കൊച്ചി: പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം(65) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.ഒരു പിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനായികരുന്നു തമ്പി കണ്ണന്താനം. 1986 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, മാസ്മരം, ഒന്നാമന്‍ തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു.കൂടാതെ 5 ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും 3 ചിത്രങ്ങള്‍ക്ക് തിരക്കഥ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. ആ നേരം അല്‍പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങള്‍. 1981ല്‍ പ്രദര്‍ശനത്തിനെത്തിയ ‘അട്ടിമറി’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.2004ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11നാണു തമ്ബി കണ്ണന്താനം ജനിച്ചത്.സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായാണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടു സ്വതന്ത്ര സംവിധായകനായി. 1986ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘രാജാവിന്റെ മകന്‍’ ആണ് പ്രശസ്തനാക്കിയത്. ചിത്രം നിര്‍മ്മിച്ചതും തമ്പിയായിരുന്നു.ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം നാളെ കാഞ്ഞിരപ്പള്ളിയില്‍.
കർഷക മാർച്ച് പോലീസ് തടഞ്ഞു;ഗാസിയാബാദിൽ വൻ സംഘർഷം;കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു
ന്യൂഡൽഹി:കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക സംഘടനകളുടെ ദില്ലിയിലേക്കുള്ള മാർച്ചിൽ സംഘർഷം.സെപ്റ്റംബർ 23 ന് ഹരിദ്വാറിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്.കർഷകർ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് തടയാൻ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് ഡൽഹിയിലേക്ക് കടക്കാൻ ശ്രമിച്ച കർഷകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ കിസാൻ ക്രാന്തി പദയാത്ര എന്ന പേരിൽ നടത്തുന്ന റാലിയിൽ എഴുപത്തിനായിരത്തോളം കർഷകരാണ് പങ്കെടുക്കുന്നത്.കാർഷിക വായ്‌പകൾ എഴുതി തള്ളുക,കാർഷിക വിള ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിക്കുക,ചെറുകിട കർഷകരെ സഹായിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ മാർച്ച് നടത്തുന്നത്.അതിർത്തി കടന്നെത്തുന്ന കർഷകരെ തടയാൻ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.ഇതിനെ മറികടന്നു പോകാൻ കർഷകർ ശ്രമിച്ചതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു.കർഷക മാർച്ച് എത്തുന്നതിന്റെ പശ്ചാത്തലത്തിൽ കിഴക്കൻ ഡൽഹിയിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങി
ന്യൂഡൽഹി:നിരവധി കേസുകളിൽ സുപ്രധാന വിധികൾ പുറപ്പെടുവിച്ച് വിവാദങ്ങളിൽ മൗനം പാലിച്ച് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങി.ഇന്നുവരെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധിയെങ്കിലും ഇന്ന് അവധിയായതിനാൽ ഇന്നലെ തന്നെ ചുമതലകൾ പൂർത്തിയാക്കുകയായിരുന്നു.ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ നേരിട്ട തിക്താനുഭവങ്ങൾ പരാമർശിക്കാതെ തനിക്കെതിരെയുള്ള ഭിന്നതകൾ പത്രസമ്മേളനം നടത്തി തുറന്നു പറഞ്ഞ രഞ്ജൻ ഗൊഗോയ്‌ക്കൊപ്പം കോടതിയിൽ ഒന്നിച്ചിരുന്നും വൈകുന്നേരത്തെ യാത്രയയപ്പ് സമ്മേളനത്തിൽ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് വേദിപങ്കിട്ടുമാണ് ദീപക് മിശ്ര കോടതിയിലെ തന്റെ അവസാന ദിനം പൂർത്തിയാക്കിയത്.അധികം നീളാത്ത കോടതി നടപടികൾക്ക് ശേഷം മാധ്യമ പ്രവർത്തകരുമായും അദ്ദേഹം സംസാരിച്ചു.ആധാർ കേസ് മുതൽ ശബരിമല സ്ത്രീപ്രവേശനം വരെയുള്ള നിർണായക കേസുകളിൽ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞയാഴ്ച വിധിപറഞ്ഞിരുന്നു.ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗഗോയ് സത്യവാചകം ചൊല്ലി പുതിയ ചീഫ് ജസ്റ്റിസായി ചുമതല ഏല്‍ക്കും.ദീപക് മിശ്രക്കെതിരെ ജനുവരിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ 4 ജഡ്ജിമാരില്‍ ഒരാളായിരുന്നു ജസ്റ്റിസ് ഗഗോയ്.
കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണ പറക്കലിനായി ഇന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമെത്തും
കണ്ണൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പരീക്ഷണപറക്കലിനായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് വീണ്ടും എത്തും.രാവിലെ ഏഴരയോടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന ബോയിങ് 737-800 വിമാനം 7.45 ഓടെ കണ്ണൂർ വിമാനത്താവള സിഗ്നൽ പരിധിക്കുള്ളിലെത്തും. ഇൻസ്ട്രുമെന്റേഷൻ ലാൻഡിംഗ് സിസ്റ്റത്തിന്റെ പരിശോധനയ്ക്കായാണ് വിമാനമെത്തുന്നത്.റൺവേകൾക്ക് മുകളിലൂടെ ചുറ്റിപ്പറക്കുന്ന വിമാനം റൺവേയോട് ചേർന്ന് താഴ്ന്നിറങ്ങിയും(ടച്ച് ആൻഡ് ഗോ) പരിശോധന നടത്തും.നേരത്തെ ഇതേ വിമാനം ഡി വി ഒ ആർ പരിശോധനയ്ക്കായി എത്തിയിരുന്നു. വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി കമാൻഡൻറ് ധൻരാജ് ഡാനിയേലിന്റെ നേതൃത്വത്തിലുള്ള സിഐഎസ്എഫ് സംഘം എത്തി.50 അംഗ സംഘമാണ് തിങ്കളാഴ്ച വിമാനത്താവളത്തിലെത്തിയത്.അടുത്ത ദിവസം മുതൽ ഇവരെ വിവിധയിടങ്ങളിലായി സുരക്ഷയ്ക്ക് നിയോഗിക്കും.കൂത്തുപറമ്പ് വലിയവെളിച്ചതാണ് ഇവർക്കുള്ള താൽക്കാലിക താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
എ ടിഎം വഴി പിന്‍വലിക്കാനാകുന്ന തുകയുടെ പരിധി എസ്ബിഐ 20,000 രൂപയാക്കി കുറയ്ക്കുന്നു
മുംബൈ:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. എ.ടി.എമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാനാകുന്ന തുകയുടെ പരിധി 20,000 രൂപയാക്കി കുറയ്ക്കുന്നു. എ.ടി.എം. മുഖേനയുള്ള തട്ടിപ്പുകള്‍ കൂടുന്നതു കൊണ്ടും ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.തു സംബന്ധിച്ച വിജ്ഞാപനം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാന്‍ എല്ലാ ശാഖകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ക്ലാസിക്, മാസ്റ്ററോ പ്ലാറ്റ്‌ഫോമിലെ കാര്‍ഡുകള്‍ ഉപയോഗിച്ച് പിന്‍വലിക്കാവുന്ന തുകയുടെ പരിധിയാണ് കുറയ്ക്കുന്നത്. ഒക്ടോബര്‍ 31 മുതലാവും ഇത് പ്രാബല്യത്തില്‍ വരുന്നത്. ഇതുവരെ 40,000 രൂപ വരെയായിരുന്നു പരമാവധി പിന്‍വലിക്കാനാകുന്നത്.
കുട്ടികൾക്ക് നൽകിയ പോളിയോ തുള്ളിമരുന്നിൽ വൈറസ് സാന്നിധ്യം കണ്ടെത്തി;പ്രതിഷേധം ശക്തം
ന്യൂഡൽഹി:കുട്ടികൾക്ക് നൽകിയ പോളിയോ തുള്ളിമരുന്നിൽ വൈറസ് സാന്നിധ്യം കണ്ടെത്തി. ടൈപ്പ്-2 പോളിയോ വൈറസ് തുള്ളിമരുന്നിൽ ഉണ്ടായിരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിതീകരിച്ചിട്ടുണ്ട്.മഹാരാഷ്ട്രയിലും തെലങ്കാനയിലും കുട്ടികള്‍ക്ക് നല്‍കിയ പോളിയോ മരുന്നിലാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മുന്‍പ് ഉത്തര്‍പ്രദേശിലും ഇതേ വീഴ്ച സംഭവിച്ചിരുന്നു. മൂന്നു സംസ്ഥാനങ്ങളിലും മരുന്നുകള്‍ കഴിച്ച കുട്ടികളെ നിരീക്ഷിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.കുട്ടിളെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കി രോഗാണു എങ്ങനെപ്രവര്‍ത്തിക്കുന്നുവെന്നും എന്തെങ്കിലും രോഗലക്ഷണം കാണിക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ് പോളിയോ സര്‍വൈലന്‍സ് സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഭയചകിതരാകേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ കുട്ടികളെ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗാണുവുള്ള മരുന്നുകള്‍ വിതരണം ചെയ്തുവെന്ന് കരുതുന്ന സംസ്ഥാനങ്ങളില്‍ എല്ലായിടത്തും കുട്ടികള്‍ക്ക് ഐ.പി.വി(ഇന്‍ആക്ടിവേറ്റഡ് പോളിയോ വൈറസ്) ഇഞ്ചക്ഷന്‍ നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര നാണയനിധി മുഖ്യ സാമ്പത്തിക വിദഗ്ധയായി ഗീതാ ഗോപിനാഥിനെ നിയമിച്ചു
