തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് നാല് തിയ്യതികളില്‍ കനത്ത മഴയ്ക്ക് മുന്നറിയിപ്പുണ്ട്.പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒക്ടോബറില്‍ എത്തേണ്ടിയിരുന്ന തുലാവര്‍ഷം ഇത്തവണ ഏറെ വൈകിയാണ് എത്തുന്നത്.ഏറെ വൈകിയാണ് ഇത്തവണ തുലാവര്‍ഷം കേരളത്തിലെത്തുന്നത്.തുലാമഴ ഒക്ടോബറില്‍ ലഭിക്കും എന്നായിരുന്നു ആദ്യത്തെ കണക്ക് കൂട്ടല്‍. എന്നാല്‍ നാളെ മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകും എന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.നവംബര്‍ ആദ്യ വാരത്തിന് ശേഷവും സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി തന്നെ തുടരും.ബംഗാള്‍ ഉള്‍ക്കടലില്‍ പതിവിന് വിപരീതമായി രൂപം കൊളളുന്ന ചെറു ന്യൂനമര്‍ദ്ദങ്ങളാണ് കേരളത്തില്‍ തുലാമഴ വൈകുന്നതിനുളള പ്രധാന കാരണം.
മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാനെ സർവീസ് റിവോൾവറിൽ നിന്നും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം:മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാനെ സർവീസ് റിവോൾവറിൽ നിന്നും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലം കടയ്ക്കല്‍ ചരിപ്പറമ്ബ് സ്വദേശി സുജിത് (27) ആണ് മരിച്ചത്. തിരുവനന്തപുരം സിറ്റി എ ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ ആണ്.ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.സര്‍വീസ് റിവോള്‍വറില്‍ നിന്നാണ് വെടിയേറ്റത്. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയി ലേക്ക് മാറ്റും. ആദ്യം ഞരമ്പ് മുറിച്ച ശേഷം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. സുജിത്തിന്റെ കിടപ്പു മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി.തിരുവനന്തപുരം എ.ആര്‍ ക്യാമ്ബിലെ പൊലീസുകാരനായിരുന്ന സുജിത്ത് കഴിഞ്ഞ ദിവസമാണ് ജോലിയില്‍ നിന്നും ലീവ് എടുത്ത് വീട്ടില്‍ എത്തിയത്. ഇന്ന് രാവിലെയാണ് വീടിന്റെ രണ്ടാം നിലയില്‍ സുജിത്തിനെ വെടികൊണ്ട നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ വീട്ടുകാര്‍ സുജിത്തിനെ കടയ്ക്കലിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തലയ്ക്കാണ് വെടിവെച്ചത്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി തന്നെ മരണം സംഭവിക്കുകയായിരുന്നു.വ്യക്തിപരമായ പ്രശ്‌നങ്ങളാകാം സംഭവത്തിന് പിന്നിലെന്ന് മന്ത്രി മാത്യു ടി.തോമസ് വ്യക്തമാക്കി. ഔദ്യോഗികമായി പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.
