കണ്ണൂർ:ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി പണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ.തൃശൂർ കൊടകര കനകമലയിൽ പള്ളത്തിൽ വീട്ടിൽ പി.ഡി ദീപു(33),കൊടകരയിലെ പണപ്ലാവിൽ വീട്ടിൽ ആർ.ബിനു(36),മലപ്പുറം വെള്ളുവമ്പുറം വേലിക്കൊത്ത് വീട്ടിൽ ലത്തീഫ്(42),തലശ്ശേരി പാലയാട് ചിറക്കുനിയിലെ ഗുൽഷാൻ വീട്ടിൽ നൗഫൽ(36) എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ ഒൻപതുപ്രതികൾ ഉള്ളതായി പോലീസ് അറിയിച്ചു.സെപ്റ്റംബർ ഇരുപതാം തീയതി പുലർച്ചെ മൂന്നുമണിക്കാണ് കേസിനാസ്പദമായ സംഭവം.തലശ്ശേരിയിലെ മൽസ്യ മൊത്തവ്യാപാരിയായ മജീദിന്റെ വീട്ടിൽ എത്തിയ സംഘം ആദായനികുതി വകുപ്പ് ഓഫീസർ,മൂന്നു ഉദ്യോഗസ്ഥർ,പോലീസ് ഉദ്യോഗസ്ഥൻ എന്നിങ്ങനെ പരിചയപ്പെടുത്തുകയായിരുന്നു.ശേഷം പുലർച്ചെ മൂന്നുമണി മുതൽ ഒന്നര മണിക്കൂർ ഇവർ വീട്ടിൽ പരിശോധന നടത്തി.സംഘം പോയ ശേഷം നടത്തിയ പരിശോധനയിലാണ് മജീദിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന പഴ്സിൽ നിന്നും 25000 രൂപ നഷ്ട്ടപ്പെട്ടതായി കണ്ടെത്തിയത്.കുഴൽപ്പണ കേസുകളിൽ പ്രതിയായ ലത്തീഫ് കള്ളപ്പണം ഉള്ളവരെ കാണിച്ചു തന്നാൽ 30 ശതമാനം കമ്മീഷൻ നൽകാമെന്ന് പറഞ്ഞ് നൗഫലിനെ കൂടെക്കൂട്ടുകയായിരുന്നു.തുടർന്നാണ് നൗഫൽ സൈദാർപള്ളിയിലെ മജീദിന്റെ വീട് കാണിച്ചുകൊടുത്തത്. മജീദിന്റെ സ്ഥാപനത്തിലെ ജോലിക്കാരനാണ് നൗഫൽ.ശേഷം ലത്തീഫ് ദീപുവുമായി ചേർന്ന് പദ്ധതി ആസൂത്രണം ചെയ്തു.തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരനെ കെട്ടിയിട്ട് കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലെ പ്രതിയാണ് ദീപു.ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള ചിലരെയും കൂട്ടി ദീപു സെപ്റ്റംബർ പതിനെട്ടാം തീയതി തലശ്ശേരിയിലെത്തി മജീദിന്റെ വീട് കണ്ടുപിടിച്ചു.അന്ന് പറശ്ശിനിക്കടവിൽ താമസമാക്കി.പിന്നീട് ഇരുപതാം തീയതി പുലർച്ചെ തലശ്ശേരിയിലെത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തുകയായിരുന്നു.ഗവ.ഓഫ് ഇന്ത്യ എന്ന ബോർഡ് മുന്നിലും പിന്നിലും സ്ഥാപിച്ച രണ്ടു കാറുകളിലായാണ് ഇവർ എത്തിയത്.വ്യാജ തിരിച്ചറിയൽ കാർഡും കൈവശം ഉണ്ടായിരുന്നു.കഴിഞ്ഞ ഒരുമാസം മുൻപ് തമിഴ്‌നാട്ടിലെ മധുരയിൽ നടന്ന സമാനമായ തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ദീപുവിലേക്കെത്തിയത്.പിന്നീട് ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു.ഒളിസങ്കേതത്തിൽ കഴിയുകയായിരുന്ന ഇവരെ പാലക്കാട് പോലീസിന്റെ സഹായത്തോടെ തലശ്ശേരി തീരദേശ പോലീസ് എസ്‌ഐ എം.വി ബിജുവും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു.പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തലശ്ശേരി സ്വദേശികളായ നൗഫലിനും ലത്തീഫിനും കേസിൽ പങ്കുള്ളതായി കണ്ടെത്തിയത്.
