പത്തനംതിട്ട:ചിത്തിരയാട്ട സമയത്ത് സന്നിധാനത്തെത്തിയ സ്ത്രീയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി.പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.വധശ്രമക്കേസില്‍ പ്രതി ചേര്‍ത്തതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നാണ് കോടതിയുടെ നിലപാട്. കേസില്‍ പ്രതിയായ മറ്റ് നാല് പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. അതേസമയം, 2013ല്‍ യു.പി.എ സര്‍ക്കാരിന്റെ ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ ട്രെയിന്‍ തടയാന്‍ ശ്രമിച്ചതിന് കെ.സുരേന്ദ്രന് കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാനാവില്ല.ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയ സംഭവത്തില്‍ സുരേന്ദ്രന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും കേസന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ സുരേന്ദ്രന് ഒരു കാരണവശാലും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.എന്നാല്‍ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസുകളാണെന്നും സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും സുരേന്ദ്രന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
കാസർകോഡ് ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ യുവാവ് മരിച്ചതായി സ്ഥിതീകരണം;മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു
ബദിയടുക്ക:ബായാറിലെ കാട്ടിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ യുവാവ് മരിച്ചതായി സ്ഥിരീകരണം. ബായാര്‍ ധര്‍മ്മത്തടുക്ക ബാളികയിലെ രമേശ (35)യുടെ മൃതദേഹമാണ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും രമേശയുടെ ദേഹത്ത് മണ്ണുവീണ് മൂടിക്കിടക്കുകയാണെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു.ഒക്സിജന്‍ സിലണ്ടര്‍ ഉപയോഗിച്ച് ഗുഹയ്ക്കകത്ത് കടന്ന് സേനാംഗങ്ങള്‍ നാലു മണിക്കൂറുകളോളം പരിശ്രമം നടത്തിയെങ്കിലും പുറത്തെടുക്കാന്‍ സാധിച്ചില്ല.ഗുഹയുടെ പ്രവേശന കവാടത്തില്‍ 1.20 മീറ്ററോളം വ്യാസമുണ്ട്. ഒന്നിലധികം പേര്‍ക്ക് കുറച്ച് ദൂരം പോകാം. അകത്തേക്ക് പോകുന്തോറും വ്യാസം കുറഞ്ഞ് ഒരാള്‍ക്ക് കഷ്ടിച്ച് പോകാനുള്ള സ്ഥലം മാത്രമാണുള്ളത്. യുവാവ് കുടുങ്ങിയ സ്ഥലത്ത് രണ്ടര അടി പോലും വീതിയില്ല. യുവാവ് കിടക്കുന്ന സ്ഥലത്തെത്താന്‍ വളരെ ദുഷ്ക്കരമാണ്.മണ്ണിടിയുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. ഗുഹയുടെ പ്രവേശന കവാടത്തില്‍ 1.20 മീറ്ററോളം വ്യാസമുണ്ട്. ഒന്നിലധികം പേര്‍ക്ക് കുറച്ച് ദൂരം പോകാം. അകത്തേക്ക് പോകുന്തോറും വ്യാസം കുറഞ്ഞ് ഒരാള്‍ക്ക് കഷ്ടിച്ച് പോകാനുള്ള സ്ഥലം മാത്രമാണുള്ളത്. യുവാവ് കുടുങ്ങിയ സ്ഥലത്ത് രണ്ടര അടി പോലും വീതിയില്ല. യുവാവ് കിടക്കുന്ന സ്ഥലത്തെത്താന്‍ വളരെ ദുഷ്ക്കരമാണ്.വെള്ളിയാഴ്ച രാവിലെയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.അവസാന ശ്രമവും വിഫലമായാല്‍ തുരങ്ക നിര്‍മാണവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹായം തേടുമെന്നും ഗുഹയിലെ മണ്ണുമാന്തിയോ ഗുഹ പൊളിച്ചുമാറ്റിയോ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അഞ്ചംഗസംഘം മുള്ളന്‍പന്നിയെ പിടികൂടാനായി ബായാറിലെ കാട്ടിലേക്ക് പോയത്. ഇതിനിടയില്‍ ഒരു മുള്ളന്‍പന്നി ഗുഹയ്ക്കുള്ളിലേക്ക് കടന്നുപോവുകയായിരുന്നു. ഇതിനെ പിടികൂടാന്‍ രമേഷ ഗുഹയ്ക്കകത്തേക്ക് പ്രവേശിച്ചു. ഏറെസമയം കഴിഞ്ഞിട്ടും യുവാവ് മടങ്ങി വരാത്തതിനെതുടര്‍ന്ന് കൂടെയുണ്ടായിരുന്ന നാലുപേര്‍ ഗുഹയ്ക്കകത്തേക്ക് പ്രവേശിച്ചെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇതിലൊരാള്‍ പുറത്തിറങ്ങുകയും ഫയര്‍ഫോഴ്സിനേയും പോലീസിനേയും നാട്ടുകാരേയും വിവരം അറിയിക്കുകയുമായിരുന്നു.മറ്റുള്ളവരെ പുറത്തെത്തിച്ചിരുന്നു.
