കൊച്ചി:തൃശ്ശൂരിലെയും കൊച്ചിയിലെയും എടിഎം കവർച്ചയ്ക്ക് പിന്നൽ മൂന്നംഗ പ്രൊഫഷണൽ സംഘമെന്ന് പോലീസ് നിഗമനം.അര്‍ധരാത്രി 12ന് ശേഷമാണ് രണ്ടു കവര്‍ച്ചകളും നടന്നിരിക്കുന്നത്. ഇരുമ്പനത്തെ എസ്ബിഐ എടിഎമ്മിൽ നിന്നും പണം കവര്‍ന്ന സംഘം പുലര്‍ച്ചെയോടെ ചാലക്കുടിക്ക് സമീപം കൊരട്ടിയില്‍ എത്തി അവിടെ കവര്‍ച്ച നടത്തി വടക്കോട്ട് രക്ഷപെട്ടുവെന്നുമാണ് അനുമാനിക്കുന്നത്.പ്രൊഫഷണല്‍ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമാകുന്ന നിരവധി സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എടിഎം മെഷീനുകള്‍ ഏത് രീതിയില്‍ തകര്‍ത്താല്‍ പണം ലഭിക്കുമെന്ന് സംഘത്തിന് വ്യക്തമായി അറിയാമായിരുന്നു.മാത്രമല്ല കാവല്‍ക്കാരനില്ലാത്ത എടിഎമ്മുകളാണ് കവര്‍ച്ചയ്ക്ക് തെരഞ്ഞെടുത്തതെന്ന പ്രത്യേകതയുമുണ്ട്.രാത്രി 11.30-നാണ് ഏറ്റവും ഒടുവില്‍ ഇരുമ്പനത്തെ എടിഎമ്മിൽ നിന്നും പണം പിന്‍വലിക്കപ്പെട്ടിരിക്കുന്നത്. അപ്പോള്‍ അര്‍ധരാത്രി 12ന് ശേഷമാണ് ഇവിടെ കവര്‍ച്ച നടന്നതെന്ന് പോലീസ് കരുതുന്നു.ഇവിടെ കവർച്ച നടത്തി 25 ലക്ഷം മോഷ്ടിച്ച സംഘം ദേശീയപാത വഴി കൊരട്ടിയില്‍ എത്തിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎം തകര്‍ത്ത് 10 ലക്ഷം കവർന്നതെന്നും കരുതുന്നു. ഇവിടെ പുലര്‍ച്ചെ മൂന്നിന് ശേഷമാണ് കവര്‍ച്ചയുണ്ടായത്. രണ്ടു കവര്‍ച്ചകള്‍ക്കും നിരവധി സമാന സ്വാഭാവങ്ങളുണ്ടെന്നും പോലീസ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എടിഎമ്മുകളിലെ സിസിടിവി കാമറയില്‍ പെയിന്‍റ് പോലെയൊരു ദ്രാവകം ഒഴിച്ച ശേഷമാണ് സംഘം മോഷണം നടത്തിയത്. രണ്ടു എടിഎം മെഷീനുകളും ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് തകര്‍ത്തിരിക്കുന്നത്. ഇരുമ്പനത്തെ സിസിടിവി കാമറയില്‍ നിന്നും ദൃശ്യങ്ങള്‍ ഒന്നും ലഭിച്ചില്ലെങ്കിലും കൊരട്ടിയില്‍ നിന്നും സംഘത്തിലെ ഒരാളുടെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ 4.50-നുള്ള ദൃശ്യമാണിത്. പ്രദേശത്തെ മറ്റ് സിസിടിവികളില്‍ പരിശോധന തുടരുകയാണ്.കാറിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.സംഭവത്തില്‍ വ്യാപക അന്വേഷണം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
ശബരിമല സ്ത്രീപ്രവേശനം;സെക്രട്ടറിയേറ്റ് പടിക്കൽ പന്തളം രാജകുടുംബത്തിന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തുന്നു
തിരുവനന്തപുരം:പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് പന്തളം രാജകുടുംബത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ഏകദിന ഉപവാസ സമരം നടത്തുന്നു.രാവിലെ 9 മണിക്ക് ആരംഭിച്ച സമരം വൈകുന്നേരം 6 മണി വരെ നടത്തുവാനാണ് തീരുമാനം. അയ്യപ്പധര്‍മ സംരക്ഷണസമിതി ചെയര്‍മാന്‍ എസ്. കൃഷ്ണകുമാര്‍, കൊട്ടാരം നിര്‍വാഹകസമിതി വൈസ് പ്രസിഡന്റ് രവിവര്‍മ തുടങ്ങിയവരും സമരത്തില്‍ പങ്കെടുക്കും.പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവര്‍മയാണ് സമരം ഉദ്ഘാടനം ചെയ്തത്.അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങള്‍, തിരുവാഭരണവാഹക സ്വാമിമാര്‍, പല്ലക്ക് വാഹകസ്വാമിമാര്‍, പടക്കുറുപ്പുമാര്‍, നായാട്ടുവിള സ്വാമിമാര്‍, ഗുരുതിപൂജ സ്വാമിമാര്‍, ക്ഷേത്ര ഉപദേശകസമിതികള്‍, ക്ഷേത്രഭരണസമിതികള്‍, മുന്മേല്‍ശാന്തിമാര്‍, തന്ത്രിമാര്‍, അയ്യപ്പസേവാസമാജം, വിവിധ ഹിന്ദുസംഘടനകള്‍, സമുദായസംഘടനകള്‍, അയ്യപ്പഭക്തര്‍ എന്നിവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ആയിരങ്ങളാണ് ശരണം വിളികളുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് രണ്ടിടങ്ങളിൽ എടിഎം കവർച്ച; ലക്ഷങ്ങൾ നഷ്ടമായി
