മലപ്പുറം:കോഴിക്കോട് ബാലുശ്ശേരിയിൽ അമ്മ നവജാത ശിശുവിന്റെ കഴുത്തറുത്ത് കൊന്ന വാർത്തയുടെ ഞെട്ടൽ മാറുന്നതിനു മുൻപേ മലപ്പുറത്ത് നിന്നും ക്രൂരതയുടെ മറ്റൊരു വാർത്ത കൂടി.മലപ്പുറം കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ചേരുര്‍ സ്വദേശി നബീലയേയും സഹോദരന്‍ ശിഹാബിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി ഏതാനും വര്‍ഷമായി അകന്നു കഴിയുന്ന നബീലയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെയാണ് കഴുത്തറുത്ത് കൊന്നത്. അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞ് വീടിന് അപമാനമാണെന്ന സഹോദരന്റെ തുടര്‍ച്ചയായ കുറ്റപ്പെടുത്തലിനെ പിന്നാലെയാണ് നബീല കുഞ്ഞിനെ കൊലപ്പെടുത്തിയത്. രണ്ടു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട നബീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സമാനമായ സംഭവം കഴിഞ്ഞ ദിവസം ബാലുശ്ശേരിയിൽ നടന്നിരുന്നു.രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ ‘അമ്മ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് നിര്‍മലൂര്‍ സ്വദേശി റിന്‍ഷയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഭര്‍ത്താവുമായി വര്‍ഷങ്ങളായി അകന്ന് കഴിയുകയായിരുന്നു റിന്‍ഷ.മാനഹാനി ഭയന്നാണ് റിന്‍ഷ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിൽ കാലിബ്രേഷൻ വിമാനം ഉപയോഗിച്ച് നടത്തിയ പരിശോധന വിജയകരം
കണ്ണൂർ:കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ ക്ഷമതാ പരിശോധന വിജയകരം. ബീച്ച് ക്രാഫ്റ്റ് വിഭാഗത്തിലെ ബി 350 എന്ന ചെറുവിമാനം ഉപയോഗിച്ചാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ച ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐഎല്‍എസ്) ഉള്‍പ്പെടെയുള്ള വിവിധ ഉപകരണങ്ങളുടെ പരിശോധന നടത്തിയത്. ഗ്ലൈഡ് പാത്ത്, വിവിധ സിഗ്നല്‍ ലൈറ്റുകള്‍, ലോക്കലൈസര്‍ തുടങ്ങിയ ഉപകരണങ്ങളുടെ ക്ഷമതയും സംഘം പരിശോധിച്ചു. രണ്ടുദിവസങ്ങളിലായി വിവിധ ഉയരത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിനു ചുറ്റും അഞ്ചുമണിക്കൂറോളമാണ് ഇവര്‍ വിമാനം പറത്തിയത്. സാങ്കേതിക മികവില്‍ മാത്രമല്ല, ആകാശത്തുനിന്നുള്ള കാഴ്ചയിലും കണ്ണൂര്‍ വിമാനത്താവളം അതിമനോഹരമാണെന്നു സംഘം പറഞ്ഞു. ഡല്‍ഹിയിലെത്തിയശേഷം എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് അന്തിമ പരിശോധനയ്ക്കായി ഡിജിസിഎ സംഘം കണ്ണൂരിലെത്തും. ഇതോടെ കണ്ണൂരിന് ഉടൻതന്നെ ചിറകുവിരിച്ച പറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
പ്രളയത്തില്‍ പാഠപുസ്തം നഷ്ടപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ പാഠപുസ്തകം വിതരണം ചെയ്യും
തിരുവനന്തപുരം:പ്രളയത്തില്‍ പാഠപുസ്തം നഷ്ടപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ വീണ്ടും പാഠപുസ്തകം വിതരണം ചെയ്യും.ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികളുടെ ആദ്യ ടെം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ഈ വര്‍ഷത്തെ സെക്കന്റ് ടെം പാഠപുസ്തകങ്ങളും ഇതിനോടൊപ്പം വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികല്‍ക്ക് നോട്ടുബുക്കും ബാഗും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
മൂന്നാഴ്ചത്തെ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു
തിരുവനന്തപുരം:മൂന്നാഴ്ചത്തെ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു.ഇന്ന് പുലര്‍ച്ചെ 4.40 ന് വിമാന മാര്‍ഗമാണ് മുഖ്യമന്ത്രി യാത്രപുറപ്പെട്ടത്.തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ എമിറേറ്റ്സ് വിമാനത്തില്‍ ദുബായ് വഴിയാണ് മുഖ്യമന്ത്രിയുടെ യാത്ര. തിങ്കളാഴ്ച പോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് തീരുമാനം മാറ്റി ഇന്ന് പുറപ്പെടുകയായിരുന്നു. അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കില്‍ ചികിത്സക്കായാണ് മുഖ്യമന്ത്രി പുറപ്പെട്ടിരിക്കുന്നത്. കഴിഞ്ഞമാസം 19ന് പോകാനായിരുന്നു തീരുമാനിച്ചത് എന്നാല്‍ കേരളത്തിലുണ്ടായ പ്രളയം കാരണം ആ യാത്ര നീട്ടിവെക്കുകയായിരുന്നു.കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി തന്റെ യാത്രയെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ചുമതല പകരം ആര്‍ക്കും നല്‍കിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകള്‍ ഇ-ഫയല്‍ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രി ഇ.പി ജയരാജന്‍ മന്ത്രിസഭാ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും.
