ജക്കാര്‍ത്ത: ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിന്‍റെ തലസ്ഥാനമായ പാലു നഗരത്തിലുണ്ടായ സുനാമിത്തിരകളില്‍ മരിച്ചവരുടെ എണ്ണം 30 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.വെള്ളിയാഴ്ച പാലു നഗരത്തില്‍നിന്നും 80 കിലോമീറ്റര്‍ അകലെയാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പിന്നീട് നിരവധി തുടര്‍ ചലനങ്ങളുമുണ്ടായി.ഇന്ത്യന്‍ സമയം വൈകീട്ട് 3.30 ഓടെയായിരുന്നു ദുരന്തം. കടലില്‍ നിന്ന് രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാല കരയിലേക്ക് ആഞ്ഞടിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ വന്‍ തിരമാലകള്‍ തീരം തൊട്ടു. സുനാമിയില്‍പ്പെട്ട് നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. നിരവധി ചെറു കപ്പലുകള്‍ നിയന്ത്രണം വിട്ട് ഒഴുകിപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.തകര്‍ന്ന വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ഇടുക്കിയിൽ കനത്ത നാശം വിതച്ച് വീണ്ടും മഴ; ഉരുൾപൊട്ടിവരുന്നത് കണ്ട് ഹൃദയാഘാതം മൂലം ഒരാൾ മരിച്ചു
ഇടുക്കി: ഇടുക്കിയില്‍ വീണ്ടും നാശം വിതച്ച് മഴ കനക്കുന്നു. നിരവധി വീടുകളില്‍ വീണ്ടും വെള്ളംകയറി. മലവെള്ളപ്പപ്പാച്ചില്‍ കണ്ട് ഭയന്നയാള്‍ ഹൃദയാഘാതം വന്ന് മരിച്ചു. ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഉരുള്‍പൊട്ടിവരുന്നത് കണ്ട് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.രാത്രി ആറ് മണിമുതല്‍ ഒമ്ബത് മണിവരെ നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍ ചമ്ബക്കാനം മേഖലയിലെ വീടുകളില്‍ വെള്ളം കയറി. വ്യാപകമായി കൃഷിനാശവും ഉണ്ടായിട്ടുണ്ട്.ഇന്നലെ വൈകീട്ട് തുടങ്ങിയ കനത്ത മഴയ്ക്ക് രാവിലെ താല്‍ക്കാലിക ശമനം ഉണ്ടായിട്ടുണ്ട്. ഇടുക്കിയില്‍ ടൂറിസം വീണ്ടും സജീവമാവുകയായിരുന്നു. നീലക്കുറിഞ്ഞി പൂത്തതും മറ്റും കാണാന്‍ നിരവധി പേര്‍ ഒഴുകിയെത്താന്‍ തുടങ്ങിയതുമാണ്. ഇതിനിടെയാണ് വീണ്ടും മഴ. കോട്ടയത്തും കൊല്ലത്തും തിരുവനന്തപുരത്തും ഇന്നലെ ശക്തമായ മഴ പെയ്തു. പത്തനംതിട്ടയിലും മഴ എത്തിയിട്ടുണ്ട്. ഇടുക്കിയിലാണ് ഇത് കൂടുതല്‍ നാശം വിതച്ചത്. മലബാറിലും മഴ പെയ്യുന്നുണ്ട്. അതിനിടെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിനു മുന്നോടിയായി പ്രളയം തകര്‍ത്തെറിഞ്ഞ പമ്പയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മഴ തടസമാകുന്നു. ഏറെ ദിവസമായി ഉച്ചകഴിഞ്ഞ് പമ്പയിൽ കനത്ത മഴയാണ്. മണലടിഞ്ഞ് ദിശമാറിയ പമ്പയുടെ ഒഴുക്ക് പൂര്‍വ സ്ഥിതിയിലാക്കിയെങ്കിലും നദി നിരന്നൊഴുകുകയായിരുന്നു.ഇതോടെ ടാറ്റാ കണ്‍സ്ട്രക്ഷന്‍ കമ്പനി നദിയിലെ മണ്ണ് വാരി എട്ടടിയോളം ആഴംകൂട്ടി. എന്നാല്‍ മഴ പെയ്ത് നദിയിലെ ഒഴുക്കിന് ശക്തി കൂടിയതോടെ ത്രിവേണി ഭാഗത്തെ മണ്ണ് ഒഴുകിയെത്തി ആഴം വീണ്ടും കുറഞ്ഞു. ഗോഡൗണില്‍ വെള്ളം കയറി നശിച്ച ശര്‍ക്കര, മാറ്റി ശുചീകരിക്കാന്‍ മഴ കാരണം കഴിഞ്ഞില്ല. പമ്പ ഗവണ്‍മെന്റാശുപത്രി കെട്ടിടത്തില്‍ കയറി ക്കിടക്കുന്ന മണലും നീക്കിയിട്ടില്ല. ഉരുള്‍പൊട്ടല്‍ മൂലം