ലോഡ്ജിൽ മുറിയെടുത്ത ശേഷം ടിവിയടക്കമുള്ള ഉപകരണങ്ങൾ മോഷ്ടിച്ചു കടത്തുന്നയാൾ പിടിയിൽ
ഇരിട്ടി:ലോഡ്ജിൽ മുറിയെടുത്ത ശേഷം റൂമിൽ നിന്നും ടിവിയടക്കമുള്ള ഉപകരണങ്ങൾ മോഷ്ടിച്ചു കടത്തുന്നയാൾ പിടിയിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശി ശിവകുമാറിനെ (38) യാണ് ഇരിട്ടി എസ് ഐ പി എ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.കോയമ്ബത്തൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് മോഷണം നടത്തി മുങ്ങുന്നതിനിടെയാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെ ഇരിട്ടിയിലെ ലോഡ്ജില്‍ നിന്നു ടിവി മോഷ്ടിച്ചതായി സമ്മതിക്കുകയായിരുന്നു. തിരൂര്‍, പൊന്നാനി, പുല്‍പള്ളി എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതി മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കണ്ണൂർ സ്വദേശിയായ യുവാവിനെ ദുബായിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ:കണ്ണൂർ സ്വദേശിയായ യുവാവിനെ ദുബായിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂര്‍ അഴീക്കോട് മൂന്നുനിരത്ത് ഒണ്ടേന്‍ റോഡ് ചിത്തിര നിവാസില്‍ പരേതനായ ഹരിദാസിന്റെ മകന്‍ ലിജു മാണിക്കോത്തിനെ (42)യാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം.ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിജുവിന്റേതെന്ന് സംശയിക്കുന്ന കുറിപ്പും മുറിയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. ദുബൈയില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു.മാതാവ്: പരേതയായ മാണിക്കോത്ത് ലീല. ഭാര്യ: അശ്വതി, ഏക മകന്‍ യയോഗ്.സഹോദരി ലീന.
തൃശ്ശൂരിലെ എടിഎം മോഷണശ്രമം;പ്രതി പിടിയിൽ
തൃശൂര്‍:ചാവക്കാട് എസ്ബിഐയുടെ എടിഎം തകര്‍ത്ത പ്രതിയെ പൊലീസ് പിടികൂടി.ബിഹാര്‍ സ്വദേശി ശ്രാവണാണ് പിടിയിലായത്. മദ്യലഹരിയിലായിരുന്ന ശ്രാവണ്‍ മദ്യം വാങ്ങാന്‍ പണത്തിനാണ് എടിഎം തകര്‍ത്തത്.എടിഎമ്മില്‍നിന്നും പണമെടുക്കാന്‍ നോക്കിയെങ്കിലും പറ്റിയില്ല. തുടര്‍ന്ന് കല്ലുകൊണ്ട് ഇടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചു. എടിഎമ്മിന്റെ മോണിറ്റര്‍ മാത്രമാണ് തകര്‍ന്നിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങളില്‍ ശ്രാവണിന്റെ ചിത്രം പതിഞ്ഞിരുന്നു.ദൃശ്യങ്ങള്‍ കണ്ട നാട്ടുകാരാണ് ഇയാളേക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് നല്‍കിയത്. തുടര്‍ന്ന് ചാവക്കാട് സിഐ സുരേഷിന്‍റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.17 വര്‍ഷമായി ചാവക്കാട് കൂലിപണിചെയ്യുന്ന ആളാണ്. ബ്ലാങ്ങാട് കള്ളുഷാപ്പില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.രാത്രി 11.30നും 11.45നുമിടയിലാണ് കവര്‍ച്ചാ ശ്രമം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ആദ്യം പ്രതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു താനെന്ന് പ്രതി പോലീസിനോട് വ്യക്തമാക്കി.
കണ്ണൂർ മീത്തിലെ കുന്നോത്ത് പറമ്പിൽ സിപിഎം-കോൺഗ്രസ് സംഘർഷം
പാനൂർ:കണ്ണൂർ മീത്തിലെകുന്നോത്ത് പറമ്പിൽ സിപിഎം-കോൺഗ്രസ് സംഘർഷം. സംഘര്‍ഷത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. പോലീസ് ലാത്തിവീശിയാണ് ഇരുവിഭാഗം പ്രവര്‍ത്തകരെയും ഓടിച്ചത്.കഴിഞ്ഞ രാത്രിയാണ് സംഭവം. സിപിഎം പ്രവര്‍ത്തകരായ ചാലുപറമ്ബത്ത് ബാബുവിന്‍റെ മകന്‍ അനുരാഗ് (18), ചക്കരേന്‍റവിട ദിലീഷ് (35) എന്നിവരെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഒരുസംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. മർദനത്തിൽ പരിക്കേറ്റ ഇവരെ പാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്ത് സംഘടിക്കുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുമെന്ന ഘട്ടമെത്തിയതോടെ പോലീസ് പ്രവര്‍ത്തകരെ ലാത്തിവീശി വിരട്ടിയോടിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെ മീത്തലെ കുന്നോത്തുപറമ്ബില്‍ കോണ്‍ഗ്രസ് ഓഫീസിനും വായനശാലയ്ക്കും തീയിട്ടിരുന്നു. ഇതിന് പിന്നില്‍ സിപിഎമ്മാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്.
