തിരുവനതപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറും, മകള്‍ തേജസ്വിനിയും മരിക്കാനിടയായ കാറപകടത്തിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. അപകടം നടക്കുമ്ബോള്‍ വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കു മൊഴി നല്‍കി.ദീര്‍ഘദൂര യാത്രയില്‍ സാധാരണ ബാലഭാസ്‌കര്‍ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നല്‍കി. എന്നാല്‍ അപകട സമയത്ത് ബാലഭാസ്കറാണ് വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നത്.തൃശൂരില്‍നിന്നുള്ള മടക്കയാത്രയില്‍ കൊല്ലം വരെ മാത്രമേ താന്‍ വാഹനം ഓടിച്ചിരുന്നുള്ളൂവെന്നും പിന്നീട് ബാലഭാസ്‌കറാണ് ഓടിച്ചതെന്നുമാണ് അര്‍ജുന്‍ വെളിപ്പെടുത്തിയത്. രണ്ടുപേരുടെയും മൊഴികൾ തമ്മിലുള്ള വൈരുദ്ധ്യം പോലീസ് വിശദമായി അന്വേഷിക്കും.സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും മൊഴി പൊലീസ് വീണ്ടും എടുക്കും.ഇതിനായി അപകടസ്ഥലത്തു രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെയും നാട്ടുകാരുടെയും വിശദമായ മൊഴിയെടുക്കാന്‍ തീരുമാനമായി. അപകടം നടക്കുമ്പോൾ താനും മകളും മുന്‍സീറ്റിലിരിക്കുകയായിരുന്നുവെന്നും, ബാലഭാസ്കര്‍ പുറകില്‍ വിശ്രമിക്കുകയായിരുന്നുവെന്നും ലക്ഷ്മി വെളിപ്പെടുത്തി. ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലോടെയായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ മകള്‍ തേജസ്വിനി സംഭവ സ്ഥലത്തും, ബാലഭാസ്കര്‍ ചികിത്സയിലിരിക്കവെയാണ് മരിക്കുന്നത്.അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ലക്ഷ്മി കഴിഞ്ഞ ദിവസമാണ് ആശുപത്രിവിട്ട് വീട്ടിലെത്തിയത്.
ശബരിമലയിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ
ശബരിമല:ശബരിമലയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ.സുരക്ഷാ ക്രമീകരണം പൂര്‍ത്തിയായാല്‍ മാധ്യമങ്ങളെ മലയിലേക്ക് പ്രവേശിപ്പിക്കും.ഭക്തരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് പോലീസ് നടപടിയെന്നു പറഞ്ഞ ബെഹ്റ മാധ്യമപ്രവര്‍ത്തകര്‍ പോലീസിനോട് സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യത്തെ പൊലീസ് ഒരിക്കലും തടയില്ല. ഇന്ന് വൈകുന്നേരത്തോടെ ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിജിപി പറഞ്ഞു.ശബരിമലയില്‍ പ്രവേശിക്കുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് ഇതുവരെ സ്ത്രീകളാരും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സി.നാരായണന്‍ പറഞ്ഞു. ശബരിമലയില്‍ ഭക്തര്‍ക്ക് വേണ്ട എല്ലാ സുരക്ഷയും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ എന്തൊക്കെ സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതേസമയം, ശബരിമലയില്‍ സ്ത്രീകളെ മുൻനിർത്തി സംഘര്‍ഷമുണ്ടാക്കാന്‍ ചില സംഘടനകള്‍ ശ്രമിച്ചേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വന്‍ പൊലീസ് സുരക്ഷാ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനെതുടര്‍ന്ന് ഇലവുങ്കലില്‍ വച്ച് തന്നെ തീര്‍ത്ഥാടകരെ ബാരിക്കേഡ് വച്ച് പൊലീസ് തടയുകയാണ്. നേരത്തെ നിലയ്‌ക്കല്‍ വരെ തീര്‍ത്ഥാടകരെ കയറ്റി വിടുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സന്നിധാനത്തേക്ക് നാളെ മാത്രമേ പ്രവേശനം അനുവദിക്കൂ.
ശബരിമലയിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്;സന്നിധാനത്തടക്കം വനിതാ പോലീസിനെ വിന്യസിക്കാൻ നീക്കം
പത്തനംതിട്ട:ചിത്തിരയാട്ടത്തിനായി നടതുറക്കാനിരിക്കെ സ്ത്രീപ്രവേശനത്തെ ചൊല്ലി ശബരിമലയിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.ചിത്തിര ആട്ടവിശേഷത്തിനായി തിങ്കളാഴ്ചയാണ് ഒരു ദിവസത്തേയ്ക്ക് നട തുറക്കുന്നത്.സ്ത്രീകളെ അണിനിരത്തി സംഘപരിവാര്‍ സംഘടകള്‍ പ്രതിഷേധം ശക്തമാക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് അടിയന്തിര സാഹചര്യങ്ങള്‍ നേരിടാൻ ആവശ്യമെങ്കില്‍ സന്നിധാനത്ത് വനിതാ പോലീസിനെ നിയോഗിക്കാമെന്നാണ് തീരുമാനം.ശബരിമലയില്‍ പ്രവേശിക്കാനെത്തുന്ന പത്തിനും അമ്ബതിനും ഇടയില്‍ പ്രായമുള്ളവരെ സ്ത്രീകളെ അണിനിരത്തി തടയാനാണ് ബിജെപി-ആര്‍എസ്‌എസ് ശ്രമമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സ്ത്രീ പ്രതിഷേധക്കാരെ അണിനിരത്തി യുവതികളെ തടയാനുള്ള ശ്രമത്തെ പ്രതിരോധിക്കാന്‍ സന്നിധാനത്ത് കൂടുതല്‍ വനിതാ പോലീസിനെ നിയോഗിക്കാനാണ് പോലീസിന‍്റെ നീക്കം. അമ്ബത് വയസിന് മുകളില്‍ പ്രായമുള്ള 30 വനിതാ പോലീസുകാരെയാകും സന്നിധാനത്ത് നിയോഗിക്കുക. എസ്‌ഐ, സിഐ റാങ്കിലുള്ളവരെയാകും പ്രതിഷേധക്കാരെ നേരിടാനായി നിയോഗിക്കുന്നത്. ആവശ്യമെങ്കില്‍ ഞായറാഴ്ച വൈകുന്നേരത്തോടെ തന്നെ ഇവരെ സന്നിധാനത്ത് വിന്യസിക്കും.1200 പോലീസുകാരെയാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. സ്ത്രീ പ്രവേശനം തടയാന്‍ എന്തെങ്കിലും തരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മുന്‍കരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.സംഘർഷ സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച മുതൽ പമ്പ,നിലയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ കലക്റ്റർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.നിരോധനാജ്ഞ നിലവില്‍ വന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശം പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്. ആറാം തീയതിഅര്‍ധരാത്രിവരെയാണ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
പരിയാരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ തമ്മിൽ ഏറ്റുമുട്ടി;ആറു പേര്‍ക്ക് പരിക്ക്