കൊച്ചി എണ്ണ ശുദ്ധീകരണശാലയിലെ അറ്റകുറ്റപ്പണിയ്ക്കിടെ ഉണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു
കൊച്ചി:കൊച്ചി എണ്ണ ശുദ്ധീകരണശാലയിലെ അറ്റകുറ്റപ്പണിയ്ക്കിടെ ഉണ്ടായ അപകടത്തില്‍ ഒരു കരാർ തൊഴിലാളി മരിച്ചു.വൈക്കം സ്വദേശി അജേഷ് എന്നയാളാണ് മരിച്ചത്. മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം.സ്ഥാപനത്തിലെ ചൂട് നിയന്ത്രണ സംവിധാനം താഴേയ്ക്ക് പതിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകട നില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് നവജാത ശിശുവിനെ അമ്മ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു
കോഴിക്കോട്:നവജാത ശിശുവിനെ അമ്മ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശ്ശേരി നിര്‍മ്മലൂരിലാണ് രണ്ട് ദിവസം പ്രായമുള്ള നവജാത ശിശുവിനെ അമ്മ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്തുകൊന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ അമ്മ റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു.നാല് വര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുകയാണ് റിന്‍ഷ.ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതി പ്രസവിച്ചെന്ന് നാട്ടുകാരറിയുമ്ബോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം.വീട്ടില്‍ തന്നെയാണ് ഇവര്‍ പ്രസവിച്ചത്. പ്രസവിച്ച് മണിക്കൂറുകള്‍ക്കകം തന്നെ കുഞ്ഞിനെ കൊന്നിട്ടുണ്ടെന്നാണ് കരുതുന്നത്. മെഡിക്കല്‍ പരിശോധനക്കായി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സേലത്തെ വാഹനാപകടം;മരിച്ച ഏഴുപേരിൽ ആറുപേരും മലയാളികൾ
സേലം:തമിഴ്‌നാട്ടിലെ സേലത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഏഴുപേരിൽ ആറുപേരും മലയാളികൾ.ഇതില്‍ നാല് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.ആലപ്പുഴ സ്വദേശികളായ ജോര്‍ജ് ജോസഫ് (60), ഭാര്യ അല്‍ഫോന്‍സ (55), മകള്‍ ടീനു ജോസഫ് (32), മകളുടെ ഭര്‍ത്താവ് സിജി വിന്‍സന്‍റ് (35) എന്നിവരാണ് മരിച്ച ഒരു കുടുംബത്തിലെ അംഗങ്ങള്‍. എടത്വ സ്വദേശി ജിം ജേക്കബ് (58), ഷാനു (28) എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.പുലര്‍ച്ചെ ഒന്നോടെ സേലത്തിന് സമീപം മാങ്കമം എന്ന സ്ഥലത്തായിരുന്നു അപകടം. കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ബസ് ദേശീയപാതയില്‍ വച്ച് മറ്റൊരു വാഹനത്തിലിടിച്ച ശേഷം റോഡിലെ മീഡിയനിലൂടെ കടന്ന് ബംഗളൂരുവില്‍ നിന്നും തിരുവല്ലയ്ക്ക് എതിർദിശയിലൂടെ വരികയായിരുന്ന യാത്ര ട്രാവൽസിന്റെ ബസ്സിൽ ഇടിക്കുകയായിരുന്നു.സേലം ജില്ലാ കളക്ടര്‍ ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അപകടത്തില്‍ ബസുകള്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ സേലത്തെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മലപ്പുറത്ത് സദാചാര ഗുണ്ടകൾ കെട്ടിയിട്ട് മർദിച്ച യുവാവ് ആത്മഹത്യ ചെയ്തു
