മുംബൈ:അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനം രാജിവെച്ചു.അന്താരാഷ്ട്ര പരിപാടിയില്‍ പങ്കെടുക്കേണ്ടത് കൊണ്ടാണ് രാജിയെന്നാണ് അദ്ദേഹം വിശദീകരണം നല്‍കിയത്.2017 ലാണ് അനുപം ഖേര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയാകുന്നത്.വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന് അദ്ദേഹം രാജിക്കത്ത് കൈമാറി. അനുപം ഖേറിന്‍റെ രാജി റാത്തോഡ് അംഗീകരിച്ചു. ഖേറിന്‍റെ സേവനത്തിന് റാത്തോഡ് നന്ദി പറയുകയും ചെയ്തു.അതേസമയം, ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആരെ നിയമിക്കണമെന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍സ്ഥാനത്ത് ഇരിക്കാന്‍ സാധിച്ചത് വലിയെരു ബഹുമതിയായിട്ടാണ് കാണുന്നത്. ഈ കാലയളവിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്റര്‍ പോസ്റ്റിനോടൊപ്പം രാജി കത്തും ട്വീറ്റ് ചെയ്തിട്ടുണ്ട്. അനുപം ശേഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായിരിക്കെ അദ്ദേഹത്തിന്റെ ചില പ്രസ്താവന വിവാദമായിരുന്നു.നിലവില്‍ അമേരിക്കന്‍ ടെലിവിഷന്‍ പരിപാടിയായ ന്യൂ ആംസ്റ്റര്‍ഡാമിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിലാണ് അനുപം ശേഖര്‍ ഇപ്പോഴുള്ളത്. ഇതിനാല്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ അധികം നില്‍ക്കാന്‍ സാധിക്കുകയില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം രാജി നല്‍കിയിരിക്കുന്നത്.
സംഘർഷ സാധ്യത;ശബരിമലയിൽ ശനിയാഴ്ച മുതൽ സേനയെ വിന്യസിക്കും
പത്തനംതിട്ട:സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ശബരിമലയിൽ ശനിയാഴ്ച മുതൽ സേനയെ വിന്യസിക്കും. ചിത്തിരയാട്ടത്തിനായി അഞ്ചാം തീയതി ശബരിമലയിൽ ഒരു ദിവസത്തേക്ക് നടതുറക്കും.ഐജി എം.ആര്‍. അജിത് കുമാറിനാണ് സന്നിധാനത്തിന്‍റെ ചുമതല. ഐജി അശോക് യാദവിനാണ് പമ്പയുടെ ചുമതല.അതേസമയം ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് നിരവധി പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി കേസ് എടുക്കും വരെ നാമ ജപയജ്ഞം തുടരുമെന്ന് എന്‍.എസ്.എസ്. സുപ്രീം കോടതി കേസ് പരിഗണിക്കുന്ന നവംബര്‍ 13 വരെ എന്‍എസ്‌എസ് നാമജപ യജ്ഞം നടത്തുമെന്നും അധികൃതരുടെ മനസ്സ് മാറാന്‍ വേണ്ടിയാണ് പ്രാര്‍ത്ഥന നടത്തുന്നതെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല പുനഃപരിശോധനാ ഹർജികൾ അടിയന്തിരമായി പരിഗണിക്കണമെന്ന വാദം സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: നവംബര്‍ അഞ്ചാം തീയതി നട തുറക്കാനിരിക്കെ ശബരിമല പുനഃപരിശോധന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നവംബര്‍ അഞ്ചിന് ഒരു ദിവസം മാത്രമാണ് നട തുറക്കുന്നതെന്നും അതിനാല്‍ നവംബര്‍ 11ന് ശേഷം വാദം കേള്‍ക്കുന്നതില്‍ മാറ്റം ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ശബരിമലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും