ശബരിമല പ്രതിഷേധം;അറസ്റ്റ് 2000 കവിഞ്ഞു; സ്ത്രീകൾക്കെതിരെയും കേസ്

keralanews sabarimala protest more than 2000 persons arrested case registered against women also

ശബരിമല:സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ചവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നത് തുടരുന്നു. ഇതുവരെ 2067 പേർ അറസ്റ്റിലായിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് 458 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ശബരിമലയിലേക്കുള്ള വഴിയിൽ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി വാഹനത്തിൽ സ്ത്രീകള്‍ ഉണ്ടോയെന്ന് പരിശോധിച്ച 15 സ്ത്രീകള്‍ക്കെതിരേയും പൊലീസ് കേസെടുത്തു. പത്തനം‌തിട്ട, തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിലാണ് കൂടുതല്‍ അറസ്റ്റ് നടന്നിരിക്കുന്നത്. 210 പേരുടെ ഫോട്ടോ അടങ്ങിയ ക്രൈം മെമ്മോ പൊലീസ് നേരത്തേ തയ്യാറാക്കിയിരുന്നു. ബുധനാഴ്‌ച രാത്രിയാണ് കൂടുതല്‍ അറസ്‌റ്റ് നടപടികള്‍ നടന്നത്. വരും ദിവസങ്ങളിലും കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകും. അതിനായി എല്ലാ ജില്ലയിലും പ്രത്യേകസംഘത്തെ നിയോഗിക്കും. പ്രതികളുടെ ചിത്രം റെയില്‍‌വേ സ്‌റ്റേഷിനില്‍ പതിപ്പിക്കാനും തീരുമാനമായി. പൊതുമുതല്‍ നശിപ്പിക്കുക, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക, സ്ത്രീകളെ ആക്രമിക്കുക, കൊലപാതകശ്രമം, സംഘം ചേരല്‍, നിരോധനാഞ്ജ ലംഘിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കാസര്‍കോട് എലിക്കോട്ടുകയയില്‍ പുലിയിറങ്ങി; ജനങ്ങൾക്ക് ജാഗ്രത നിർദേശം

keralanews presence of tiger found in kasarkode elikkottkaya alert for people

കാസർകോഡ്:രാജപുരം പുഞ്ചക്കര എലിക്കോട്ടുകയയില്‍ പുലിയിറങ്ങി.ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് പുഞ്ചക്കര എലിക്കോട്ടുകയ കോളനിക്കു സമീപം പുലിയെ കണ്ടതായി നാട്ടുകാര്‍ പരാതിപ്പെട്ടത്. വിവരമറിഞ്ഞ് രാജപുരം എസ് ഐ എം ഷീജു, വനംവകുപ്പ് പനത്തടി സെക്ഷന്‍ ഓഫീസര്‍ കെ പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധനയും നടത്തിയിരുന്നു. എന്നാല്‍ പുലിയെ കണ്ടെത്താനായില്ല.എന്നാൽ വ്യാഴാഴ്ച കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ സുധീരന്‍ നേരോത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിൽ പ്രദേശത്ത്  പുലിയുടെ സാന്നിധ്യം സ്ഥിതീകരിക്കുകയായിരുന്നു. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകളും കണ്ടെത്തിയിട്ടുണ്ട്.ഇതോടെ നാട്ടുകാർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സമീപ സ്ഥലമായ ഓണിയില്‍ നേരത്തെ പുള്ളിപ്പുലി കെണിയില്‍ വീണ് ചത്തിരുന്നു.

