തിരുവനന്തപുരം:ശബരിമല പ്രതിഷേധത്തിനിടെ ഐജി മനോജ് എബ്രഹാമിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. നിലയ്ക്കലില്‍ പ്രതിഷേധത്തിനിടെയാണ് ഇയാള്‍ ഐജിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്.പിന്നാലെ ഐജിക്കെതിരെ ഇയാള്‍ വധഭീഷണിയും മുഴക്കിയിരുന്നു.ഐടി ആക്‌ട് പ്രകാരവും അസഭ്യം പറഞ്ഞതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശികളായ 13 പേര്‍ക്കെതിരെ പൊലീസ് നേരത്തേ കേസെടുത്തിരുന്നു.ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്ക് പിറകെ പോലീസിന് നേരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത അധിക്ഷേപമായിരുന്നു ചിലര്‍ ഉയര്‍ത്തിവിട്ടത്.
ജലന്ധറില്‍ മരിച്ച മലയാളി വൈദികന്‍ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും;സംസ്‌കാരം നാളെ
ആലപ്പുഴ:ജലന്ധറില്‍ മരിച്ച മലയാളി വൈദികന്‍ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.ദസുയയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിക്കും. തുടര്‍ന്ന് ചേര്‍ത്തല പള്ളിപ്പുറത്തെ കുടുംബ വീട്ടിലേയ്ക്ക് കൊണ്ടു പോകും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പള്ളിപ്പുറം ഫൊറോനാ പള്ളിയിലാണ് സംസ്‌കാരം നടക്കുക.അതേ സമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ ഫാ. കുര്യാക്കോസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ ജലന്ധര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നാണ് പഞ്ചാബ് പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ പഞ്ചാബിലെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ തൃപ്തികരമല്ലെങ്കില്‍ റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെടാനാണ് ബന്ധുക്കളുടെ തീരുമാനം. ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യത്തിലിറങ്ങിയാല്‍ തന്റെ ജീവന് പോലും ഭീഷണിയാകുമെന്ന് ഫാ. കുര്യാക്കോസ് പറഞ്ഞിരുന്നതും മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഫാ. കുര്യാക്കോസ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്.
ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെവേണമെന്ന് ആവശ്യപ്പെട്ട് മലയരയസഭ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു
പത്തനംതിട്ട:ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെവേണമെന്ന് ആവശ്യപ്പെട്ട് മലയരയ സഭ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മലയരനായിരുന്നു അയ്യപ്പന്‍ എന്നും അയ്യപ്പന്‍റെ സമാധിസ്ഥലമാണ് ശബരിമല എന്നും ബ്രാഹ്മണര്‍ തങ്ങളുടെ ആചാരവും ക്ഷേത്രവും തട്ടിയെടുത്തതാണെന്നും ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവ് പറഞ്ഞു .അയ്യപ്പന്‍ സമാധിദിവസം മാതാപിതാക്കള്‍ക്കു കൊടുത്ത വാക്ക് അനുസരിച്ച് എല്ലാ വര്‍ഷവും മകരസംക്രമ ദിവസം ആകാശത്ത് ജ്യോതിയായി പ്രത്യക്ഷപ്പെടുമെന്നാണ്പറഞ്ഞിരുന്നത് .മലയരയര്‍ പൊന്നമ്ബലമേട്ടില്‍ മകരസംക്രമ ജ്യോതി തെളിയിച്ചിരുന്നു എന്നാല്‍ അവിടെ നിന്നെല്ലാം തങ്ങളെ ആട്ടിയോടിച്ചു എന്നും സജീവ് വ്യക്തമാക്കി.ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാർ മലയരയവിഭാഗമായിരുന്നുവെന്നും 1902ൽ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് അധികാരം സ്ഥാപിക്കുകയായിരുന്നുവെന്നും നേരത്തെ ചാനല്‍ ചര്‍ച്ചയിലും പി കെ സജീവ് വ്യക്തമാക്കിയിരുന്നു. മലയരയ വിഭാഗം പതിനെട്ടു മലകളിലായി താമസിച്ചിരുന്നവരായിരുന്നു. ഈ 18 മലകളെയാണ് ശബരിമലയിലെ 18 പടികൾ സൂചിപ്പിക്കുന്നത്. ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്നും സജീവ് പറഞ്ഞിരുന്നു. മലയരവിഭാഗമാണ് കാലാകാലങ്ങളായി കരിമലക്ഷേത്രത്തിലും ശബരിമലക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്. 1902ൽ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂർണമായും തട്ടിപ്പറിച്ചെടുത്തു. 1883ല്‍ സാമുവല്‍ മറ്റീര്‍ എഴുതിയ നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍ എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ടെന്നും സജീവ് പറയുന്നു.ശബരിമലയിലേക്ക് സ്ത്രീകള്‍ പോകുന്ന കാര്യത്തില്‍ സ്ത്രീ പുരുഷ അന്തരം മലയരയ മഹാസഭ കാണിക്കുന്നില്ല.കാരണം ശബരി എന്ന സ്ത്രീ മലയരയ വിഭാഗത്തില്‍ പെട്ടവരായിരുന്നു എന്നും സമുദായത്തില്‍പ്പെട്ട യുവതികള്‍ ആരും തന്നെ നിലവില്‍ ശബരിമല ദര്‍ശനത്തിന് പോകാറില്ല എന്നും പി കെ സജീവ് പറഞ്ഞു .
ശബരിമല വിഷയം;മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്
തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും. പ്രതിഷേധക്കാര്‍ക്കെതിരായ കേസുകളിലെ തുടര്‍ നടപടിയെ കുറിച്ചുള്ള കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും.ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാരോ പൊലീസോ വിശ്വാസിയെ തടയുന്നതിനോ എതിര്‍ക്കുന്നതിനോ തയാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ഒരു ആരാധനാ സ്ഥലമാണ്, ശാന്തിയും സമാധാനവുമാണ് അവിടെ ആവശ്യം. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല. വിശ്വാസികള്‍ക്കെല്ലാം ശബരിമലയില്‍ പോകാം. സമാധാനപരമായി അവിടേക്കു പോകുന്നതിനു സൗകര്യം ഒരുക്കുകയെന്നതു സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ശബരിമലയിലെ ആചാരങ്ങള്‍ തെറ്റിച്ചാല്‍ നടയടിച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവനയെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ശബരിമല നട അടയ്ക്കലും തുറക്കലും തന്ത്രിയുടെ അവകാശമല്ല. ആന്ധ്രയില്‍ നിന്നും കുടിയേറിയ ബ്രാഹ്മണര്‍ മാത്രമാണ് താഴ്‌മണ്‍ കുടുംബം. കോന്തലയില്‍ കെട്ടിയ താക്കോലിലാണ് അധികാരമെന്ന് തന്ത്രി ധരിക്കരുതെന്ന്‍ അദ്ദേഹം പറഞ്ഞു.നെഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പനെ പൂജിക്കുന്ന പൂജാരിയും ഇതുപോലെ ആയിരിക്കണം. എന്നാല്‍ ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എന്താണെന്ന് നമുക്കെല്ലാം അറിയാം.ഗൃഹസ്ഥാശ്രമവും കഴിഞ്ഞ് വ്യഭിചാരത്തിലേക്ക് പോയ ഒരു ഘട്ടമുണ്ടായി. അതാണ് എര്‍ണാകുളത്ത് ഉണ്ടായ സംഭവമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പുനഃപരിശോധന ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ പോകാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കത്തേയും രൂക്ഷമായി വിമര്‍ശിച്ചു.
സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ അനിശ്ചിതകാല ബസ് സമരം
തിരുവനന്തപുരം:ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ അനിശ്ചിതകാല ബസ് സമരം. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കും കുറഞ്ഞ ബസ് കൂലിയും ഉയര്‍ത്തണമെന്നത് ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് രള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.നിലവില്‍ കുറഞ്ഞ ബസ് കൂലി എട്ടുരൂപയാണ്. ഇത് പത്തുരൂപയാക്കി ഉയര്‍ത്തണമെന്നതാണ് ഇവരുടെ മുഖ്യ ആവശ്യം. കൂടാതെ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് അഞ്ചുരൂപയാക്കി നിജപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ 15ന് സൂചനാ പണിമുടക്ക് നടത്താനാണ് തീരുമാനം.
ശബരിമലയിൽ സ്ഥിതി അതീവഗുരുതരമെന്ന് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്
കൊച്ചി:ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സ്ഥിതി അതീവഗുരുതരമെന്ന് സ്പെഷല്‍ കമ്മീഷണര്‍ റിപ്പോർട്ട്.ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് പരാമർശമുള്ളത്.പ്രക്ഷോഭകാരികളും വിശ്വാസം സംരക്ഷിക്കാന്‍ എന്ന പേരില്‍ എത്തിയ കുറച്ചാളുകളും ശബരിമലയില്‍ നിലയുറപ്പിച്ചിരിക്കുന്നു. നിലയ്ക്കല്‍, പന്പ, ശബരി പീഠം എന്നിവിടങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ട്. 50 വയസിനു മുകളിലുളള സ്ത്രീകളെ വരെ തടയുന്ന സ്ഥിതി ഉണ്ടായി. മണ്ഡലക്കാലത്ത് നട തുറക്കുന്പോഴും ഇവരുടെ സാന്നിധ്യം പ്രതീക്ഷിക്കാമെന്ന് സ്പെഷല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. അക്രമത്തിലും തിരക്കിലുംപെട്ട് തീര്‍ഥാടകര്‍ക്കും പോലീസിനും ജീവാപായം ഉണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. നവംബര്‍ അഞ്ചിനാണ് മണ്ഡലകാല പൂജയ്ക്ക് വേണ്ടി നട തുറക്കുക. ഈ വേളയിലും സമരക്കാരുടെ സാന്നിധ്യമുണ്ടാകാം. ശബരിമലയില്‍ ഇതുവരെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 16 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.
ശബരിമല സ്ത്രീപ്രവേശനം;പുനഃപരിശോധനാ ഹർജികൾ നവംബർ 13 ന് പരിഗണിക്കും
ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ചിട്ടുള്ള പുനഃപരിശോധനാ ഹർജികൾ നവംബർ 13 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി.വൈകീട്ട് മൂന്നിന് തുറന്ന കോടതി ഹര്‍ജികള്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. കോടതി വിധിക്കെതിരായ റിട്ട് ഹര്‍ജികളും പുനഃപരിശോധന ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്.ദേശീയ അയ്യപ്പ ഭക്ത അസോസിയേഷനും, എസ് ജയ രാജ്കുമാറും നല്‍കിയ റിട്ട് ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനം അറിയിക്കാമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അഭിഭാഷകനായ മാത്യു നെടുമ്ബാറ ശബരിമല വിഷയത്തില്‍ ഏതാനും പുനഃപരിശോധന ഹര്‍ജികളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
അപ്പോള്‍ ഹര്‍ജികളെല്ലാം നവംബര്‍ 13 ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തീരുമാനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 16 നാണ് മണ്ഡല പൂജയ്ക്കായി ശബരിമല നട തുറക്കുന്നത്.
