തിരുവനന്തപുരം:മൽസ്യബന്ധന ബോട്ടുകളുടെ ലൈസൻസ് ഫീസ് കുത്തനെ ഉയർത്തി സർക്കാർ.മത്സ്യബന്ധന ബോട്ടുകള്‍ ഓരോ വര്‍ഷവും അടയ്ക്കേണ്ട ലൈസന്‍സ് ഫീസാണ് സര്‍ക്കാര്‍ 400 ശതമാനത്തോളം വര്‍ധിപ്പിച്ചിരിക്കുന്നത്.ഇരുപത്തിയഞ്ച് മീറ്ററിന് മുകളില്‍ വലിപ്പമുള്ള ബോട്ടുകള്‍ക്ക് 10,001 രൂപ മാത്രമുണ്ടായിരുന്ന ഫീസ് ഒറ്റയടിക്ക് 50,000 രൂപയാക്കി. ഇരുപത് മീറ്റര്‍ മുതല്‍ 24.99 മീറ്റര്‍ വരെ വലിപ്പമുള്ള ബോട്ടുകളുടെ ഫീസ് അയ്യായിരത്തില്‍ നിന്ന് 25,000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 15 മുതല്‍ 19.99 മീറ്റര്‍ വരെയുള്ള ബോട്ടുകള്‍ ഇനി എല്ലാ വര്‍ഷവും 10,000 രൂപ വീതം ലൈസന്‍സ് ഫീസ് അടക്കണം. നേരത്തെ ഇത് 4500 രൂപ മാത്രമായിരുന്നു.ഇതിനെതിരെ സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ബോട്ടുടമകള്‍.
ശബരിമലയിൽ ദർശനത്തിനു പോയ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി;സംഭവത്തിൽ ദുരൂഹത; പത്തനംതിട്ട ജില്ലയിൽ ഇന്ന് ഹർത്താൽ
പത്തനംതിട്ട:തുലാമാസ പൂജകൾക്കായി നടതുറന്നപ്പോൾ ദർശനത്തിനായി ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തന്റെ മൃതദേഹം വനത്തിനുള്ളിൽ നിന്നും കണ്ടെത്തി.പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിൽ വനത്തിനുള്ളിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.പന്തളം മുളമ്പുഴ ശരത്ത് ഭവനിൽ ശിവദാസനാണ് മരിച്ചത്.ദർശനത്തിനു പോയ ശിവദാസനെ കാണാതാവുകയായിരുന്നു.സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പോലീസ് നിലയ്ക്കലിൽ നടത്തിയ അതിക്രമത്തിൽ ശിവദാസൻ കൊല്ലപ്പെട്ടതാകാമെന്നും ബിജെപി ആരോപിച്ചു.ഇതേ തുടർന്ന് പത്തനംതിട്ട ജില്ലയിൽ ബിജെപി ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.കമ്പകത്തും വളവിനു സമീപം റോഡിൽ നിന്നും അൻപതടിയോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് പത്തുദിവസത്തിലധികം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.ശിവദാസന്‍ ഒക്ടോബര്‍ 18-ന് രാവിലെ സ്കൂട്ടറിലാണ് ശിവദാസൻ ശബരിമലയിലേക്ക് പോയത്.സ്കൂട്ടറിൽ ശബരിമലയെ സംരക്ഷിക്കുക എന്ന ബോർഡും വെച്ചിരുന്നു.എല്ലാ മലയാളമാസവും ഒന്നാംതീയതി ശിവദാസൻ ശബരിമലയ്ക്ക് പോകാറുള്ളതാണെന്നും ബന്ധുക്കൾ പറഞ്ഞു. മടങ്ങിയെത്താതിരുന്നതിനെത്തുടര്‍ന്ന് 21-ന് പമ്ബ, പെരുനാട്, നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനുകളിലും 24-ന് പന്തളം പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി.ശിവദാസന്‍ മരിച്ചത് നിലയ്ക്കലിലെ പൊലീസ് നടപടികള്‍ക്കിടെയാണെന്നും മരണവിവരം ഉദ്യോഗസ്ഥര്‍ മറച്ചുവെയ്ക്കുകയായിരുന്നെന്നും ശബരിമല കര്‍മസമിതിയും ആരോപിച്ചു.എന്നാല്‍, പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. 18-ന് ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം ശിവദാസന്‍ വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി വിവരമുണ്ട്. മറ്റ് കാര്യങ്ങള്‍ മൃതദേഹം പുറത്തെടുത്ത ശേഷം വ്യക്തമാകുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം;ഇന്ത്യക്ക് ജയം;പരമ്പര