കളിച്ചുകൊണ്ടിരിക്കുമ്പോൾ ഫുട്ബോൾ പോലീസ് ജീപ്പിൽ തട്ടി;കളിക്കാരനെ മയ്യിൽ എസ്‌ഐ മർദിച്ചതായി ആരോപണം
കണ്ണൂർ:കളിച്ചുകൊണ്ടിരിക്കുമ്പോൾ പോലീസ് വാഹനത്തിൽ ഫുട്ബോൾ തട്ടിയെന്ന കാരണത്താൽ കളിക്കാരനെ പോലീസ് അസഭ്യം പറഞ്ഞതായും മർദിച്ചതായും ആരോപണം. ഇതേ തുടർന്ന് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയ കളിക്കാരനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സഹകളിക്കാരും നാട്ടുകാരും സ്റ്റേഷന് മുൻപിൽ തമ്പടിച്ചു.കഴിഞ്ഞ ദിവസം മയ്യിൽ പോലീസ് വാഹനപരിശോധയ്ക്കായി നിർത്തിയിട്ടിരുന്ന ജീപ്പിനു മുകളിലേക്ക് തൊട്ടടുത്ത കളിസ്ഥലത്തു നിന്നും ഫുട്ബോൾ പതിച്ചതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്.മയ്യിൽ ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിലായിരുന്നു ഫുട്ബോൾ പരിശീലനം.ജില്ലാ സീനിയർ ഫുട്ബോൾ മത്സരത്തിനായി പരിശീലനം നടത്തുകയായിരുന്ന മയ്യിൽ യങ് ചലഞ്ചേഴ്‌സ് ടീമിന്റെ പക്കൽ നിന്നുമാണ് രണ്ടുതവണ ഫുട്ബോൾ ജീപ്പിനു മുകളിൽ പതിച്ചത്.ഇതോടെ ബോൾ ജീപ്പിനുള്ളിൽ എടുത്തിട്ട മയ്യിൽ എസ്‌ഐ ഫുട്ബോൾ തിരിച്ചുതരാൻ പറ്റില്ലെന്ന് ടീം ക്യാപ്റ്റനോട് പറഞ്ഞു.അസഭ്യം പറയാൻ മാത്രമുള്ള തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്ന് പറഞ്ഞ ക്യാപ്റ്റൻ നവനീതിനെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും അവിടെവെച്ച് മർദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പിന്നാലെ മറ്റ് കളിക്കാരും നാട്ടുകാരും പോലീസ് സ്റ്റേഷന് മുൻപിലെത്തി.നവനീതിന്റെ അച്ഛനും മുൻ ഫുട്ബോൾ കളിക്കാരനുമായ മോഹനനും ബന്ധുക്കളും യങ് ചലഞ്ചേഴ്‌സ് ടീമിന്റെ ഭാരവാഹികളും സ്റ്റേഷനിലെത്തി പോലീസുമായി ചർച്ച നടത്തി.ഏറെനേരം നീണ്ട തർക്കത്തിനൊടുവിൽ എസ്‌ഐ കുറ്റസമ്മതം നടത്തിയതോടെയാണ് പ്രശ്നം ഒത്തുതീർപ്പായത്. തന്റെ സമ്മതം കൂടാതെ ജീപ്പിനുള്ളിൽ നിന്നും ഫുട്ബോൾ എടുക്കാൻ ശ്രമിച്ചതാണ് പ്രകോപനത്തിനിടയാക്കിയതെന്ന് എസ്‌ഐ പറഞ്ഞു.
