ശബരിമല:യുവതികൾ സന്നിധാനത്ത് പ്രവേശിച്ചാൽ കൈമുറിച്ച് രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കി ശബരിമല നടയടപ്പിക്കാന്‍ 20 അംഗസംഘം സന്നിധാനത്ത് നിലയുറപ്പിച്ചിരുന്നുവെന്ന വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി പ്രമോദ് എന്ന വ്യക്തി ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അയ്യപ്പധര്‍മ്മസേന നേതാവു കൂടിയായ രാഹുലിനെതിരെ കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി 153-എ വകുപ്പ് പ്രകാരമാണ് കേസ്.എറണാകുളം പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഈശ്വര്‍ ഈ വിവാദ പരാമർശം നടത്തിയത്.സര്‍ക്കാരിന് മാത്രമല്ല തങ്ങള്‍ക്കും പ്ലാന്‍ ബിയും സിയും ഉണ്ടെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇത് സന്നിധാനത്ത് കലാപമുണ്ടാക്കാനുള്ള മനഃപൂര്‍വ്വമായ ശ്രമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമോദ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. 153-എ വകുപ്പ് പ്രകാരം എടുത്ത കേസില്‍ കോടതിയില്‍ നിന്ന് മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. രാഹുല്‍ ഈശ്വറിന്‍റെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.
കണ്ണൂരിൽ കുടിവെള്ളത്തിനായി വാട്ടർ എ ടി എം സ്ഥാപിച്ചു
കണ്ണൂർ:കുടിവെള്ളത്തിനായുള്ള വാട്ടർ എ ടി എം കണ്ണൂരിലും.കണ്ണൂർ കന്റോൺമെന്റ് ബോർഡാണ് വാട്ടർ എ ടി എം എന്ന ആശയവുമായി എത്തിയിരിക്കുന്നത്.ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലാആശുപത്രി ബസ് സ്റ്റാൻഡ്,കണ്ണൂർ കന്റോൺമെന്റ് പബ്ലിക് പാർക്ക്, എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കായി വാട്ടർ എ ടി എമ്മുകൾ സ്ഥാപിച്ചു.എ ടി എമ്മിൽ അഞ്ചു രൂപ നാണയമിട്ടാൽ ഒരുലിറ്റർ വെള്ളവും പത്തുരൂപ നാണയമിട്ടാൽ രണ്ടുലിറ്റർ വെള്ളവും ലഭിക്കും.ഇരുപത്തിനാലു മണിക്കൂറും ജനങ്ങൾക്ക് ഇതിൽ നിന്നും കുടിവെള്ളം ലഭിക്കും.കന്റോൺമെൻറ് ബോർഡ് പ്രസിഡന്റ് കേണൽ അജയ് ശർമ്മ പദ്ധതി ഉൽഘാടനം ചെയ്തു.
മട്ടന്നൂരിൽ രണ്ടിടങ്ങളിൽ മോഷണം
മട്ടന്നൂർ:മട്ടന്നൂർ നഗരത്തിൽ രണ്ടിടങ്ങളിലായി മോഷണം.ഒരു കടയിൽ കയറിൽ മോഷ്ട്ടാവ് മേശയിലുണ്ടായ 15000 രൂപ മോഷ്ടിച്ചു.മറ്റൊരു കടയുടെ പൂട്ടുപൊളിച്ചെങ്കിലും മോഷ്ട്ടാവിനു അകത്തു കടക്കാനായില്ല.മട്ടന്നൂർ സാമൂഹികാരോഗ്യകേന്ദ്രത്തിനു സമീപത്തെ ന്യൂ ഫാർമ മെഡിക്കൽ സ്റ്റോറിമട്ടന്നൂരിൽ രണ്ടിടങ്ങളിൽ മോഷണം ന്റെ ഷട്ടർ തകർത്ത് അകത്തുകയറിയാണ് 15000 രൂപ മോഷ്ടിച്ചത്.വാഹനം ഉപയോഗിച്ച ഷട്ടർ കെട്ടിവലിച്ച് മുന്നോട്ട് ഉയർത്തിയാണ് മോഷ്ട്ടാവ് അകത്തു കടന്നത്.ഇരിട്ടി റോഡിൽ സബ്‌രജിസ്ട്രാർ ഓഫീസിനു മുന്നിലുള്ള അനാദിക്കടയുടെ പൂട്ടുപൊളിച്ചെങ്കിലും മോഷണം നടത്താനായില്ല. സംഭവത്തെ കുറിച്ച് മട്ടന്നൂർ എസ്‌ഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശബരിമല സന്നിധാനവും കാനനപാതകളും അതിസുരക്ഷാ മേഖലയാക്കി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനമിറക്കി
പത്തനംതിട്ട:മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനവും കാനനപാതകളും അതിസുരക്ഷാ മേഖലയാക്കി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനമിറക്കി. പമ്ബയും സന്നിധാനവും ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവാണ് പ്രത്യേക സുരക്ഷാ മേഖലയില്‍ വരുന്നത്.ഇലവുങ്കല്‍, ചാലക്കയം, പമ്ബ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുപ്പാറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളുടെ ഒരു കിലോമീറ്ററാണ് പ്രത്യേക സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുന്നത്. ഇതാദ്യമായാണ് ഇങ്ങനെയുള്ളൊരു പ്രഖ്യാപനം വരുന്നത്.നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും ഈ ക്രമീകരണം ഉണ്ടായിരിക്കുക. ഈ പ്രദേശം എപ്പോഴും പൊലീസിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കും.
