാർട്ടി നടപടി തൃപ്തികരമാണെന്ന് പരാതിക്കായി പറഞ്ഞു.ഇക്കാര്യത്തിൽ താൻ പരസ്യപ്രതികരണത്തിനില്ലെന്നും കേസിൽ തുടർനടപടികൾക്കില്ലെന്നും പരാതിക്കാരിയായ വനിതാ നേതാവ് അറിയിച്ചു.
ശബരിമലയിൽ നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി
ശബരിമല:ശബരിമലയിൽ പമ്പ,നിലയ്ക്കൽ,ഇലവുങ്കൽ,സന്നിധാനം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി.പത്തനംതിട്ട ജില്ലാ കലക്റ്റർ പി.ബി നൂഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.തീർത്ഥാടകർക്ക് സമാധാനപരമായ അയ്യപ്പദർശനം,തീർത്ഥാടകരുടെ വാഹങ്ങളുടെ സുഗമമായ സഞ്ചാരം,എന്നിവയെ നിരോധനാജ്ഞയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഭക്തർക്ക് ഒറ്റയ്ക്കോ സംഘമായോ ദര്ശനത്തിനെത്തുന്നതിനും ശരണം വിളിക്കുന്നതിനും തടസ്സമില്ല.
ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍കുട്ടി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
തിരുവനന്തപുരം:ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍കുട്ടി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകീട്ട് അഞ്ചുമണിക്ക് രാജ്ഭവനില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക.ചിറ്റൂരില്‍ നിന്നുള്ള എംഎൽഎയായ കെ കൃഷ്ണന്‍കുട്ടി. ആദ്യമായാണ് മന്ത്രിയാകുന്നത്.പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരം മാത്യു ടി തോമസ് രാജിവെച്ചതോടെയാണ് കൃഷ്ണന്‍കുട്ടി മന്ത്രിയാകുന്നത്.മാത്യു ടി തോമസ് കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് തന്നെയാണ് കെ കൃഷ്ണന്‍ കുട്ടിക്ക് ലഭിക്കുക. വെള്ളിയാഴ്ച ബംഗലൂരുവില്‍ ചേര്‍ന്ന ജെഡിഎസ് ദേശീയ നേതൃയോഗത്തിലാണ് മന്ത്രിമാറ്റത്തില്‍ തീരുമാനമായത്. രണ്ടര വര്‍ഷം കഴിയുമ്ബോള്‍ മന്ത്രിപദം മാറാന്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയുണ്ടായിരുന്നു എന്നും അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയെ മാറ്റുന്നതെന്നും ജെഡിഎസ് നേതാവ് ഡാനിഷ് അലി വ്യക്തമാക്കിയിരുന്നു.