ചെറുപുഴ കോഴിച്ചാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കണ്ണൂർ:ചെറുപുഴ കോഴിച്ചാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.കോഴിച്ചാൽ ക്ഷീരോത്പാദക സഹകരണ സംഘം സെക്രെട്ടറി മീന്തുള്ളി സ്വദേശി കറുപ്പൻ വീട്ടിൽ കെ.വി പൗലോസ്(49),കോഴിച്ചാലിലെ കല്ലൂർ ബെന്നി(49) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. കോഴിച്ചാലിൽ നിന്നും പുളിങ്ങോം ഭാഗത്തേക്ക് വരികയായിരുന്ന പൗലാസിന്റെ ബൈക്കും മീന്തുള്ളിയിൽ നിന്നും കോഴിച്ചാലിലേക്ക് പോവുകയായിരുന്ന ബെന്നിയുടെ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ഇരുവരെയും നാട്ടുകാർ ചേർന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സജീവ കോൺഗ്രസ് പ്രവർത്തകരായിരുന്നു രണ്ടുപേരും.പൗലോസിന്റെ ഭാര്യ സുജ,മക്കൾ:സിന്റ,അലീന. ബെന്നിയുടെ ഭാര്യ ഷൈനി,മക്കൾ ഡോണ,ഡെൽബിൻ.
അസം ബോഡോ തീവ്രവാദികൾ കൊച്ചിയിൽ പിടിയിൽ
കൊച്ചി:അസം ബോഡോ തീവ്രവാദികൾ കൊച്ചിയിൽ പിടിയിൽ.അസമിൽ നിന്നെത്തി വ്യാജപേരുകളിൽ പെരുമ്പാവൂരിനടുത്ത മണ്ണൂരിലെ സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു ഇവർ.അസമിലെ കൊക്രജാർ ജില്ലക്കാരായ ബി.മെഹർ(25),പ്രീതം ബസുമത്തരി(24),ബി.ദലഞജ്(25) എന്നിവരാണ് പിടിയിലായത്.നാലുദിവസം മുൻപ് ഇവരെ കുറിച്ച് അസം പോലീസും കേന്ദ്ര ഇന്റലിജൻസും നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് ഇവരെ തന്ത്രപരമായി പിടികൂടിയത്.നിരോധിത സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രന്റ് ഓഫ് ബോർഡറിന്റെ 2017 ലെ ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളാണിവർ.അസമിലെ ഗാസിഗോൺ പോലീസ് സ്റ്റേഷനിൽ യുഎപിഎ നിയമപ്രകാരവും ആയുധ നിയമപ്രകാരവും നിരവധി കേസുകളിൽ പ്രതികളാണിവർ.മുപ്പതിലധികം പേരടടങ്ങുന്ന സംഘത്തിൽ പ്രവർത്തിക്കുന്ന ഇവർ അസമിൽ നിന്നും ആദ്യം ഹൈദെരാബാദിലേക്കും അവിടെ നിന്നും മൂന്നു മാസം മുൻപ് കൊച്ചിയിലുമെത്തി.ഒരു മാസം മുൻപാണ് ഇവർ പെരുമ്പാവൂരിലെത്തിയത്.ആധുനിക ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിനും മൈൻ സ്ഥാപിക്കുന്നതിനും വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുള്ളവരാണിവർ. അതുകൊണ്ടു തന്നെ വളരെ തന്ത്രപരമായാണ് പോലീസ് ഇവരെ കുടുക്കിയത്.മാത്രമല്ല ഗ്രാമപ്രദേശമായതിനാൽ ഇവിടുള്ള ജനങ്ങളിൽ ഭീതിപരത്താതിരിക്കാനും ആളപായം ഉണ്ടാകാതിരിക്കാനും പോലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ശബരിമല വിഷയത്തിൽ മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം;നിയമസഭ ഇന്നും പിരിഞ്ഞു
തിരുവനന്തപുരം:പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തത സഭാ നടപടികള്‍ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്.ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങിയിരുന്നു. ഒരേ വിഷയത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിഷേധം പാടില്ലെന്നും ശബരിമല വിഷയം സഭ എട്ട് മണിക്കൂറോളം ചര്‍ച്ച ചെയ്തതാണെന്നും സ്പീക്കര്‍ നിലപാടെടുത്തു. എന്നാല്‍ സോളാര്‍ വിഷയം ആറ് അടിയന്തര പ്രമേയങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും ശബരിമല വിഷയം ചോദ്യത്തര വേള നിറുത്തി വച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വേണമെങ്കില്‍ ആദ്യ സബ്‌മിഷനായി ശബരിമല വിഷയം ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും ഇക്കാര്യം പ്രതിപക്ഷം അംഗീകരിച്ചില്ല. തുടര്‍ന്ന് നടപടികള്‍ റദ്ദാക്കി ഇന്നത്തേക്ക് സഭ പിരിയുകയായിരുന്നു. പ്രതിപക്ഷം മര്യാദയുടേയും മാന്യതയുടേയും എല്ലാ സീമകളും ലംഘിക്കുകയാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചാല്‍ നിയമസഭാ നടപടികളുമായി സഹകരിക്കാമെന്നാണ് പ്രതിപക്ഷ നിലപാട്.