സംസ്ഥാനത്തെ എല്ലാ എൽപി സ്കൂളുകളിലും അഞ്ചാം ക്ലാസ് വരെ പഠിപ്പിക്കണമെന്ന് ഉത്തരവ്

keralanews the order is-to teach all lp schools in the state till fifth standard

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ എൽപി സ്കൂളുകളിലും അഞ്ചാം ക്ലാസ് വരെയും യുപി സ്കൂളുകളിൽ എട്ടാം ക്ലാസ് വരെയും പഠിപ്പിക്കണമെന്ന് ബാലാവകാശകമ്മീഷൻ ഉത്തരവിട്ടു. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് അയല്‍പക്ക ദൂരപരിധിക്കുള്ളില്‍ സ്‌കൂളുകള്‍ സ്ഥാപിച്ചു നല്‍കണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ ആറാം വകുപ്പ് പ്രകാരമാണ് കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.തിരുവനന്തപുരത്ത് പിന്നോക്കപ്രദേശമായ വാവോട്ട് നാലാം ക്ലാസിനു മുകളിലുള്ള കുട്ടികള്‍ക്ക് പഠിക്കാന്‍ നിയമം അനുശാസിക്കുന്ന ദൂരപരിധിയില്‍ സ്‌കൂള്‍ സൗകര്യം ഏര്‍പ്പാടാക്കണമെന്ന ആവശ്യം പരിഗണിക്കവെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഒന്നുമുതല്‍ അഞ്ചുവരെ ക്‌ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു കിലോമീറ്ററിനുള്ളിലും ആറുമുതല്‍ എട്ടുവരെയുള്ള കുട്ടികള്‍ക്ക് മൂന്ന് കിലോമീറ്ററിനുള്ളിലും സ്‌കൂള്‍ സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നാണ് ചട്ടം അനുശാസിക്കുന്നത്.

കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവം നവംബർ 18,19 തീയതികളിൽ തലശ്ശേരിയിൽ

keralanews kannur district school kalolsavam on november 18th 19th at thalassery

കണ്ണൂർ:കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവം നവംബർ 18,19 തീയതികളിൽ തലശ്ശേരിയിൽ നടക്കും.കലോത്സവത്തിന്റെ തീയതിയും വേദിയും സംബന്ധിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി ഈ വരുന്ന വെള്ളിയാഴ്ച ഡി.ഇ.ഓ മാർ,എ.ഇ.ഓ മാർ,അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവരുടെ യോഗം വിദ്യാഭ്യാസ ഉപ ഡയറക്റ്ററുടെ ഓഫീസിൽ ചേരും.ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്രമാണ് ഈ വർഷം ജില്ലാ കലോത്സവത്തിൽ മത്സരം നടക്കുക. എൽ.പി,യു.പി സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിൽ മാത്രമേ മത്സരമുള്ളൂ.

മറയൂർ ചന്ദനം ഇനി മുതൽ കണ്ണവത്തുനിന്നും വാങ്ങാം

keralanews marayoor chandanam can now be purchased from kannavam

കണ്ണൂർ:മറയൂർ ചന്ദനം ഇനി മുതൽ കണ്ണവം കണ്ണോത്ത് തടിഡിപ്പോയിൽ നിന്നും ചില്ലറയായി വാങ്ങാം.ക്ഷേത്ര ജീവനക്കാർക്കും വ്യക്തികൾക്കും മറയൂർ ചന്ദന ഡിപ്പോയിൽ പോയി ചന്ദനം വാങ്ങുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് വനം വകുപ്പ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്.നേരത്തെ മറയൂരിൽ ഓൺലൈനായി മാത്രമാണ് വിൽപ്പന നടത്തിയിരുന്നത്.കിലോഗ്രാമിന് എല്ലാ നികുതിയും ഉൾപ്പെടെ 19500 രൂപ,17500 രൂപ എന്നിങ്ങനെ രണ്ട് ഗുണനിലവാരത്തിൽപ്പെട്ട ചന്ദനമാണ് കണ്ണോത്ത് ഡിപ്പോയിൽ നിന്നും ലഭിക്കുക. ക്ഷേത്രങ്ങൾക്കും ലൈസൻസുള്ള ആരോഗ്യ സ്ഥാപനങ്ങൾക്കും രേഖകൾ ഹാജരാക്കി ചന്ദനം വാങ്ങാവുന്നതാണ്.പൊതുജങ്ങൾക്ക് ഒരുകിലോ വരെ ചന്ദനം വാങ്ങാം. ഫോൺ:8547602859,04902-302080.

സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിവസം

keralanews tomorrow working day for schools in the state

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ അറിയിച്ചു.പ്രാദേശികമായി അവധി നൽകിയിട്ടുണ്ടെങ്കിൽ അത് തുടരുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ നിരവധി അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടിരുന്നു.ഇതേതുടർന്ന് ശനിയാഴ്ചകളിൽ പ്രവൃത്തിദിവസമാക്കി ഇതിനു പരിഹാരം കാണുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നാളെ പ്രവൃത്തിദിവസമായി പ്രഖ്യാപിച്ചിരിക്കുന്നത്.

അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം;ആദ്യ സ്വർണ്ണം തിരുവനന്തപുരത്തിന്

keralanews 62nd state school sports festival started today first gold medal to thiruvananthapuram

തിരുവനന്തപുരം:അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം.വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് അണ്ടര്‍ 17 ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തോടെയാണ് മേളയ്ക്ക് തുടക്കമായത്.2,200 താരങ്ങള്‍ മാറ്റുരയ്ക്കുന്ന മേളയുടെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ യൂത്ത് ഒളിംപിക്സില്‍ മത്സരിച്ച ജെ.വിഷ്ണുപ്രിയ മുഖ്യാതിഥിയായി.ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.3000 ജൂനീയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ സായിയുടെ സല്‍മാന്‍ ഫാറൂക്കിലൂടെ മേളയിലെ ആദ്യ സ്വർണ്ണം തിരുവനന്തപുരം കരസ്ഥമാക്കി.കോതമംഗലം മാർ ബസേലിയോസിലെ എം.വി അമിത്തിനാണ് രണ്ടാം സ്ഥാനം.3000 സീനിയര്‍ ആണ്കുട്ടികളുടെ മത്സരത്തില്‍ ഒന്നാംസ്ഥാനം കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ ആദര്‍ശ് ഗോപിക്ക്. രണ്ടാം സ്ഥാനം അജിത്.എം. (സി എം ടി മാത്തൂര്‍ പാലക്കാട്). ജൂനിയര്‍ പെൺകുട്ടികളുടെ 3000 മീറ്ററില്‍ കട്ടിപ്പറ ഹോളി ഫാമിലി സ്കൂളിലെ സനിക സ്വര്‍ണ്ണം നേടി.തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും.സ്കൂളുകളില്‍ കോതമംഗലം മാര്‍ബേസിലും ജില്ലകളില്‍ എറണാകുളവുമാണ് നിലവിലെ ചാമ്ബ്യന്‍മാര്‍.

ഈ അധ്യയനവർഷത്തെ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച് നടത്താൻ ആലോചന

keralanews plan to conduct s s l c and plus two exam together in this academic year

തിരുവനന്തപുരം:ഈ അധ്യയന വർഷം മുതൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച് നടത്താൻ ആലോചന.മുന്‍ വര്‍ഷങ്ങളില്‍ ഉച്ചയ്ക്കു ശേഷം നടത്തിയിരുന്ന എസ്എസ്എൽസി പരീക്ഷ ഇത്തവണ രാവിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ഒപ്പം നടത്താനാണ് ആലോചന. മാര്‍ച്ചിലെ കടുത്ത ചൂടില്‍ ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ വിദ്യാര്‍ഥികളെ ഏറെ ബുദ്ധിമുട്ടിക്കുന്നെന്നും സമയക്രമം മാറ്റണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു അര്‍ധ വാര്‍ഷിക പരീക്ഷകള്‍ ഒരുമിച്ച്‌ നടത്തും. ഇതില്‍ പ്രായോഗിക ബുദ്ധിമുട്ടില്ലെന്നു കണ്ടാല്‍ മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷ രാവിലെയാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്.എസ്‌എസ്‌എല്‍സി പരീക്ഷ രാവിലെയാക്കണമെന്ന ശുപാര്‍ശ നേരത്തെ തന്നെ പൊതുവിദ്യാഭ്യാസവകുപ്പ് ഗുണനിലവാര സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി വൈകുകയായിരുന്നു. പരീക്ഷ രാവിലെയാക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ നേരത്തെ ബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ ബാലാവകാശ കമ്മീഷന്‍ വിശദീകരണം തേടിയപ്പോള്‍, ചോദ്യപേപ്പര്‍ രാവിലെ സ്‌കൂളുകളില്‍ എത്തിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നായിരുന്നു വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചത്.നിലവില്‍ ട്രഷറികളിലെയും ബാങ്കുകളിലെയും ലോക്കറുകളിലാണ് ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നത്. പരീക്ഷദിവസം രാവിലെ പുറത്തെടുത്താണ് സ്കൂളുകളിൽ എത്തിക്കുന്നത്.പരീക്ഷ രാവിലെയാക്കിയാല്‍ ചോദ്യപേപ്പര്‍ ട്രഷറികളില്‍നിന്ന് പുറത്തെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ചോദ്യപേപ്പര്‍ ട്രഷറികളിലും പിന്നീട് സ്‌കൂളുകളിലും എത്തിക്കുന്നതിനായി ഒരുകോടി രൂപയോളമാണ് സര്‍ക്കാരിന് ചെലവ് വരുന്നത്.