തീവണ്ടിയാത്രയ്ക്കിടെ ചായയിൽ മയക്കുമരുന്ന് ചേർത്ത് നൽകി യാത്രക്കാരന്റെ പണം കവർന്നു; കവർച്ചയ്ക്കിരയായത് ഇരിട്ടി ആറളം സ്വദേശി
തലശ്ശേരി:തീവണ്ടിയാത്രയ്ക്കിടെ ചായയിൽ മയക്കുമരുന്ന് ചേർത്ത് നൽകി യാത്രക്കാരന്റെ പണം കവർന്നു.ഇരിട്ടി ആറളം സ്വദേശി മൊയ്തീനാ(52)ണ് കവര്‍ച്ചയ്ക്കിരയായത്.തൃശൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വെച്ച് പരിചയപ്പെട്ട ഒരു യുവാവാണ് ചായയില്‍ മയക്കു മരുന്നു നല്‍കി മയക്കിയ ശേഷം പണം കവര്‍ന്നത്.മൊയ്തീന്‍ ഏറനാട് എക്സ്‌പ്രസ്സില്‍ കയറാനായി രാവിലെ 10.30ന് തൃശ്ശൂര്‍ പ്ലാറ്റ് ഫോമില്‍ നില്‍ക്കുമ്ബോള്‍ ഒരു യുവാവ് പരിചയപ്പെട്ടു. അയാള്‍ നല്‍കിയ ചായ കുടിച്ചശേഷം ബോധം മറയുന്നതായി തോന്നി. അപ്പോള്‍ യുവാവ് തന്നെ വണ്ടിയിലേക്ക് കയറ്റിയിരുത്തിയതായി മൊയ്തീന് ഓര്‍മയുണ്ട്. എന്നാല്‍ പിന്നീട് ബോധം പോയി.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെയും കൊണ്ട് മടങ്ങിയ പൊലീസുകാരായ കെ.ശര്‍മനും പി.ഷിജിലുമാണ് പയ്യോളിയെത്തിയപ്പോള്‍ ട്രെയിനില്‍ മയങ്ങിക്കിടക്കുന്ന മൊയ്തീനെ കണ്ടത്.ഇവര്‍ കുലുക്കി വിളിച്ചിട്ടും ഉണര്‍ന്നില്ല. അതോടെ പൊലീസുകാര്‍ സീറ്റില്‍ താങ്ങിയിരുത്തി. അപ്പോള്‍ പാതി കണ്ണുതുറന്ന മൊയ്തീന്‍, ഒരു യുവാവ് ചായയില്‍ മയക്കുമരുന്ന് നല്‍കി തന്റെ കൈയിലെ പണം കവര്‍ന്നതായി പറഞ്ഞു.വീണ്ടും മൊയ്തീന്‍ അബോധാവസ്ഥയിലായി. പൊലീസുകാര്‍ ഉടന്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു. തലശ്ശേരിയില്‍ ഇറക്കിയ മൊയ്തീനെ ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പൂര്‍ണമായി ബോധം വീണ്ടെടുത്തശേഷമേ എത്ര പണമാണ് നഷ്ടപ്പെട്ടതെന്ന് അറിയാനാവുകയുള്ളൂവെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.