തിരുവനന്തപുരം:കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-വെസ്റ്റിൻഡീസ് അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് ഒൻപതു വിക്കറ്റ് ജയം.ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി.വിശാഖപ്പട്ടണത്ത് നടന്ന ഒരു ഏകദിനമത്സരം സമനിലയില്‍ കലാശിച്ചിരുന്നു. വിന്‍ഡീസ് ഉയര്‍ത്തിയ 105 എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14.5 ഓവറില്‍ ലക്ഷ്യം മറികടന്നു.ഇന്ത്യക്കായി രോഹിത് ശര്‍മ്മ 45 പന്തിൽ നിന്നും അര്‍ദ്ധ സെഞ്ച്വറി(63) നേടി.അഞ്ച് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. ശിഖര്‍ ധവാന്റെ(6) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ടീം സ്‌കോര്‍ ആറില്‍ നില്‍ക്കെയായിരുന്നു ധവാന്‍ മടങ്ങിയത്. പിന്നാലെ എത്തിയ കോഹ്ലി നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി കാണികളെ ആവേശത്തിലാഴ്ത്തി. എന്നാല്‍ തോമസ് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ കോഹ്ലിയുടെ ക്യാച്ച് ഹോള്‍ഡര്‍ വിട്ടുകളഞ്ഞു. പതിയെ രോഹിതും കോഹ്ലിയും കളം പിടിച്ചു. അതിനിടെ വ്യക്തിഗത സ്‌കോര്‍ 18ല്‍ നില്‍ക്കെ രോഹിത് ശര്‍മ്മ കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയെങ്കിലും നോബോളായിരുന്നു. എന്നാല്‍ പിന്നീട് അവസരമൊന്നും നല്‍കാതെ ഇന്ത്യ ജയത്തിലെത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സിന് പുറത്താവുകയായിരുന്നു.
കാര്യവട്ടത്ത് വെസ്റ്റിൻഡീസിന് ബാറ്റിംഗ് തകർച്ച;104 റൺസിന് ഓൾ ഔട്ട്
തിരുവനന്തപുരം:കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിൽ ടോസ്സ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 104 റൺസിന് ഓൾ ഔട്ടായി. ഓപ്പണറായ കെയ്‌റോണ്‍ പവലിനെ മത്സരത്തിന്റെ നാലാം പന്തില്‍ തന്നെ പുറത്താക്കിയത് ഭുവനേശ്വര്‍ കുമാറാണ്. കെയ്‌റോണ്‍ പവലിനെ വിക്കറ്റിന് പിന്നില്‍ ഡൈവിംഗ് ക്യാച്ചോടെ ധോണി മടക്കുകയായിരുന്നു. രണ്ടാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറ നാലാം പന്തില്‍ ഷാനെ ഹോപ്പിനെ ബൗള്‍ഡാക്കി രണ്ടാം വിക്കറ്റും നേടി.രവീന്ദ്ര ജഡേജയുടെ പന്തില്‍ മാര്‍ലണ്‍ സാമുവല്‍സിന്റെ ഷോട്ട് കൊഹ്‌ലി പിടിച്ചെടുത്താണ് മൂന്നാം വിക്കറ്റ് സ്വന്തമാക്കിയത്. ഹെയ്റ്റ്മറെ ജഡേജ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. റോമാന്‍ പവലിനെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ശിഖര്‍ ധവാന്‍ ക്യാച്ചെടുത്തു മടക്കി. സ്‌കോര്‍ 66 ല്‍ നില്‍ക്കെ വെസ്റ്റ് ഇന്‍ഡീസിന്റെ ആറാം വിക്കറ്റും വീണു. ഫാബിയന്‍ അലനെ ബുംമ്രയുടെ പന്തില്‍ കേദാര്‍ ജാദവ് ക്യാച്ചെടുത്തു കൂടാരം കയറ്റി. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിനെയും ജാദവിന്റെ ക്യാച്ചാണു പുറത്താക്കിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് ഓവർ പൂര്‍ത്തിയാകുമ്ബോള്‍ സ്കോര്‍ ബോര്‍ഡിലേക്ക് 6 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി
കാര്യവട്ടത്ത് ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു
തിരുവനന്തപുരം:കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനത്തിൽ ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.ടീമില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് ഇന്ത്യ ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. മഴമേഘങ്ങള്‍ മാറിനിന്നാല്‍ കാര്യവട്ടത്ത് റണ്‍മഴ പെയ്യുമെന്നാണ് പ്രവചനം. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാനായാല്‍ പരമ്ബര സ്വന്തമാക്കാം. ഇന്ത്യയെ പരാജയപ്പെടുത്തി പരമ്പരയിൽ സമനില നേടാനുളള ശ്രമത്തിലാണ് വിന്‍ഡീസ്.നായകന്‍ വിരാട് കോഹ്‌ലി നയിക്കുന്ന ബാറ്റിംഗ് പട തന്നെയാണ് ആതിഥേയരുടെ കരുത്ത്. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ഈ പരമ്പരയിൽ മിന്നും ഫോമിലുള്ള കോഹ്‌ലിയും രോഹിത് ശര്‍മയും അമ്ബാട്ടി റായിഡുവും എല്ലാം മികച്ച പ്രകടനം തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് വിജയം അനായാസമാണ്.സ്ഥിരതയില്ലായ്മയാണ് വിന്‍ഡീസിനെ കുഴയ്ക്കുന്നത്. ഷായി ഹോപ്പ്, ഷിംറോണ്‍ ഹെറ്റ്മെയര്‍ എന്നിവര്‍ മാത്രമാണ് റണ്‍സ് കണ്ടെത്തുന്നത്.
പമ്പയിലെ സുരക്ഷാ ചുമതലകളിൽ നിന്നും ഐ.ജി ശ്രീജിത്തിനെ മാറ്റി
പത്തനംതിട്ട:ചിത്തിരയാട്ടത്തിനായി അഞ്ചാം തീയതി ശബരിമല നടതുറക്കാനിരിക്കെ സുരക്ഷയുടെ ഭാഗമായി പോലീസിൽ അഴിച്ചുപണികൾ നടക്കുന്നു.ഇതിന്റെ ഭാഗമായി പമ്പയിലെ സുരക്ഷാ ചുമതലകളിൽ നിന്നും ഐ.ജി ശ്രീജിത്തിനെ മാറ്റി.തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാമിനായിരിക്കും പമ്ബയില്‍ ക്രമീകരണങ്ങളുടെ പൂര്‍ണചുമതല.തുലാമാസ പൂജകൾക്കായി ശബരിമല നടതുറന്നപ്പോൾ സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ യുവതികളെ സന്നിധാനത്തേക്ക് എത്തിക്കാന്‍ ശ്രമം നടന്നത് ശ്രീജിത്തിന്റെ നേതൃത്ത്വത്തിലായിരുന്നു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് യുവതികളെ തിരിച്ചയച്ചെങ്കിലും, പിന്നീട് ശ്രീജിത്ത് നടത്തിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ അതൃപ്‌തിക്ക് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.സന്നിധാനത്ത് ദര്‍ശനത്തിനിടെ ശ്രീജിത്ത് കരയുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുകയും ചെയ്‌തതോടെ ഐ.ജിയെ മാറ്റണമെന്ന ആവശ്യം സി.പി.എം നേതൃത്വത്തിലും ചര്‍ച്ചയായി. ഭക്തനായ ഐ.ജിയെ സുരക്ഷാ ചുമതല ഏല്‍പ്പിക്കുന്നത് സുപ്രീം കോടതി വിധിയുമായി മുന്നോട്ടു പോകുന്ന സര്‍ക്കാരിന് വിമര്‍ശം ഏല്‍ക്കേണ്ടിവരുമെന്ന വിലയിരുത്തലുമുണ്ട്.അതേസമയം ശബരിമലയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനായി ആറു മേഖലകളായി തിരിച്ച് വന്‍ പോലീസ് വിന്യാസവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ പോലീസ് അടക്കം 1500 ലേറെ പോലീസ് ഉദ്യോഗസ്ഥരെ മലയില്‍ വിന്യസിക്കും.സന്നിധാനത്ത് മാത്രം 200 പോലീസുകാര്‍ ഉണ്ടാകും. കൂടാതെ മരക്കൂട്ടത്ത് 100 പേരും പമ്പയിലും നിലയ്ക്കലിലും 200 പേരും വീതം പോലീസും ഉണ്ടാകും. ഇവരെ കൂടാതെ 50 വനിതാ പോലീസുകാരും ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടാകും.
