തിരുവനന്തപുരം:ശബരിമല വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് തന്ത്രി,പന്തളം രാജ കുടുംബാംഗങ്ങൾ.സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചര്‍ച്ച. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കുടുംബ പ്രതിനിധികള്‍ പറഞ്ഞു. തന്ത്രി കുടുംബവും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുട്ടുണ്ട്.മണ്ഡലകാലം കഴിയുന്നത് വരെ സുപ്രീംകോടതി വിധിക്ക് സ്റ്റേയില്ലെന്ന ഉത്തരവ് വന്നതോടെയാണ് ചര്‍ച്ചയ്ക്ക് തയ്യാറായി പന്തളം കുടുംബങ്ങളും തന്ത്രി കുടുംബവും ചര്‍ച്ചയ്ക്ക് തയ്യാറായത്. നേരത്തെ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ നിന്നും ഇരുവരും പിന്മാറിയിരുന്നു. അതേസമയം, മണ്ഡലകാലത്ത് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് മാറില്ല. ഭരണഘടനാ പ്രകാരം സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാനിടയില്ല.
പെട്രോൾ പമ്പിലെ അക്രമം;ബിഎംഎസ് മേഖല പ്രസിഡന്റ് ഉൾപ്പെടെ മുഖ്യപ്രതികൾ റിമാൻഡിൽ
കൂത്താട്ടുകുളം:കൂത്താട്ടുകുളത്തെ ഇന്ത്യൻ ഓയിൽ പമ്പിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിഎംഎസ് നേതാവ് ഉൾപ്പെടെ രണ്ടു പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കേസിലെ മുഖ്യപ്രതി ബിഎംഎസ് മേഖല പ്രസിഡന്റും ആർഎസ്എസ് നേതാവുമായ കുമ്മണം രാജു എന്ന കെ.കെ രാജു,രണ്ടാം പ്രതി കൂത്താട്ടുകുളം മേനാമറ്റം മനോജ് എന്നിവരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.വധശ്രമം ഉൾപ്പെടെയുള്ള കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് എസ്‌ഐ ബ്രിജിത് കുമാർ അറിയിച്ചു.പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പോലീസ് തെളിവ് ശേഖരിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കൂത്താട്ടുകുളം ടൗണിൽ ഓട്ടോ ഓടിക്കുന്ന രാജു പമ്പിൽ ഡീസൽ അടിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനിടെ പമ്പിലെ ജീവനക്കാരനായ വഴിത്തല കൊച്ചുപറമ്പിൽ അമൽ ദിവാകരനെ മർദിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
കണ്ണൂർ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തിന്‍റെ ടിക്കറ്റുകള്‍ റെക്കോർഡ് സമയത്തിനുള്ളിൽ വിറ്റു തീർന്നു
കണ്ണൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തിന്‍റെ ടിക്കറ്റുകള്‍ റെക്കോർഡ് സമയത്തിനുള്ളിൽ വിറ്റു തീർന്നു.ഉദ്ഘാടനദിനത്തില്‍ കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ 186 ടിക്കറ്റുകളാണ് 55 മിനിറ്റിനുള്ളിൽ വിറ്റുതീര്‍ന്നത്.അബുദാബി, റിയാദ്, മസ്കറ്റ്, ഷാര്‍ജ, ദോഹ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളുടെ ബുക്കിംഗാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. ഡിസംബര്‍ ഒൻപതിനാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനമായ എയര്‍ഇന്ത്യ എക്സ്പ്രസിന്‍റെ വിമാനം യാത്രക്കാരുമായി അബുദാബിയിലേക്ക് പുറപ്പെടുക.ഉദ്ഘാടന ദിവസം രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്യും. ആഴ്ചയില്‍ റിയാദിലേക്ക് മൂന്ന് ദിവസവും അബുദാബിയിലേക്ക് നാല് ദിവസവും സര്‍വീസ് നടത്തും. ഷാര്‍ജ, ദോഹ എന്നിവടങ്ങളിലേക്കും നാല് ദിവസം സര്‍വീസുണ്ടാകും. മസ്കറ്റിലേക്ക് മൂന്ന് ദിവസമാണ് സര്‍വീസുണ്ടാകുക. ദുബായിലേക്ക് ആദ്യഘട്ടത്തില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. അബുദാബിയിലേക്ക് സര്‍വീസ് നടത്താനുള്ള എയര്‍ഇന്ത്യ എക്സ്പ്രസിന്‍റെ വിമാനം എട്ടിനു വൈകുന്നേരം തിരുവനന്തപുരത്തുനിന്നു കണ്ണൂര്‍ വിമാനത്താവളത്തിലെത്തിക്കും.
