മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തി

keralanews chief minister pinarayi vijayan returned to kerala after treatment

തിരുവനന്തപുരം:അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മൂന്നാഴ്ചയോളം നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷം  മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി.പുലര്‍ച്ചെ 3.30ന് ആണ് പിണറായി തിരുവനന്തപുരത്തെത്തിയത്. ഈ മാസം രണ്ടിനായിരുന്നു മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. ചികിത്സയ്ക്ക് ശേഷം അമേരിക്കന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി പ്രളയത്തില്‍ കേരളത്തിന് കൈതാങ്ങാകണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഗ്ലോബല്‍ സാലറി ചലഞ്ചില്‍ ഏവരും പങ്കെടുക്കണമെന്നും ക്രൗഡ് ഫണ്ടിംഗ് അടക്കമുള്ള നൂതന മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളോട് അഭ്യര്‍ത്ഥിച്ചു.

ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുക്കുന്നു

keralanews bishop franco mulakkal brought to kuravilangad madam for evidence collection

കോട്ടയം:കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുക്കുന്നു.കോട്ടയം പോലീസ് ക്ലബ്ബില്‍നിന്നാണ് ബിഷപ്പിനെ കേസിന് ആസ്പദമായ സംഭവം നടന്നന്നെന്നു പറയുന്ന കുറവിലങ്ങാട് നാടുകുന്ന് സെന്‍റ് ഫ്രാന്‍സീസ് മിഷന്‍ ഹോമിലേക്ക് കൊണ്ടുപോയത്. മഠത്തിലെ ഇരുപതാം നമ്പർ ഗസ്റ്റ് റൂമില്‍ വച്ച്‌ കന്യാസ്ത്രീയെ ബിഷപ്പ് രണ്ടുവട്ടം ബലാത്സംഗം ചെയ്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. അതേ മുറിയിലെത്തിച്ചാണ് തെളിവെടുക്കുക.തെളിവെടുപ്പിന്റെ സമയത്ത് ബിഷപ്പും കന്യാസ്ത്രീകളും മുഖാമുഖം വരുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്കു വിധേയനാക്കാനും പോലീസ് നീക്കം നടത്തുന്നുണ്ട്. ബിഷപ് കുറ്റസമ്മതം നടത്താത്തതിനെ തുടര്‍ന്നാണു നീക്കം. നുണപരിശോധനയ്ക്ക് അനുമതി തേടി പോലീസ് കോടതിയെ സമീപിക്കും. ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഡോ. ഫ്രാങ്കോയ്ക്കുവേണ്ടി ജാമ്യ ഹര്‍ജി നല്‍കുമെന്ന് ഇദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കെ. ജയചന്ദ്രന്‍ പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചു; മാനന്തവാടി രൂപതയിലെ സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ സഭാ നടപടി

keralanews take action against sister lusi in mananthavadi roopatha who support nun strike

മാനന്തവാടി:കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ വയനാട് മാനന്തവാടി രൂപതയിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ സഭ നടപടി സ്വീകരിച്ചു.വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവകയിലെ പ്രവര്‍ത്തനം എന്നിവ നടത്തുന്നതില്‍ സിസ്റ്റർക്ക് വിലക്കേർപ്പെടുത്തി. അതേസമയം കുര്‍ബാനയില്‍ പങ്കുകൊള്ളുന്നതിന് തടസമില്ല.രണ്ട് ദിവസം മുൻപാണ് ലൂസി കളപ്പുര എറണാകുളം ഹൈക്കോടതി ജംഗ്ഷനിലുള്ള കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ എത്തിയത്. വീഴ്ചകള്‍ ഉണ്ടെങ്കില്‍ അത് തിരുത്താന്‍ സഭ തയ്യാറാകണമെന്നും  ഭയന്നിരിക്കുന്ന കന്യാസ്ത്രീമാരുടെ പൂര്‍ണ പിന്തുണ നീതിക്കായി പോരാടുന്ന കന്യാസ്ത്രീമാരോടൊപ്പമുണ്ടെന്നും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ലൂസി കളപ്പുര പറഞ്ഞിരുന്നു.എന്നാല്‍ ലൂസി മാദ്ധ്യമങ്ങളിലൂടെ സഭയെ അപഹസിച്ചുവെന്നാണ് രൂപത ആരോപിച്ചിരിക്കുന്ന കുറ്റം.രൂപതാംഗമായ ലൂസി, പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേദപഠന ക്ളാസുകള്‍ നല്‍കുന്നുണ്ടായിരുന്നു. ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി പുലര്‍ച്ചെ എത്തിയപ്പോഴാണ് ഇപ്പോഴത്തെ ചുമതലതകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മദര്‍ സുപ്പീരിയര്‍ ലൂസിയെ അറിയിച്ചത്.എന്നാല്‍, ഇത് സംബന്ധിച്ച്‌ രൂപത തനിക്ക് രേഖാമൂലം അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.തനിക്കെതിരെ നടപടി സ്വീകരിച്ചത് എന്തിനാണെന്ന് അറിയില്ല. സഭയ്ക്കെതിരെ ഏതെങ്കിലും തരത്തില്‍ ഒരു വാക്കെങ്കിലും പറഞ്ഞതായി ചൂണ്ടിക്കാട്ടാമോയെന്നും അവര്‍ ചോദിച്ചു. സമരത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ തനിക്ക് രൂപതയിലെ കന്യാസ്ത്രീകളില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്. സഭയ്ക്കും വൈദികര്‍ക്കും മാറ്റം വരേണ്ടത് അത്യാവശ്യമാണെന്ന് മറ്റ് സിസ്റ്റര്‍മാര്‍ പറഞ്ഞതായും ലൂസി വെളിപ്പെടുത്തി.

ഒൻപതുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി കാസർകോട്ട് രണ്ടുപേർ പോലീസ് പിടിയിൽ

keralanews two arrested in kasargod with hashish oil worth nine lakhs

കാസർഗോഡ്:ഒൻപതുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേർ പോലീസ് പിടിയിൽ.നയര്‍മൂല ചാല റോഡിലെ ഫൈസല്‍,കുമ്പള ചെടിക്കാനത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുസ്തഫ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ ഹാഷിഷ് ഓയിൽ കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കഞ്ചാവും ഹാഷിഷ് ഓയിലുമൊക്കെ ഗള്‍ഫിലേക്ക് കടത്തുന്ന സംഘത്തിന് കൊടുക്കാനാണ് ഇത് കൊണ്ട് പോകുന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.കാസര്‍ഗോഡ് ടൗണ്‍ എസ്‌ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇവരെ ചെമ്മനാട് പാലത്തിനടിയിലുളള വിജനമായ സ്ഥലത്ത് വെച്ച്‌ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളുടെ ഫോണ്‍ വിവരങ്ങളും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുളളു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

keralanews bishop Franco Mulakal was taken into police custody

കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.പാലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ബിഷപ്പിനെ പോലീസ് കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്.മൂന്നു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.ബിഷപ്പിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനും കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്.ഇത് പരിഗണിച്ച കോടതി രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകൊടുക്കുകയായിരുന്നു.തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് ബിഷപ്പിനെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

44.6 പവൻ സ്വർണ്ണവുമായി രണ്ട് ഉത്തർപ്രദേശ് സ്വദേശികൾ തളിപ്പറമ്പിൽ പിടിയിലായി

keralanews two u p natives arrested with 44 6 gram gold from thaliparamaba

കണ്ണൂർ:44.6 പവൻ സ്വർണ്ണവുമായി രണ്ട് ഉത്തർപ്രദേശ് സ്വദേശികൾ തളിപ്പറമ്പിൽ പിടിയിലായി. ആഗ്ര സ്വദേശി വിശ്വംഭർ(33),മേദിനിപ്പൂരിലെ ശ്യാമൽദാൽ(31) എന്നിവരെയാണ് തളിപ്പറമ്പ് ദേശീയപാടത്തയിലെ ബദ്‌രിയ പ്ലാസ ഹോട്ടലിനു സമീപത്തു വെച്ച് പോലീസ് പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇർ പോലീസിനെ കണ്ട് സ്വർണ്ണം വലിച്ചെറിഞ്ഞ് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. 61.9 ഗ്രാം ബോംബെ ചെയിൻ,6.1 ഗ്രാം വീതമുള്ള മൂന്നു തങ്കക്കട്ടികൾ,രണ്ട് സ്വർണ്ണക്കട്ടികൾ എന്നിവയാണ് പോലീസ് ഇവരിൽ നിന്നും പിടികൂടിയത്.ചെറുവത്തൂരിലെ ഒരു ജ്വല്ലറിയിലേക്ക് കൊടുക്കാനുള്ള സ്വർണ്ണമാണിതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.തളിപ്പറമ്പിലേക്ക് കഞ്ചാവ് കടത്തുന്നത് ഇവരാണെന്ന സംശയത്തിൽ പോലീസ് കഴിഞ്ഞ കുറച്ചു ദിവസമായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷ ഒക്ടോബർ ഒന്ന് മുതൽ സിഐഎസ്എഫ് ഏറ്റെടുക്കും

keralanews the c i s f will take over the protection of kannur international airport from october 1