കേസിന്റെ അടിയന്തര സ്വഭാവവും കണക്കിലെടുത്ത് ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ഒരു കൂട്ടം അഭിഭാഷകരുടെ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്. നവംബര്‍ അഞ്ചിന് ചിത്തിര ആട്ടത്തിനായി ഒരു ദിവസത്തേക്ക് ശബരിമല നട തുറക്കുമ്പോൾ വനിതാ പൊലീസുള്‍പ്പെടെ 1500 പൊലീസുകാരെ പ്രദേശത്ത് വിന്യസിക്കാനാണ് പൊലീസ് പദ്ധതി. നട തുറക്കുമ്പോൾ ഉണ്ടായേക്കാവുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസിന് സംസ്ഥാന വ്യാപക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
മന്ത്രി മാത്യു ടി ടോമസിന്റെ ഗൺമാൻ ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യം മൂലം;ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
കൊല്ലം: മാത്യൂ ടി തോമസിന്റെ ഗണ്‍മാന്‍ ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യം മൂലം. മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച ആത്മഹത്യാകുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സുജിത്ത് കടയ്ക്കലിന് അടുത്ത് കോട്ടുക്കലില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് ജീവിക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പെണ്‍കുട്ടി ഇതില്‍ നിന്നും പിന്മാറി. ഇതു മൂലമുള്ള മനോവിഷമത്തിലാണ് സുജിത്ത് കടും കൈ ചെയ്തത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.’അവളില്ലാത്ത ഒരു ജീവിതം സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നില്ല. എല്ലാ എതിര്‍പ്പുകളും മറികടന്ന് എന്റെ ഒപ്പം വരുമെന്ന് പറഞ്ഞിട്ടും അവസാനം എന്നെ അവഗണിച്ചു കളഞ്ഞു. അവളില്ലാത്ത ജീവിതം ഇനി എനിക്ക് വേണ്ട’ എന്നിങ്ങനെയുള്ള നിരാശാജനകമായ വരികളായിരുന്നു കത്തില്‍. പെണ്‍കുട്ടി പിന്മാറിയതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് സുജിത്ത് മാനസികമായി ഏറെ തകര്‍ന്നു പോയിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരം എ.ആര്‍ ക്യാമ്ബിലെ പൊലീസുകാരനായിരുന്ന സുജിത്ത് കഴിഞ്ഞ ദിവസമാണ് ജോലിയില്‍ നിന്നും ലീവ് എടുത്ത് വീട്ടില്‍ എത്തിയത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് വീടിന്റെ രണ്ടാം നിലയില്‍ സുജിത്തിനെ വെടികൊണ്ട നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുന്നത്.
എടിഎമ്മിലൂടെ പിൻവലിക്കാൻ കഴിയുന്ന തുകയുടെ പരിധി എസ്ബിഐ 20000 രൂപയാക്കി കുറച്ചു
ന്യൂഡൽഹി:ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് എ ടി എമ്മിലൂടെ പിൻവലിക്കാൻ കഴിയുന്ന തുകയുടെ പരിധി എസ്ബിഐ 20000 രൂപയാക്കി കുറച്ചു.40000 രൂപവരെ പിന്‍വലിക്കാം എന്ന പരിധിയാണ് എസ്ബിഐ കുറച്ചത്. ഇന്നു മുതലാണ് ഇത് നടപ്പിലാകുക.ഒറ്റ ദിവസം കൂടുതല്‍ തുക പിന്‍വലിക്കാന്‍ ഇനി മറ്റു ഡെബിറ്റ് കാര്‍ഡ് വേരിയന്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.എടിഎം തട്ടിപ്പുകളുടെ സംഭവങ്ങള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് ബാങ്ക് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
