ശബരിമല സ്ത്രീപ്രവേശനം;24 മണിക്കൂർ ഹർത്താലിന് ശബരിമല സംരക്ഷണ സമിതി ആഹ്വാനം

keralanews sabarimala woman entry 24 hours hartal announced by sabarimala protection committee

പത്തനംതിട്ട:ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമനിര്‍മാണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിച്ച് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ രാത്രി 12 വരെ 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം. ശബരിമല സംരക്ഷണസമിതിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.അതേസമയം ശബരിമല സ്‌ത്രീ പ്രവേശന വിധിയില്‍ പ്രതിഷേധിച്ച്‌ നിലക്കലില്‍ ഇന്ന് സമരം വീണ്ടും ശക്തമാക്കും. ഇന്നലെ നടന്ന പ്രതിഷേധ സമരം സംഘര്‍ഷാവസ്ഥ സൃഷിടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് നിലക്കലില്‍ ഒരുക്കിയിട്ടുള്ളത്. തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ടോടെ തുറക്കാനിരിക്കെ ഇന്ന് നിരവധി പ്രതിഷേധ സമരങ്ങൾക്കാണ് വിവിധ സമിതികൾ ആഹ്വാനം ചെയ്തിരിക്കുന്നത്.നിലക്കലില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍റെ നേതൃത്വത്തില്‍ ഇന്ന് ധര്‍ണ നടത്തും. പി സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ നിലക്കലിലോ പമ്ബയിലോ പ്രതിഷേധം നടത്തും. കെ പി ശശികലയും നിലക്കലില്‍ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് 9 മണിയോടെ പമ്ബയില്‍ തന്ത്രികുടുംബത്തിന്‍റെ പ്രാര്‍ത്ഥനാസമരം ആരംഭിക്കും. അതിനിടെ ശബരിമലയില്‍ നട തുറന്നാല്‍ ആര്‍ക്കും പ്രവേശിക്കാമെന്ന് ഐജി മനോജ് എബ്രഹാം വ്യക്തമാക്കി. മല കയറാനെത്തുന്നവരെ തടയാമെന്ന് ആരും കരുതേണ്ട. അങ്ങനെ നിയമം കയ്യിലെടുക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും മനോജ് എബ്രഹാം വ്യക്തമാക്കി. കനത്ത സുരക്ഷ ശബരിമല പരിസരത്ത് ഒരുക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. നട തുറക്കുന്ന ദിവസമായതിനാലാണ് ഇന്ന് സുരക്ഷ കര്‍ശനമാക്കിയത്. യുവതികളെന്നല്ല ആര് വന്നാലും പക്ക സുരക്ഷ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പയ്യന്നൂർ-വെള്ളൂർ ദേശീയപാതയിൽ ടാങ്കർ ലോറി മറിഞ്ഞു;വാതകച്ചോർച്ചയില്ല

keralanews tanker lorry accident in payyannur velloor national highway no gas leakage

വെള്ളൂര്‍: പയ്യന്നൂര്‍-വെള്ളൂര്‍ ദേശീയ പാതയില്‍ ടാങ്കര്‍ലോറി മറിഞ്ഞു. വെള്ളൂര്‍ പോസ്റ്റോഫീസ് ബസ്റ്റോപ്പിനടുത്താണ് അപകടം ഉണ്ടായത്. മംഗലാപുരത്ത് നിന്ന് ഇന്ധനം നിറച്ച്‌ വരുന്ന ടാങ്കര്‍ലോറിയാണ് മറിഞ്ഞത്.നിലവില്‍ ഗ്യാസ് ടാങ്കറിന് ലീക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ പമ്പ് താഴെ ആയതുകൊണ്ട് തന്നെ ലീക്ക് ഉണ്ടാകാനുള്ള സാധ്യതയും തള്ളി കളയാനാകില്ല. ഇന്ധനം മറ്റൊരു ടാങ്കറിലേക്ക് മാറ്റി കയറ്റണമെങ്കില്‍ ഏഴ് മണിക്കൂര്‍ ആവശ്യമാണ്. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. കാഞ്ഞങ്ങാട്, പയ്യന്നൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്.