ശബരിമല സ്ത്രീ പ്രവേശനം;പുനഃപരിശോധനാ ഹർജികൾ ജനുവരി 22 ന് തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം
ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പട്ട സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികൾ ജനുവരി 22 ന് തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം.സ്ത്രീ പ്രവേശനം അനുവദിച്ച വിധിയ്ക്കെതിരെയുള്ള 49 റിവ്യു ഹര്‍ജികളാണ് ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജന്‍ ഗൊഗോയ‌് അധ്യക്ഷനായ അഞ്ചംഗബെഞ്ച‌് ഇന്ന് പരിഗണിച്ചത്. ചേബറിലാണ‌് ഹര്‍ജികള്‍ പരിഗണിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയക്കും. ചീഫ‌്ജസ‌്റ്റിസിന‌് പുറമെ കേസില്‍ നേരത്തെ വിധി പറഞ്ഞ എ എം ഖാന്‍വില്‍ക്കര്‍, ആര്‍ എഫ‌് നരിമാന്‍, ഡി വൈ ചന്ദ്രചൂഡ‌്, ഇന്ദുമല്‍ഹോത്ര എന്നിവരാണ് റിവ്യൂ ഹര്‍ജി പരിഗണിച്ചത്. ഇന്ത്യന്‍ യങ് ലോയേഴ‌്സിന്റെ ഹര്‍ജിയില്‍ മുന്‍ ചീഫ‌്ജസ‌്റ്റിസ‌് ദീപക‌് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച‌് സെപ‌്തംബര്‍ 28ന‌് പുറപ്പെടുവിച്ച വിധിക്കെതിരെയാണ‌് 49 പുനഃപരിശോധനാഹര്‍ജികള്‍ വന്നത് . പന്തളം കൊട്ടാരം, തന്ത്രി കണ‌്ഠര‌് രാജീവര‌്, മുഖ്യതന്ത്രി, ശബരിമല ആചാരസംരക്ഷണഫോറം, എന്‍എസ‌്‌എസ‌്, അയ്യപ്പസേവാസമാജം തുടങ്ങി നിരവധി സംഘടനകളും വ്യക്തികളുമാണ‌് ഹര്‍ജി നല്‍കിയത‌്. പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കാൻ തീരുമാനമായെങ്കിലും സ്ത്രീപ്രവേശനം സംബന്ധിച്ച് സെപ്റ്റംബർ 28 ന് പുറപ്പെടുവിച്ച വിധി സുപ്രീം കോടതി റദ്ദാക്കിയിട്ടില്ല.ഇതോടെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന വിധി നിയമമായി നിലനിൽക്കും.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
കണ്ണൂര്‍: അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്.അബുദാബി, റിയാദ്, മസ്കറ്റ്, ഷാര്‍ജ, ദോഹ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളുടെ ബുക്കിംഗാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്.കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ തത്കാലം ഒരു വിമാനമാണ് എയര്‍ ഇന്ത്യ എത്തിക്കുക. ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തു നിന്നും ഈ വിമാനം എത്തും. ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്തുമണിക്ക് അബുദാബിയിലേക്ക് പറന്നാണ് എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങുന്നത്. ഈ വിമാനം തന്നെ വൈകിട്ട് ഏഴിന് കണ്ണൂരിൽ തിരിച്ചെത്തും.പിന്നീട് രാത്രി 9.05ന് റിയാദിലേക്ക് സര്‍വീസ് നടത്തും.പുലര്‍ച്ചെ തിരിച്ചെത്തുകയും ചെയ്യും.റിയാദിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസവും അബുദാബിയിലേക്ക് നാല് ദിവസവും എയർ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തും. ഷാര്‍ജ, ദോഹ എന്നിവടങ്ങളിലേക്കും നാല് ദിവസം സര്‍വീസുണ്ടാകും. മസ്കറ്റിലേക്ക് മൂന്ന് ദിവസമാണ് സര്‍വീസുണ്ടാകുക.
