കൊട്ടാരക്കരയിൽ എൻഎസ്എസ് കരയോഗമന്ദിരത്തിന് നേരെ ആക്രമണം

keralanews attack against nss karayogamandiram at kottarakkara

കൊല്ലം:കൊട്ടാരക്കരയിൽ എൻഎസ്എസ് കരയോഗമന്ദിരത്തിന് നേരെ ആക്രമണം. പൊലീക്കോട് ശ്രീമഹാദേവര് വിലാസം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെയാണ് അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായത്.ശനിയാഴ്‌ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു. ആക്രമണത്തില്‍ കരയോഗ മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിമരം തകര്‍ന്ന നിലയിലാണ്.വെള്ളിയാഴ്‌ച രാത്രി വൈകിയും ഇവിടെ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇവര്‍ മന്ദിരത്തില്‍ നിന്നും മടങ്ങിയ ശേഷമാണ് അ‌ജ്ഞാത സംഘത്തിന്റെ ആക്രമണം അരങ്ങേറിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് വിവരം പൊലീസിലും കരയോഗം ഭാരവാഹികളെയും അറിയിച്ചത്. സംഭവത്തില്‍ കേസെടുത്ത കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഒരാഴ്‌ചയ്‌ക്കിടെ കൊല്ലം ജില്ലയില്‍ രണ്ടാമത്തെ തവണയാണ് എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണമുണ്ടാകുന്നത്.

മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടുത്തം ആസൂത്രിതമെന്ന് സൂചന;രണ്ടുപേർ കസ്റ്റഡിയിൽ

keralanews fire in family plastic godown is planned and two under custody

തിരുവനന്തപുരം:മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടുത്തം ആസൂത്രിതമെന്ന് സൂചന.സംഭവത്തിന് പിന്നില്‍ രണ്ട് ജീവനക്കാരാണെന്നാണ് പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്. തുടര്‍ന്ന് ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളായ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരിൽ ഇവർക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ ലൈറ്റര്‍ വാങ്ങിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലൈറ്റര്‍ ഉപയോഗിച്ച്‌ പാക്കിങ്ങിനുള്ള പ്ലാസ്റ്റിക് തീകൊളുത്തിയെന്നാണ് സൂചന.ഫാക്ടറിയില്‍നിന്നു പിരിച്ചുവിട്ട മൂന്ന് പേരെയും അന്നേദിവസം ഫാക്ടറിക്കു സമീപം കണ്ടിരുന്നു. പോലീസ് സമീപത്തെ സിസിടിവി പരിശോധിച്ചതില്‍നിന്നുമാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇവരെകുറിച്ച്‌ വിശദമായി അന്വേഷിച്ചുവരികയാണ്.ഇലക്‌ട്രിക് വിഭാഗത്തിന്റെ സ്ഥിരീകരണത്തിന് ശേഷമേ ഇവരെ അറസ്റ്റ് ചെയ്യൂ എന്ന് പൊലീസ് അറിയിച്ചു.തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍.ആദിത്യയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് എന്നിവരാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്.ഒക്ടോബര്‍ 31ന് രാത്രിയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്.തീപിടിത്തത്തില്‍ 500 കോടി രൂപയുടെ നഷ്ടമാണു പ്രാഥമിക കണക്ക്. ആളപായമില്ലെങ്കിലും രണ്ടും നാലും നിലകള്‍ വീതമുള്ള രണ്ടു കെട്ടിടങ്ങളും ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും നിര്‍മാണം പൂര്‍ത്തിയാക്കിയ ഉത്പന്നങ്ങളും പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു.

കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു

keralanews high court temporarily stayed the veridct that disqualified k m shaji

കൊച്ചി:മുസ്ലിം ലീഗ് എംഎൽഎ കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.രണ്ടാഴ്ചയാണ് വിധിക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്.ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി തീരുമാനമെടുക്കാന്‍ കാലതാമസം വന്നേയ്ക്കാം. അത്രയും കാലം അഴീക്കോട് മണ്ഡലത്തില്‍ എം.എല്‍.എയുണ്ടാകില്ല. ഈ സാഹചര്യത്തില്‍ തല്‍ക്കാലത്തേയ്ക്ക് വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, നികേഷ് കുമാറിന്റെ കോടതി ചിലവായ 50,000 രൂപ ഒരാഴ്ചയ്ക്കകം കെട്ടിവയക്കാനും നിര്‍ദേശമുണ്ട്. ജസ്റ്റിസ് പി.ഡി.രാജനാണ് ഷാജിയെ അയോഗ്യനാക്കി വിധി പറഞ്ഞത്. ഇതേ ബെഞ്ചിന് മുമ്ബാകെയാണ് സ്‌റ്റേ ആവശ്യപ്പെട്ട് ഷാജി ഹര്‍ജി നല്‍കിയത്. 2016 ഇൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് കെ.എം ഷാജി വര്‍ഗീയ ധ്രുവീകരണം നടത്തിയെന്ന എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിന്റെ പരാതിയിലാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവിട്ടത്.ആറ് വര്‍ഷത്തേക്ക് കെ.എം ഷാജിയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും കോടതി ഉത്തരവിലുണ്ട്.

തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജി

keralanews approach supreme court against the high court verdict of making disqualified said k m shaji

കണ്ണൂർ:തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജി.സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചാണ് സിപിഎം തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.ഇത് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ മതേതര നിലപാട് താന്‍ എന്റെ ജീവിതം കൊണ്ട് തെളിയിച്ചിട്ടുള്ളതാണ്. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം പോലും വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിച്ച വ്യക്തിയാണ് താന്‍. എന്നാല്‍ ഏത് തരത്തിലാണ് കോടതിക്ക് ആ ബോധ്യം വന്നത് എന്ന് മനസ്സിലായിട്ടില്ല. തനിക്കെതിരെ കേസ് കൊടുത്ത വ്യക്തി  അറിയപ്പെടുന്ന മാനിപ്പുലേറ്ററാണ്. നിരവധി വഞ്ചനാ കേസുകളിലെ പ്രതിയാണ്. അദ്ദേഹത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതാണ്. തന്നെ നേരിടാന്‍ കുറച്ചുകൂടി നല്ല മാര്‍ഗം സ്വീകരിക്കാമായിരുന്നു. 400 വോട്ടിന് പരാജയപ്പെട്ടപ്പോള്‍ പ്രകാശന്‍ മാഷ് പോലും തന്നോട് കാണിക്കാത്ത വൃത്തികേടാണ് നികേഷ് കുമാര്‍ കാണിച്ചത്. ഇത്തരത്തിലുള്ള ഒരാളോട് മത്സരിക്കേണ്ടി വന്നതിന്റെ ഗതികേടില്‍ നിന്നുണ്ടായ കോടതി വിധിയാണിതെന്നും കെ.എം ഷാജി പ്രതികരിച്ചു.കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം ഇതിനോട് കൂടുതല്‍ പ്രതികരിക്കുമെന്നും ഷാജി പറഞ്ഞു.

ജോലി ചെയ്യുന്ന ഡോക്ടറുടെ വീട്ടിൽ നിന്നും 60 പവനോളംവരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ

keralanews woman arrested for stealing gold from doctors house

കണ്ണൂർ: ജോലി ചെയ്യുന്ന ഡോക്ടറുടെ വീട്ടിൽ നിന്നും 60 പവനോളം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ.കൊറ്റാളി സ്വദേശിനി റിൻഷ (29)യെയാണ് ടൗൺ എസ്.ഐ ശ്രീജിത്ത് കോടേരി  അറസ്റ്റ് ചെയ്തത്.സെന്റ്’ മൈക്കിൾസ് സ്കൂളിന് പുറക് വശം താമസിക്കുന്ന അഞ്ചരക്കണ്ടി മെഡിക്കൽ കോളെജിലെ അനസ്ത്യേഷ്യ ഡോക്ടർ റോഷന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങളാണ് കഴിഞ്ഞ മെയ് മാസം മുതൽ വിവിധ സമയങ്ങളിലായി റിൻഷ മോഷ്ടിച്ചത്.കഴിഞ്ഞ ദിവസം ഡോക്ടറും കുടുംബവും വിവാഹത്തിന് പോകുമ്പോൾ അണിയാൻ വേണ്ടി അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ട്ടപ്പെട്ടതായി മനസിലായത്.തുടർന്ന് ഇന്നലെ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് വേലക്കാരിയെ വിളിച്ച് കാര്യങ്ങൾ ചോദിച്ചപ്പോൾ ഇവർ കുറ്റം നിഷേധിക്കുകയും പിന്നീട് ജോലിക്ക്  വരാതിരിക്കുകയും ചെയ്തു .തുടർന്ന് പോലീസ്  വേലക്കാരിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണം നടത്തിയത് താനാണെന്ന് സമ്മതിച്ചത്. ഒരു വർഷമായി റിൻഷ ഡോക്റ്ററുടെ വീട്ടിൽ ജോലിചെയ്തു വരികയാണ്.ഇവർ വിൽപ്പന നടത്തിയ മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ നഗരത്തിലെ വിവിധ ജ്വല്ലറികളിൽ നിന്ന് കണ്ടെടുത്തു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഉപഭോക്താക്കൾക്ക് നിലവിലെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾക്ക് പകരം ചിപ്പ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇ.എം.വി കാർഡുകൾ നല്കാൻ ആർബിഐ നിർദേശം

keralanews rbi directives to give customers emv cards based on chip instead of current debit credit cards

മുംബൈ:രാജ്യത്ത് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം തട്ടുന്നത് വ്യാപകമായതോടെ ആധുനിക ചിപ്പോടു കൂടിയ നവീന കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യണമെന്ന് റിസര്‍വ് ബാങ്ക് മറ്റ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.പുതിയതായി ഇറക്കിയ ഉത്തരവനുസരിച്ച്‌ ഈ വര്‍ഷം ഡിസംബര്‍ 31 വരെ മാത്രമേ പഴയ കാര്‍ഡുകള്‍ക്ക് പ്രാബല്യമുണ്ടാകൂ. മാഗ്നെറ്റിക്ക് സ്ട്രിപ്പ് ഉപയോഗിക്കുന്ന ഇപ്പോഴത്തെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി വിവരം ചോര്‍ത്തി തട്ടിപ്പ് നടക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നടപടി. വരുന്ന ഡിസംബര്‍ 31ന് മുന്‍പ് ചിപ്പ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ.എം.വി കാര്‍ഡുകളിലേക്ക് മാറണമെന്നാണ് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്.ഉത്തരവ് തദ്ദേശിയ കാര്‍ഡുകള്‍ക്കും രാജ്യന്തര കാര്‍ഡുകള്‍ക്കും ബാധകമായിരിക്കും.കാര്‍ഡുകള്‍ക്ക് ഡിസംബറിനു ശേഷവും നിരവധി വര്‍ഷം കാലവധിയുണ്ടെങ്കിലും പുതിയ ഉത്തരവ് അനുസരിച്ച്‌ ഉപഭോക്താക്കള്‍ അതത് ശാഖകളില്‍നിന്ന് പുതിയ കാര്‍ഡുകള്‍ മാറ്റി വാങ്ങേണ്ടിവരും. നിലവില്‍ പ്രാബല്യത്തിലുള്ള മാഗ്‌നെറ്റിക് സ്ട്രിപ്പ് കാര്‍ഡുകളില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ എളുപ്പമാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. വിവരങ്ങള്‍ ശേഖരിക്കുന്നത് ചിപ്പിലാണെങ്കില്‍ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമായിരിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്താൻ വെർച്വൽ ക്യൂ സംവിധാനം വഴി ഇതുവരെ 550 യുവതികൾ ബുക്ക് ചെയ്തു

keralanews 550 women booked through virtual queue system to visit sabarimala in mandalapooja