കണ്ണൂർ പയ്യന്നൂരിൽ ടാങ്കർ ലോറി കാറിലിടിച്ച് മൂന്നുപേർ മരിച്ചു

keralanews three died when tanker lorry hits the car in payyannur

കണ്ണൂർ:പയ്യന്നൂർ എടാട്ട് ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശികളായ ബിന്ദു ലാല്‍ (55), മക്കളായ തരുണ്‍ (16), ദിയ (10) എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ നാലരയോടെ കേന്ദ്രീയ വിദ്യാലയ സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. മൂകാംബികയിലേക്കു പോകുകയായിരുന്നു സംഘത്തിന്റെ കാര്‍ മംഗലാപുരത്തുനിന്നു വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.പത്മാവതി, അനിത, നിയ, ബിജിത, ഐശ്വര്യ എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

keralanews cheif minister said court order will implemented in sabaimala woman entry subject

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി.സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയം.അതില്‍ മാറ്റമില്ല. നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറല്ല. സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് വിളിച്ച സമവായ യോഗം നടക്കാനിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.ശബരിമലയില്‍ നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. വിശ്വാസികളുടെ വാഹനം തടയരുത്. വിശ്വാസികള്‍ക്ക് ശബരിമലയിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ശബരിമലയിലേക്ക് എത്തുന്ന വിശ്വാസികളുടെ വാഹനം തടഞ്ഞ് പരിശോധിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെയാണ് സ്ത്രീ പ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നത്. ആചാര സംരക്ഷണ സമിതി എന്ന പേരിലാണ് ഇവര്‍ നിലയ്ക്കലില്‍ തമ്പടിച്ചിരിക്കുന്നത്. അതുവഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങള്‍ ഇവര്‍ പരിശോധിക്കുകയാണ്. സ്ത്രീകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വാഹനങ്ങള്‍ പോകാന്‍ അനുവദിക്കുന്നത്. വനിതകള്‍ തന്നെയാണ് വാഹനം തടയുന്നത്.ശബരിമലയിലേക്ക് വരുന്ന ഭക്തർക്ക് എല്ലാ സംരക്ഷണവും ഒരുക്കുക എന്നതാണ് സർക്കാരിന്റെ ചുമതല.വിശ്വാസികൾക്ക് തടസ്സമുണ്ടാകുന്ന ഒരു കാര്യവും സർക്കാർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമലയിലേക്ക് വിശ്വാസത്തോടെ വരുന്ന ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും അതിനെതിരെ ആരുടെ ഭാഗത്തുനിന്നും പ്രവർത്തനമുണ്ടായാലും അതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തലശ്ശേരിയിൽ സിപിഎം-ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്

