കൊച്ചി:കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി.കേസില്‍ കൂടുതല്‍ വാദങ്ങള്‍ ഉന്നയിക്കാന്‍ സമയം നല്‍കണമെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ജാമ്യഹര്‍ജി മാറ്റിയത്.കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും പോലീസ് നടപടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പരാതി നല്‍കുന്നതിന് തൊട്ടുമുന്‍പുള്ള സമയത്ത് ബിഷപ്പും പരാതിക്കാരിയും ഒരുമിച്ച് പങ്കെടുത്ത പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളും കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ ഇരുവരും വളരെ സൗഹാര്‍ദപരമായാണ് പെരുമാറുന്നതെന്നും പിന്നീടാണ് പരാതി ഉയര്‍ന്നതെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ കേസ് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ജലന്ധറില്‍ പോയി അന്വേഷണം നടത്തേണ്ടതുണ്ടെന്നും തെളിവുകള്‍ ശേഖരിക്കാന്‍ സമയം നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഉന്നത സ്ഥാനം വഹിക്കുന്ന ആളായതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു.
ലഹരിഗുളിക കച്ചവടം നടത്തിയ യുവാവ് അറസ്റ്റിൽ
കണ്ണൂർ:ആവശ്യക്കാർക്ക് ലഹരി ഗുളികകൾ എത്തിച്ചു കൊടുക്കുന്ന മൊത്തക്കച്ചവടക്കാരനായ യുവാവ് അറസ്റ്റിൽ.തിരുവങ്ങാട് സ്വദേശി കെ.കെ ഹർഷാദാണ്(32),കണ്ണൂർ എക്‌സൈസ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്റ്റർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.ജില്ലയിൽ ലഹരി ഗുളികകൾ കച്ചവടം ചെയ്യുന്ന പ്രധാന കച്ചവടക്കാരിൽ ഒരാളാണ് ഹർഷാദെന്ന് എക്‌സൈസ് സംഘം പറഞ്ഞു. വിലകൂടിയ കാറിലാണ് ഇയാളുടെ യാത്ര.തലശ്ശേരി,കണ്ണൂർ ഭാഗങ്ങളിൽ ചെറുകിട ലഹരിഗുളിക വിതരണക്കാർക്ക് ആവശ്യത്തിന് ലഹരി ഗുളികകൾ എത്തിച്ചു നൽകുന്നത് ഹർഷാദാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു.250 എണ്ണം സ്പാസ്മോ പ്രോക്‌സിവോൺ എന്ന ഗുളികയാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മംഗളൂരുവിൽ നിന്നും ലഹരി ഗുളികകൾ മൊത്തമായി വാങ്ങി കാർ മാർഗം കേരളത്തിലേക്ക് കടത്തുകയാണ് പതിവ്.എക്‌സൈസ് സംഘം ദിവസങ്ങളോളം വേഷം മാറി രഹസ്യ നിരീക്ഷണം നടത്തിയാണ് ഇയാളെ പിടികൂടിയത്. ഉത്തരമേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണർ സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ജലീഷ് പി.പി,ബിനീഷ്.കെ,എക്‌സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ ദിലീപ് സി.വി,സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.പങ്കജാക്ഷൻ,പി.എം.കെ സജിത്ത് കുമാർ,പി.ടി ശരത്ത്,പി.സീമ, എക്‌സൈസ് ഡ്രൈവർ പി.ഷജിത്ത് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
കോയിലോട് പൊതുശ്മശാന നിർമ്മാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷധം;പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
