തിരുവനന്തപുരം: വീടുകളുടെ വൈദ്യുതി നിരക്ക് വര്‍ധിക്കാന്‍ വൈദ്യുതി ബോര്‍ഡിന്‍റെ നിര്‍ദേശം. യൂണിറ്റിന് 10 പൈസ മുതല്‍ 80 പൈസവരെയാണ് കൂട്ടാൻ തീരുമാനം.അടുത്തവര്‍ഷവും നിരക്ക് ഉയരും.വീടുകളുടെ ഫിക്സഡ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. വീടുകളുടെ ഫിക്സഡ് ചാര്‍ജ് സിംഗിള്‍ ഫേസ്, ത്രീഫേസ് എന്നിങ്ങനെ രണ്ടുതരത്തിലുണ്ടായിരുന്നത് നാലായി വിഭജിക്കും. സിംഗില്‍ ഫേസ് 30 രൂപയായിരുന്നു ഫിക്സഡ് ചാര്‍ജ്. സിംഗിള്‍ ഫേസിനെ 150 യൂണിറ്റുവരെയെന്നും 150 യൂണിറ്റിനു മുകളിലുള്ളവരെന്നും രണ്ടായി വിഭജിക്കും. 150 യൂണിറ്റുവരെയുള്ളവര്‍ക്ക് ഈ വര്‍ഷം 75 രൂപയായും അടുത്തവര്‍ഷം 100 രൂപയായും വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ.ത്രീഫേസിനെ 150 യൂണിറ്റുവരെയെന്നും അതിനുമുകളിലുള്ളവരെന്നും രണ്ടായി വിഭജിക്കാന്‍ ശിപാര്‍ശ ചെയ്യുന്നു. 150 യൂണിറ്റുവരെ 80 രൂപയായിരുന്നത് ഈവര്‍ഷം 90 രൂപയായും അടുത്തവര്‍ഷം 100 രൂപയായും വര്‍ധിക്കാന്‍ നിര്‍ദേശിക്കുന്നു. 150 യൂണിറ്റിനു മുകളിലുള്ളത് ഈ വര്‍ഷം 80-ല്‍ നിന്ന് 130 രൂപയായും അടുത്ത വര്‍ഷം 160 രൂപയായും ഉയര്‍ത്താനുമാണ് നിര്‍ദേശം. വ്യവസായ മേഖലയിലെ ഡിമാന്‍ഡ് ചാര്‍ജ് ഒരു കെവിഎ ലോഡിന് 300 രൂപയില്‍ നിന്ന് 600 രൂപയാക്കാനും അടുത്ത വര്‍ഷം 750 രൂപയാക്കാനുമാണ് നിര്‍ദേശം.
വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം;പ്രതിയായ ഡിവൈഎസ്പി മധുരയിലേക്ക് കടന്നതായി സംശയം
തിരുവനന്തപുരം:തർക്കത്തിനിടെ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ ഡിവൈഎസ്പി മധുരയിലേക്ക് കടന്നതായി സംശയം.വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘവും മധുരയിലേയ്ക്ക് പുറപ്പെട്ടു. നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. ഹരികുമാറിന്റെ രണ്ട് മൊബൈല്‍ ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്. ഡിവൈഎസ്പിയുമായി റോഡില്‍ വച്ച് തര്‍ക്കിച്ചു കൊണ്ടിരിക്കെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ദൃക്‌സാക്ഷിയുടെ മൊഴി പുറത്തുവന്നിരുന്നു. ഡിവൈഎസ്പിയും സനലുമായി വാക്കുതര്‍ക്കമുണ്ടായെന്നും ഇതിനിടയില്‍ സനലിനെ ഡിവൈ.എസ്.പി പിടിച്ചു തള്ളിയെന്നും റോഡിലേയ്ക്ക് വീണ സനലിനെ എതിര്‍വശത്തു നിന്നു വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷി പറഞ്ഞത്.അതേസമയം ഒളിവില്‍ പോയ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സനല്‍ കുമാറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ മൂന്ന് മണിക്കൂര്‍ നേരം ഇന്നലെ ദേശീയ പാത ഉപരോധിച്ചിരുന്നു.നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനല്‍ (32) ആണ് മരിച്ചത്.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. വണ്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് അപകടം നടന്നത്. ഇരുവരും പരസ്പരം ഉന്തും തള്ളും നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കർണാടക ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി
ബെംഗളൂരു:കർണാടക ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി.മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിലും കോൺഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറ്റം നടത്തി.മാണ്ഡ്യ, ബെല്ലാരി ലോക്‌സഭാ മണ്ഡലങ്ങളിലും രാമനഗര, ജാംഖണ്ഡി എന്നീ നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-ജനതാ ദള്‍ സഖ്യം മികച്ച വിജയം നേടിയപ്പോള്‍ ശിവമോഗയില്‍ ബിജെപി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബെല്ലാരിയിൽ കോൺഗ്രസിലെ വി.