keralanews bomb attack against the houses of cpm bjp workers in thalasseri

തലശ്ശേരി:തലശ്ശേരിയിൽ സിപിഎം-ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്.ഞായറാഴ്ച രാത്രിയാണ് ബോംബേറുണ്ടായത്.നാലിടങ്ങളിലായി നടന്ന ബോംബേറിൽ ആറുപേർക്ക് പരിക്കേറ്റു.പരിക്കേറ്റ തലശ്ശേരി നഗരസഭാംഗം പി.പ്രവീണിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ഇരുപതോളം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.എരഞ്ഞോളിപ്പാലത്തിനു സമീപം വഴിയോര കച്ചവടക്കാരോട് ആപ്പിളിന് വിലചോദിച്ചതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.കച്ചവടക്കാർ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് വിലചോദിച്ചയാൾ സുഹൃത്തുക്കളുമായെത്തി അക്രമം നടത്തി.അക്രമത്തിൽ സിപിഎം പ്രവർത്തകരായ കാവുംഭാഗം വാഴയിൽ ജുബിത്ത്,ഹാരിസ്,എന്നിവർക്ക് പരിക്കേറ്റു.ഇതിനെ തുടർന്ന് ആർഎസ്എസ് കതിരൂർ മണ്ഡലം മുൻ ശാരീരിക് പ്രമുഖ് വേറ്റുമ്മലിലെ പ്രശോഭിനെ ചോനടത്തുവെച്ച് ബൈക്ക് തടഞ്ഞു വെച്ച് ആക്രമിച്ചു.തലയ്ക്ക് പരിക്കേറ്റ പ്രശോഭ് ചികിത്സയിലാണ്.തുടർന്ന് സിപിഎം അനുഭാവി കാവുംഭാഗം ചെറിയാണ്ടിയിൽ വസന്തയുടെ വീടിനു നേരെ ഞായറാഴ്ച രാത്രി പതിനൊന്നരയോടെ  ബോംബേറുണ്ടായി.അക്രമം കണ്ട് ഭയന്ന് കുഴഞ്ഞുവീണ വസന്ത,സഹോദരിയുടെ മകൻ നിഖിലേഷ് എന്നിവർ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സതേടി.അക്രമത്തിന്റെ തുടർച്ചയെന്നോണം രാത്രി ഒരുമണിയോടുകൂടി ബിജെപി പ്രവർത്തകനും തലശ്ശേരി നഗരസഭാ മൂന്നാം വാർഡ് മണ്ണയാട് വാർഡ് കൗൺസിലറുമായ ഒലേശ്വരത്തെ പി.പ്രവീഷിന്റെ വീടിനുനേരെയും ബോംബേറുണ്ടായി.പ്രവീഷ് കിടക്കുന്ന മുറിയുടെ ജനാല ബോംബേറിൽ തകർന്നു.സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് കാവൽ ശക്തമാക്കി.

വിദ്യാർത്ഥികളിൽ നിന്നും ഭീഷണിയെന്ന് കേന്ദ്ര സർവകലാശാല അധികൃതരുടെ പരാതി;ആറു വിദ്യാർത്ഥികൾക്ക് ഹൈക്കോടതി നോട്ടീസ്

keralanews university authorities complaint that threat from students and high court sent notice to six students

കാസർകോഡ്:വിദ്യാർത്ഥികളിൽ നിന്നും ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര സർവകലാശാല അധികൃതർ നൽകിയ പരാതിയിൽ ആറ് വിദ്യാർത്ഥികൾക്കും സംസ്ഥാനസർക്കാറിനും ഹൈക്കോടതി നോട്ടീസ് അയച്ചു.സമരത്തിനിടെ പുറത്തുനിന്നും വന്നവർ അക്രമം നടത്തിയെന്നും അതിനാൽ ക്ലാസ് നടത്താൻ കഴിയുന്നില്ലെന്നും കാണിച്ച് സർവകലാശാലയ്ക്ക് വേണ്ടി രജിസ്ട്രാർ ഡോ.എ.രാധാകൃഷ്ണനാണ് പരാതി നൽകിയിരിക്കുന്നത്. സർവ്വകലാശാലയ്‌ക്കെതിരെ ഫേസ്ബുക് പോസ്റ്റിട്ടതിന്റെ പേരിൽ പുറത്താക്കപ്പെട്ടതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അഖിൽ താഴത്ത്,എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എം.വി രതീഷ്,സെക്രെട്ടറി ശ്രീജിത്ത് രവീന്ദ്രൻ,സർവകലാശാല യൂണിറ്റ് സെക്രെട്ടറിയായിരുന്ന അനഘ്,അംബേദ്‌കർ സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകൻ സുഹൈൽ,തുഫായിൽ,സോനു.എസ്.പാപ്പച്ചൻ എന്നിവർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.സമരം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം കല്കട്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിന് പകരം സർവകലാശാല അധികാരികൾ വിദ്യാർത്ഥിവിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയാണെന്നും ക്ലാസുകൾ പുനരാരംഭിക്കാൻ തയ്യാറായിട്ടില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. ഇതിനെതിരെ വിദ്യാത്ഥികൾ കുടിൽകെട്ടി സമരം അടക്കമുള്ളവ നടത്താനുള്ള ഒരുക്കത്തിനിടെയാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശനം;തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ച യോഗം ഇന്ന്

keralanews woman entry in sabarimala the meeting convened by the travancore devaswom board today

തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ചർച്ച ചെയ്യുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ചുചേർക്കുന്ന യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും.പന്തളം കൊട്ടാരം പ്രതിനിധി, തന്ത്രി കുടുംബം, അയ്യപ്പസേവാ സംഘം, യോഗക്ഷേമസഭ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് രാവിലെ 10നാണ് ചര്‍ച്ച. ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ അറിയിക്കുമെന്നും അവ അംഗീകരിച്ചാല്‍ മാത്രമേ മുന്നോട്ടു പോകുവെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയ തന്ത്രി കുടുംബവും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പ്രശ്നങ്ങള്‍ താല്‍ക്കാലിക പരിഹാരം കാണാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. ചര്‍ച്ച മുന്‍ വിധിയോടെ അല്ല. നിലവിലുള്ള ആചാരങ്ങള്‍ക്ക് എതിരല്ല എന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു. പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ബോര്‍ഡ് ശ്രമിക്കില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.അതേസമയം, സര്‍ക്കാരിനും ദേവസ്വത്തിനും വിശ്വാസികളുടെ വികാരം മനസിലാകുന്നുണ്ടെന്നു കരുതുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ പറഞ്ഞു.നാമജപയാത്ര തുടരുമെന്നും ഇന്ന് പന്തളത്തുനിന്ന് ആയിരം ഇരുചക്ര വാഹനങ്ങളില്‍ നാമജപയാത്ര നടത്തുമെന്നും അദ്ദേഹം പറഞ്ഞു.യുവതികളായ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കി ആചാരം ലംഘിക്കരുതെന്നാണ് നിലപാടെന്ന് അയ്യപ്പ സേവാ സംഘം വ്യക്തമാക്കി.

തലസ്ഥാനത്ത് കെഎസ്ആർടിസിയുടെ മിന്നൽ സമരം

keralanews k s r t c strike in thiruvananthapuram

തിരുവനന്തപുരം:തലസ്ഥാനത്ത് കെഎസ്ആർടിസിയുടെ മിന്നൽ സമരം.കെഎസ്ആർടിസി റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനവും മുടങ്ങി. കുടുംബശ്രീ ജീവനക്കാര്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായി കൗണ്ടറുകള്‍ക്ക് മുന്നിലായിരുന്നു ഉപരോധ സമരം. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് സമരം.സമരത്തെ തുടര്‍ന്ന് തിരുവനന്തപുരം ഡിപ്പോയില്‍ നിന്നുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കൗണ്ടറുകള്‍ക്ക് മുന്നില്‍ സമരം നടത്തിയവരെ അറസ്റ്റ് ചെയ്ത് മാറ്റാനുള്ള പൊലീസിന്റെ ശ്രമത്തിനിടെ നേരിയതോതിൽ സംഘർഷവുമുണ്ടായി.പ്രശ്നപരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും മറ്റു ഡിപ്പോകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും തൊഴിലാളി യൂണിയനുകൾ വ്യക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി തൊഴിലാളി യൂണിയന്‍ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ശബരിമല ക്ഷേത്രത്തോട് ആത്മാർത്ഥമായ വിശ്വാസമുണ്ടെങ്കിൽ കണ്ണൂരിലെ യുവതി മലചവിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ

keralanews if she has sincere faith she will not come to sabarimala

പത്തനംതിട്ട:ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ട്ടാനങ്ങളോട് പൂർണ്ണമായും വിശ്വാസമുണ്ടെങ്കിൽ കണ്ണൂരിലെ യുവതി ശബരിമലയിലേക്ക് വരില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ.കണ്ണൂര്‍ സ്വദേശിനി വ്രതമെടുത്ത് ശബരിമലയിലേക്കു വരാന്‍ തയാറെടുക്കുന്നുവെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആചാരങ്ങളെ ബഹുമാനിക്കുന്നുവെങ്കില്‍ യുവതി വരില്ല. പേരെടുക്കാനാണ് ശ്രമമെങ്കില്‍ വന്നേക്കാം’ എന്ന് പത്മകുമാര്‍ പറഞ്ഞു.ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍, താന്‍ ദര്‍ശനത്തിനെത്തുമെന്നും അതിനായി 41 ദിവസത്തെ വ്രതത്തിലാണെന്നും കണ്ണൂര്‍ സ്വദേശിനി രേഷ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.തുടര്‍ന്ന് രേഷ്മയ്‌ക്കെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഡബ്ല്യു സി സി യും അമ്മയും തമ്മിലുള്ള ഭിന്നത രൂക്ഷം;രാജിവെച്ച നടിമാരെ തിരിച്ചെടുക്കില്ലെന്ന് നടൻ സിദ്ധിക്ക്

keralanews the dispute between w c c and amma become severe and actor sidique said will not take back the resigned actress to amma

കൊച്ചി:സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു സി സി യും താരസംഘടനയായ അമ്മയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു.സംഘടനയില്‍ നിന്നും രാജി വെച്ചു പോയ നടിമാരെ തിരിച്ചെടുക്കില്ലെന്നും അതാണ് അമ്മയുടെ തീരുമാനമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അമ്മ സെക്രട്ടറി സിദ്ധിഖ് വ്യക്തമാക്കി. തിരിച്ചെടുക്കണമെങ്കില്‍ അവര്‍ സ്വയം തെറ്റി തിരുത്തി തിരിച്ചുവരണം സംഘനയിലേക്ക് തിരിച്ചെടുക്കണമെന്ന് അപേക്ഷിക്കണമെന്നും സിദ്ദിഖ് വ്യക്തമാക്കി.ഡബ്ല്യൂസിസി അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയിലാണ് സിദ്ദിഖ് പ്രതികരിച്ചത്. സംഘടനയ്ക്കും പ്രസിഡന്റിന് നേരേയും നടിമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ബാലിശമാണെന്നും നടപടികള്‍ നേരിടേണ്ടി വരുമെന്നും സിദ്ദിഖ് പറഞ്ഞു.കെപിഎസി ലളിതയും സിദ്ദിഖിന്റെ അഭിപ്രായത്തിനു പൂര്‍ണ്ണ പിന്തുണ നൽകി ഒപ്പമുണ്ടായിരുന്നു.എല്ലാ സംഘടനയിലും അതിന്റേതായ ചട്ടവും നിലപാടുകളുണ്ട്. അതിനാല്‍ തന്നെ രാജിവെച്ച്‌ പുറത്തുപോയ നടിമാര്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടാല്‍ മാത്രമേ അമ്മയിലേയ്ക്ക് തിരികെ വരാന്‍ സാധിക്കുകയുളളുവെന്നും ഇവര്‍ വ്യക്തമാക്കി. കൂടാതെ ചെയ്ത തെറ്റിന് മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. കുടുംബത്തിലുളള ഒരുകുട്ടി തെറ്റ് ചെയ്താല്‍ അമ്മയ്ക്ക് മുന്നില്‍ മാപ്പ് പറഞ്ഞാല്‍ മാത്രമേ തിരികെ വീട്ടില്‍ കയറ്റുകയുള്ളൂവെന്നാണ് ഈ വിഷയത്തില്‍ കെപിഎസി ലളിത പ്രതികരിച്ചത്.അതേസമയം നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപ് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് രാജിക്കത്ത് നല്‍കിയതായി സിദ്ധിഖ് പറഞ്ഞു. രാജി സ്വീകരിക്കണമോയെന്ന കാര്യം ജനറല്‍ ബോഡി ആലോചിച്ച്‌ തീരുമാനിക്കുമെന്നും സിദ്ധിഖും കെ.പി.എ.സി ലളിതയും വാര്‍ത്താസമ്മേളനത്തില്‍ പറ‍ഞ്ഞു.