നിരോധിത കൃത്രിമ നിറം ചേർത്ത 1500 കിലോ ശർക്കര പിടികൂടി
ഇരിട്ടി:നിരോധിത കൃത്രിമ നിറം ചേർത്ത 1500 കിലോ ശർക്കര പിടികൂടി.ഇരിട്ടിയിൽ നിന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി.കമ്മീഷണറുടെ നേതൃത്വത്തിൽ ശേഖരിച്ച സാമ്പിളിലാണ് കൃത്രിമ നിറം ചേർത്തതായി കണ്ടെത്തിയത്.ഇതേ തുടർന്ന് വിൽപ്പനയ്ക്കായി വെച്ചിരുന്ന 1500 കിലോ ശർക്കര പിടിച്ചെടുത്ത് നശിപ്പിച്ചു.ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റി നിയമപ്രകാരം നിരോധിച്ച കൃത്രിമനിറമായ റോഡൊമിൻ ബി അടങ്ങിയ ശർക്കരയാണ് നശിപ്പിച്ചത്.ഇവ ഉള്ളിലെത്തിയാൽ കുട്ടികളിൽ ജനിതകമാറ്റം,ക്യാൻസർ എന്നിവയ്ക്ക് കാരണമാകും.ശർക്കര സംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റി നിയമാനുസരണം സാമ്പിൾ എടുക്കുകയും ഇത് കോഴിക്കോട്ടെ ഫുഡ് അനലിസ്റ്റ് പരിശോധിച്ച് റിപ്പോർട്ട് നൽകുകയുമായിരുന്നു.ഈ കൃത്രിമ നിറം ചേർക്കുന്നത് ഒരുകൊല്ലം വരെ ജയിൽ ശിക്ഷയും മൂന്നുലക്ഷം രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റമാണ്.അധികം നിറം,കൂടുതൽ ചുവപ്പ്‌നിറം, പെട്ടെന്ന് പൊടിഞ്ഞു പോകുന്നത്,വെള്ളത്തിൽ അലിയുമ്പോൾ നിറം ഉണ്ടാകുന്നത് എന്നിങ്ങനെയുള്ള ശർക്കര ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
കാർഡുകളുടെ എണ്ണം കുറവുള്ള റേഷൻ കടകൾ ലയിപ്പിക്കാൻ സർക്കാർ നീക്കം
തിരുവനന്തപുരം:കാർഡുകളുടെ എണ്ണം കുറവുള്ള റേഷൻ കടകൾ ലയിപ്പിക്കാൻ സർക്കാർ നീക്കം.ഇത്തരം റേഷൻ കടകൾ പൂട്ടി ഇവിടുത്തെ കാർഡുകൾ തൊട്ടടുത്ത റേഷൻ കടകളിൽ ലയിപ്പിക്കാനാണ് തീരുമാനം.നവംബർ പത്തിനകം ഇത്തരം കടകളുടെ കണക്കെടുത്ത് റിപ്പോർട്ട് നല്കാൻ സർക്കാർ സിവിൽ സപ്പ്ളൈസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ആറു ജില്ലകളിലെ കണക്കെടുപ്പുകൾ പൂർത്തിയായിക്കഴിഞ്ഞു.ഇ പോസ് മെഷീൻ നിലവിൽ വന്നതോടെ ഏതു കടയിൽ നിന്നും സാധനങ്ങൾ വാങ്ങാമെന്നായതോടെയാണ് ഈ സാഹചര്യം ഉണ്ടായത്. ചിലയിടങ്ങളിൽ 400 കാർഡുകൾ വരെ ഉണ്ടായിരുന്ന കടകളിൽ ഇപ്പോൾ നൂറും നൂറ്റമ്പതും മാത്രമായി ചുരുങ്ങിയിട്ടുണ്ട്.ഇവരോട് കടകൾ ഒഴിവാക്കി കാർഡുകൾ തൊട്ടടുത്ത കടകളിലേക്ക് ലയിപ്പിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. ഒരുതാലൂക്കിൽ ഇത്തരത്തിൽ നൂറിലധികം കടകൾ വരെ ഒഴിവാക്കപ്പെട്ടേക്കാം.നിലവിൽ 16000 രൂപയാണ് സർക്കാർ കടയുടമകൾക്ക് മാസവേതനം നൽകുന്നത്.കടകൾ കുറയുന്നതോടെ ഈ തുകയിനത്തിലും സർക്കാരിന് നേട്ടമുണ്ടാകും.ലയനം വഴി കൂടുതൽ കാർഡുകൾ ലഭിക്കുന്ന കടക്കാർക്ക് മാസവേതനത്തോടൊപ്പം കമ്മീഷനും നൽകും.പൂട്ടുന്നതിൽ എതിർപ്പുള്ള കടയുടമകളോട് കോടതിയെ സമീപിക്കാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്.