കണ്ണൂർ എയർപോർട്ടിൽ സന്ദർശക പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ;നാളെയും മറ്റന്നാളും കീഴല്ലൂര്‍ പഞ്ചായത്തിലേയും മട്ടന്നൂര്‍ നഗരസഭയിലേയും ആളുകള്‍ക്ക് മാത്രം പ്രവേശനം;പന്ത്രണ്ടാം തീയതി സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രം
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളം കാണാൻ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.വിമാനത്താവളം കാണാന്‍ ആളുകള്‍ തിക്കിത്തിരക്കി എത്തിയതോടെ നാശനഷ്ടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങളോടെ പ്രവേശനാനുമതി നല്‍കുന്നത്. നാളെയും മറ്റന്നാളും കീഴല്ലൂര്‍ പഞ്ചായത്തിലേയും മട്ടന്നൂര്‍ നഗരസഭയിലേയും ആളുകള്‍ക്കാണ് പ്രവേശനാനുമതി. 12-ന് വിമാനത്താവളം കാണാന്‍ ആഗ്രഹിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മാത്രമായിരിക്കും പ്രവേശനം. മുഴുവനാളുകളും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് കിയാല്‍ എക്‌സിക്യുട്ടീവ് ഡയറക്റ്റർ അറിയിച്ചു.ഒരു ലക്ഷത്തോളം പേരാണ് കഴിഞ്ഞ ദിവസം സന്ദര്‍ശനത്തിനെത്തിയത്. ആളുകൾ ഇരച്ചുകയറിയതിനെ തുടർന്ന് വിമാനത്താവളത്തിലെ അലങ്കാരപ്പണികള്‍ അലങ്കോലമായി. വിമാനത്താവളത്തിനകത്തെ വാതില്‍ ഗ്ലാസും പുറത്തെ പൂച്ചട്ടികളും തിരക്കിനിടെ തകര്‍ന്നു.ആള്‍ക്കാര്‍ തിക്കി തിരക്കിയതോടെ ഭക്ഷണവും കുടിവെള്ളവും കിട്ടാതെ വിമാനത്താവളത്തിനകത്തെ ജീവനക്കാര്‍ ദുരിതത്തിലായിരുന്നു. സന്ദര്‍ശനം അനുവദിച്ച അഞ്ചുമുതല്‍ നിയന്ത്രണാതീതമായ ജനത്തിരക്കാണ് വിമാനത്താവളത്തിലുണ്ടായത്. ഇതേ തുടര്‍ന്ന് വിമാനത്താവളം കാണാന്‍ എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കിയാല്‍ തീരുമാനിക്കുക ആയിരുന്നു. പാസില്ലാതെ ഇനി ആരെയും വിമാനത്താവളം സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല. കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങളുടെ പരിശോധനയും യോഗങ്ങളും നടക്കുന്നതിനാല്‍ എട്ട്, ഒന്‍പത് തീയതികളില്‍ വിമാനത്താവളത്തില്‍ പ്രവേശനം നിര്‍ത്തിവെച്ചിരുന്നു.വിമാനത്താവളത്തില്‍ ചൊവ്വാഴ്ച കസ്റ്റംസ്, ഇമിഗ്രേഷന്‍ അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്. കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്നോടിയായാണ് പരിശോധന. വിവിധ വിമാനക്കമ്പനി പ്രതിനിധികളുമായി ചൊവ്വാഴ്ച കിയാല്‍ എം.ഡി. വി.തുളസീദാസ് ചര്‍ച്ച നടത്തും. സര്‍വീസ് തുടങ്ങാന്‍ ധാരണയായ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഗോ എയര്‍ കമ്പനികളോടൊപ്പം സര്‍വീസിന് താത്പര്യമറിയിച്ച മറ്റു കമ്പനികളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. വിമാനത്താവളത്തില്‍നിന്ന് ആദ്യം സര്‍വീസ് നടത്തുന്ന റൂട്ടുകളെക്കുറിച്ചും ചര്‍ച്ചയില്‍ ധാരണയാകും.ഡിസംബര്‍ 11നാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിക്കുന്നത്.
കവി എം.എൻ പാലൂർ അന്തരിച്ചു
കോഴിക്കോട്:കവി എം.എൻ പാലൂർ(86) അന്തരിച്ചു.കോഴിക്കോട് കോവൂരെ വസതിയിലായിരുന്നു അന്ത്യം.എയര്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥനായിരുന്നു.എറെ ശ്രദ്ധനേടിയ ഉഷസ് എന്ന കവിതകൂടാതെ പേടിത്തൊണ്ടന്‍, കലികാലം, തീര്‍ഥയാത്ര,സുഗമ സംഗീതം, കവിത ഭംഗിയും അഭംഗിയും, പച്ചമാങ്ങ, കഥയില്ലാത്തവന്‍റെ കഥ(ആത്മകഥ) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.കേന്ദ്ര, കേരള പുരസ്കാരങ്ങളും ആശാന്‍ സാഹിത്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2013 ലാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. 2009ലെ ആശാന്‍ സാഹിത്യ പുരസ്‌കാരവും പാലൂരിനായിരുന്നു. ഭാര്യ ശാന്തകുമാരി, മകൾ സാവിത്രി.
നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ഇന്ന് കൈമാറും
തിരുവനനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ സുപ്രിം കോടതി വിധിച്ച 50 ലക്ഷം രൂപ നഷ്ടപരിഹാരം ഐഎസ്‌ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൈമാറും. ഉച്ചയ്ക്ക് ശേഷം മൂന്നിന് സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളിലാണ് തുക കൈമാറുന്നത്. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ സെപ്‌തംബര്‍ 14നാണ് സുപ്രീംകോടതി ഉത്തരവായത്. ചാരക്കേസില്‍ നമ്പി നാരായണനെ അനാവശ്യമായി പ്രതിചേര്‍ത്തതാണെന്നും നമ്പി നാരായണന്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് നഷ്‌ടപരിഹാരം അനുവദിക്കേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കുറ്റക്കാരായ ഉദ്യോഗസ്‌ഥരെ കണ്ടെത്താന്‍ സുപ്രീംകോടതി മുന്‍ ജഡ്‌ജി ഡി കെ ജെയിന്‍ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയേയും സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്. കേസില്‍ അനാവശ്യമായി കുടുക്കിയെന്നും മുന്‍ ഡിജിപി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്‌ഥരായിരുന്ന കെ കെ ജോഷ്വാ,എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും നമ്പി നാരായണ്‍ നല്‍കിയ കേസിലായിരുന്നു നിർണായകമായ സുപ്രീം കോടതി വിധി.
കണ്ണൂർ പിലാത്തറയിൽ ബസ്സും കാറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്;ഒരാളുടെ നില ഗുരുതരം
കണ്ണൂർ: പിലാത്തറ വിളയാങ്കോട് കാറും ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.പ യ്യന്നൂരിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് വരുന്ന എമിറേറ്റ്സ് ബസ്സും പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന സ്വിഫ്റ്റ് കാറുമാണ് അപകടത്തിൽപ്പെട്ടത്, കാറിൽ യാത്ര ചെയ്യുന്ന നാല് പേർക്കാണ് സാരമായ പരിക്കേറ്റത്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.നാട്ടുകാരും ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. ബസ്സിലുള്ള നിരവധി പേർക്കും പരിക്കേറ്റു. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
വയനാട്ടിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തം ആസൂത്രിതമെന്ന് കണ്ടെത്തൽ;പ്രതി പിടിയിൽ
വയനാട്:വയനാട്ടിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്ത ആസൂത്രിതമെന്ന് കണ്ടെത്തൽ.സംഭവത്തിൽ എറണാകുളം പറവൂര്‍ സ്വദേശിയും മാനന്തവാടി ആറാട്ടുതറയില്‍ വാടകവീട്ടില്‍ താമസിച്ചുവരുന്നതുമായ പാലത്തിങ്കല്‍ സന്തോഷ് (45) നെ പോലീസ് അറസ്റ്റ് ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാരാമ്ബറ്റ കൊച്ചാറ കാവുംകുന്ന് കോളനിയിലെ തിഗ്‌നായി (60), മകന്‍ പ്രമോദ് (35), ബന്ധു പ്രസാദ് (40) എന്നിവരാണ് മദ്യം കഴിച്ച ശേഷം മരണപ്പെട്ടത്.ഇവർ കഴിച്ച മദ്യത്തിൽ പൊട്ടാസ്യം സയനൈഡ് കലർന്നിരുന്നതായി പരിശോധനയിൽ വ്യക്തമായിരുന്നു.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:തിഗ്നായിക്ക് മകള്‍ക്ക് ചരട് ജപിച്ച് നല്‍കിയതിന്റെ ഉപഹാരമായി സന്തോഷില്‍ നിന്നും വാങ്ങിയ മദ്യം സജിത്ത് നൽകുകയായിരുന്നു.ഇത് കഴിച്ചയുടയന്‍ കുഴഞ്ഞുവീണ തിഗ്നായിയെ തരുവണയില്‍ നിന്നും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. തിഗ്നായിയുടെ ശവസംസ്‌ക്കാരം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് രാത്രിയോടെ തിഗ്നായിയുടെ മകന്‍ പ്രമോദ്, ബന്ധു പ്രസാദ് എന്നിവര്‍ കുപ്പിയില്‍ അവശേഷിച്ച മദ്യം കഴിക്കുന്നത്. മദ്യം കഴിച്ചയുടന്‍ ഇരുവരും കുഴഞ്ഞുവീണു. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പ്രമോദും, ആശുപത്രിയിലെത്തിയ ശേഷം പ്രസാദും മരിച്ചിരുന്നു.