കൂത്തുപറമ്പ്:മാങ്ങാട്ടിടം പഞ്ചായത്തിലെ കോയിലോട് വാതക ശ്മശാനത്തിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത്.പ്രവൃത്തി തടയാൻ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.സംഘർഷത്തിനിടെ പോലീസ് മർദിച്ചുവെന്നാരോപിച്ച് എട്ടുപേർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതിഷേധം നടത്തിയ എഴുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ഇതിനു ശേഷം പോലീസിന്റെ സംരക്ഷണയിൽ ശ്മശാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേരാണ് പ്രതിഷേധവുമായി എത്തിയത്.ജനവാസ കേന്ദ്രത്തിൽ ശ്മശാനം നിർമിക്കുന്നതിനെതിരെയാണ് പ്രതിഷേധം.രാവിലെ ഒന്പതുമണിയോടെ നിർമാണ സാമഗ്രികളുമായി കരാറുകാരൻ എത്തിയതോടെ പ്രതിഷേധക്കാർ പ്രവൃത്തി തടസ്സപ്പെടുത്തുകയായിരുന്നു.കൂത്തുപറമ്പ് സി.ഐ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.കതിരൂർ, പിണറായി,കണ്ണവം,പാനൂർ എന്നി സ്റ്റേഷനുകളിലെ പോലീസുകാരും സ്ഥലത്തെത്തിയിരുന്നു.പ്രതിഷേധം ശക്തമായതോടെ പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.പ്രതിഷേധക്കാർ ശ്മശാനം നിർമിക്കുന്നതിന് സമീപത്ത് സ്ഥാപിച്ച സമരപ്പന്തലും പോലീസ് പൊളിച്ചു നീക്കി.40 വർഷം മുൻപാണ് ശ്മശാനം നിർമിക്കുന്നതിനായി 80 സെന്റോളം സ്ഥലം പഞ്ചായത്ത് വിലയ്‌ക്കെടുത്ത്.സമീപകാലത്തായി ഇവിടെ വാതക ശ്മശാനവും ഓൺലൈൻ പരീക്ഷ കേന്ദ്രവും സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇ പോസ് മെഷീൻ തകരാറിലായി;സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് അടച്ചിടും
തിരുവനന്തപുരം:ഇ പോസ് മെഷീൻ പണിമുടക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു.ചൊവ്വാഴ്ച വൈകുന്നേരത്തോടെ ചില റേഷൻ കടകളിൽ തുടങ്ങിയ പ്രശ്നം ബുധനാഴ്ച വൈകുന്നേരത്തോടെ ഭൂരിഭാഗം കടകളെയും ബാധിച്ചു.ഇതോടെ കാർഡുടമകൾ റേഷൻ കടകളിലെത്തി ബഹളം വെച്ചു.ഇ പോസ് മെഷീൻ പ്രവർത്തിക്കാത്തതിലും റേഷൻ വിതരണം കൃത്യമായി നടത്താത്തതിലും പ്രതിഷേധിച്ച് ഒരു വിഭാഗം കടയുടമകൾ ബുധനാഴ്ച വൈകുന്നേരം നാലുമണി മുതൽ കടകളടച്ചിട്ടു.വ്യാഴാഴ്ച വൈകുന്നേരം നാലുമണി മുതൽ കടകൾ അടച്ചിടുമെന്ന് റേഷൻ ഭാരവാഹി സംഘടനാ നേതാക്കൾ അറിയിച്ചു. അതേസമയം യന്ത്രം തകരാറിലായതിനെ കാരണം ഇനിയും കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല.യന്ത്രം നൽകിയ കമ്പനി,നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ,ഐ.ടി വകുപ്പ്,സിവിൽ സപ്ലൈസിലെ ഐടി വിഭാഗം എന്നിവരാണ് ഇ പോസ് മെഷീനിന്റെ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.യന്ത്രം സ്ഥാപിച്ച കമ്പനിയുടെ സാങ്കേതിക പിഴവുകൊണ്ടാണ് തകരാർ ഉണ്ടായിരിക്കുന്നതെങ്കിൽ കമ്പനി പിഴ നൽകണമെന്നാണ് വ്യവസ്ഥ.എന്നാൽ ആരുടെ കുഴപ്പമാണെന്ന് കണ്ടുപിടിക്കാൻ പറ്റാത്തതിനാൽ പിഴയീടാക്കാനാകാത്ത അവസ്ഥയിലുമാണ്.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ നില ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം:വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ നില ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ് ബാലഭാസ്‌ക്കറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.അപകടത്തിൽ ബാലഭാസ്‌ക്കറിന്റെ മകൾ മരിച്ചിരുന്നു.ഭാര്യയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇവരുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിലാണ് ബാലഭാസ്‌ക്കറിനും ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും പരിക്കേൽക്കുകയും ഇവരുടെ മകൾ തേജസ്വി മരണപ്പെടുകയും ചെയ്തത്.തേജസ്വിയുടെ മൃതദേഹം എംബാം ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്.തൃശ്ശൂരിൽ നിന്നും ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് ഇവർ സഞ്ചരിച്ച കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്നാണ് നിഗമനം.
കോഴിക്കോട് ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടം തകർന്നുവീണ് വിദ്യാർത്ഥിക്ക് പരിക്ക്
കോഴിക്കോട്:ഈസ്റ്റ് ഹില്ലിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു.സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.ക്ലാസ് നടക്കുന്ന സമയമാതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.ഇതോടെ അധ്യാപകരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളിലും രംഗത്തിറങ്ങി.പലയിടത്തും സീലിംഗ് അടര്‍ന്ന് വീഴുന്ന അവസ്ഥയിലാണ്.നിര്‍മ്മാണത്തിലെ അപാകതയാണ് 42 വര്‍ഷം പഴക്കമുളള കെട്ടിടത്തിന്റ ബലക്ഷയത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ പല ദിവസങ്ങളിലും ക്ലാസ്സുകള്‍ക്ക് അവധി നല്‍കേണ്ട അവസ്ഥയാണ്.കെട്ടിടം അപകടവസ്ഥയിലാണെന്ന് കാണിച്ച് പ്രിന്‍സിപ്പാള്‍ കേന്ദ്രീയ വിദ്യാലയ് സങ്കേതൻ അധികൃതര്‍ക്ക് നേരത്തെ വിവരം നല്‍കിയിരുന്നു. എന്‍ ഐ ടിയിലെ വിദഗ്ദര്‍ കെട്ടിടം പരിശോധിക്കുകയും ചെയ്തു. കെട്ടിടം അപകടാവസ്ഥയിലാണെന്ന് സ്‌കൂള്‍ സന്ദര്‍ശിച്ച ജില്ലാ കളക്ടറും കണ്ടെത്തി. കെട്ടിടം പണിയാന്‍ തീരുമാനമായെങ്കിലും ഫണ്ട് ഇതുവരെ പാസ്സായിട്ടില്ല.കെട്ടിടം തകര്‍ന്ന് വീണ സാഹചര്യത്തില്‍ 3100 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ ഹയര്‍സെക്കണ്ടറി ക്ലാസുകള്‍ക്ക് പ്രിന്‍സിപ്പല്‍ രണ്ട് ദിവസം അവധി നല്‍കി.
ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കെ, അറസ്റ്റ് ചെയ്തത് നിയമലംഘനമാണെന്നാണ് ഫ്രാങ്കോയുടെ വാദം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും.തിങ്കളാഴ്ച ബിഷപ്പിന്റെ ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പൊലീസിന്റെ നിലപാട് അറിയാനായി ഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. കന്യാസ്‌ത്രീയ്‌ക്കെതിരെയുള്ള പരാതിയില്‍ താന്‍ നടപടി സ്വീകരിച്ചതുകൊണ്ടുള്ള വൈരാഗ്യമാണ് ഇത്തരത്തിലേക്കൊരു കേസിലേക്ക് വഴിതെളിച്ചതെന്ന് ഫ്രാങ്കോ ഹര്‍ജിയില്‍ ഉന്നയിക്കുന്നു. കസ്റ്റഡിയില്‍ ഇരിക്കെ തന്റെ വസ്ത്രങ്ങള്‍ അടക്കം നിര്‍ബന്ധപൂര്‍വം വാങ്ങിയ പൊലീസ്, കേസില്‍ കള്ളതെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു.അതേസമയം പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തേക്കും. ബിഷപ്പിന് ജാമ്യം നല്‍കുന്നത് കേസിലെ സ്വാധീനിക്കുന്നതിന് ഇടയാക്കുമെന്ന് പൊലീസ് അറിയിക്കും.സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അടക്കം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ ഹൈക്കോടതിയില്‍ അന്വേഷണ സംഘം ഉയര്‍ത്തിക്കാട്ടും.ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തില്‍ ബിഷപ്പിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിക്കും. ഇക്കാര്യങ്ങളൊക്കെ കോടതി അംഗീകരിച്ചാല്‍ ബിഷപ്പിന് ജാമ്യം ലഭിച്ചേക്കില്ല.