തൃശൂർ:സംസ്ഥാനത്തെ നടുക്കി രണ്ടിടങ്ങളിൽ എടിഎം കവർച്ച.കൊരട്ടി സൗത്ത് ഇന്ത്യൻ ബാങ്ക് എ ടി എമ്മിലും തൃപ്പുണിത്തുറ ഇരുമ്പനത്തെ എസ്ബിഐ എ ടി എമ്മിലുമാണ് കവർച്ച നടന്നത്.കൊരട്ടി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് പത്ത് ലക്ഷം രൂപ കവര്‍ന്നു. എടിഎം മെഷീന്‍ സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ ഭിത്തി തുരന്നാണ് കവര്‍ച്ച നടത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.എസ്ബിഐ എടിഎം തകർത്ത് 25 ലക്ഷം രൂപയാണ് കവർന്നത്. രണ്ടു സ്ഥലങ്ങളിലെയും കവർച്ചകൾ തമ്മിൽ സമാനതകളുള്ളതായാണ് പോലീസ് നൽകുന്ന വിവരം.ഇന്നലെ രാത്രിയാണ് കവർച്ച നടന്നതെന്നാണ് സൂചന.
കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വൻ ലഹരിമരുന്ന് വേട്ട; മുന്നൂറോളം ലഹരിഗുളികകൾ പിടിച്ചെടുത്തു
ഇരിട്ടി:കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കില്‍ കടത്തുകയായിരുന്ന 300 ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. സംഭവവുമായ് ബന്ധപ്പെട്ട കണ്ണൂര്‍, പഴയങ്ങാടി പ്രദേശങ്ങളില്‍ വ്യാപമായി ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്ന കണ്ണപുരം സ്വദേശി കടപ്പറത്തകത്ത് അബ്ദുറഹ്മാനെ(22) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.ബൈക്കില്‍ പ്രത്യേകം നിര്‍മ്മിച്ച അറയിലാണ് 200 ഗ്രാം വരുന്ന ലഹരി ഗുളികകള്‍ പ്രതി കടത്തിയത്.ഇയാള്‍ സഞ്ചരിച്ച ബൈക്കും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച വൈകിട്ടോടെയാണ് പ്രതിയെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. അടുത്ത കാലത്ത് കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്.ലഹരിക്കായ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന നൈട്രോസണ്‍ സ്പാസ്‌മോ പ്രോക്‌സിവോണ്‍ ഗുളികളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ബംഗളുരിവില്‍ നിന്നാണ് പ്രതി ഇവ കടത്തിയെതന്നും നിരവധി തവണ കണ്ണൂരിലേക്ക് ഇത്തരം ലഹരി ഗുളികകള്‍ ഇയാള്‍ കടത്തിയതായും എക്‌സൈസ് സംഘത്തിന് ഇയാൾ മൊഴി നല്‍കി.കാന്‍സര്‍ ഉള്‍പ്പെടെ മാരക അസുഖങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമാണ് ഇത്തരം ഗുളികകള്‍ മരുന്ന് ഷോപ്പില്‍ നിന്ന് വിതരണം ചെയ്യുന്നത്.ഇത്തരം ഗുളികകളാണ് വന്‍ തോതില്‍ പ്രതി കടത്തി കൊണ്ട് വന്ന് വിതരണം നടത്താന്‍ ശ്രമിച്ചത്. ഇത്തരം ഗുളികകള്‍ അനധികൃതമായി കൈവശം വെച്ചാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസാണിത്. പ്രതിയെ വെള്ളിയാഴ്ച വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കും.എക്‌സൈസ് ഇൻസ്പെക്റ്റർ ടൈറ്റസ്.സി.ഐ, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ടി സുധീര്‍,എം.കെ സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.സി ഷിബു,ടി.ഒ വിനോദ്, എം.ബിജേഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
ഓണററി ശ്രീലങ്കന്‍ കോണ്‍സല്‍ ജോമോൻ ജോസഫ് എടത്തല അന്തരിച്ചു