കീച്ചേരി പാലോട്ടുകാവില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്നുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമെന്ന് ക്ഷേത്ര കമ്മിറ്റി
കണ്ണൂർ:കീച്ചേരി പാലോട്ടുകാവില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്നുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമെന്ന് ക്ഷേത്ര കമ്മിറ്റി.ശബരിമലയില്‍ അശുദ്ധിയുടെ പേരിലാണ് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെങ്കില്‍ കന്നിമൂല ഗണപതിയുടെ പേരിലാണ് പാലോട്ടുകാവില്‍ സ്ത്രീകള്‍ക്ക് വിലക്ക് എന്നാണ് ചില പത്രങ്ങള്‍ വാര്‍ത്ത നല്‍കിയത്.എന്നാൽ കീച്ചേരി പാലോട്ടുകാവില്‍ കന്നിമൂല ഗണപതി എന്ന സങ്കല്‍പമേയില്ല.സ്ത്രീ പ്രവേശനത്തിന് വിലക്കുമില്ലെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.ഇവിടത്തെ പ്രധാന ആരാധനാമൂര്‍ത്തി പാലോട്ടു ദൈവമാണ്. പാലാഴിക്കോട്ട് ദൈവമാണ് പാലോട്ട് ദൈവം.ഇവിടെ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും അധികമായി പ്രവേശിക്കാറില്ല. അത് ആരും വിലക്കിയതുകൊണ്ടല്ല; എന്നാല്‍ തുലാഭാരത്തിനും മറ്റും സ്ത്രീകള്‍ തിരുമുറ്റത്ത് പ്രവേശിക്കാറുണ്ട്. അതിന്റെ പേരില്‍ അയിത്തം കല്‍പ്പിക്കുകയോ പുണ്യാഹം തളിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. ഇപ്പോഴും തിരുമുറ്റത്ത് പ്രവേശിക്കാന്‍ സ്ത്രീകള്‍ തയാറാവുന്നുവെങ്കില്‍ ആരും തടയുകയുമില്ല.2004ലെ പുനഃപ്രതിഷ്ഠക്ക് ശേഷം സ്ത്രീകളും പുരുഷന്മാരും തിരുമുറ്റത്തിന്റെ ചുറ്റുമതിലിനു പുറത്തു നിന്നാണ് തെയ്യം കാണാറുള്ളത്. തിരുമുറ്റം ഇടുങ്ങിയതായതിനാല്‍ തെയ്യനടത്തിപ്പിനുള്ള സൗകര്യം കണക്കിലെടുത്താണിത്. തിരുമുറ്റത്ത് ഊരയ്മക്കാരും തെയ്യ നടത്തിപ്പുകാരുമേ ഉണ്ടാകാറുള്ളൂ.പാര്‍ടി ഗ്രാമമായതിനാല്‍ സിപിഎമ്മിന്റെ നയമാണ് ക്ഷേത്രത്തില്‍ നടപ്പാക്കുന്നതെന്ന പ്രചാരണവും വസ്തുതക്ക് നിരക്കുന്നതല്ലെന്നതും ഇവർ വ്യക്തമാക്കി.