തിഗ്നായിയുടെ മരണം ഹൃദയാഘാതമാണെന്നാണ് കരുതിയിരുന്നതെങ്കിലും പ്രമോദും പ്രസാദും മരിച്ചതോടെ മരണത്തിന് കാരണം മദ്യത്തില്‍ കലര്‍ത്തിയ മാരകവിഷമായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നിരപരാധികളായ മൂന്ന് പേരുടെ മരണവുമായി ബന്ധപ്പെട്ട് കോളനിയില്‍ മദ്യമെത്തിച്ച സജിത്തിനെയും, ഇയാള്‍ക്ക് മദ്യം നല്‍കിയ സന്തോഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.സന്തോഷും സജിത് കുമാറും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് മൂന്നുപേരുടെ മരണത്തിലേക്കു നയിച്ചത്. സന്തോഷിന്റെ പെങ്ങളുടെ ഭര്‍ത്താവ് രണ്ടു വര്‍ഷം മുന്‍പ് ജീവനൊടുക്കിയിരുന്നു. ഇതിനു പിന്നില്‍ സജിത് കുമാറാണെന്നുള്ള ആരോപണമുയര്‍ന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ബന്ധു ജീവനൊടുക്കിയതിനു പിന്നില്‍ സജിത് കുമാറാണെന്ന ഡയറിക്കുറിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സന്തോഷ് സജിത്തിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വയനാട് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി കുബേരന്‍ നമ്ബൂതിരി പറഞ്ഞു.സംഭവദിവസം തികിനായിയുടെ വീട്ടില്‍ മന്ത്രവാദം ചെയ്യിക്കാനെത്തിയ സജിത്കുമാറിനെ കൊല്ലുന്നതിനായി പ്രതി സന്തോഷ് നല്‍കിയ മദ്യം വിഷം കലര്‍ത്തിയതാണെന്ന് അറിയാതെ തികിനായി കുടിക്കുകയായിരുന്നു. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണു സന്തോഷ് സജിത്തിനു വിഷം നല്‍കിയത്. എന്നാല്‍ ഇതേപ്പറ്റി അറിയാതിരുന്ന സജിത് മദ്യം മന്ത്രവാദിക്കു നല്‍കുകയായിരുന്നു.
ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികൾക്കും നൽകിയ അനുമതി സർക്കാർ റദ്ദാക്കി
തിരുവനന്തപുരം: മൂന്ന് ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും അനുമതി നല്‍കിയ വിവാദ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. നിലവിലെ വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടിയെന്നും ഭാവിയില്‍ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കില്ല എന്ന് അര്‍ഥമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അനുമതി റദ്ദാക്കിയെങ്കിലും ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. എക്സൈസ് വകുപ്പ് എല്ലാ ചട്ടങ്ങളും പരിശോധിച്ച് തന്നെയാണ് അനുമതി നല്‍കിയിരുന്നത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. എന്നാല്‍ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ സമയത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യം കൂടി പരിഗണിച്ച് നടപടിയില്‍ നിന്നും പിന്മാറുകയാണെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതില്‍ അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങളെല്ലാം മുഖ്യന്ത്രി തള്ളി.ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് മദ്യം സംസ്ഥാനത്ത് ഒഴുക്കുക എന്ന ലക്ഷ്യത്തോടെയല്ല. സംസ്ഥാനത്തിന് ആവശ്യമായ മദ്യം ഇവിടെ തന്നെ ഉത്പാദിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കിയത് വിവാദങ്ങള്‍ ഒഴിവാക്കാനാണെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പൊതുവായ ആവശ്യങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കാന്‍ വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ച മാത്രമാണ് ഇതെന്നും ബ്രൂവറി അനുമതിക്കുള്ള നടപടിക്രമങ്ങളില്‍ പിശകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഉത്തരവുകളില്‍ വിവാദങ്ങള്‍ വന്നാല്‍ റദ്ദാക്കും. ബ്രൂവറി, ഡിസ്റ്റിലറി ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരാമുണ്ട്. ഉത്തരവ് റദ്ദാക്കിയത് വകുപ്പിന്‍റെ മാത്രം തീരുമാനമല്ലെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിൽ ഇന്നും നാളെയും സന്ദർശകർക്ക് പ്രവേശനമില്ല