കൊച്ചി: കേരളത്തിലെ ഓണററി ശ്രീലങ്കന്‍ കോൺസുലും വ്യവസായിയുമായ ജോമോന്‍ ജോസഫ് എടത്തല അന്തരിച്ചു. 43 വയസായിരുന്നു. രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചേരാനെല്ലൂര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.2013 ലാണ് കേരളത്തിന്റെ ചുമതലയുള്ള ശ്രീലങ്കന്‍ സ്ഥാനപതിയായി ചുമതലയേറ്റത്. യുണൈറ്റഡ് നേഷന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രെയിനിങ് ആന്‍ഡ് റിസേര്‍ച്ചില്‍നിന്നും കോണ്‍ഫ്‌ളിക്‌റ്റോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സി എസ് ആര്‍ബിസിനസ് റേസിസം, ശ്രീലങ്കാസ് പോസ്റ്റ് കോണ്‍ഫ്‌ളിക്റ്റ് വോസ് എല്‍ ടി ടി ഇ എന്നീ രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നയതന്ത്രചുമതലയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ജോമോന്‍. ഹോട്ടല്‍ ബിസിനസ്സും ക്വാറി ബിസിനസ്സും സ്വന്തമായിട്ടുണ്ട്. കൂടാതെ പൊതുമരാമത്തിന്റെ എ ക്ലാസ് കോണ്‍ട്രാക്ടര്‍ കൂടിയാണ്.മൂന്ന് ചുവരുകള്‍, അഫ്ഗാന്‌സ്താന്‍ ഒരു അപകടകരമായ യാത്ര എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.സംസ്‌ക്കാരം ശനിയാഴ്ച നടക്കും
ചെന്നൈയിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനം വിമാനത്താവളത്തിന്റെ മതിലിടിച്ചു തകർത്തു
ചെന്നൈ: 130 യാത്രക്കാരുമായി പറന്നുയരുന്നതിനിടയില്‍ വിമാനം വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്തു.ട്രിച്ചി-ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് ബി 737-800 വിമാനമാണ് മതിലിടിച്ച് തകര്‍ത്തത്.വിമാനത്തിന്റെ ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും മുംബൈയില്‍ നിന്നും എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തില്‍ ഇവരെ ദുബായിലെത്തിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു.വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെയാണ് അപകടം സംഭവിച്ചത്. വിമാനത്തിന്റെ പിന്‍ ചക്രങ്ങളാണ് മതിലില്‍ ഇടിച്ചത്. ഇടിയില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റു ഉപകരണങ്ങളും തകര്‍ന്നു. സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
തിത്തലി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത
തിരുവനന്തപുരം:ഒഡിഷ, ആന്ധ്രാ തീരപ്രദേശങ്ങളില്‍ നാശംവിതച്ച തിത്‌ലി ചുഴലിക്കാറ്റില്‍ ലൈനുകള്‍ തകരാറായത് മൂലം ഏര്‍പ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണം ഇന്നും സംസ്ഥാനത്ത് തുടരാന്‍ സാധ്യത.കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്ത:സംസ്ഥാന ലൈനുകള്‍ തകരാറിലായതാണ് കാരണം. പുറത്തുനിന്ന് വൈദ്യുതി എത്തുന്നത് തടസ്സപ്പെട്ടതിനാല്‍ ഇന്നലെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.വിവിധ നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭ്യമാക്കേണ്ട വൈദ്യുതിയില്‍ 500 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്.ഇതിന്റെ ഭാഗമായാണ് ഇന്നലെ വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വൈകുന്നേരം ആറുമണി മുതൽ രാത്രി പത്തുമണിവരെ സംസ്ഥാനത്തെ ചിലയിടങ്ങളിൽ 20 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണമാണ് ഇന്നലെ ഏർപ്പെടുത്തിയിരുന്നത്. ചുഴലിക്കാറ്റില്‍ ഒഡിഷയില്‍ നൂറു കണക്കിന് വൈദ്യുതി പോസ്റ്റുകളാണ് നിലംപതിച്ചത്. ട്രാന്‍സ്‌ഫോര്‍മറുകളും തകരാറിലായി. നിരവധി മരങ്ങള്‍ കടപുഴകി വീണു. ഗഞ്ജം, ഗജപതി ജില്ലകളിലെ വൈദ്യുതി ബന്ധവും ഗതാഗത സംവിധാവും പൂര്‍ണ്ണമായി താറുമാറുകയും ചെയ്തിട്ടുണ്ട്.ലൈനുകൾ നേരയായില്ലെങ്കിൽ വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു.