മട്ടന്നൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷ ഒക്ടോബർ ഒന്ന് മുതൽ സിഐഎസ്എഫ് ഏറ്റെടുക്കും.വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെയാണ് ഈ തീരുമാനം. സിഐഎസ്‌എഫിനു പുറമെ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനും ഒക്ടോബര്‍ രണ്ടിനു പ്രവര്‍ത്തനം ആരംഭിക്കും. 634 പേരെയാണ് വിമാനത്താവളത്തിലേക്ക് നിയമിക്കുന്നത്. ആദ്യഘട്ടത്തില്‍ 50 പേരാണ് വിമാനത്താവളത്തിലെത്തുക. ഇമിഗ്രേഷന്‍ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78 പേരെയും മറ്റും നിയോഗിക്കുന്നതിനാണ് 634 സിഐഎസ്‌എഫുകാരെ നിയോഗിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന് സമീപത്തുള്ള നിര്‍മാണ കമ്പനി ഉപയോഗിച്ച കെട്ടിടമാണ് പോലീസ് സ്റ്റേഷനായി ഉപയോഗിക്കുക.ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും അത്യാധുനിക സൗകര്യങ്ങളുള്ളതും പരിസ്ഥിതിപ്രശ്‌നം ഇല്ലാത്തതുമായ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമാണ് കണ്ണൂരിലേത്. 20 വിമാനങ്ങള്‍ക്ക് ഒരേസമയം നിര്‍ത്താം.മൂന്ന് കിലോ മീറ്ററിലധികം ദൈര്‍ഘ്യമുള്ളതാണ് റണ്‍വേ.

കണ്ണൂർ പുതിയതെരുവിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

keralanews lady died in an accident in puthiyatheru

കണ്ണൂര്‍: പുതിയതെരു കാട്ടാമ്പള്ളി പാലത്തിന് സമീപം ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. പള്ളിക്കുളം ഇന്ദിരാനഗര്‍ കോളനി നിവാസിയായ ജീജ (38) ആണ് മരിച്ചത്.പുലര്‍ച്ചെ 6.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബൈക്ക് യാത്രക്കാരായ 2 പേർക്കും സ്കൂട്ടറിലുണ്ടായിരുന്ന 2 കുട്ടികൾക്കുമാണ് പരിക്ക്.ഇവരെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ടൂറിസ്റ്റ് ബസ്സിൽ നിന്നും മൂന്നു കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി

keralanews man caught with 3kg of ganja from tourist bus

തലശ്ശേരി:കോയമ്പത്തൂരിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സിൽ നിന്നും മൂന്നു കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി.എടക്കാട് മുസ്തുക്ക ക്വാർട്ടേസിൽ വി.പി സുജീഷാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.കണ്ണൂർ ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി എക്‌സൈസ് സംഘം ന്യൂമാഹി കിടാരംകുന്നിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലാകുന്നത്.തലശ്ശേരി,കണ്ണൂർ മേഖലയിൽ ചെറുകിട വില്പനക്കാർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നത് സുജീഷാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു.തലശ്ശേരി എക്‌സൈസ് സംഘം ഈ മാസം ചാർജ് ചെയ്യുന്ന ആറാമത്തെ കഞ്ചാവ് കേസാണിത്.

കഞ്ചാവ് ഇടപാടിനെ കുറിച്ച് പൊലീസിന് വിവരം നല്കിയെന്നാരോപിച്ച് വ്യാപാരിക്ക് നേരെ ആക്രമണം; രണ്ടുപേർ പിടിയിൽ

keralanews trader attacked by two accused the he give information about ganja dealings

കണ്ണൂർ:കഞ്ചാവ് ഇടപാടിനെ കുറിച്ച് പൊലീസിന് വിവരം നല്കിയെന്നാരോപിച്ച് വ്യാപാരിക്ക് നേരെ ആക്രമണം നടത്തിയ രണ്ടുപേരെ കണ്ണൂർ ടൌൺ പോലീസ് അറസ്റ്റ് ചെയ്തു.കൊറ്റാളിയിലെ ആർ.ബി സ്റ്റോർ ഉടമയായ പി.രാജീവനെ വധിക്കാൻ ശ്രമിച്ച കേസിൽ കൊറ്റാളി കുണ്ടംചാലിലെ ശ്രീരാഗ്(19),പനങ്കാവിലെ മിഥുൻ(18) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.രാജീവന്റെ കടയുടെ സമീപത്തു നിന്നും കഴിഞ്ഞ ദിവസം ഒരാളെ കഞ്ചാവ് വലിക്കുന്നതിനിടെ പോലീസ് പിടികൂടിയിരുന്നു.ഇയാളെ കുറിച്ച് പൊലീസിന് വിവരം നൽകിയത് രാജീവനാണെന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്.അടിയേറ്റ് രാജീവന്റെ കയ്യിലെ എല്ല് തകർന്നിരുന്നു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.