തിരുവനന്തപുരം:ശബരിമലയില്‍ മണ്ഡലകാലത്ത് ദര്‍ശനാനുമതി തേടി കൂടുതല്‍ യുവതികള്‍. സംസ്ഥാനത്തിനു പുറത്ത് നിന്നും അകത്തും നിന്നുമായി 10 ലും 50 ഇടയിലും പ്രായമുള്ള 550 യുവതികളാണ് ദര്‍ശനത്തിനുള്ള അനുമതി തേടി വെർച്വൽ ക്യൂ സംവിധാനം വഴി ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.പോലീസ് പോര്‍ട്ടല്‍ വഴി മണ്ഡലകാലത്ത് ദര്‍ശന അനുമതി തേടിയിരിക്കുന്നത് മൂന്ന് ലക്ഷം ആളുകളാണ്.ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കെഎസ്‌ആര്‍ടിസിയുമായി ചേര്‍ന്ന് കേരള പോലീസ് തയ്യാറാക്കിയിരിക്കുന്നതാണ് പോര്‍ട്ടല്‍.മണ്ഡലകാലത്തെ സുരക്ഷ പോലീസിന് വലിയ വെല്ലുവിളിയാണ്. ചിത്തിര ആട്ട വിശേഷത്തിനായി ഒറ്റ ദിവസത്തേയ്ക്ക് നട തുറന്നപ്പോൾ പോലീസൊരുക്കിയ കനത്ത സുരക്ഷാ വലയത്തിനിടയിലും സന്നിധാനത്ത് പ്രതിഷേധങ്ങൾ അരങ്ങേറി. കടുത്ത നിയന്ത്രണങ്ങൾക്കിടയിലായിരുന്നു ഇത്തവണ തീർത്ഥാടകർ മല ചവിട്ടിയത്. മണ്ഡലകാലത്ത് ഇത്രയധികം സ്ത്രീകൾ ഒന്നിച്ചെത്തിയാൽ വലിയ സജ്ജീകരണങ്ങൾ തന്നെ ഒരുക്കേണ്ടി വരും. കൂടുതൽ വനിതാ പോലീസിനെയും സന്നിധാനത്ത് വിന്യസിക്കേണ്ടി വരും.

അഴീക്കോട് എംഎൽഎ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി;നടപടി വര്‍ഗീയ പ്രചാരണം നടത്തിയെന്ന നികേഷ് കുമാറിന്റെ ഹര്‍ജിയില്‍

keralanews highcourt disqualified azhikode m l a k m shaji

കണ്ണൂർ:അഴീക്കോട് എംഎൽഎ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിർസ്ഥാനാർത്ഥിയായിരുന്ന നികേഷ് കുമാറിന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി.ആറ് വര്‍ഷത്തേക്കാണ് ഷാജിയെ അയോഗ്യനാക്കിയത്. ജസ്റ്റിസ് ബി.ഡി രാജനാണ് വിധി പറഞ്ഞത്.ഇസ്ലാം മതസ്ഥരുടെ ഇടയില്‍ വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ ഷാജിയുടെ നേതൃത്വത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നികേഷ് ഹര്‍ജി നല്‍കിയത്.വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് കോടതി ഉത്തരവ്. അതേസമയം തന്നെ എംഎ‍ല്‍എയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. തുടര്‍ നടപടികളെടുക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കര്‍ക്കും നിര്‍ദ്ദേശം നല്‍കി. കേസ് നടത്തിപ്പിന് 50000 രൂപ നികേഷ് കുമാറിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.അതേസമയം വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാജി വ്യക്തമാക്കി. നിയമപരമായി നേരിടുമെന്ന് ലീഗും വ്യക്തമാക്കി.2016ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 2287 വോട്ടിനാണ് നികേഷ് കുമാറിനെ സിറ്റിങ് സീറ്റില്‍ കെഎം ഷാജി പരാജയപ്പെടുത്തിയത്. 2011ല്‍ 493 വോട്ടിനാണ് കെഎം ഷാജി ആദ്യമായി വിജയിച്ച്‌ നിയമസഭയിലെത്തിയത്.

