തിരുവനന്തപുരം:മണ്ഡലകാലത്ത് രാത്രിയിൽ നടയടച്ചശേഷം സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ.നിലയ്ക്കലിൽ നടന്ന പോലീസിന്റെ ഉന്നതതല അവലോകന യോഗത്തിനു ശേഷമാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്. പുരോഹിതർക്കും ഉദ്യോഗസ്ഥർക്കും മാത്രമായിരിക്കും രാത്രിയിൽ സന്നിധാനത്ത് താങ്ങാൻ അനുമതി ഉണ്ടായിരിക്കുകയെന്നും ഏതു സാഹചര്യയും നേരിടാൻ പോലീസ് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ദര്‍ശനത്തിനു വരുന്ന സ്ത്രീകള്‍ക്ക് പൊലീസുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പർ നല്‍കുമെന്നും ഈ നമ്പറിൽ വിളിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ഡി.ജി.പി പറഞ്ഞു.ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്.അതേസമയം, ശബരിമല മേഖലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. നവംബര്‍ 15ന് അര്‍ധരാത്രി മുതല്‍ 22ന് അര്‍ധരാത്രിവരെയാണ് നിരോധനാജ്ഞ. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ല മജിസ്‌ട്രേറ്റും ജില്ല കലക്ടറുമായ പി.ബി. നൂഹ് ഉത്തരവിറക്കി.
കണ്ണൂർ എയർപോർട്ട് പോലീസ് സ്റ്റേഷൻ ഡിസംബർ ആദ്യം പ്രവർത്തനമാരംഭിക്കും
മട്ടന്നൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പോലീസ് സ്റ്റേഷൻ ഡിസംബർ മൂന്നോടെ പ്രവർത്തനമാരംഭിക്കും.ഒക്ടോബറിൽ തന്നെ പോലീസ് സ്റ്റേഷൻ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കെട്ടിടമുൾപ്പെടെയുള്ളവ തയ്യാറാകാത്തതിനാൽ വൈകുകയായിരുന്നു.ഒരു എസ്‌ഐയും അദ്ദേഹത്തിന്റെ കീഴിൽ 25 പോലീസുകാരുമാണ് ആദ്യഘട്ടത്തിൽ ഇവിടെ സുരക്ഷയ്ക്കായി ഉണ്ടാവുക.ടെർമിനൽ കെട്ടിടത്തിന് മുൻപിലുള്ള കെട്ടിടമായിരിക്കും പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുക.ഇരിട്ടി സബ് ഡിവിഷന് കീഴിലാണ് എയർപോർട്ട് പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുക.മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയുടെ വിസ്തൃതിയും അമിത ജോലിഭാരവും കണക്കിലെടുത്താണ് വിമാനത്താവളത്തിൽ പ്രത്യേകം പോലീസ് സ്റ്റേഷൻ അനുവദിച്ചിരിക്കുന്നത്.നിലവിൽ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന പോലീസുകാരെയാണ് വിമാനത്താവളത്തിൽ നിയമിക്കുക.എയർപോർട്ട് പോലീസ് സ്റ്റേഷനിൽ വിവിധ തസ്തികകൾ അനുവദിച്ച് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു.
രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയാണ് തളളിയത്. പൊലീസിന് നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി അറിയിച്ചു.മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്‌തെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.സാമൂഹ്യമാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആര്‍. രാധാകൃഷ്ണമേനോന്റെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് കേസെടുത്തത്.
ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു
തിരുവനന്തപുരം:ഈ മാസം 18 മുതൽ സംസ്ഥാനത്തെ ഓട്ടോ-ടാക്സി ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു.ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചർച്ചയെ തുർന്നാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനിച്ചത്. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിരക്ക് സംബന്ധിച്ച കാര്യങ്ങള്‍ തിരുമാനമായെന്നും ഡിസംബര്‍ ഒന്നു മുതല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
ഇരിട്ടി വള്ള്യാട് പുഴയിൽ സ്റ്റീൽ ബോംബ് കണ്ടെത്തി;പ്രദേശത്ത് പരിശോധന നടത്തി
ഇരിട്ടി:വള്ള്യാട് പുഴയിൽ വെള്ളത്തിൽ നിന്നും സ്റ്റീൽ ബോംബ് കണ്ടെത്തി.വ്യാഴാഴ്ച രാവിലെയാണ് ബോംബ് കണ്ടെത്തിയത്.ഇതേ തുടർന്ന് പ്രദേശത്ത് പോലീസും ബോംബ് സ്ക്വാർഡും പരിശോധന നടത്തി.പഴശ്ശി പദ്ധതിയുടെ ഷട്ടർ അടച്ചപ്പോൾ കുറ്റിക്കാട്ടിൽ ബോംബ് ഒളിപ്പിച്ചുവെച്ചിടത്ത് വെള്ളം കയറിയതിനെ തുടർന്ന് ബോംബ് പുറത്തുവന്നതാകാമെന്നാണ് സംശയിക്കുന്നത്.ഇരിട്ടി എസ്‌ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ബോംബ് സ്റ്റേഷനിലേക്ക് മാറ്റി.പിന്നീട് കണ്ണൂരിൽ നിന്നും ബോംബ് സ്‌ക്വാഡെത്തി ബോംബ് നിർവീര്യമാക്കി.വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ സാമൂഹിക വനവൽക്കരണ കേന്ദ്രത്തിൽ കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് പോലീസും ബോംബ് സ്ക്വാർഡും പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.എന്നാൽ പരിശോധനയ്‌ക്കിടയിൽ ഇവിടെ നിന്നും കാട്ടുമൃഗങ്ങളെ പിടിക്കാൻ സ്ഥാപിച്ച കെണി പോലീസ് പിടിച്ചെടുത്തു.പ്രദേശത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന രണ്ടുപേരും പോലീസ് പിടിയിലായി.
എന്തുവന്നാലും ശബരിമലയിൽ ദർശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി
കൊച്ചി:പ്രതിഷേധം ശക്തമാകുന്നതിനിടയിലും എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടുമായി തൃപ്തി ദേശായി. തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. സുരക്ഷ നല്‍കുമെന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.താന്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് അച്ഛേദിന്‍ നല്‍കുമെന്നാണ് നരേന്ദ്രമോദി പ്രഖ്യാപിച്ചത്. എന്നാല്‍ വിമാനത്താവളത്തിന് പുറത്ത് കൊടികളുമായി അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാര്‍ തന്നെയാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നത്. ഇക്കൂട്ടര്‍ ഭക്തരല്ല, ഗുണ്ടകളാണ്. തനിക്ക് വിഐപി സുരക്ഷ നല്‍കണമെന്ന് കേരള സര്‍ക്കാരിനോടും പൊലീസിനോടും ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് വേണ്ട സുരക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.തനിക്ക് സുരക്ഷ നല്‍കേണ്ടത് കേരള സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. താന്‍ ആക്രമിക്കപ്പെട്ടാല്‍ കേരള സര്‍ക്കാര്‍ ഉത്തരവാദിത്വം പറയേണ്ടി വരുമെന്നും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.40 മണിയോടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയെത്തിയത്. എന്നാല്‍ പുറത്ത് കനത്ത പ്രതിഷേധം തുടരുന്നതിനാല്‍ അവര്‍ക്ക് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. നാമജപ പ്രതിഷേധവുമായി നൂറുകണക്കിനു പേരാണ് വിമാനത്താവളത്തിനു പുറത്തുള്ളത്.സ്ഥലത്ത് വന്‍ പോലീസ് സന്നാഹമുണ്ട്.
തമിഴ്‌നാട്ടിൽ ഗജ ചുഴലിക്കാറ്റ് വീശിയടിക്കുന്നു;ആറ് മരണം
ചെന്നൈ:തമിഴ്‌നാട്ടിൽ ഗജ ചുഴലിക്കാറ്റ് വീശിയടിക്കുന്നു.വ്യാഴാഴ്ച അര്‍ധരാത്രിയോടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിൽ വീശിയ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം ആറായി.ടലൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഒരാള്‍ മരിച്ചു.വിരുതാചലത്ത് മതില്‍ ഇടിഞ്ഞു വീണ് സ്ത്രീ മരിച്ചു.ശക്തമായ കാറ്റില്‍ വീടുതകര്‍ന്നുവീണ് പുതുക്കോട്ടയില്‍ നാലുപേരും മരിച്ചു. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് തമിഴ്‌നാട് തീരത്തുനിന്ന് 75,000 ത്തിലധികം പേരെ ഒഴിപ്പിച്ചു. ആറായിരം ദുരിതാശ്വാസ ക്യാമ്ബുകള്‍ ആരംഭിച്ചിട്ടുണ്ട്.ആവശ്യമെങ്കില്‍ സൈന്യത്തിന്റെ സഹായം തേടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ശബരിമല ദർശനത്തിനായി തൃപ്തി ദേശായിയും സംഘവും കൊച്ചിയിലെത്തി;വിമാനത്താവളത്തിന് പുറത്ത് കനത്ത പ്രതിഷേധം
എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: തലശ്ശേരി എംഎല്‍എ എന്‍ ഷംസീറിന്റെ ഭാര്യയുടെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി.സര്‍വ്വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തിലെ നിയമനം റാങ്ക് പട്ടിക മറികടന്നാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റദ്ദാക്കിയത്. പട്ടികയില്‍ ഒന്നാം റാങ്കി സ്വന്തമാക്കിയ ഡോ. എം പി ബിന്ദു നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ അസിസ്റ്റന്റ് പ്രൊഫസറായിട്ടായിരുന്നു സഹല ഷംസീറിന്റെ നിയമനം.അഭിമുഖത്തില്‍ ഒന്നാം റാങ്കുകാരിയായ ഉദ്യോഗാര്‍ഥിയെ മറികടന്നായിരുന്നു രണ്ടാം റാങ്കുകാരിയായ ഇവര്‍ക്ക് നിയമനം നല്‍കിയത്. സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി കരാര്‍ നിയമനം ലഭിച്ച എംഎല്‍എുടെ ഭാര്യ അഭിമുഖത്തില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്നു. ഇതിനെതിരെയാണ് ഒന്നാം റാങ്ക് നേടിയ ഡോ.എംപി.ബിന്ദു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അസിസ്റ്റന്റ് പ്രൊഫസറായി എംഎല്‍എയുടെ ഭാര്യയെ നിയമിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഒന്നാം റാങ്കുകാരിയെ മറികടന്ന രണ്ടാം റാങ്കുകാരിക്ക് എങ്ങനെ നിയമനം നല്‍കിയെന്നും വിജ്ഞാപനവും റാങ്കു പട്ടികയും മറികടന്ന് എന്തടിസ്ഥാനത്തിലാണ് നിയമനമെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.അതേസമയം സംവരണാടിസ്ഥാനത്തിലാണു നിയമനം എന്നാണു സര്‍വകലാശാല നല്‍കുന്ന വിശദീകരണം. എന്നാല്‍, പൊതുനിയമനത്തിനു വേണ്ടിയാണു സര്‍വകലാശാല വിജ്ഞാപനമിറക്കിയത്. അസിസ്റ്റന്റ് പ്രഫസറായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനാണു സര്‍വകലാശാല ജൂണ്‍ എട്ടിനു വിജ്ഞാപനമിറക്കിയത്. 14നായിരുന്നു അഭിമുഖം. അഭിമുഖത്തില്‍ ഷംസീറിന്റെ ഭാര്യയ്ക്കു രണ്ടാം റാങ്കാണു ലഭിച്ചത്. ഇതോടെയാണു കരാര്‍ നിയമനത്തിനു സംവരണം നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഒബിസി സംവരണത്തില്‍ എംഎല്‍എയുടെ ഭാര്യയ്ക്കു നിയമനം നല്‍കുകയായിരുന്നു.ഈ പഠനവകുപ്പില്‍ അവസാനം നടത്തിയ നിയമനം പൊതുവിഭാഗത്തിൽ ആയതിനാൽ തൊട്ടടുത്ത നിയമനം സംവരണവിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നായിരുന്നു സര്‍വകലാശാല ഇന്നലെ പുറത്തിറക്കിയ വിശദീകരണം. എന്നാല്‍, സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ എട്ടിനുതന്നെ നടന്ന മറ്റൊരു അഭിമുഖത്തില്‍ സംവരണ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥിക്കു നിയമനം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ എംഎല്‍എയുടെ ഭാര്യയെ നിയമിച്ച തസ്തിക ജനറല്‍ വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ട്.
ശബരിമല വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം യുഡിഎഫ് ബഹിഷ്ക്കരിച്ചു
തിരുവനന്തപുരം: ശബരിമല വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം യുഡിഎഫ് ബഹിഷ്ക്കരിച്ചു.സർക്കാർ യുവതീ പ്രവേശനത്തിൽ ഉറച്ചു നിൽക്കുന്നതായും യോഗം വെറും പ്രഹസനമായിരുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സമവായത്തിനുള്ള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.വിധി നടപ്പിലാക്കാൻ സാവകാശം വേണം,ജനുവരി 22 വരെ യുവതീ പ്രവേശനം അനുവദിക്കരുത് എന്നീ രണ്ടു നിർദേശികളും സര്‍ക്കാര്‍ തള്ളിയെന്ന് ചെന്നിത്തല പറഞ്ഞു. വിശ്വാസ സമൂഹത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. ശബരിമല പ്രശ്നം പരിഹരിക്കാനുള്ള നല്ല അവസരമാണ് സര്‍ക്കാര്‍ പാഴാക്കിയത്. ശബരിമലയില്‍ ഉണ്ടാകാനിടയുള്ള അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരായിരിക്കുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.