സ്വകാര്യ ബസ് സമരം;ഗതാഗതമന്ത്രി ഇന്ന് ബസ്സുടമകളുമായി ചർച്ച നടത്തും
തിരുവനന്തപുരം:നവംബർ ഒന്നാം തീയതി മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന ബസ്സുടമകളുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ ഇന്ന് ചർച്ച നടത്തും. തൃശൂര്‍ രാമനിലയില്‍ വച്ച് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ചര്‍ച്ച. വാഹന നികുതിയില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണം,മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണം, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ചില്‍ നിന്ന് 2.5 കിലോമീറ്ററാക്കണം,വിദ്യാര്‍ത്ഥി ചാര്‍ജ് മിനിമം അഞ്ച് രൂപയാക്കണം എന്നീ ആവശ്യങ്ങളാണ് സ്വകാര്യ ബസ്സുടമകൾ മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ പറ്റിയില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ക്കുള്ള ഡീസല്‍ വിലയില്‍ ഇളവ് നല്‍കണം, സ്വകാര്യ ബസുകളെ പൂര്‍ണമായി വാഹന നികുതിയില്‍ നിന്ന് ഒഴിവാക്കണം എന്നും ആവശ്യമുണ്ട്.
സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിനു നേരെ ആക്രമണം;രണ്ടു കാറുകൾ തീവെച്ചു നശിപ്പിച്ചു
തിരുവനന്തപുരം:സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിനു നേരെ ആക്രമണം.ഇന്ന് പുലര്‍ച്ചെ എത്തിയ ആക്രമി സംഘം രണ്ട് കാറുകള്‍ക്ക് തീയിടുകയും ആശ്രമത്തിന് മുന്നില്‍ റീത്ത് വെക്കുകയും ചെയ്തു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് നിലപാടെടുത്ത വ്യക്തിയാണ് സന്ദീപാനന്ദ ഗിരി. ഈ വിഷയത്തില്‍ ബിജെപിക്കും സംഗപരിവാറിനുമെതിരെ അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആശ്രമത്തിന് പുറത്ത് സിസിടിവി ഉണ്ടായിരുന്നു എങ്കിലും ഇത് പ്രവര്‍ത്തനരഹിതമായിരുന്നു. അതിനാല്‍ അക്രമത്തിന് പിന്നില്‍ ആരാണെന്ന് തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചിട്ടില്ല.ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സംസാരിച്ചതിനാല്‍ തനിക്ക് വലിയ രീതിയിലുള്ള ഭീഷണി ഉണ്ടായിരുന്നതായി സന്ദീപാനന്ദഗിരി പറയുന്നു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് കണ്ണൂരിൽ;ബിജെപി ജില്ലാ ആസ്ഥാനം ഉൽഘാടനം ചെയ്യും
കണ്ണൂർ:ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് കണ്ണൂരിലെത്തും.കണ്ണൂർ താളിക്കാവിലുള്ള ബിജെപി ജില്ലാ ആസ്ഥാനമായ മാരാർജി മന്ദിരം ഉൽഘാടനം ചെയ്യുന്നതിനായാണ് അമിത് ഷാ കണ്ണൂരിലെത്തുന്നത്.സെഡ് പ്ലസ് കാറ്റഗറിയില്‍ പെടുന്ന നേതാവായതിനാല്‍ കണ്ണൂരില്‍ സേന ശക്തമായ സുരക്ഷായാണ് അമിത് ഷായ്ക്കായി ഒരുക്കിയിരിക്കുന്നത്.ജില്ലാ പോലീസ് മേധാവി ജി ശിവവിക്രമിന്റെ നേതൃത്വത്തില്‍ തലശേരി എഎസ്പി ചൈത്ര തെരേസ ജോണ്‍, ഡിവൈഎസ്പിമാരായ സികെ വിശ്വനാഥന്‍, പിപി സദാനന്ദന്‍, സിഐഎ കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്ഘാടനവേദിയായ താളിക്കാവില്‍ സുരക്ഷാ വിലയിരുത്തി. സിആര്‍പിഎഫ്, ക്യൂആര്‍ടി തുടങ്ങിയ സേനാവിഭാഗങ്ങളും സുരക്ഷയ്ക്കുണ്ട്.രാവിലെ 10.15ന് പ്രത്യേക വിമാനത്തില്‍ മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അമിത്ഷാ 11മണിയോടെ മാരാര്‍ജി ഭവന്‍ ഉദ്ഘാടന വേദിയിലെത്തും. ഉൽഘാടനത്തിനു ശേഷം 12.30യോടെ പിണറായിയിൽ കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ രെമിത്തിന്റെ വീടും സന്ദര്‍ശിക്കും. തുടർന്ന് 1.50 ഓടെ മട്ടന്നൂരില്‍ എത്തി വിമാനമാർഗം തിരുവനന്തപുരത്തേക്ക് തിരിക്കും. .