പട്ടേൽ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ സ്മരണാര്‍ഥം നിര്‍മിച്ച 182 മീറ്റര്‍ ഉയരമുള്ള പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. പ്രതിമയ്ക്ക് സമീപം നിര്‍മ്മിച്ചിട്ടുള്ള ‘ഐക്യത്തിന്റെ മതിലും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനച്ചടങ്ങുകളുടെ സമയത്ത് വ്യോമസേനയുടെ വിമാനങ്ങള്‍ ആകാശത്ത് ത്രിവര്‍ണ പതാകയുടെ ചിത്രം വരച്ചതും കൗതുകമുണര്‍ത്തി. സര്‍ദാര്‍ പട്ടേല്‍ മ്യൂസിയം, കണ്‍വെന്‍ഷന്‍ സെന്റര്‍, പൂക്കളുടെ താഴ്‌വര തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ഉള്‍പ്പെട്ടതാണ് പ്രതിമ സമുച്ചയം.ഏകതാ പ്രതിമ എന്ന പേരിട്ടിട്ടുള്ള പ്രതിമ പട്ടേലിന്‍റെ 143 മത് ജന്മദിനത്തിലാണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. നര്‍മദാ നദീ തീരത്തുള്ള സാധു ബെട്ട് ദ്വീപിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്.33 മാസമെടുത്താണ് പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രാം വി. സുത്തര്‍ രൂപകല്പനയും എല്‍ ആന്‍ഡ് ടി നിര്‍മാണവും നിര്‍വഹിച്ച പ്രതിമയ്ക്ക് 2,989 കോടി രൂപയാണ് ചെലവ്.ചൈനയിലെ 153 മീറ്റര്‍ ഉയരമുള്ള ബുദ്ധപ്രതിമയെക്കാളും ബ്രസീലിലെ ക്രിസ്തുപ്രതിമയെക്കാളും അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിയേക്കാളുമൊക്കെ ഉയരമുള്ളതാണ് പട്ടേല്‍ പ്രതിമ.അതായത് ലോകത്തിലേറ്റവും ഉയരമുള്ള പ്രതിമ എന്ന സ്ഥാനം ഇനി ഏകതാ പ്രതിമയ്ക്ക് സ്വന്തം.
ശബരിമല ദർശനത്തിന് ഡിജിറ്റൽ ക്യൂ;ബുക്കിംഗ് ആരംഭിച്ചു
പത്തനംതിട്ട:മണ്ഡല-മകരവിളക്ക് കാലത്ത് തീര്‍ഥാടകരുടെ തിരക്ക് നിയന്തിക്കുന്നതിനും ദര്‍ശനം സുഗമമാക്കുന്നതിനുമുള്ള ഡിജിറ്റൽ ക്യൂ സംവിധാനത്തിന് തുടക്കമായി.ഈ സംവിധാനം വഴി പമ്ബയിലേയ്ക്ക് പോകാനും തിരിച്ചുവരാനും കെഎസ്‌ആര്‍ടിസി ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ദര്‍ശനസമയവും മുന്‍കൂട്ടി ബുക്ക് ചെയ്യാം.ശബരിമലയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും അവരെത്തുന്ന ദിവസവും സമയവും ഓണ്‍ലൈന്‍ ആയി തെരഞ്ഞെടുക്കാന്‍ സൗകര്യമൊരുക്കുന്ന വെബ്സൈറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്താല്‍ നിലയ്ക്കലില്‍ ബസ് ടിക്കറ്റിനായി ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാമെന്നതാണ് പ്രത്യേകത.https://www.sabarimalaq.com എന്ന വെബ് സൈറ്റ് ലിങ്ക് വഴി ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്യാം.
കണ്ണൂർ കൂട്ടുപുഴയിൽ റോഡ് നിർമാണത്തിനിടെ ഗുഹ കണ്ടെത്തി
ഇരിട്ടി:കൂട്ടുപുഴയിൽ റോഡ് നിർമാണത്തിനിടെ ഗുഹ കണ്ടെത്തി.ഒരാള്‍ക്ക് കടന്നുപോകാന്‍ തരത്തിലുള്ള വീതിയുണ്ട് ഗുഹയ്ക്ക്. പുതിയ പാലം നിര്‍മിക്കുന്നതിനു സമീപം റോഡിന് മറുവശത്ത് 10 മീറ്ററോളം ഉയരമുള്ള തിണ്ടിന് താഴെയായിട്ടാണ് ഗുഹ കണ്ടെത്തിയത്.കെഎസ്ടിപി പദ്ധതി പ്രകാരം തലശ്ശേരി-വളവുപാറ റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി വീതി കൂട്ടുന്നതിനായി തിണ്ട് ഇടിക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടനെ പോലീസ് സ്ഥലത്ത് എത്തി. കെഎസ്ടിപി റോഡിലാണ് ഗുഹയുടെ തുടക്കമെങ്കിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് നീളുന്നത്. ആര്‍ക്കിയോളജിക്കല്‍ വകുപ്പ് പരിശോധനയ്ക്കായി ഈ മേഖലയിലെ പ്രവൃത്തി നിര്‍ത്തിവച്ചു. എന്നാല്‍ ആകാംഷയോടെ നാട്ടുകാര്‍ ഗുഹയ്ക്കുള്ളിലേക്ക് കയറുന്നത് തുടര്‍ന്നതോടെ താല്‍കാലികമായി ഗുഹ അടച്ചിരിക്കുകയാണ്.