മലപ്പുറം:കോട്ടക്കലിൽ സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം കെട്ടിയിട്ട് മർദിച്ച യുവാവ് ആത്മഹത്യ ചെയ്തു.മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്. രാത്രി സംശകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് കഴിഞ്ഞ 27നാണ് യുവാവിനെ ആള്‍ക്കൂട്ടം അക്രമിച്ചത്.ബലപ്രയോഗത്തിലുടെ സാജിദിനെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ദൃശ്യങ്ങള്‍ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു. ഇതില്‍ മനം നൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
സാജിദ് താസമിക്കുന്ന പണിക്കര്‍പ്പടി എന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മമ്മാലിപ്പടി എന്ന സ്ഥലത്തെ വീടിന് സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചാണ് ഒരു സംഘമാളുകള്‍ യുവാവിനെ മര്‍ദ്ദിച്ചത്. കയര്‍ കൊണ്ട് കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് പൊലീസെത്തിയാണ് സാജിദിനെ മോചിപ്പിച്ചത്. എന്നാല്‍, ആര്‍ക്കെതിരെയും കേസെടുത്തിരുന്നില്ല. സാജിദിന് പരിക്കേറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സാജിദിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ രാവിലെ മുതലാണ് വാട്‌സ് ആപ്പിലും മറ്റും പ്രചരിച്ച് തുടങ്ങിയത്. സാജിദിന്റെ സുഹൃത്തുക്കള്‍ക്കും സന്ദേശം ലഭിച്ചു.ഇന്നലെ രാത്രിയാണ് സാജിദിനെ വീടിന് സമീപത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സസ്പെൻഷനിലായ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബോവിക്കാനം:സസ്പെൻഷനിലായ വില്ലേജ് ഓഫീസർ കയ്യിലെ ഞരമ്പ് മുറിച്ച ആത്മഹത്യയ്ക്ക് ശ്രമിച്ചു.മുളിയാർ വില്ലേജ് ഓഫീസർ എ.ബിന്ദുവിനെയാണ്(45) കൈഞരമ്പ് മുറിച്ച നിലയിൽ സഹപ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് സംഭവം.വില്ലേജ് ഓഫീസർ കൃത്യമായി ഓഫീസിലെത്തുന്നില്ലെന്നും ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് കാലതാമസം വരുത്തുന്നുവെന്നും ആരോപിച്ച് വെള്ളിയാഴ്ച ഡിവൈഎഫ്ഐ പ്രവർത്തകർ വില്ലേജ് ഓഫീസിനു മുൻപിൽ ധർണ നടത്തിയിരുന്നു.ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.ജയൻ കാടകം,ബ്ലോക്ക് സെക്രെട്ടറി കെ.വി നവീൻ,ജോയിന്റ് സെക്രെട്ടറി സനത്ത് കോട്ടൂർ എന്നിവർ രാവിലെ പതിനൊന്നരയോടെ വില്ലേജ് ഓഫീസിലെത്തിയപ്പോൾ ബിന്ദു സ്ഥലത്തുണ്ടായിരുന്നില്ല.ഈ സമയത്ത് നിരവധിപേർ സേവനം കാത്ത് വില്ലേജ് ഓഫീസിൽ ഉണ്ടായിരുന്നു.ഫോണിൽ വിളിച്ചിട്ടും വില്ലേജ് ഓഫീസർ എടുത്തില്ല.തുടർന്ന് പ്രവർത്തകർ ഇക്കാര്യം കല്കട്ടരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഡെപ്യുട്ടി കലക്റ്റർ സ്ഥലത്തെത്തി അന്വേഷണം നടത്തി.ഇതിന്റെ അടിസ്ഥാനത്തിൽ കലക്റ്റർ ഡി.സജിത്ത് ബാബു ബിന്ദുവിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കൽ, പൊതുജനത്തിന് ലഭിക്കേണ്ട സേവനങ്ങൾക്ക് കാലതാമസം വരുത്തൽ,ഭൂനികുതി പിരിക്കുന്നതിലെ അനാസ്ഥ തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് ബിന്ദുവിനെതിരെ നടപടി സ്വീകരിച്ചത്.ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി ഓഫീസിലെത്തിയ ബിന്ദു വൈകുന്നേരത്തോടെയാണ് സസ്‌പെൻഷൻ വിവരമറിഞ്ഞത്.ഇതോടെ കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.സഹപ്രവർത്തകർ ചേർന്ന് ആശുപത്രിയിലെത്തിച്ച ബിന്ദു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.അതേസമയം മാസാവസാനമായതിനാൽ താലൂക്ക് ഓഫീസിൽ പോയതിനാലാണ് ബിന്ദു ഓഫീസിൽ എത്താൻ താമസിച്ചതെന്ന് സഹപ്രവർത്തകർ പറഞ്ഞു.