വർഷം തോറും 87 രൂപയ്ക്ക് ചിക്കൻ ലഭ്യമാക്കുന്ന പദ്ധതിക്ക് ഡിസംബറിൽ തുടക്കമാകും
തിരുവനന്തപുരം:കുതിച്ചുയരുന്ന ചിക്കൻ വില നിയന്ത്രിക്കുന്നതിനായി വർഷം തോറും 87 രൂപയ്ക്ക് ചിക്കൻ ലഭ്യമാക്കുന്ന പദ്ധതിക്ക് ഡിസംബറിൽ തുടക്കമാകും.സർക്കാർ പിന്തുണയോടെ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയും കോഴിഫാം ഉടമകളും ചേർന്നാണ് പദ്ധതിക്ക് തുടക്കമിടുന്നത്. കർഷകർക്കും ഉപഭോക്താവിനും നഷ്ട്ടം വരാത്ത രീതിയിൽ ആവശ്യാനുസരണം കോഴി ലഭ്യമാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.ഒരു കിലോ കോഴി 87 രൂപയ്ക്ക് വിറ്റാലും കർഷകർക്ക് 11 രൂപ വീതം ലാഭം ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.87 രൂപയ്ക്ക് കോഴിയും 150 രൂപയ്ക്ക് ഇറച്ചിയും വിൽപ്പനയ്‌ക്കെത്തിക്കും.പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുക.വയനാട് കേന്ദ്രമായുള്ള ബ്രഹ്മഗിരി സൊസൈറ്റി കർഷകരുമായി സഹകരിച്ച് കോഴിക്കുഞ്ഞു മുതൽ തീറ്റ വരെയുള്ള സാധനങ്ങൾ ഒരേവിലയ്ക്ക് ലഭ്യമാക്കും.
ശബരിമലയിലെ അറസ്റ്റ്;സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി;നിരപരാധികളെ അറസ്റ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ കനത്ത പിഴ
കൊച്ചി:ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തെ തുടർന്നുള്ള വ്യാപക അറസ്റ്റിൽ സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി. അക്രമസംഭവങ്ങളില്‍ പങ്കാളികളല്ലാത്തവരെ അറസ്റ്റ് ചെയ്തു എന്ന് കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.അക്രമസംഭവങ്ങളുമായി ബന്ധമില്ലാത്തവരെ ഉപദ്രവിക്കരുത്. കുറ്റക്കാര്‍ എന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കാം. എന്നാല്‍ അനാവശ്യ ഭീതി പടര്‍ത്തരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.വിശ്വാസികളല്ലാത്തവരും ശബരിമലയില്‍ എത്തിയിരുന്നോ എന്ന് ആരാഞ്ഞ കോടതി പോലീസ് ഗാലറിക്ക് വേണ്ടി കളിക്കുന്നവരാകരുതെന്നും നിരീക്ഷിച്ചു. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരേ നാമജപ പ്രതിഷേധം നടത്തിയവരെ പോലീസ് അകാരണമായി കേസില്‍ കുടുക്കുന്നുവെന്നും അറസ്റ്റ് ചെയ്യുന്നുവെന്നും ആരോപിച്ച് ആചാരണ സംരക്ഷണ സമിതി ഉള്‍പ്പടെ നല്‍കിയ രണ്ടു ഹര്‍ജി പരിഗണിക്കുന്പോഴായിരുന്നു കോടതിയുടെ താക്കീത്.ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ വിശദീകരണം കേള്‍ക്കാന്‍ കോടതി ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി. അക്രമവുമായി ബന്ധപ്പെട്ട ഇതുവരെ രണ്ടായിരത്തിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇവരിൽ പലരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ശബരിമല തീർത്ഥാടനത്തിന് പ്രത്യേക പാക്കേജുമായി കെഎസ്ആർടിസി