പരിയാരം:പരിയാരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ തമ്മിൽ ഏറ്റുമുട്ടി.ആറു പേര്‍ക്ക് പരിക്കേറ്റു.2013 – 2014 ബാച്ചുകളിലെ വിദ്യാര്‍ത്ഥികളാണ് ഇന്നലെ രാത്രി ഒമ്പതുമണിയോടെ ഹോസ്റ്റലില്‍ ഏറ്റുമുട്ടിയത്.മെഡിക്കല്‍ കോളജ് പോലീസെത്തിയാണ് ഇരുവിഭാഗത്തെയും പിരിച്ചയച്ചത്. 2014 ബാച്ചിലെ അതുല്‍ മോഹനന്‍ (22), സഞ്ജീവ്.പി.ജോണ്‍സണ്‍ (22), അജേഷ്(23), ആനന്ദ് (23), 2013 ബാച്ചിലെ റിജോ ജോര്‍ജ് (23), അസീം (23) എന്നിവര്‍ക്കാണ് പരിക്ക്.മെസ് രൂപീകരണവുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇരുവിഭാഗവും തമ്മില്‍ നിലനിന്നു വരുന്ന സംഘര്‍ഷമാണ് തുറന്ന സംഘട്ടനത്തിലെത്തിയത്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹർജികൾ മൂന്നംഗ ബെഞ്ച് പരിഗണിക്കും;ബെഞ്ചിൽ മലയാളിയും
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചില്‍ മലയാളിയായ ജസ്‌റ്റിസ് കെ.എം.ജോസഫും ഉള്‍പ്പെട്ടിട്ടുണ്ട്. ജസ്‌റ്റിസ് എ.കെ.കൗളാണ് മറ്റൊരംഗം.ശബരിമല സ്ത്രീ പ്രവേശന വിധിക്ക് ശേഷമെത്തിയ എല്ലാ ഹര്‍ജികളും നവംബര്‍ 13 ന് വൈകീട്ട് 3 മണിക്ക് പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. തുറന്ന കോടതിയില്‍ കേസുകള്‍ കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കിയിരുന്നു.ശബരിമല കേസിലെ ഭരണഘടന ബെഞ്ചിന്റെ വിധി അയ്യപ്പ ഭക്തന്മാരുടെ മൗലിക അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് റിട്ട് ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്. ഇതിന് പുറമെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 19 ഹര്‍ജികളും കോടതിക്ക് മുമ്ബിലുണ്ട്. ഈ ഹര്‍ജികള്‍ ഭരണഘടനാ ബഞ്ച് പരിശോധിക്കും. അതേസമയം റിട്ട് ഹര്‍ജികള്‍ ഭരണഘടനാ ബഞ്ച് പരിശോധിക്കില്ല.
കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ;പത്തോളം കുട്ടികൾ ആശുപത്രിയിൽ
കണ്ണൂർ:കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു.പത്തോളം കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് സൂചന.കണ്ണൂർ സിറ്റി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെയാണ് കുട്ടികളെ അവശ നിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല. എങ്ങനെയാണ് വിഷബാധ ഉണ്ടായത് എന്ന് അറിവായിട്ടില്ല.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടശേഷം വയനാട്ടിൽ വിദ്യാർഥികൾ ആത്മഹത്യ ചെയ്തു
കല്‍പ്പറ്റ: ഇന്‍സ്റ്റഗ്രാമില്‍ മരണത്തെക്കുറിച്ചു പോസ്റ്റിട്ട ശേഷം സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ തുങ്ങിമരിച്ചു. കൗമാരക്കാരായ ഈ വിദ്യാര്‍ത്ഥികളുടെ ഇന്‍സ്റ്റഗ്രാമില്‍ ഏകാന്തതയും മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യ്തിരിക്കുന്നത്. ആത്മഹത്യയ്ക്ക് മുൻപ് ഇവര്‍ സുഹൃത്തുകള്‍ക്ക് വിരുന്നു നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആത്മഹത്യയ്ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള സ്വാധീനം അന്വേഷിച്ചുവരികയാണ്.
മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സിന്തെറ്റിക് ട്രാക്ക് സജ്ജമായി;മുഖ്യമന്ത്രി തിങ്കളാഴ്ച ഉൽഘാടനം ചെയ്യും
കണ്ണൂർ:ഉത്തരമലബാറിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകുനൽകി മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സിന്തറ്റിക് ട്രാക്ക് സജ്ജമായി.സർവകലാശാല കായിക പഠന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആറരക്കോടി രൂപ ചിലവിൽ 400 മീറ്ററിന്റെ എട്ട് ലൈനുകളുള്ള ട്രാക് സജ്ജമാക്കിയത്.ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡറേഷൻ ട്രാക് പരിശോധിച്ച് അംഗീകാരം നൽകിക്കഴിഞ്ഞു.നിലവിൽ കാലിക്കറ്റ്,കേരള സർവ്വകലാശാലകളിലാണ് സിന്തറ്റിക് ട്രാക്ക് ഉള്ളത്.ട്രാക്കിന്റെ ഉൽഘാടനം അഞ്ചാം തീയതി രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.ട്രാക്കിനോടനുബന്ധിച്ചുള്ള സർവകലാശാല അത്ലറ്റിക് കോച്ചിങ് സെന്ററിന്റെ ഉൽഘാടനം ടി.വി രാജേഷ് എംഎൽഎ നിർവഹിക്കും.ഒളിമ്പ്യൻ ഷൈനി വിൽസൺ മുഖ്യാതിഥിയായിരിക്കും.സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.എം.പി മാരായ പി.കെ ശ്രീമതി,പി.കരുണാകരൻ,മുല്ലപ്പള്ളി രാമചന്ദ്രൻ,എം.ഐ ഷാനവാസ്,കെ.കെ രാഗേഷ്,ജില്ലാപ്രസിഡന്റ് കെ.വി സുമേഷ്,സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഓ.കെ ബിനീഷ്,സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
അന്താരാഷ്ട്ര നിലവാരത്തിലാണ് സിന്തറ്റിക് ട്രക്കും ഗ്രൗണ്ടും പൂർത്തിയാക്കിയിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ഇൻഫ്രാ കമ്പനിയാണ് ട്രാക്കിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.നാല് ജമ്പിങ് പിറ്റുകാർ,ഹമ്മർ ത്രോ,ഡിസ്കസ് ത്രോ കെയ്‌ജുകൾ എന്നിവയ്ക്ക് പുറമെ സ്റ്റീപ്പിൾ ചെയ്‌സ് മത്സരത്തിനുള്ള വാട്ടർ ജംപും ട്രാക്കിൽ ക്രമീകരിച്ചിട്ടുണ്ട്.100 മീറ്റർ നീളത്തിലും 76 മീറ്റർ വീതിയിലും ബർമുഡ ഗ്രാസ് വച്ചുപിടിപ്പിച്ച ഫുട്ബോൾ ഫീൽഡും ട്രക്കിനുള്ളിൽ നിർമിച്ചിട്ടുണ്ട്.3000 പേർക്ക് ഇരിക്കാവുന്ന ഗ്യാലറി,എക്യുപ്മെന്റ് സ്റ്റോർ റൂം,ഡ്രസിങ് റൂം എന്നീ സംവിധാനങ്ങളുമുണ്ട്.
കുന്നത്തുകളത്തിൽ ജ്വല്ലറി ഉടമ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു
കോട്ടയം:സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കുന്നത്തുകളത്തിൽ ജ്വല്ലറി ഗ്രൂപ് ഉടമ കെ.വി വിശ്വനാഥൻ(68) ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു.ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.സ്വകാര്യ ആശുപത്റിയുടെ നാലാം നിലയിൽ നിന്നും താഴേക്ക് ചാടിയ വിശ്വനാഥൻ കെട്ടിടത്തിന്റെ ഇരുമ്പ് നിർമിത കൈവഴിയിലേക്കാണ് വീണത്.പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കേസിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വിശ്വനാഥൻ ജാമ്യത്തിലിറങ്ങിയത്.അന്നുതന്നെ അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.