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ ഇന്നും നാളെയും സന്ദർശകർക്ക് പ്രവേശനമില്ല.ഇന്നും നാളെയും വിമാനത്താവളത്തിൽ കസ്റ്റംസ്,ഇമിഗ്രേഷൻ പരിശോധന നടക്കുന്നതിനാലാണിത്. ചൊവ്വാഴ്ച വിവിധ വിമാന കമ്പനികളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം നടക്കും.സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനായ്ന് കസ്റ്റംസ്,ഇമിഗ്രേഷൻ അധികൃതർ എത്തുന്നത്. വിമാനത്താവളത്തിൽ നിന്നും ആദ്യം സർവീസ് തുടങ്ങുന്ന റൂട്ടുകളെ കുറിച്ചും സർവീസ് നടത്തുന്ന കമ്പനികളെ കുറിച്ചും ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ തീരുമാനമാകും.നിലവിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്താൻ തയ്യാറായിട്ടുള്ള കമ്പനികളുടെ പ്രതിനിധികൾക്ക് പുറമെ താല്പര്യമറിയിച്ച മറ്റു കമ്പനികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
200 കോടിയുടെ മയക്കുമരുന്ന് കടത്ത്;മുഖ്യപ്രതിയായ കണ്ണൂർ സ്വദേശി പിടിയിൽ
കൊച്ചി:200 കോടി രൂപ വിലമതിക്കുന്ന അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ(മേത്തലിൻ ഡൈ ഓക്സി മെത്താംഫിറ്റമിൻ)പാർസൽ പായ്ക്കറ്റിൽ നിന്നും പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യപ്രതി കണ്ണൂർ കടമ്പൂർ കുണ്ടത്തിൽ മീര നിവാസിൽ പ്രശാന്ത് കുമാർ(36)എക്‌സൈസ് സംഘത്തിന്റെ പിടിയിൽ.എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് നാർക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ ചെന്നൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കണ്ണൂർ സ്വദേശിയായ പ്രശാന്ത് വളർന്നതും പഠിച്ചതും താമസിക്കുന്നതുമെല്ലാം ചെന്നൈയിലാണ്.ഇയാളും ചെന്നൈ സ്വദേശിയായ അലി എന്നയാളും ചേർന്നാണ് ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ചതെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് പത്രസമ്മേളനത്തിൽ പറഞ്ഞു.എന്നാൽ അലി വിദേശത്തേക്ക് കടന്നതായാണ് സൂചന.ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പർവീൺ ട്രാവെൽസ് എന്ന പാർസൽ സർവീസ് കമ്പനി വഴി എഗ്‌മോറിൽ നിന്നും എറണാകുളം രവിപുരത്തെ ഗോഡൗണിലേക്ക് സാരികൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് മയക്കുമരുന്ന് എത്തിച്ചത്.ശേഷം ഇവിടെ നിന്നും എറണാകുളം എംജി റോഡിൽ തന്നെ പ്രവർത്തിക്കുന്ന എയർ കാർഗോ വഴി മലേഷ്യയിലേക്ക് കടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.എന്നാൽ ചെന്നൈയിൽ നിന്നും നേരിട്ട് മലേഷ്യയിലേക്ക് പാർസൽ അയക്കാമെന്നിരിക്കെ കൊച്ചി വഴി അയക്കാൻ ശ്രമിക്കതിൽ സംശയം തോന്നിയ കൊറിയർ സർവീസ് ഉടമ എക്‌സൈസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.അസിസ്റ്റന്റ് കമ്മീഷണർ ടി.എ അശോക് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ഇതിനു മുൻപും ഇതേരീതിയിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചു വെച്ച് മലേഷ്യയിലേക്ക് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ് ഡിപ്പാർട്മെന്റ്,എൻഫോർസ്‌മെന്റ് ഡയറക്റ്ററേറ്റ്,നാർക്കോട്ടിക് കൺട്രോൾ ബ്യുറോ, സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് എന്നിവരുടെ സഹകരണത്തോടെ എക്‌സൈസ് സംഘം പ്രശാന്തിന്റെ വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് എക്‌സൈസ് ഇൻസ്പെക്റ്റർ ശ്രീരാഗ്, പ്രിവന്റീവ് ഓഫീസർ സത്യനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ചെന്നൈയിലെത്തി തമിഴ്നാട് നാർക്കോട്ടിക് ഡിപ്പാർട്മെന്റിന്റെ സഹായത്തോടെ പ്രശാന്തിനെ പിടികൂടുകയുമായിരുന്നു.എംഡിഎംഎ പിടിച്ചവർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും ഒരുലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു.