
കാസർഗോഡ്:മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് (63) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കാസര്‍കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 2011 മുതല്‍ മഞ്ചേശ്വത്തെ പ്രതിനിധീകരിക്കുന്നുണ്ട്. 2016ല്‍ കെ.സുരേന്ദ്രനോട് 89 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അബ്ദുള്‍ റസാഖ് വീണ്ടും നിയമസഭയിലെത്തിയത്.1967ല്‍ മുസ്‌ലിംയൂത്ത് ലീഗ് പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതത്തിനു തുടക്കം കുറിച്ച പി.ബി. അബ്ദുല്‍ റസാഖ് നിലവില്‍ മുസ്‌ലിം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്. ഏഴുവര്‍ഷത്തോളം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, കേരള റൂറല്‍ വെല്‍ഫയര്‍ ഡവലപ്‌മെന്റ് സൊസൈറ്റി (ക്രൂസ്) ഡയറക്ടര്‍, ജില്ലാ വികസനസമിതിയംഗം, ജില്ലാ കടവ് സമതിയംഗം, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതിയംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.സംസ്ക്കാരം ഇന്ന് വൈകുന്നേരം ആലമ്പാടി ജുമാമസ്ജിദിൽ .