എസ് ഉഗ്രപ്പ വൻ ഭൂരിപക്ഷത്തോടെയാണ് വിജയം കരസ്ഥമാക്കിയത്.ബിജെപിയിലെ ശക്തനായ നേതാവ് ബി.ശ്രീരാമുലുവിന്റെ സഹോദരി ജെ.ശാന്തയെയാണ് ഉഗ്രപ്പ പരാജയപ്പെടുത്തിയത്.പതിനാലു വർഷമായി കൈയ്യടക്കിയിരുന്ന ബെല്ലാരി നഷ്ട്ടപ്പെട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.ഷിമോഗയിൽ മാത്രമാണ് ബിജെപിക്ക് മുന്നേറ്റം നേടാനായത്.ഇവിടെ ബിജെപി നേതാവ് ബി.സ് യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര വിജയിച്ചു.നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന രാമനാഗരിയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി വിജയിച്ചു. ജാംഖണ്ഡിൽ കോൺഗ്രസിന്റെ ആനന്ദ് സിദ്ദു ന്യാമഗൗഡയും വിജയിച്ചു.കോൺഗ്രസ്-ജെഡിഎസ് സഖ്യം ആദ്യമായി ഒന്നിച്ചു മത്സരിക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ സഖ്യത്തിന് നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലം.
ശബരിമല നട അടച്ചു;മണ്ഡല പൂജകൾക്കായി വൃശ്ചികം ഒന്നിന് തുറക്കും
ശബരിമല:ചിത്തിരയാട്ട പൂജകൾക്ക് ശേഷം ശബരിമല നട അടച്ചു.തന്ത്രി കണ്‌ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ പടിപൂജ നടത്തിയാണ് രാത്രി പത്തുമണിയോടെ നട അടച്ചത്. 26 മണിക്കൂര്‍ നീണ്ട തീര്‍ത്ഥാടത്തിനാണ് ഇതോടെ സമാപനമായത്. മണ്ഡല പൂജകള്‍ക്കായി ശബരിമല നട ഇനി വൃശ്ചികം ഒന്നിന് തുറക്കും.തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് ശബരിമല നട തുറന്നത്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനമാണ് പമ്ബയിലും നിലയ്ക്കലിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയിരുന്നത്. ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ അര്‍ധരാത്രിയോടെ പിൻവലിച്ചു.
വായുമലിനീകരണം രൂക്ഷം;ഡൽഹിയിൽ ഭാരവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം
ന്യൂഡൽഹി:വായുമലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.ദീപാവലിക്ക് ശേഷം മൂന്ന് ദിവസം സംസ്ഥാനത്തേക്ക് ഭാരവാഹനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്ക് നിലവില്‍ വന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ട്രക്കുകള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പെടുത്തിയിരിക്കുന്നത്.ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ദില്ലിയിലെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്. എന്‍സിആര്‍, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ ഇന്നും വായുമലിനീകരണം അതിരൂക്ഷമാണ്.
പഴങ്ങളിൽ ഒട്ടിക്കുന്ന സ്റ്റിക്കർ ഒഴിവാക്കാൻ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിർദേശം
കൊച്ചി:പഴങ്ങളിൽ ഇണ തിരിച്ചറിയാനായി ഒട്ടിക്കുന്ന സ്റ്റിക്കർ ഒഴിവാക്കാൻ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശം.സ്റ്റിക്കർ ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കിയത്. പഴം,പച്ചക്കറി വര്‍ഗങ്ങളുടെ കേട് മറയ്ക്കാനായി ഇത്തരം സ്റ്റിക്കർ ഉപയോഗിക്കുന്നതായും എഫ്‌എസ്‌എസ്‌എഐ കണ്ടെത്തിയിട്ടുണ്ട്.സ്റ്റിക്കറുകള്‍ പഠിപ്പിക്കുന്നത് ഗുണനിലവാരം മനസിലാക്കാന്‍ വേണ്ടിയാണ്.എന്നാല്‍ ബ്രാന്‍ഡ് നിലവാരം ലഭിക്കാനായി പതിപ്പിക്കുന്ന സ്റ്റിക്കറുകളില്‍ നിന്ന് ഗുണകരമായ വിവരങ്ങളൊന്നും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍ അവ നീക്കണം. സ്റ്റിക്കറുകളിലെ പശ പച്ചക്കറികളുടെയും പഴങ്ങളുടെ ഉളളിലേക്ക് പടരാന്‍ സാധ്യതയേറെയുണ്ട്. ഇത്തരത്തില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചതായി കണ്ടെത്തിയാല്‍ ആദ്യ ഘട്ടത്തില്‍ മുന്നറിയിപ്പ് നല്‍കാനാണ് തീരുമാനം. അതിനു ശേഷമാകും നടപടി സ്വീകരിക്കുക.