പടക്കക്കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്തി സുപ്രീം കോടതി;ഓൺലൈൻ വിൽപ്പന നിരോധിച്ചു
ന്യൂഡൽഹി:പടക്കങ്ങളുടെ വില്പനയ്ക്കും ഉപയോഗത്തിനും സുപ്രീം കോടതി കർശന നിയന്ത്രണം ഏർപ്പെടുത്തി.ഓണ്‍ലൈനിലൂടെ പടക്കങ്ങള്‍ വില്‍ക്കുന്നത് കോടതി പൂര്‍ണമായും നിരോധിച്ചു. വായു മലിനീകരണം കുറഞ്ഞ പടക്കങ്ങള്‍ക്ക് മാത്രമാണ് വില്‍പനാനുമതി. രാജ്യവ്യാപകമായി പടക്കങ്ങളുടെ വില്‍പന നിരോധിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയിലാണ് വിധി.ദീപാവലി നാളുകളില്‍ അനിയന്ത്രിതമായി പടക്കംപൊട്ടിക്കുന്നതിനും സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. ദീപാവലി ദിനത്തില്‍ രാവിലെ എട്ട് മുതല്‍ രാത്രി പത്തു വരെ മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കാവുള്ളുവെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
രാഹുൽ ഈശ്വറിന് ജാമ്യം
റാന്നി:ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയായിരുന്ന അയ്യപ്പ ധർമസേവാസംഘം പ്രസിഡന്റ് രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ള 19 പേർക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.രണ്ടു മാസം വരെയുള്ള എല്ലാ ശനിയാഴ്ചകളിലും പമ്പ സ്റ്റേഷനിലെത്തി ഒപ്പിടണം,സാക്ഷികളെ സ്വാധീനിക്കരുത്,തെളിവുകൾ നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. പത്തനംതിട്ട മുൻസിഫിന്റെ ചുമതലയുണ്ടായിരുന്ന റാന്നി ഗ്രാമന്യായാധികാരി സൂര്യ എസ് സുകുമാരനാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.കഴിഞ്ഞ ബുധനാഴ്ചയാണ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തുക,നിയമവിരുദ്ധമായി സംഘം ചേരുക,കോടതി വിധി ലംഘിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രാഹുൽ ഈശ്വറിനെയും സംഘത്തെയും സന്നിധാനത്തും നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.ജയിലിൽ ഉപവാസ സമരം നടത്തിയിരുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ശനിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് മോഷണം
ഇരിട്ടി:ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് മോഷണം.നേരംപോക്ക് പ്രഗതി കോളേജിന് സമീപം ഇരിട്ടി ഹൈസ്കൂൾ റിട്ടയേർഡ് കായികാധ്യാപകനും എൻസിസി ഓഫീസറുമായ എം.രമേശന്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടിന്റെ മുൻഭാഗത്തെ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ട്ടാവ് അകത്തുണ്ടായിരുന്ന അലമാരകളും മേശകളും കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ടു.എന്നാൽ സ്വർണ്ണമോ പണമോ വീട്ടിൽ സൂക്ഷിച്ചിരുന്നില്ല.ഒടുക്കം തിരച്ചിലിനിടയിൽ വീട്ടിലെ കാർബോർഡ് പെട്ടിക്കുള്ളിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യം അല്പം കഴിച്ച കള്ളൻ ബാക്കി മദ്യവും ഒരു പെർഫ്യുമുമായി സ്ഥലം വിടുകയും ചെയ്തു.മദ്യം കഴിക്കാൻ അടുക്കളയിൽ നിന്നെടുത്ത ഗ്ലാസ് വീട്ടുവരാന്തയിൽ തന്നെ വെയ്ക്കുകയും ചെയ്തു.സംസ്ഥാന സോഫ്റ്റ്ബാൾ ചാംപ്യൻഷിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാസർകോട്ട് പോയ രമേശൻ ഞായറാഴ്ച സ്ഥലത്തെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്.സംഭവമറിഞ്ഞ് ഇരിട്ടി സിഐയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്യസംസ്ഥാനത്തു നിന്നുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. പ്രദേശത്ത് മോഷണം പതിവായ സാഹചര്യത്തിൽ പോലീസ് പരിശോധന ശക്തമാക്കി.