ശബരിമലയുടെ പൂർണ്ണ നിയന്ത്രണം ഹൈക്കോടതി നിയോഗിച്ച മേൽനോട്ട സമിതിക്ക്
പത്തനംതിട്ട:മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയുടെ പൂർണ്ണ നിയന്ത്രണം ഹൈക്കോടതി നിയോഗിച്ച മേൽനോട്ട സമിതി ഏറ്റെടുക്കും.ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മേല്‍നോട്ട സമിതിയെ ഏല്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ സമിതിയോട് സഹകരിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലും സമിതിക്ക് ഇടപെടാം. എന്ത് തീരുമാനവും ഉടനടി എടുക്കാനും നടപ്പാക്കാനും സമിതിക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.ഏതെങ്കിലും കാര്യത്തില്‍ സമിതിക്ക് വ്യക്തത വേണമെങ്കില്‍ അപ്പപ്പോള്‍ കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ശബരിമലയില്‍ ക്രമസമാധാനപാലനത്തിനൊഴികെ പൊലീസ് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണവും റദ്ദാക്കിക്കൊണ്ടും സ്ഥിതിഗതികള്‍ സാധാരണ ഗതിയിലാക്കാനും ക്രമസമാധാനം ഉറപ്പാക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി റിട്ട. ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട മൂന്നംഗ നിരീക്ഷണ സമിതിക്കും ഹൈക്കോടതി രൂപം നല്‍കിയത്. ദേവസ്വം ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി.ആര്‍. രാമന്‍, ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ്. സിരിജഗന്‍, ഡി.ജി.പി എ. ഹേമചന്ദ്രന്‍ എന്നിവരാണ് സമിതിയിലുള്ളത്.ഭക്തരുടെ നാമജപവും ശരണംവിളിയും തടയരുത്. എന്നാല്‍ ഇതിന്റെ മറവില്‍ പ്രതിഷേധവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പാടില്ലെന്നും ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.പമ്ബ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ഹോട്ടലുകളും ഭക്ഷണശാലകളും 24 മണിക്കൂറും പ്രവര്‍ത്തിക്കണം. ഇതിന് ദേവസ്വം ബോര്‍ഡ് സൗകര്യമൊരുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് ആഹാരത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം. നിലയ്ക്കല്‍ – പമ്ബ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ തടസപ്പെടുത്തരുത്. എന്നാല്‍ തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉചിതമായ നിയന്ത്രണമാകാം. പമ്ബയിലെ ടോയ്ലെറ്റ് സൗകര്യം ദേവസ്വം ബോര്‍ഡും വാട്ടര്‍ അതോറിട്ടിയും ഉറപ്പാക്കണം.സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
പറക്കാനൊരുങ്ങി കണ്ണൂർ