ശബരിമലയിലെ അക്രമം;ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി:ചിത്തിര ആട്ടത്തിരുന്നാള്‍ പുജകള്‍ക്കായി നട തുറന്നപ്പോൾ ശബരിമല സന്നിധാനത്ത് ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്പെഷല്‍ കമ്മീഷണറായ ജില്ലാ ജഡ്ജി പി.മനോജ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെളിവായി സ്വീകരിച്ചാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് വിധി.ചിത്തിര ആട്ടത്തിരുന്നാളിന് നട തുറന്നപ്പോള്‍ ആചാര ലംഘനമുണ്ടായെന്നും ദര്‍ശനത്തിന് വന്ന സ്ത്രീകള്‍ ആക്രമണത്തിനിരയായെന്നും സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായില്ലെന്ന പരാതി ഉള്‍പ്പടെ നട തുറന്നപ്പോഴുണ്ടായ എല്ലാം സംഭവങ്ങളും സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.
ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യ; ദൈവത്തിന്റെ വിധി നടപ്പിലായതായി സനലിന്റെ ഭാര്യ വിജി
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സനല്കുമാറിന്റെ ബന്ധുക്കൾ രംഗത്ത്.ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു.പ്രതിയെ പിടികൂടണമെന്ന ആവശ്യപ്പെട്ട് സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഉപവാസത്തിലായിരുന്നു വിജി. പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞതോടെ വിജി ഇന്ന് രാവിലെ ആരംഭിച്ച ഉപവാസം അവസാനിപ്പിച്ചു. ഇന്ന് രാവിലെയാണ് തിരുവനന്തപുരം കല്ലമ്ബലത്തെ വസതിയില്‍ തൂങ്ങിമരിച്ച നിലയിൽ ഡിവൈഎസ്പി ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.നെയ്യാറ്റിന്‍കര സ്വദേശി സനലിനെ ഡിവൈഎസ്പി ബി.ഹരികുമാര്‍ മനപ്പൂര്‍വം കാറിനു മുൻപിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതിന് തൊട്ടു പിന്നാലെയാണ് ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആരംഭിക്കാനിരിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് യാത്രാനിരക്കിൽ തീരുമാനമായില്ല
കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആരംഭിക്കാനിരിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് യാത്രാനിരക്കിൽ തീരുമാനമായില്ല.ടിക്കറ്റ് ബുക്കിങ് ഉടൻതന്നെ തുടങ്ങുമെന്ന് എയർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അക്കാര്യം ഉറപ്പിക്കാത്തതിനാൽ കന്നിയാത്രയ്‌ക്കൊരുങ്ങിയ പ്രവാസികൾ ആശയക്കുഴപ്പത്തിലാണ്.ദിവസേന നിരവധിപേർ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ വെബ്സൈറ്റിലും വിവിധ ട്രാവൽ ഏജന്സികളിലും അന്വേഷണങ്ങളുമായി എത്തുന്നുണ്ട്. എന്നാൽ ടിക്കറ്റ് നിരക്കിൽ വ്യക്തത വരാത്തതിനാൽ ഇതുവരെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടില്ല.നിലവിൽ അബുദാബി,റിയാദ്,ദോഹ എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽ നിന്നും സർവീസ് നിശ്ചയിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ചുള്ള സമയപട്ടികയും പുറത്തിറക്കിയിട്ടുണ്ട്. അതേസമയം സർവീസ് തുടങ്ങുന്ന ദിവസം തന്നെ സംഘമായി യാത്ര ചെയ്യാൻ വിവിധ പ്രവാസി സംഘടനകൾ താല്പര്യമറിയിച്ച് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരെ സമീപിച്ചിട്ടുണ്ട്.എന്നാൽ ഇത്തരം സംഘങ്ങൾക്ക് പ്രത്യേകം പാക്കേജ് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനി.ഇത് പുനഃപരിശോധിക്കണമെന്നും യാത്രാസംഘങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.നിരക്ക് കൂട്ടാനാണ് പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നുമുള്ള ആരോപണങ്ങളൂം ഉയരുന്നുണ്ട്.