അമിത് ഷായ്ക്ക് കണ്ണൂരിൽ വിമാനമിറങ്ങാൻ അനുമതി നൽകിയത് തങ്ങളെന്ന് കിയാൽ അധികൃതർ
കണ്ണൂർ:ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് കണ്ണൂരിൽ വിമാനമിറങ്ങാൻ അനുമതി നൽകിയത് സർക്കാരല്ലെന്നും തങ്ങളാണെന്നും കിയാൽ അധികൃതർ.തങ്ങളാണ് അനുമതി നല്‍കിയതെന്നും വിമാനമിറക്കിയത് നിയമാനുസൃതമായിട്ടാണെന്നും കമ്പനി വ്യക്തമാക്കി. വിമാനത്താവളത്തില്‍ നോണ്‍ ഷെഡ്യൂള്‍ഡ് ഫ്‌ളൈറ്റുകള്‍ക്ക് ഇറങ്ങാമെന്നും കിയാല്‍ അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു ഷെഡ്യൂള്‍ഡ് ഫ്ളൈറ്റുകളുടെ ഓപ്പറേഷന്‍ ഡിസംബര്‍ ആറിനുശേഷമാണ് അനുവദിക്കാവുന്നതെങ്കിലും നോണ്‍ ഷെഡ്യൂള്‍ഡ് ഫ്ളൈറ്റുകളുടെ ഓപ്പറേഷന്‍ ലൈസന്‍സ് ലഭിച്ച ഒരു എയര്‍പോര്‍ട്ട് എന്ന നിലയില്‍ ആര് അഭ്യര്‍ഥിച്ചാലും എയര്‍പോര്‍ട്ട് കമ്പനിക്ക് വിമാനം ഇറക്കുവാനുള്ള അനുമതി നല്‍കാവുന്നതാണ്. അതിന് ആവശ്യമായ ചെലവ് അതത് വിമാന കമ്പനികൾ എയര്‍പോര്‍ട്ട് ഓപ്പറേറ്ററായ കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവള കമ്പനിക്ക് നല്‍കണമെന്നു മാത്രം. അതനുസരിച്ച് അമിത്ഷായുടെ വിമാനത്തിന് അനുമതി നല്‍കുകയും ആ കമ്പനി നിയമാനുസൃതമായി തരേണ്ട ചാര്‍ജ് നല്‍കുകയും ചെയ്തു. ഉൽഘാടനത്തിനു മുൻപ് കണ്ണൂർ വിമാനത്താവളത്തിൽ അമിത് ഷാ വിമാനമിറങ്ങിയത് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി കിയാൽ രംഗത്തെത്തിയിരിക്കുന്നത്.