കണ്ണൂർ മെഡിക്കൽ കോളേജിൽ പഠനാവസരം നഷ്ട്ടപ്പെട്ട 2016-17 ബാച്ചിലെ വിദ്യാർത്ഥികൾക്ക് 20 ലക്ഷം രൂപ വീതം തിരിച്ചുനല്കും
കണ്ണൂർ:കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ 2016-17 ബാച്ചിൽ പഠനാവസരം നഷ്ട്ടപ്പെട്ട വിദ്യാർത്ഥികൾക്ക് മാനേജ്‌മന്റ് 20 ലക്ഷം രൂപ വീതം തിരികെ നൽകും.വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയാണ് ചെയ്യുക.എന്നാൽ സുപ്രീം കോടതി വിധിച്ചത് ഒരുവർഷത്തെ ഫീസിന്റെ ഇരട്ടിയല്ലെന്നും മൊത്തം നൽകിയ തുകയുടെ ഇരട്ടിയാണെന്നും മെഡിക്കൽ പ്രവേശന മേൽനോട്ട സമിതിയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.പ്രവേശനത്തിൽ മെറിറ്റ് പാലിക്കാതെ ക്രമക്കേട് കാട്ടിയതിനാൽ പഠനവസരം നഷ്ട്ടപ്പെട്ട വിദ്യാർത്ഥികൾക്ക് അവർ നൽകിയ തുകയുടെ ഇരട്ടി സെപ്റ്റംബർ നാലിനകം തിരിച്ചുനൽകിയാൽ ഈ വര്ഷം എംബിബിഎസ് പ്രവേശനത്തിന് അനുമതി ലഭിക്കുമെന്നാണ് സുപ്രീം കോടതി വിധി.വാർഷിക ഫീസ് പത്തുലക്ഷമായിരുന്നുവെങ്കിലും പലരിൽ നിന്നും അഞ്ചുവർഷത്തെ ഫീസ് മുഴുവനായും മൂന്നുവർഷത്തെ ഫീസും പത്തുലക്ഷം രൂപ നിക്ഷേപമായും വാങ്ങിയിരുന്നു.പത്തുലക്ഷം രൂപ നിക്ഷേപമടക്കം അറുപതു ലക്ഷം രൂപവരെ നൽകിയതായി 110 ഓളം വിദ്യാർഥികൾ പ്രവേശനമേൽനോട്ട സമിതി മുൻപാകെ മൊഴിനല്കിയിരുന്നു.അടച്ച തുകയുടെ ഇരട്ടി നൽകിയില്ലെങ്കിൽ ഈ വർഷത്തെ പ്രവേശനം തടയുമെന്ന് 2016-17 ബാച്ചിലെ വിദ്യാർഥികൾ മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ വിഷയത്തിൽ മെഡിക്കൽ കോളേജ് മാനേജ്‌മെന്റിന്റെ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല.അതേസമയം മാനേജ്‌മന്റ് തിരികെ നൽകിയ തുകയുടെ വിവരം തിങ്കളാഴ്ച അറിയിക്കണമെന്ന് 2016-17 ബാച്ചിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശന മേൽനോട്ട സമിതി നിർദേശം നൽകിയിട്ടുണ്ട്.മാനേജ്മെന്റിൽ നിന്നും ലഭിക്കാനുള്ള സർട്ടിഫിക്കറ്റുകൾ,മറ്റു രേഖകൾ എന്നിവ സംബന്ധിച്ചും വിവരം നൽകണമെന്ന് നിർദേശമുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ കമ്മീഷണർക്ക് അന്നുതന്നെ വിവരം കൈമാറും.ഈ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് സെപ്റ്റംബർ നാലാം തീയതി നടക്കുന്ന എംബിബിഎസ് സ്പോട് അഡ്മിഷനിൽ കണ്ണൂർ മെഡിക്കൽ കോളേജിനെ പങ്കെടുപ്പിക്കണമോ എന്ന് തീരുമാനിക്കുക.