സനൽ കുമാർ കൊലക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനൽ കുമാർ കൊലപാതകക്കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ കല്ലമ്പലത്തെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി .ഹരികുമാറിന്‍റെ മൃതദേഹം വീട്ടിനടുത്തുള്ള ചായ്പില്‍ നിന്നാണ് കണ്ടെത്തിയത് .ഹരികുമാര്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയോടെ നാട്ടിലെത്തിയതായാണ് സൂചന.കര്‍ണാടക വനാതിര്‍ത്തിയ്ക്കടുത്താണ് ഹരികുമാര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് .പോലീസിന് മുന്നില്‍ ഇന്ന് കീഴടങ്ങാന്‍ ഇരിക്കെയാണ് ഡിവൈഎസ്പി ബി.ഹരികുമാര്‍ ആത്മഹത്യ ചെയ്തത് .ഹരികുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു.കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഹരികുമാറിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് ഡിവൈഎസ്പിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഹരികുമാര്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടിലും തറവാട്ടുവീട്ടിലും എത്താനിടയുള്ള മറ്റ് ബന്ധു വീടുകളിലും അന്വേഷണ സംഘം എത്തി പരിശോധന നടത്തിയിരുന്നു. ഹരികുമാറിന്റെ ഫോണ്‍ നമ്പറുകളിൽ നിന്നുള്ള കോള്‍ ലിസ്റ്റ് ശേഖരിച്ച് പരിശോധന നടത്തിവരികയായിരുന്നു. രാജ്യം വിടാതിരിക്കാന്‍ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും ക്രൈംബ്രാഞ്ച് എസ്പി പറഞ്ഞിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തോടെയാണ് നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ മണലൂര്‍ ചെങ്കോട്ടുകോണം ചിറത്തല പുത്തന്‍വീട്ടില്‍ സനല്‍ കുമാര്‍ വാഹനമിടിച്ചു മരിച്ചത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഡിവൈഎസ്‌പി ബി ഹരികുമാര്‍ പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് റോഡിലേക്ക് വീണ സനല്‍കുമാറിനെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അതേസമയം, കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറിനു മുന്നിലേക്ക് സനലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുദ്ധമയൂരി കേരളത്തിന്റെ സംസ്ഥാന ശലഭ പദവിയിലേക്ക്
തിരുവനന്തപുരം:നീല കലര്‍ന്ന പച്ചയും കടും പച്ചയും നിറമുള്ള ചിറകുകളുള്ള ബുദ്ധമയൂരി സംസ്ഥാന ശലഭ പദവിയിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരമാണ് ഇനി ലഭിക്കേണ്ടത്. വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ് ബുദ്ധമയൂരി. സംസ്ഥാന പദവി ലഭിക്കുന്നതോടെ ഇവയുടെ സംരക്ഷണത്തിനുള്ള വഴി തെളിയും. അലങ്കാരങ്ങള്‍ക്കും പേപ്പര്‍ വെയ്റ്റുകള്‍ക്ക് ഭംഗി പകരുന്നതിനും വേണ്ടി ഇവയെ ലക്ഷ്യം വയ്ക്കുന്നതാണ് ബുദ്ധമയൂരികള്‍ക്ക് ഭീഷണിയാവുന്നത്.പാപ്പിലോ ബുദ്ധയെന്ന ചിത്രശലഭങ്ങളാണ് രാജ്യത്തെ ശലഭങ്ങളില്‍ ഏറ്റവും ഭംഗിയേറിയവ. ബുദ്ധമയൂരിയുടെ ചിറകിന് 90 മുതല്‍ 100 മില്ലിമീറ്റര്‍ വരെ വീതിയുണ്ട്. മഹാരാഷ്ട്രയുടെ തെക്കുള്ള പശ്ചിമഘട്ടത്തിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.മഹാരാഷ്ട്രയ്ക്ക് പുറമെ, കേരളം, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലും ഇവ കാണപ്പെടുന്നു. സംസ്ഥാനത്ത് മലബാര്‍ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായും കാണുന്നത്. ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണ് ഇവ പ്രത്യക്ഷപ്പെടാറ്.മുള്ളുമുരിക്കിൽ നിന്നാണ് ഇവ ആഹാരം ശേഖരിക്കുന്നത്.നാലിനം ചിത്രശലഭങ്ങളെയാണ് സംസ്ഥാന പദവിക്കായി പരിഗണിച്ചത്.വനദേവത(മലബാർ ട്രീ നിംഫ്),പുള്ളിവാലൻ(മലബാർ ബാന്ഡേഡ് സ്വാലോടെയിൽ),മലബാർ റോസ്(പാച്ചിലൊപ്റ്റ പാണ്ടിയാനാ),എന്നിവയാണ് പട്ടികയിലുണ്ടായിരുന്ന മറ്റ് മൂന്നിനം.വനദേവതയാണ് അവസാന റൗണ്ടിൽ ബുദ്ധമയൂരിയുമായി മത്സരിച്ചത്.