ഡല്‍ഹിയില്‍ മലിനീകരണ ബോര്‍ഡിന്റെ മുന്നറിയിപ്പ്;അന്തരീക്ഷ മലിനീകരണം അപായനിലയും കടന്നു
പി ഡി പി നേതാവ് മദനി കേരളത്തിലെത്തി
കൊല്ലം:പി ഡി പി നേതാവ് മദനി കേരളത്തിലെത്തി.അതീവ ഗുരുതരാവസ്ഥയില്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഉമ്മ അസ്മാഅ് ബീവിയെ കാണാനായാണ് മഅദനി 8 ദിവസത്തെ ജാമ്യത്തില്‍ എത്തിയത്.രാവിലെ 10.15 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മഅദനിക്കൊപ്പം ഭാര്യ സൂഫിയ മഅദനി, മകന്‍ സലാഹുദീന്‍ അയ്യൂബി,പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ സലിം ബാബു, നിയാസ് എന്നിവരും ഉണ്ടായിരുന്നു.കര്‍ശന ഉപാധികളോടെയാണ് ബംഗുളൂരു എന്‍.ഐ.എ കോടതി ജാമ്യമനുവദിച്ചത്. എന്‍.ഐ.എ വിചാരണ കോടതി നല്‍കിയ കര്‍ശന വ്യവസ്ഥകളില്‍ പ്രതിഷേധിച്ച് വായ്മൂടിക്കെട്ടിയാണ് പി.ഡി.പി പ്രവര്‍ത്തകരും നേതാക്കളും മഅ്ദനിയെ സ്വീകരിക്കാനെത്തിയത്.മഅ്ദനിയുടെ സുരക്ഷക്കായി ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ നിയമിച്ച 12 പൊലീസുകാരും കേരളത്തിലെത്തിയിട്ടുണ്ട്. സുരക്ഷ ഉദ്യോഗസ്ഥരുടെ ചെലവിലേക്കായി 1,76,600 രൂപ കെട്ടിവെച്ച ശേഷമാണ് യാത്ര. ബംഗളൂരുവില്‍ തിരിച്ചെത്തിയ ശേഷം മറ്റു ചെലവുകള്‍ കണക്കാക്കി ആ തുക കൂടി അടക്കണം. പൊലീസുകാര്‍ സഞ്ചരിക്കുന്ന വാഹനത്തിന് കിലോമീറ്ററിന് 60 രൂപയാണ് നിരക്ക്. ഇവര്‍ക്കുള്ള ഭക്ഷണം, താമസം എന്നിവക്കുള്ള ചെലവും മഅ്ദനി തന്നെ വഹിക്കണമെന്നാണ് നിബന്ധന.
സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി
ന്യൂഡൽഹി:സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി.വയനാട് ഡി.എം,പാലക്കാട് പി.കെ ദാസ്,വർക്കല എസ്.ആർ,തൊടുപുഴ അൽ അസർ എന്നീ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനമാണ് സുപ്രീം കോടതി റദ്ദാക്കിയത്.നാല് മെഡിക്കൽ കോളേജുകളിലുമായി 550 സീറ്റുകളിലേക്ക് ഹൈക്കോടതി നൽകിയ പ്രവേശനാനുമതി ചോദ്യം ചെയ്ത് മെഡിക്കൽ കൗസിൽ ഓഫ് ഇന്ത്യ(എം.സി.ഐ) നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര,വിനീത് സരൺ എന്നിവർ വിധി പ്രഖ്യാപിച്ചത്.മതിയായ സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എം.സി.ഐ ഹർജി സമർപ്പിച്ചത്.നാല് കോളേജുകളിലെയും പ്രവേശനം നേരത്തെ സ്റ്റേ ചെയ്ത സുപ്രീം കോടതി വിദ്യാർഥികൾ പുറത്തുപോകേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.നാല് കോളേജുകൾക്കും ഈ വർഷം പ്രവേശനം നടത്താൻ എം.സി ഐ അനുമതി നിഷേധിച്ചിരുന്നു.എന്നാൽ ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയാണ് ഇവർ പ്രവേശനം നടത്തിയത്.ഇതേ തുടർന്നാണ് എം.സി.ഐ സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം മറ്റു സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളേജുകളിലുള്ള സൗകര്യങ്ങൾ കേരളത്തിലെ മെഡിക്കൽ കോളേജുകളിലുണ്ടെന്നും പക്ഷെ എന്തുകൊണ്ടാണ് കേരളത്തിലെ സീറ്റുകളിൽ അനുമതി നിഷേധിക്കുന്നതെന്ന് അറിയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.വിധിയെ മറികടക്കാൻ നിയമനിർമാണം സാധ്യമാകില്ല. പുനഃപരിശോധനാ ഹർജി നല്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നിയമവശം പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.