കരിപ്പൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് നിരോധനം
കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് നിരോധനം ഏർപ്പെടുത്തി. പ്രീപെയ്ഡ് ടാക്സിക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഓട്ടോറിക്ഷക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വിമാനത്താവള കവാടത്തിനുള്ളില്‍ നിന്ന് ഓട്ടോറിക്ഷയില്‍ ആളെ കയറ്റിയാല്‍ മൂവായിരം രൂപ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചു. ഇതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഓട്ടോറിക്ഷ തൊഴിലാളികളും,യാത്രയ്ക്കായി ഓട്ടോറിക്ഷയെ ആശ്രയിക്കുന്ന എയര്‍പോര്‍ട്ട് ജീവനക്കാരും യാത്രക്കാരും.സാധാരണയാത്രക്കാരെ പ്രയാസത്തിലാക്കിയാണ് വിമാനത്താവള അതോറിറ്റിയുടെ ഓട്ടോറിക്ഷ നിരോധന തീരുമാനം.നടപടി ബോര്‍ഡ് വച്ചതോടെ ഓട്ടോ വിളിച്ച് ദൂര സ്ഥലങ്ങളില്‍ നിന്നെത്തിയ യാത്രക്കാരെ വഴിയില്‍ ഇറക്കി വിടേണ്ടി വന്നു.പ്രദേശത്തെ പോസ്റ്റ് ഓഫീസും വിജയാ ബാങ്കുമെല്ലാം എയര്‍പോര്‍ട്ടിന് ഉള്ളിലാണ്. വിമാനത്താവള ജീവനക്കാരേയും തീരുമാനം ബാധിച്ചിട്ടുണ്ട്. ഫറൂഖ് റെയില്‍വേ സ്റ്റേഷനിലിറങ്ങി അവിടെ നിന്ന്നേരിട്ട് ഓട്ടോ വിളിച്ച് വരുന്ന യാത്രക്കാരും ഒട്ടേറെയാണ്. പുതിയ ടെര്‍മിനല്‍ തുറക്കുന്നതോടെ ഓട്ടോയിലെത്തുന്ന യാത്രക്കാര്‍ ഒരു കിലോമീറ്ററോളം ലഗേജുമായി നടക്കേണ്ടി വരും. എന്നാല്‍ ഒട്ടോറിക്ഷക്ക് ടോള്‍ ബുത്തിനടുത്തായി പ്രത്യേക പാത ഒരുക്കുമെന്നും വിമാനത്താവള അതോറിറ്റി പറയുന്നു.
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ
തിരുവനന്തപുരം:കാര്യവട്ടത്ത് ഇന്ന് ക്രിക്കറ്റ് പൂരം.ഇന്ത്യ വിന്‍ഡീസ് അഞ്ചാം ഏകദിനം ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. ഉച്ചക്ക് 1.30നാണ് മത്സരം. രാവിലെ 10.30 ഓടെ കാണികളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും.ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരത്തിന് ആതിഥേയരാകുന്ന ഗ്രീന്‍ഫീല്‍ഡില്‍ 42000 പേര്‍ക്കാണ് ഇരിപ്പിട സൗകര്യമുള്ളത്. റണ്‍സൊഴുകുന്ന പിച്ചാണ് മത്സരത്തിനുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുള്ളത്. പരമ്പരയിൽ 2-1 ന് മുന്നിലുള്ള ഇന്ത്യ ആധികാരിക ജയത്തോടെ പരമ്പരജയമാണ് ലക്ഷ്യമിടുന്നത്. കണക്കുകളില്‍ ടീം ഇന്ത്യയാണ് മുന്നിലെങ്കിലും കേരളത്തില്‍ ഇന്നുവരെ തോറ്റിട്ടില്ലെന്ന റെക്കോഡ് വെസ്റ്റ് ഇന്‍ഡീസിനുണ്ട്. 1988ല്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും 2014ല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലും മത്സരത്തിനിറങ്ങിയപ്പോള്‍ ജയം വിന്‍ഡീസിനായിരുന്നു.കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്‍റെ ചരിത്രത്തിലെ ആദ്യ രാജ്യാന്തര ഏകദിനത്തിനാണ് ആരാധകര്‍ ഇന്ന് സാക്ഷിയാവുക.ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയ ഇന്ത്യന്‍ ടീം പരമ്ബര നേടാനാകുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരെ നേടിയ 20-20 ജയം ടീമിന് ആത്മവിശ്വാസവും നല്‍കുന്നു. മികച്ച ഔട്ട്ഫീല്‍ഡാണ് പിച്ചിലെന്ന് ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍ വ്യക്തമാക്കി.ഇന്ന് ഉച്ചക്ക് ഒന്നരക്കാണ് മത്സരം. കളിയോടനുബന്ധിച്ച് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സ്റ്റേഡിയം പൂര്‍ണമായും പൊലീസിന്‍റെ നിയന്ത്രണത്തിലുമാണ്. ട്രാഫിക് നിയന്ത്രണവും കര്‍ശനമാക്കിയിട്ടുണ്ട്.അതേസമയം മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ അനന്തപുരിക്ക് മുകളില്‍ ആകാശം മൂടി നില്‍ക്കുന്നത് ആശങ്ക പരത്തുന്നു. കഴിഞ്ഞ രാത്രി തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തതും രാവിലെ മൂടിക്കെട്ടിയ കാലാവസ്ഥ തുടരുന്നതുമാണ് ആരാധകര്‍ക്കും കെസിഎയ്ക്കും നെഞ്ചിടിപ്പുണ്ടാക്കുന്നത്. ഇരുടീമുകളും ഹോട്ടലില്‍ നിന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ എത്തിക്കഴിഞ്ഞു.മഴ പെയ്തില്ലെങ്കില്‍ ഒന്നിന് ടോസ് ചെയ്ത് 1.30ന് മത്സരം തുടങ്ങും.
ഇന്ന് നവംബർ ഒന്ന്;കേരളപ്പിറവി ദിനം
ഇന്ന് നവംബർ ഒന്ന്.കേരളപ്പിറവി ദിനം.1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന കൊച്ചു സംസ്ഥാനം രൂപീകൃതമായത്.സമകാലീന സാമൂഹിക രാഷ്ട്രീയ രംഗങ്ങള്‍ കാറും കോളും നിറഞ്ഞതാണെങ്കിലും നല്ലൊരു നാളെ സ്വപ്നം കണ്ട്‌കൊണ്ട് നമ്മുടെ നാടിന്റെ അറുപത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കാം.1947-ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു.ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു.ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ലകേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു.സംസ്ഥാനം പിറവിയെടുക്കുമ്പോള്‍ പകുതിയിലധികം ജനങ്ങളും കര്‍ഷകരായിരുന്നു. പരിഷ്‌കരണത്തിന്‍റെ പേരില്‍ വീതം വയ്ക്കപ്പെട്ട ഭൂമിയില്‍ ഇന്ന് കൃഷിയിറക്കുന്നത് വിരലിലെണ്ണാവുന്ന ശതമാനം മാത്രം.നിഷേധാത്മക സമീപനങ്ങള്‍ വ്യാവസായിക മേഖലയ്ക്ക് വിഘാതമായപ്പോള്‍ മലയാളി കൂട്ടുപിടിച്ചത് പ്രവാസജീവിതത്തെ. മറ്റൊരു പ്രത്യേകത കേരളത്തിലെ സാക്ഷരതയാണ്. സമ്പൂര്‍ണ സാക്ഷരതയിലൂടെയാണ് കേരളം രാജ്യത്തിന് വഴികാട്ടിയായത്.സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെല്ലാം രാജ്യത്തെ മുന്നോട്ട് നയിക്കാനും മാതൃകയാക്കാനും അന്നും ഇന്നും മലയാളികൾ മത്സരിച്ചുകൊണ്ടിരിക്കുന്നു.അറുപത്തി രണ്ടാം ജന്മ ദിനം സംസ്ഥാനം ആഘോഷിക്കുമ്പോള്‍ പ്രളയത്തിന് ശേഷം പുതുകേരളം നിർമ്മിക്കാനുള്ള ശ്രമത്തിൽ കൂടിയാണ് മലയാളികൾ.ഏവർക്കും കേരളപ്പിറവി ആശംസകൾ.