കഴിഞ്ഞ ജൂണിലാണ് കുന്നത്ത്കളത്തില്‍ ജ്വല്ലറി – ചിട്ടിഫണ്ട് ഉടമ കാരാപ്പുഴ തെക്കും ഗോപുരം ജിനോഭവനില്‍ വിശ്വനാഥനും ഭാര്യ രമണിയും മരുമകന്‍ ജയചന്ദ്രനും മകള്‍ നീതുവും തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് റിമാന്‍ഡിലാകുന്നത്. ചിട്ടിയും ജുവലറി ബിസിനസും തകര്‍ന്നുവെന്നു കാട്ടി വിശ്വനാഥന്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.ജൂണ്‍ 18നു പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തശേഷം വിശ്വനാഥനും കുടുംബാംഗങ്ങളും ഒളിവില്‍ പോയിരുന്നു.ഇതേ തുടര്‍ന്ന് 150 കോടി രൂപ നഷ്ടപ്പെട്ടെന്നു കാണിച്ച് 1650 നിക്ഷേപകരാണു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ രണ്ടായിരത്തിലധികം പേര്‍ ചതിക്കപ്പെട്ടുവെന്നാണ് പൊതു വിലയിരുത്തല്‍. ഇവരില്‍ പലരും ഇപ്പോഴും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്നുണ്ട്. തൃശൂരിലെ ഒളിത്താവളത്തില്‍ നിന്നും ഡോ.ജയചന്ദ്രനും നീതുവും ആണ് ആദ്യം പിടിയിലായത്. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഒളിത്താവളത്തില്‍ നിന്നു വിശ്വനാഥനെയും ഭാര്യ രമണിയെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കഴിഞ്ഞ 19ന് ആണു മുന്നറിയിപ്പില്ലാതെ കുന്നത്തുകളത്തില്‍ ഗ്രൂപ്പിന്റെ പണമിടപാടു സ്ഥാപനങ്ങളും ജൂവലറികളും അടച്ചത്.വ്യാഴാഴ്ചയാണ് വിശ്വനാഥന് ജാമ്യം കിട്ടിയത്. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു വിശ്വനാഥന്‍.തട്ടിപ്പുകേസില്‍ അറസ്റ്റിലായതോടെ മാനസികമായി തകര്‍ന്ന വിശ്വനാഥന്‍ മറ്റുള്ളവരുമായി ഇടപെടുന്നതില്‍നിന്നും മാറി നിന്നിരുന്നു. ചികില്‍സയ്ക്കായി ആശുപത്രിയിലെത്തിച്ച വിശ്വനാഥന്‍ കൂടെയുണ്ടായിരുന്നവരുടെ കണ്ണുവെട്ടിച്ച് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയെന്നാണ് പ്രാഥമിക വിവരം.
45.28 ലിറ്റർ വിദേശമദ്യവുമായി കണ്ണൂരിൽ സ്ത്രീ അറസ്റ്റിൽ
കണ്ണൂർ:45.28 ലിറ്റർ വിദേശമദ്യവുമായി കണ്ണൂരിൽ സ്ത്രീ അറസ്റ്റിൽ.അഴീക്കോട് കടപ്പുറം റോഡിനു സമീപത്തെ വീട്ടിൽ നിന്നാണ് മദ്യം പിടികൂടിയത്.നാട്ടുകാർ നൽകിയ രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യം പിടിടച്ചെടുത്ത്.സംഭവത്തിൽ പൂതപ്പാറ തൂണോലി ഹൗസിൽ പ്രീത(51) ആണ് പിടിയിലായത്. അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചതിനും വില്പ്പന നടത്തിയതിനു ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വർഷങ്ങളായി ഈ വീട്ടിൽ മദ്യക്കച്ചവടം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതനുസരിച്ച് വ്യാഴാഴ്ച രാത്രി പാപ്പിനിശ്ശേരി എക്‌സൈസ് ഇൻസ്പെക്റ്റർ എം.ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിലാണ് ഇവിടെ റെയ്ഡ് നടത്തിയത്.അസി.എക്‌സൈസ് ഇൻസ്പെക്റ്റർ കെ.സുധാകരൻ,പ്രിവന്റീവ് ഓഫീസർമാരായ അഡോൺ ഗോസ്ഫ്രഡ്,സിവിൽ ഓഫീസർമാരായ എം.രാജീവൻ, കെ.ദീപക്,എം.സുജിത് എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.