അതേസമയം പൊലീസിനെതിരെ പരാതിയുമായി മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നാണ് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്. വര്‍ഷങ്ങളായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറിയാമെന്നും നിരപരാധിയായ ബിഷപ്പിനെയാണ് ക്രൂശിക്കുന്നതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.ഇരയും പരാതിക്കാരിയുമായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത് ജലന്ധര്‍ അതിരൂപതയ്ക്ക് കീഴിലെ മിഷനറീസ് ഓഫ് ജീസസ് എന്ന കന്യാസ്ത്രീ സഭയാണ്. മിഷനറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ സിസ്റ്റര്‍ റെജീന എംജെയുടെ പേരില്‍ ഇന്നലെ ഏഴുതി തയ്യാറാക്കി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ നിരപരാധിയാണെന്ന് ആവര്‍ത്തിക്കുന്നുണ്ട്.
ഇരുപതുലക്ഷം രൂപ വിലമതിക്കുന്ന കുങ്കുമപ്പൂവുമായി ശ്രീകണ്ഠപുരത്ത് മൂന്നുപേർ പിടിയിൽ
കണ്ണൂർ:രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന ഇരുപതുലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോ കുങ്കുമപ്പൂവുമായി ശ്രീകണ്ഠപുരത്ത് മൂന്നുപേർ പിടിയിൽ.കാസർഗോഡ് ബേഡകത്തെ അഞ്ചാംമൈൽ മുഹമ്മദ് സിയാദ് (25), ചട്ടഞ്ചാൽ തെക്കിലംരത്തെ ബാലനടുക്കം ഷാഹുൽ ഹമീദ് (22), കാസർഗോട്ടെ പൂനാച്ചി ഇബ്രാഹിം ഖലീൻ (27) എന്നിവരെയാണ് ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷും സംഘവും ചേർന്ന് പിടികൂടിയത്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ ശ്രീകണ്ഠപുരം ടൗണിൽ വെച്ച് കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് കുങ്കുമപ്പൂ കണ്ടെടുത്തത്.കാറിൽ പ്രത്യേക അറയുണ്ടാക്കി അതിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.വിദേശത്ത് നിന്ന് നികുതി വെട്ടിച്ച് ഏജന്‍റു വഴി കോഴിക്കോട് എയർപോട്ട് മാർഗമാണ് കുങ്കമപൂവെത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ സംഘം പോലീസിനോട് പറഞ്ഞു. മട്ടന്നൂരിൽ വില്പന നടത്തിയ ശേഷം തളിപ്പറമ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാസർഗോഡ് സ്വദേശിയായ ഏജന്‍റിന്‍റെ നിർദ്ദേശ പ്രകാരമാണ് കുങ്കുമപൂവുമായെത്തിയതെന്നും ഇവർ പോലീസിനോട് പറഞ്ഞു.ഇതേത്തുടർന്ന് ഇയാൾക്കായും പോലീസ് അന്വേഷണം തുടങ്ങി. മൂവരേയും കണ്ണൂർ സെയിൽ ടാക്സ് അധികൃതർക്ക് കൈമാറി.ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്ഐ കെ.വി. രഘുനാഥ്, എഎസ്ഐ രാമചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ നൗഷാദ്, പ്രശാന്തൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