കണ്ണൂർ:ഉത്തരമലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകിക്കൊണ്ട് കണ്ണൂർ വിമാനത്താവളം എന്ന സ്വപനം യാഥാർഥ്യമാവുകയാണ്.ഈ ഡിസംബർ ഒൻപതാം തീയതി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്കുള്ള ആദ്യ വിമാനം പറന്നുയരും.സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളമാണ് കണ്ണൂരിൽ ഒരുങ്ങുന്നത്.ഇതോടെ മട്ടന്നൂരിലെ മൂർഖൻപറമ്പ് എന്ന ഗ്രാമം ചരിത്രത്തിന്റെ ഭാഗമാവുകയാണ്. കേരള സർക്കാർ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ,അതുപോലെതന്നെ ഈ പ്രദേശത്തുള്ള പ്രവാസികൾ എന്നിവർ ചേർന്ന് രൂപം നൽകിയ ഒരു പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളം.മുൻ ഐഎഎസ് ഉദ്യോഗസ്ഥനും എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്റ്ററുമായിരുന്ന വി.തുളസീദാസാണ് കണ്ണൂർ ഇന്റർനാഷൻ എയർപോർട്ട് ലിമിറ്റഡിന്റെ(കിയാൽ) മാനേജിങ് ഡയറക്റ്റർ.കണ്ണൂരിൽ നിന്നും ഏകദേശം 120 കിലോമീറ്റർ മാത്രം ദൂരത്തിൽ കോഴിക്കോട് എയർപോർട്ട് ഉള്ളപ്പോൾ കണ്ണൂരിൽ ഒരു എയർപോർട്ട് ആവശ്യമുണ്ടോ എന്ന സംശയം നിരവധിപേർ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ കണ്ണൂരിൽ ഒരു രാജ്യാന്തര വിമാനത്താവളം വേണമെന്ന ആവശ്യം വളരെ പണ്ടുതന്നെ ശക്തമായിരുന്നു. മലപ്പുറം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള സ്ഥലം ഉത്തരമലബാറാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണം.ഇവിടെയുള്ള പ്രവാസികളുടെ ഒരു ആവശ്യമായിരുന്നു കണ്ണൂരിൽ ഒരു വിമാനത്താവളം വേണമെന്നത്.കോഴിക്കോട് ജില്ലയുടെ ഒരുഭാഗം,വയനാട് ജില്ലയുടെ ഏകദേശം മുഴുവൻ ഭാഗവും,മാഹി,കണ്ണൂർ,കാസർകോഡ് ജില്ലകൾ എന്നിവ ഉൾപ്പെടുന്നതാണ് ഉത്തരമലബാർ എന്നറിയപ്പെടുന്നത്.ഇവിടെ നിന്നുള്ള പ്രവാസികളാണ് ഏറ്റവും കൂടുതൽ കണ്ണൂർ എയർപോർട്ടിനെ ആശ്രയിക്കുക.അതോടൊപ്പം കുടകിൽ നിന്നും കർണാടകയിലെ കേരളത്തോട് ചേർന്ന് കിടക്കുന്ന ജില്ലകളിൽ നിന്നും കൂടുതൽ എളുപ്പം കണ്ണൂർ വിമാനത്താവളമാണെന്നത് കൊണ്ടുതന്നെ ഇവിടങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും കണ്ണൂർ വിമാനത്താവളം വരുന്നതോടെ യാത്ര കൂടുതൽ സൗകര്യപ്രദമാകും.കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്,മംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരിൽ കുറവുണ്ടാകുമോ എന്നതും ഒരു ചോദ്യമാണ്.ഉത്തരമലബാറിലെ പ്രവാസികൾ കൂടുതലായും ആശ്രയിച്ചിരുന്ന എയർപോർട്ടുകളാണ് കോഴിക്കോടും മംഗലൂരുവും.അതുകൊണ്ട് സ്വാഭാവികമായും കണ്ണൂർ വിമാനത്താവളം വരുന്നതോടെ ഇവിടെ നിന്നുള്ള യാത്രക്കാരിൽ കുറവുണ്ടാകും.