മന്ത്രി കെ.ടി ജലീലിനെതിരെ കരിങ്കൊടി; തലശ്ശേരിയിൽ അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർ കസ്റ്റഡിയിൽ

keralanews black flag protest against k t jaleel five youth league workers under custody in thalasseri

കണ്ണൂര്‍: മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തലശ്ശേരിയിൽ കസ്റ്റഡിയില്‍.തലശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം.വെള്ളിയാഴ്ച പുലര്‍ച്ചെ മാവേലി എക്സ്പ്രസില്‍ ജലീല്‍ തലശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിപ്പോഴായിരുന്നു ഒരു സംഘം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് തഫ്‍ലീം മാണിയാട്ട്, ജാസിര്‍, ആസിഫ് മട്ടാമ്ബുറം, ഫര്‍ദീന്‍, അസ്രുദീന്‍ കണ്ണോത്ത് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

നെയ്യാറ്റിൻകര കൊലപാതകം;സനൽ കുമാർ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

keralanews neyyattinkara murder case postmortem report that sanal kumar died due to head injury

തിരുവനന്തപുരം:വാക്കുതർക്കത്തിനിടെ ഡിവൈഎസ്പി കാറിന് മുന്നിലേക്ക് തള്ളിയിട്ട സനല്‍ കുമാർ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.സനലിന്റെ ശരീരമാസകലം ക്ഷതമേറ്റിരുന്നു. വാരിയെല്ലും കൈയും ഒടിഞ്ഞു. സനലിന്റെ തുടയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. വാഹനമിടിച്ച്‌ ആഴത്തിലുള്ള ക്ഷതവും രക്തസ്രാവവും ഉണ്ടാവുകയും ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.കാറിടിച്ചതിനെ തുടര്‍ന്ന് പത്ത് മീറ്ററിലധികം ദൂരത്തേക്ക് തെറിച്ച്‌ വീണപ്പോള്‍ തലയ്ക്കുള്ളിലുണ്ടായ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.രാസ പരിശോധനാ ഫലം കൂടി ലഭിച്ചശേഷം രണ്ട് ദിവസത്തിനുള്ളില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറുമെന്നാണ് സൂചന.ഡിവൈഎസ്പിയുമായി റോഡില്‍ വെച്ച്‌ തര്‍ക്കിച്ചു കൊണ്ടിരിക്കെയാണ് യുവാവ് വാഹനമിടിച്ച്‌ മരിച്ചത്. സനലിനെ ഡിവൈ.എസ്.പി ഹരികുമാര്‍ പിടിച്ചു തള്ളിയപ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷി സുല്‍ത്താന്‍ മാഹീന്‍ പറഞ്ഞത്.

അതേസമയം കേസിൽ ഒളിവിൽ പോയിരിക്കുന്ന ഡിവൈഎസ്പി ഹരികുമാര്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.കേസ് വഴിതിരിച്ചുവിടാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്ന് സനലിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ് രക്തംവാര്‍ന്ന് മരണ വെപ്രാളത്തില്‍ കഴിയുന്ന വേളയില്‍ പോലീസ് സനലിന്റെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്തെന്നും ഇവർ ആരോപിക്കുന്നു.നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിന് പകരം രക്തം വാര്‍ന്ന സനലിനെ കൊണ്ടുപോയത് പോലീസ് സ്‌റ്റേഷനിലേക്കാണ്. യുവാവിനെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമവും പോലീസ് അവഗണിക്കുകയായിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. പോലീസിന്റെ നിര്‍ദേശ പ്രകാരമാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാതെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പറഞ്ഞു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് നിര്‍ദേശം സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാനായിരുന്നു.താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ആംബുലന്‍സില്‍ കയറിയത് ഒരു നാട്ടുകാരനും പോലീസുകാരനുമാണ്. നാട്ടുകാര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പോലീസുകാരന്‍ നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. വാഹനം പതുക്കെ പോകാനും സൈറന്‍ ഇടേണ്ടെന്നും പോലീസുകാരന്‍ ആവശ്യപ്പെട്ടെന്ന് ആംബുലൻസ് ഡ്രൈവര്‍ പറയുന്നു.