നിയമം ലംഘിച്ച് സർവീസ് നടത്തിയ കടമ്പൂർ സ്കൂളിന്റെ അഞ്ചു ബസ്സുകൾ പോലീസ് കസ്റ്റഡിയിലെടുത്തു
കണ്ണൂർ:നിയമം ലംഘിച്ച് സർവീസ് നടത്തിയ കടമ്പൂർ സ്കൂളിന്റെ അഞ്ചു ബസ്സുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.എടക്കാട് പൊലീസാണ് ബസ് കസ്റ്റഡിയിലെടുത്തിരുന്നത്.കുട്ടികളെ കുത്തിനിറച്ചും അമിതവേഗത്തിലും പോയ ബസിന്‍റെ ഡ്രൈവർമാർ മദ്യലഹരിയിലാണോ എന്ന് പരിരോധിക്കണമെന്ന കണ്ണൂർ എസ്.പി.യുടെ നിർദ്ദേശത്തെ തുടർന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. എസ്.ഐ.പുരുഷോത്തമന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് സ്കൂൾ ബസ്സുകൾ പിടികൂടിയത്. അമ്പതോളം കുട്ടികളെ കയറ്റാൻ സൗകര്യമുള്ള ബസ്സുകളിൽ ഓരോന്നിലും 140ലേറെ കുട്ടികളെ കുത്തിനിറച്ചതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. കുട്ടികളെ സ്കൂളിന് മുന്നിൽ ഇറക്കിയ ശേഷമാണ് ബസ്സുകൾ കസ്റ്റഡിയിലെടുത്തത്.ഡ്രൈവർമാർക്കും വാഹന ഉടമക്കുമെതിരെ കേസെടുത്തതായി പോലിസ് പറഞ്ഞു.ഇത്തരത്തിൽ കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോയതിന്റെ പേരിൽ നേരത്തെയും കടമ്പൂർ സ്കൂൾ വാഹനങ്ങൾ പിടികൂടിയിരുന്നതായി പോലീസ് പറഞ്ഞു.അന്ന് താക്കീത് നൽകിയ ശേഷം പിഴയടപ്പിച്ചാണ് വാഹനം വിട്ടു നൽകിയതത്രെ. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ കുട്ടികളെ കൂടുതൽ കയറ്റിയാണ് ഇതേ സ്കൂൾ ബസ്സുകൾ ഓടിയിരുന്നത്.യാത്രക്കിടയിൽ കുട്ടികൾ നേരിടുന്ന പ്രയാസങ്ങളെ പറ്റി രക്ഷിതാക്കൾ എസ്.പി.ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സബ്‌വേ യാത്രക്കാർക്കായി തുറന്നു കൊടുത്തു
കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സബ്‌വേ യാത്രക്കാർക്കായി തുറന്നു കൊടുത്തു.ഒന്നാം നമ്പര്‍ ഫ്‌ളാറ്റ് ഫോമില്‍നിന്ന് രണ്ടിലും മൂന്നിലേക്കും പ്രയാസമില്ലാതെ കടന്നുപോകുന്നതിനാണ് അടിപ്പാത നിര്‍മിച്ചത്.രണ്ട് വര്‍ഷം മുമ്പേയാണ് സബ്‌വേ നിര്‍മാണം.ആരംഭിച്ചത്.ഇതിന്റെ മേൽക്കൂരയുടെ നിർമാണം പൂർത്തിയായിട്ടില്ല.ഇത് പൂർത്തീകരിച്ച ശേഷം ഉൽഘാടനം നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.എന്നാൽ യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സബ്‌വേ തുറന്നു കൊടുക്കുവാൻ പി.കെ ശ്രീമതി ടീച്ചർ എം.പി നിർദേശിക്കുകയായിരുന്നു.