ശബരിമല വിഷയം;തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന്
പമ്പ:ശബരിമല സ്ത്രീപ്രവശന വിഷയവും മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങളും വിലയിരുത്താനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. യോഗത്തില്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലുള്‍പ്പെടെ തന്ത്രി കണ്ഠരര് രാജീവരരില്‍ നിന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതും ചര്‍ച്ചചെയ്യപ്പെടും.തന്ത്രിയില്‍ നിന്ന് വിശദീകരണം ലഭിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. തുലാമാസ പൂജയുടെ സമയത്ത് യുവതികള്‍ സന്നിധാനത്തെത്തുന്നത് തടയാനാനായി നടയടയ്ക്കുന്നതു സംബന്ധിച്ച് കണ്ഠരര് രാജീവരര് താനുമായി ചര്‍ച്ച നടത്തിയിരുന്നെന്ന പിഎസ് ശ്രീധരന്‍ പിളളയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടികള്‍. തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും തന്ത്രിയുടെ വിശദീകരണത്തിനു ശേഷമാകും തുടര്‍നടപടികളെന്നും ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കര്‍ ദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശനത്തിനെതിരെ പരികര്‍മികള്‍ നടത്തിയ പ്രതിഷേധത്തിലടക്കം രാഷ്ട്രീയമുണ്ടോയെന്നും ദേവസ്വം ബോര്‍ഡ് സംശയിക്കുന്നുണ്ട്.ശബരിമലയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ആചാരപരമായ കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനമെടുക്കുന്നതെന്നും പ്രസിഡന്റ് എ പത്മകുമാര്‍ പ്രതികരിച്ചു.
പ്രതിഷേധത്തിനിടെ വത്സൻ തില്ലങ്കേരി ശബരിമലയിൽ ആചാരലംഘനം നടത്തിയതായി ആരോപണം
ശബരിമല:യുവതീ പ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി ശബരിമലയിൽ ആചാരലംഘനം നടത്തിയതായി ആരോപണം.വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുകയായിരുന്നുവെന്നാണ് ആരോപണം. വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞ് നിന്ന് പ്രസംഗിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടികയറിയത്. ചോറൂണിനെത്തിയ അന്പത് വയസ് കഴിഞ്ഞ സ്ത്രീകള്‍ക്കു നേരെ പ്രതിഷേധക്കാര്‍ സംഘടിച്ചപ്പോള്‍ പ്രവര്‍ത്തകരോട് ശാന്തമാകാന്‍ വത്സന്‍ തില്ലങ്കേരി പോലീസിന്‍റെ മൈക്കിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഈ സമയം പതിനെട്ടാം പടിയില്‍ നിന്നാണ് തില്ലങ്കേരി ഇടപെട്ടത്. അദ്ദേഹത്തെ കൂടാതെ പതിനെട്ടാം പടിയില്‍ പുറം തിരിഞ്ഞു കൊണ്ട് നിരവധി പേര്‍ നില്‍ക്കുകയും ചെയ്തു. പുറംതിരിഞ്ഞു കൊണ്ട് പടിയിലൂടെ ആള്‍ക്കൂട്ടം ഇറങ്ങിവരുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ഇത് ക്ഷേത്രാചാരങ്ങള്‍ക്ക് നിരക്കുന്ന കാര്യമല്ലെന്നും പതിനെട്ടാം പടിയില്‍ ഭക്തരെന്ന് പറയുന്ന ആള്‍ക്കൂട്ടം ചുറ്റിത്തിരിഞ്ഞത് ശരിയായില്ലെന്നുമാണ് ദേവസ്വം ബോര്‍ഡ് അംഗവും ചൂണ്ടിക്കാട്ടിയത്.ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടികയറി ആചാര ലംഘനം നടത്തിയെന്ന ആക്ഷേപം അന്വേഷിക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്. ആചാരങ്ങള്‍ സംരക്ഷിക്കേണ്ടതാണ്. ആര്‍എസ്‌എസ് നേതാവിന്റെ ഇത്തരത്തിലുള്ള നടപടി സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ദേവസ്വംബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ ദാസ് പറഞ്ഞു. പടിയില്‍ പിന്‍തിരിഞ്ഞ് നിന്നതും ആചാര ലംഘനമാണ്. ഇക്കാര്യങ്ങള്‍ ബോര്‍ഡ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ദർശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവം;200 പേർക്കെതിരെ കേസെടുത്തു