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് നേരെ കല്ലെറിഞ്ഞയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
കാസർകോഡ്:കുമ്പളയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് നേരെ കല്ലെറിഞ്ഞയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. കാസർകോട്ടുനിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി മലബാർ ബസ്സിന് നേരെയാണ് ഇന്ന് ഉച്ചയ്ക്ക് മൂന്നരമണിയോട് കൂടി ആരിക്കാടിയിൽ വെച്ച് കല്ലേറുണ്ടായത്. കല്ലെറിഞ്ഞയാളെ നാട്ടുകാർ തടഞ്ഞുവെയ്ക്കുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു.സ്ഥലത്തുവെച്ചും പോലീസ് കസ്റ്റഡിയിലും ഇയാൾ അക്രമാസക്തനായിരുന്നു.സംഭവത്തെ തുടർന്ന് ഈ റൂട്ടിൽ ഏറെനേരത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു.
തിത്തലി ചുഴലിക്കാറ്റ്;ആന്ധ്രയില്‍ എട്ടു മരണം
ഹൈദരബാദ്: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ തിത്ത്‌ലി ആന്ധ്രയില്‍ എട്ട് പേരുടെ ജീവന്‍ കവര്‍ന്നു. ആന്ധ്രയിലെ ശ്രീകകുളം, വിജയനഗരം എന്നീ ജില്ലകളിലാണ് ആളുകള്‍ മരിച്ചത്. ഇരു ജില്ലകളിലും വൈദ്യുതിയും ടെലിഫോണ്‍ ബന്ധങ്ങളും തകരാറിലായിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെ ഒഡീഷ തീരത്തെത്തിയ തിത്ത്‌ലി വലിയ നാശമാണ് സംസ്ഥാനത്ത് വിതച്ചത്.മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ഒട്ടേറെ ട്രെിന്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കി. പരദീപ് തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ശ്രീകാകുളം ജില്ലയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ കനത്ത നാശനഷ്ടമുണ്ടായി. ആന്ധ്രയില്‍ ഏഴായിരം ഇലക്ട്രിക് പോസ്റ്റുകള്‍ മുറിഞ്ഞുവീണു. വൈദ്യുത ബന്ധം പൂര്‍ണമായി നിലച്ചു. അഞ്ച് ലക്ഷം പേര്‍ ഇരുട്ടിലാണെന്നാണ് ശ്രീകാകുളം ജില്ലാ ഭരണകൂട മേധാവി കെ ധനന്‍ജയ റെഡ്ഡി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയോടെ കാറ്റ് പൂര്‍ണമായും ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തി കുറയുമെന്നാണ് കരുതുന്നതെങ്കിലും എപ്പോള്‍ വേണമെങ്കിലും തീവ്രത കൂടാമെന്ന സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പുനഃപരിശോധനാ ഹർജികൾ ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പുനഃപരിശോധനാ ഹർജികൾ ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി.ദേശീയ അയ്യപ്പ ഭക്ത അസോസിയേഷന്‍ ഉന്നയിച്ച ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് തള്ളിയത്. സാധാരണ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ ഹര്‍ജി ലിസ്റ്റ് ചെയ്യൂ എന്നും കോടതി വ്യക്തമാക്കി.ശബരിമല വിധിക്കെതിരെ ദേശീയ അയ്യപ്പ ഭക്ത അസോസിയേഷന്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി വേഗത്തില്‍ പരിഗണിക്കാനായി ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. പതിനാറാം തീയ്യതി തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ നട തുറക്കാനിരിക്കുകയാണ്. അതിനാല്‍ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണം. തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടണം.പന്ത്രണ്ടാം തീയ്യതി മുതല്‍ കോടതിയും അവധിയില്‍ പ്രവേശിക്കുമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ മാത്യൂ നെടുമ്പാറ പറഞ്ഞു. കോടതി അടച്ചാല്‍ തുറക്കില്ലേ എന്നായിരുന്നു ഈ ആവശ്യത്തോടുള്ള ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. സാധാരണയുള്ള നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ ഹര്‍ജി പരിഗണിക്കൂ എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.അതിനിടെ പന്തളം കൊട്ടാരം നിർവാഹക സംഘം,പീപ്പിൾ ഫോർ ധർമ,എന്നീ രണ്ട കക്ഷികൾ കൂടി ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഹർജികൾ നൽകി. പുനഃപരിശോധനാ ഹർജികൾ ക്രമപ്രകാരം അതെ ബെഞ്ച് ചേമ്പറിൽ പരിശോധിക്കുകയാകും ആദ്യം ചെയ്യുക.നേരത്തെ ഉത്തരവ് പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിന്റെ അധ്യക്ഷൻ ദീപക് മിശ്ര ആയിരുന്നതിനാൽ പുനഃപരിശോധ ഹർജി പരിഗണിക്കുന്ന കാര്യത്തിലും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആയിരിക്കും തീരുമാനമെടുക്കുക.