ശബരിമലയിൽ സ്ത്രീ പ്രവേശനം നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി

keralanews the kerala high court has dismissed the plea seeking to extend the entry of women in sabarimala

കൊച്ചി:ശബരിമലയിൽ സ്ത്രീ പ്രവേശനം നീട്ടണമെന്ന് ആവശ്യപ്പെട്ട് പി.ഡി ജോസഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണ്. ആ നിയമം അനുസരിക്കാനും പാലിക്കാനും രാജ്യത്തെ എല്ലാ സിവില്‍, ജുഡീഷ്യല്‍ അധികാരികളും ബാധ്യസ്ഥരാണ്. ഭരണഘടനയുടെ 141, 144 അനുച്ഛേദങ്ങളില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നബ്യാരുമുൾപ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിധിയോട് എതിര്‍പ്പുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ഹര്‍ജിക്കാരനോട് കോടതി സൂചിപ്പിച്ചു. മതിയായ സുരക്ഷ ഏര്‍പ്പെടുത്താതെ സ്‌ത്രീ പ്രവേശനം  നടപ്പാക്കാന്‍ ശ്രമിച്ചതാണ് കഴിഞ്ഞദിവസം ശബരിമലയിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നായിരുന്നു ഹര്‍ജിയിലെ വാദം.അതിനാൽ മതിയായ സുരക്ഷയും അടിസ്ഥാനസൗകര്യവും ഉറപ്പാക്കും വരെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് നിർദേശിച്ചാണ് ഹർജി സമർപ്പിക്കപ്പെട്ടത്.

ശബരിമല സംഘർഷം;ഇതുവരെ 1407 പേർ അറസ്റ്റിൽ;നാളെ ബിജെപിയുടെ സ്റ്റേഷൻ മാർച്ച്

keralanews sabarimala conflict 1407persons arrested bjp station march tomorrow

പത്തനംതിട്ട:ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്ത് 1407 പേർ അറസ്റ്റിലായി.ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 258 കേസുകളും രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ശബരിമലയിൽ അക്രമം നടത്തിയവരെന്ന് പൊലീസ് തിരിച്ചറിഞ്ഞ 210 പേരുടെ ചിത്രങ്ങളടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിൽ 160 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരില്‍  പലരും അറസ്റ്റിലായി.ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് പത്തനംതിട്ട ജില്ലയിലാണ്. തിരുവനന്തപുരം റെയ്ഞ്ചിൽ ഇതുവരെ 236 പേർ അറസ്റ്റിലായി. ഇവരിൽ പലർക്കും ജാമ്യം കിട്ടിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി റിമാന്‍ഡ് ചെയ്തവരുടെ പട്ടിക പൊലീസ് ഉടൻ പുറത്തുവിടും.കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനായി എല്ലാ ജില്ലയിലും പ്രത്യേകസംഘത്തെ നിയോഗിക്കാനും റെയില്‍വെ സ്റ്റേഷനിലടക്കം ലുക്കൗട്ട് നോട്ടിസ് പതിപ്പിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.  അതേസമയം കൂട്ടഅറസ്റ്റിൽ പ്രതിഷേധിച്ച് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ നാളെ മാര്‍ച്ച്‌ നടത്തുമെന്ന് ബിജെപി വ്യക്തമാക്കി. കൂടാതെ പോലീസിന്റെ നടപടിക്കെതിരായി കോടതിയെ സമീപിക്കാനും ബിജെപി തീരുമാനിച്ചു.ശബരിമല സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആകെ 146 കേസുകളിലായി കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേര്‍ക്കെതിരെയാണു കേസെടുത്തിരിക്കുന്നത്.തുലാമാസപൂജ സമയത്തുണ്ടായ അതിക്രമങ്ങള്‍ മണ്ഡലകാലത്ത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പെന്ന നിലയില്‍ പരമാവധി പേരെ അറസ്റ്റ് ചെയ്യുകയെന്ന നിര്‍ദ്ദേശമാണ് ഡിജിപി നല്‍കിയിരിക്കുന്നത്.