ഒരേ സമയം ഇരുപത് വിമാനങ്ങള്‍ വരെ പാര്‍ക്ക് ചെയ്യുവാന്‍ സാധിക്കുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ ഏപ്രണ്‍ രൂപകല്പന ചെയ്തിരിക്കുന്നത്.നിലവിൽ 3050 മീറ്ററാണ് റൺവേയുടെ നീളം.കോഡ് E ഗണത്തില്‍ പെടുന്ന ബോയിങ്ങ് B-777, എയര്‍ബസ് A-330 തുടങ്ങിയ വിമാനങ്ങള്‍ക്ക് ഉതകുന്നതാണ് നിലവിലെ റണ്‍വേയുടെ രൂപകല്പന.ഭാവിയില്‍ ഇത് എയര്‍ബസ് A-380 പോലെയുള്ള കോഡ് F ഗണത്തില്‍ പെടുന്ന വിമാനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിക്കാനും പദ്ധതിയുണ്ട്.24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിങ് മെഷീനുകളും സജ്ജമായി കഴിഞ്ഞു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാകും.ഇതിന്‍റെ പുറമെ നാലു ഇ-വീസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകള്‍ 16 എണ്ണമാണ് ഒരുക്കിയിരിക്കുന്നത്. വാഹനപാര്‍ക്കിങ്ങിനു വിശാലമായ സൗകര്യമുണ്ട്. 700 കാറുകളും 200 ടാക്സികളും 25 ബസുകളും ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സ്വകാര്യവും ഒരുക്കിയിട്ടുണ്ട്.
എയർ ഇന്ത്യ എക്പ്രസ് വിമാനമാണ് ഉൽഘാടന ദിവസം കണ്ണൂരിൽ നിന്നും സർവീസ് നടത്തുക.അബുദാബിയിലേക്കും റിയാദിലേക്കുമാണ് ഡിസംബർ 9നു കണ്ണൂരിൽ നിന്നു വിമാനം പറക്കുക. കണ്ണൂരിലേക്ക് അബുദാബിയിൽ നിന്നും ഷാർജയിൽ നിന്നും അതെ ദിവസം സർവീസുകളുണ്ട്.ഉദ്ഘാടനത്തിന്റെ ഭാഗമായി രാവിലെ 10ന് കണ്ണൂരിൽ ഫ്ലാഗ്ഓഫ് ചെയ്യുന്ന വിമാനം യുഎഇ സമയം 12.30നു അബുദാബിയിലെത്തിച്ചേരും.തിരിച്ച് യുഎഇ സമയം ഉച്ചയ്ക്കു 2.30നു പുറപ്പെട്ട് രാത്രി 8ന് കണ്ണൂരിലെത്തും.ഞായർ, ബുധൻ, ശനി ദിവസങ്ങളിലാണ് അബുദാബി സർവീസ്. ഉദ്ഘാടന ദിവസം മാത്രമായിരിക്കും അബുദാബിയിലേക്കുള്ള വിമാനം രാവിലെ പത്തുമണിക്ക് പുറപ്പെടുക.പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതു മണിക്കായിരിക്കും സർവീസ്.റിയാദിലേക്കുള്ള വിമാനം രാത്രി 9.05നു പുറപ്പെട്ട് റിയാദ് സമയം രാത്രി 11.30നു റിയാദിലെത്തും.പത്താം തീയതി മസ്ക്കറ്റിലേക്കും ദോഹയിലേക്കും തിരിച്ചും സർവീസുകളുണ്ടായിരിക്കും.രാത്രി 8.20 നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് ദോഹസമയം രാത്രി 10 മണിക്ക് ദോഹയിലെത്തുകയും അവിടെ നിന്നും തിരിച്ച് ദോഹ സമയം രാത്രി പതിനൊന്നു മണിക്ക് പുറപ്പെട്ട് പുലർച്ചെ 5.45 ഓടെ കണ്ണൂരിലെത്തുന്ന തരത്തിലുമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.ഞായർ, തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിലാണു ദോഹ സർവീസ്.10നു രാവിലെ 9ന് കണ്ണൂരിൽ നിന്നു പുറപ്പെട്ട് മസ്ക്കറ്റ് സമയം 11.15നു മസ്ക്കറ്റിൽ എത്തുന്ന തരത്തിലും തിരികെ മസ്ക്കറ്റിൽ നിന്നു 12.15നു പുറപ്പെട്ട് വൈകിട്ട് 5.30നു കണ്ണൂരിൽ എത്തുന്ന തരത്തിലുമാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.ഞായർ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണു മസ്ക്കറ്റ് സർവീസ്.ഷാർജ സമയം രാത്രി ഏഴിന് ഷാർജയിൽ നിന്നു പുറപ്പെട്ട് രാത്രി 12.10നു കണ്ണൂരിലെത്തുന്ന തരത്തിലും പുലർച്ചെ 1.10നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് ഷാർജ സമയം 3.40നു ഷാർജയിൽ എത്തുന്ന തരത്തിലുമാണ് ഷാർജ സർവീസ്.