ന്യൂഡൽഹി:അന്താരാഷ്ട്ര നാണയനിധി മുഖ്യ സാമ്പത്തിക വിദഗ്ധയായി ഗീതാ ഗോപിനാഥിനെ നിയമിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്ബത്തികകാര്യ ഉപദേഷ്ടാവ് കൂടിയാണ് ഗീത. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല അധ്യാപികയും മലയാളിയുമായ ഗീത നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗറി ഒബ്സ്റ്റ്ഫെല്‍ഡ് ഡിസംബറില്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.ആര്‍.ബി.ഐ ഗവര്‍ണറായിരുന്ന രഘുറാം രാജന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഗീത ഗോപിനാഥ്.കണ്ണൂര്‍ സ്വദേശിയും കാര്‍ഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെമയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു പഠിച്ചുവളര്‍ന്നത്. ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഓണേഴ്‌സും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും എം. എയും പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റും നേടിയ ഗീതയ്ക്ക് അമേരിക്കന്‍ പൗരത്വവുമുണ്ട്. മുന്‍ ഐഎഎസ് ഓഫിസറും മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) പോവര്‍ട്ടി ആക്ഷന്‍ ലാബ് ഡയറക്ടറുമായ ഇക്ബാല്‍ ധലിവാള്‍ ആണു ഭര്‍ത്താവ്.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്‌ക്കർ അന്തരിച്ചു
തിരുവനന്തപുരം:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സംഗീതസംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌ക്കർ അന്തരിച്ചു.ഇന്നലെ രാത്രി ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ മൂന്നരമണിയോടെ തൃശ്ശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അദ്ദേഹത്തിന്റെ രണ്ടുവയസ്സുകാരി മകള്‍ തേജസ്വിനി ബാല മരിച്ചു. ഭാര്യ ലക്ഷ്മിയും കാര്‍ ഡ്രൈവറും സാരമായ പരിക്കുകളോടെ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.അപകടം നടക്കുന്ന സമയത്ത് ബാലഭാസ്‌ക്കറും മകളും മുൻസീറ്റിലായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പോലീസ് നിഗമനം.
കൂത്തുപറമ്പ് മൈലുള്ളിമെട്ടയിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
കണ്ണൂർ:കൂത്തുപറമ്പ് മമ്പറം മൈലുള്ളിമെട്ടയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാരൻ മരിച്ചു.മാനന്തവാടിക്കടുത്ത കൊളത്തടയിലെ എ.വി.അനിൽകുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടര മണിയോടെ മൈലുള്ളിമെട്ട ജംഗ്ഷനടുത്ത് വച്ചാണ് അപകടം നടന്നത്.ചെങ്കല്ല് കയറ്റിപ്പോവുകയായിരുന്ന മിനിലോറി അനിൽകുമാർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.ചക്കരക്കല്ലിൽ ഫർണിച്ചർ കടയിലെ തൊഴിലാളിയായിരുന്ന അനിൽകുമാർ കാലത്ത് മാനന്തവാടിയിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.പിണറായി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കയാണ്.
കണ്ണൂരിൽ കഞ്ചാവുമായി രണ്ടുപേർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ
കണ്ണൂർ:എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 1.25 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.ശിവപുരം മൊട്ടമ്മൽ സ്വദേശി മുസമ്മൽ വീട്ടിൽ മജീദ് മകൻ അബ്ദുൾ സലാം (29) ആമ്പിലാട് സ്വദേശി പൊന്നം ഹൗസിൽ അഷ്റഫ് മകൻ ഷാനവാസ് പി (33) എന്നിവരെയാണ് ഉത്തരമേഖല ജോയന്റ് എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെടകർ എം ദിലീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.മട്ടന്നൂർ, ശിവപുരം ,ഉരുവച്ചാൽ ,കൂത്തുപറമ്പ് , ഇരിട്ടി മേഖലകളിൽ കഞ്ചാവ് വിതരണം നടത്തുന്ന പ്രധാന കഞ്ചാവ് കച്ചവടക്കാരാണ് ഇവർ . മീൻ വണ്ടിയിലും പച്ചക്കറിക്കച്ചവടത്തിന്റെ മറവിലുമാണ് ഇവർ ഇത്രയുംകാലം കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്നത്.വിരാജ്പേട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് ലോബിയിൽ നിന്നും കിലോ കണക്കിന് കഞ്ചാവ് വാങ്ങി ഇത്തരം വാഹനങ്ങളിൽ കടത്തിയാണ് ഇവർ ശിവപുരത്ത് എത്തിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ മട്ടന്നൂർ ,ഇരിട്ടി, കൂത്തുപറമ്പ് മേഖലകളിൽ ഇവർ കഞ്ചാവ് കച്ചവടം നടത്തിയവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഉത്തരമേഖലാ ജോയന്റ് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ പി ജലീഷ് , കെ ബിനീഷ്,പി പി രജിരാഗ്, സി എച്ച് റിഷാദ്, എക്സൈസ് റേഞ്ച് ഓഫീസ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ പി.വി ശ്രീനിവാസൻ, കെ ഉമേഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.