ശബരിമല:ശബരിമലയിൽ ദർശനത്തിനെത്തിയ 52 വയസ്സുകാരിയായ തൃശൂർ സ്വദേശിനിയെ ആക്രമിച്ച സംഭവത്തിൽ 200 പേർക്കെതിരെ കേസെടുത്തു. തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്.ഇരുമുടിക്കെട്ടില്ലാതെ വലിയ നടപ്പന്തലില്‍ എത്തിയ ഇവര്‍ക്കുനേരെ തീര്‍ത്ഥാടകര്‍ പാഞ്ഞടുക്കുകയായിരുന്നു. മകന്റെ കുട്ടിക്ക് ചോറൂണിനാണ് സന്നിധാനത്ത് എത്തിയതെന്നു ലളിത പറഞ്ഞു. പമ്ബയിലും നടപ്പന്തലിലും പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കണ്ടാലറിയാവുന്ന 200 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.തിങ്കളാഴ്ചയാണ് ലളിത ഉൾപ്പെട്ട 19 അംഗ സംഘം ശബരിമലയിലെത്തിയത്.മകന്റെ കുഞ്ഞിന്റെ ചോറൂണിനായാണ് ഇവർ എത്തിയത്.എന്നാൽ ഇവർക്ക് അൻപതിൽ താഴെയാണ് പ്രായം എന്ന സംശയത്താൽ പ്രതിഷേധക്കാർ ലളിതയെ നടപന്തലിൽ തടയുകയായിരുന്നു.തുടർന്ന് പോലീസ് രേഖകൾ പരിശോധിച്ച് ഇവർക്ക് 52 വയസ്സുണ്ടെന്ന് ബോധ്യപ്പെട്ടശേഷമാണ് പ്രതിഷേധക്കാർ ഇവരെ സന്നിധാനത്തേക്ക് കടത്തിവിട്ടത്.പിന്നീട് ഇവർ ദർശനം നടത്തി മടങ്ങുകയും ചെയ്തു.
ജില്ലാ ആശുപത്രിയിലെ ലേബർ റൂം ജനുവരിയോടെ ‘ലക്ഷ്യ’ നിലവാരത്തിലേക്ക്
കണ്ണൂർ:ജില്ലാ ആശുപത്രിയിലെ ലേബർ റൂം ജനുവരിയോടെ ‘ലക്ഷ്യ’ പദ്ധതി പ്രകാരമുള്ള നിലവാരത്തിലേക്ക് ഉയർത്തും.ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ലേബർ റൂം,പ്രസവ ശുശ്രൂഷ,പരിചരണം തുടങ്ങിയ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ ആരോഗ്യദൗത്യ പദ്ധതിയാണ് ‘ലക്ഷ്യ’.3.25 കോടിയുടെ പദ്ധതികളാണ് ലക്ഷ്യയുടെ ഭാഗമായി ആശുപത്രിയിൽ അനുവദിച്ചിട്ടുള്ളത്.ദേശീയ നിലവാരമനുസരിച്ചുള്ള എൺപതു ശതമാനം സൗകര്യങ്ങളും നിലവിൽ ആശുപത്രിയിൽ ഉണ്ട്.ബാക്കി സൗകര്യങ്ങൾ ഉടൻ സജ്ജീകരിക്കാൻ കഴിയുന്നതാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ രാജീവൻ പറഞ്ഞു.ഇതിന്റെ ഭാഗമായി തുടങ്ങേണ്ട പ്രവർത്തനങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.ജില്ലാ ആശുപത്രി മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾ ഡിസംബറോടെ തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ യോഗത്തിൽ അറിയിച്ചു. നവീകരണത്തിന്റെ ഭാഗമായി ടി.ബി വാർഡ് മാറ്റുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാൻ മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.രക്തബാങ്ക് മാറ്റുന്നതിനുള്ള പ്രവർത്തി നടന്നുകൊണ്ടിരിക്കുകയാണ്.ഇത് നവംബറിൽ പൂർത്തിയാകും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്,കലക്റ്റർ മിർ മുഹമ്മദലി,മന്ത്രയുടെ പ്രൈവറ്റ് സെക്രെട്ടറി പി.സന്തോഷ്,ഡിഎംഒ കെ.നാരായണ നായിക്,ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രൊജക്റ്റ് മാനേജർ ഡോ.കെ.വി ലതീഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.