ഡിസംബർ ഒൻപതിന് രാവിലെ പത്തിനാണ് കണ്ണൂർ വിമാനത്താവളം നാടിന് സമർപ്പിക്കുക. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിൽ ഒരുലക്ഷം പേർ പങ്കെടുക്കും. ടെർമിനൽ കെട്ടിടത്തിന് സമീപമാണ് വേദി ഒരുക്കുക.ഉദ്ഘാടന ദിവസം പ്രധാന വേദിയില്‍ രാവിലെ എട്ടു മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. ഒൻപതിന് മട്ടന്നൂര്‍ ശങ്കരൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ട് നടക്കും.10 മണി മുതലാണ് ഉദ്ഘാടന ചടങ്ങ്. ആദ്യ വിമാനത്തില്‍ പോകുന്ന യാത്രക്കാരെ വായന്തോട് ജംക്ഷനില്‍നിന്ന് പ്രത്യേക വാഹനത്തിൽ എയർപോർട്ടിലെത്തിക്കും.ഡിസംബര്‍ ഏഴിന് മട്ടന്നൂരില്‍ വിപുലമായ വിളംബര ഘോഷയാത്ര നടത്തും. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവരെ വിമാനത്താവളത്തിൽ എത്തിക്കാന്‍ 60 ബസുകളാണ് ഏർപ്പാടാക്കുക. ഉദ്ഘാടന ദിവസം ഗതാഗത കുരുക്ക് ഒഴിവാക്കാൻ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളില്‍നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങള്‍ പനയത്താംപറമ്പിലും ഇരിട്ടി ഭാഗത്തു നിന്നുള്ളവ മട്ടന്നൂര്‍ ഹൈസ്‌കൂൾ, പോളി ടെക്‌നിക് എന്നിവിടങ്ങളിലും പാര്‍ക് ചെയ്യണം.ഇവിടെ നിന്നും മട്ടന്നൂര്‍ ബസ് സ്റ്റാൻഡില്‍ നിന്നും ആളുകളെ പ്രത്യേക ബസുകളിലായിരിക്കും വിമാനത്താവളത്തിലേക്ക് എത്തിക്കുക. ഇതിനായി 40 കെഎസ്ആര്‍ടിസി ബസുകളും 20 സ്വകാര്യ ബസുകളും ഏർപ്പെടുത്തും.ഇതിനു യാത്രക്കാരില്‍നിന്ന് ചാര്‍ജ് ഈടാക്കില്ല. രാവിലെ ഏഴു മുതല്‍ 10 വരെയും ഉദ്ഘാടനം കഴിഞ്ഞു തിരിച്ചും ബസ് സർവീസ് ഉണ്ടാകും.
പെട്രോൾ പമ്പുകളുടെ വ്യാപാര സ്ഥിരത ഉറപ്പുവരുത്തുക
കണ്ണൂരിൽ വ്യാപാരിയുടെ കണ്ണിൽ മുളകുപൊടി വിതറിയശേഷം പണം കവർന്ന യുവാവ് പിടിയിൽ
കണ്ണൂർ:കണ്ണൂരിൽ വ്യാപാരിയുടെ കണ്ണിൽ മുളകുപൊടി വിതറിയശേഷം പണം കവർന്ന യുവാവ് പിടിയിൽ.എളയാവൂര്‍ കോളനിയിലെ വിനീത് (20) ആണ് അറസ്റ്റിലായത്.കാപ്പാട് സ്വദേശി പ്രദീപ്കുമാറി (56) നെയാണ് യുവാവ് രാത്രി കൊള്ളയടിച്ചത്.രാത്രി കടപൂട്ടി വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പ്രദീപ് കുമാറിന്റെ മുഖത്ത് മുളകുപൊടി വിതറി കൈയിലുണ്ടായിരുന്ന പണമടങ്ങിയ സഞ്ചി തട്ടിപ്പറിച്ച് യുവാവ് ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. പ്രദീപ് കുമാർ ബഹളം വച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടികൂടി. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചലിലാണ് പ്രതിയെ പിടികൂടിയത്.ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും പണമടങ്ങിയ ബാഗ് യുവാവിന്റെ കൈയില്‍നിന്നു പിടിച്ചെടുക്കുകയും ചെയ്തു.