തിരുവനന്തപുരം:ശബരിമല തീർത്ഥാടനത്തിന് പ്രത്യേക പാക്കേജുമായി കെഎസ്ആർടിസി. ‘അയ്യപ്പദർശൻ ടൂർ പാക്കേജ്’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.എയര്‍പോര്‍ട്ടിലും റെയില്‍വേ സ്‌റ്റേഷനിലും എത്തുന്ന ഭക്തരെ ലക്ഷ്യമിട്ടാണ് ഇത്. വിമാനത്താവളത്തിലും റെയില്‍വേ സ്‌റ്റേഷനിലും എത്തുന്ന ഭക്തരെ കെ എസ് ആര്‍ ടി സി പ്രതിനിധികള്‍ സ്വീകരിക്കും.ഭക്തരുടെ വേഷത്തില്‍ അയ്യപ്പദര്‍ശന്‍ സ്റ്റിക്കറും പതിക്കും.എസി വോള്‍വോ ബസ്സാണ് യാത്രക്കായി ഉപയോഗിക്കുക.പമ്പയിലേക്കുള്ള യാത്രയിൽ ഒരു കുപ്പി കുടിവെള്ളം സൗജന്യമായി നല്‍കും. ബസില്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുന്നതിനും വൈഫൈ സൗകര്യവും ലഭ്യമായിരിക്കും. യാത്രയ്ക്കിടെ തീര്‍ത്ഥാടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ബസില്‍ അനൗണ്‍സ് ചെയ്യും. യാത്രാ മധ്യേ ആവശ്യപ്പെടുന്നവര്‍ക്ക് ടോയിലറ്റ് സൗകര്യവും ലഭ്യമാകും. നിലയ്ക്കലില്‍ ബസ് മാറികയറാതെ നേരിട്ട് പമ്ബയില്‍ ഇറങ്ങാവുന്നതുമാണ്. പമ്പയില്‍ ക്ലോക്ക് റൂം സൗകര്യം ലഭ്യമാകും. ഇവിടെ മറ്റ് സാധനങ്ങള്‍ വച്ച് ഇരുമുടികെട്ടുമായി മല ചവിട്ടാം.പമ്പയില്‍ കെ എസ് ആര്‍ ടി സി പ്രതിനിധികള്‍ യാത്രക്കാരെ സ്വീകരിക്കും. പൊലീസിന്റെ വെർച്ച്വൽ ക്യൂ അടക്കമുള്ള ദര്‍ശനത്തിന് സൗകര്യവും കെ എസ് ആര്‍ ടി സി തന്നെ ഒരുക്കും.ദര്‍ശനം കഴിഞ്ഞ് തിരികെ എത്തുമ്പോൾ ഒരു ടിന്‍ ആരവണ പായസം സൗജന്യമായി കെ എസ് ആര്‍ ടി സി നല്‍കും. തിരികെയുള്ള യാത്രയ്ക്ക് എയര്‍പോര്‍ട്ടായാലും റെയില്‍വേ സ്‌റ്റേഷനായാലും അതുവരെ കെ എസ് ആര്‍ ടി സി സൗകര്യം ഒരുക്കും. നെടുമ്പാശ്ശേരി വിമാനത്താളത്തില്‍ നിന്നുള്ള അയ്യപ്പദര്‍ശന്‍ യാത്രയ്ക്ക് ഒരു ഭക്തനില്‍ നിന്ന് 1500 രൂപയാണ് കെ എസ് ആര്‍ ടി സി ഈടാക്കുക. ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്ന് 900 രൂപയും. മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാത്തവര്‍ക്ക് ബസില്‍ ഒഴിവുണ്ടെങ്കില്‍ സീറ്റുകള്‍ കിട്ടും. ഒക്ടോബര്‍ 29 മുതല്‍ റിസര്‍വേഷന്‍ സൗകര്യവും ഒരുക്കും.തിരക്ക് കൂടിയാല്‍ ശബരിമല ദര്‍ശന്‍ പാക്കേജില്‍ നോണ്‍ എസി ബസുകളും ഉള്‍പ്പെടുത്തും. ഭക്തര്‍ എങ്ങനെയാണ് ഈ പദ്ധതിയെ ഏറ്റെടുക്കുന്നതെന്നതിനെ അടിസ്ഥാനമാക്കിയാകും ഈ ഇടപെടല്‍.