മണ്ണടിഞ്ഞ് നികന്ന കുന്നാര്‍ ഡാമിലെ ചെളിനീക്കി ആഴം വര്‍ധിപ്പിക്കുകയാണ്. വനത്തിനുള്ളിലായതിനാലും മഴയായതിനാലും സന്നിധാനത്തുനിന്ന് ഏറെ അകലെയുള്ള കുന്നാറില്‍ ഒരു ദിവസം നാലുമണിക്കൂര്‍ സമയം മാത്രമേ ജോലി ചെയ്യാന്‍ കഴിയൂ. രാവിലെ എട്ടിന് സന്നിധാനത്തുനിന്ന് തിരിച്ചാല്‍ 10 മണിയോടെ മാത്രമേ കുന്നാറില്‍ എത്തുകയുള്ളൂ. ഉച്ചകഴിഞ്ഞ് രണ്ടിന് തിരികെ പോവുകയും വേണം. ഈ പ്രവര്‍ത്തിയേയും മഴ തടസ്സപ്പെടുത്തുകയാണ്.
കേളകം കണിച്ചാറിൽ ഫാസ്റ്റ് ഫുഡ് ഷോപ്പിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
കണ്ണൂർ:കേളകം കണിച്ചാറിൽ ഫാസ്റ്റ് ഫുഡ് ഷോപ്പിൽ നിന്നും നിരോധിത പുകയില ഉൽപ്പനങ്ങൾ പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കാണിച്ചാറിലെ ടി.എസ്.ജോസഫിനെ (47) പേരാവൂർ എക്സൈസ് സംഘം പിടികൂടി.കടയിൽ നിന്നും 1000 പായ്ക്കറ്റ് (12 കിലോ) ഹാൻസ് കണ്ടെടുത്തു. ഇയാളുടെ പേരിൽ കോട്പ ആക്ട് പ്രകാരം കേസെടുത്തു.എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്ക്വാഡിനുലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. ആവശ്യക്കാർക്ക് കൊടുക്കാനായി മൂന്ന് പൗച്ചുവീതം കടലാസുചുരുളുകളിലാക്കി പൊതിഞ്ഞ് കടയിലെ വേസ്റ്റ് പെട്ടിയിൽ ഒളിപ്പിച്ചവെച്ച നിലയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഇത്തരത്തിൽ 30 പൊതികൾ കടയിൽനിന്ന് കണ്ടെടുത്തു. തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 910 പൗച്ച് ഹാൻസ് കിടപ്പുമുറിയിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പി.സജീവൻ, പി.സി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ഉമ്മർ, പി.എസ്.ശിവദാസൻ, കെ.ശ്രീജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സി.എച്ച്.ഷിംന, എക്സൈസ് ഡ്രൈവർ കെ.ടി.ജോർജ് എന്നിവർ പങ്കെടുത്തു.
തളിപ്പറമ്പിൽ വെൽഡിങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും താഴെവീണ് യുവാവ് മരണപ്പെട്ടു
തളിപ്പറമ്പ്:തളിപ്പറമ്പ് ചെറിയൂരിൽ വെൽഡിങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും താഴെവീണ് യുവാവ് മരണപ്പെട്ടു.മലപ്പുറം താനൂര്‍ സ്വദേശി സഫീര്‍(23)ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9.30 നായിരുന്നു സംഭവം.ഇരുമ്പുരുക്ക് കമ്പനിയില്‍ ജോലി ചെയ്തുവരുന്ന സംഘത്തില്‍ പെട്ടയാളാണ് സഫീർ.കെട്ടിടത്തിന്റെ ഷീറ്റ് മാറ്റിക്കൊണ്ടിരിക്കെ പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
ശബരിമല സ്ത്രീപ്രവേശനം;വിധി അംഗീകരിക്കുന്നതായി ദേവസ്വം ബോർഡ്; നിരാശാജനകമെന്ന് ശബരിമല തന്ത്രി
തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി അംഗീകരിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.പദ്മകുമാർ.വിധി നടപ്പാക്കുന്നത് സംബന്ധിച്ച് തന്ത്രിയുമായി സംസാരിക്കും. കോടതിയുടെ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ട സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം ശബരിമല സ്‌ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠരര് രാജീവരര്. എന്നാല്‍ പൗരനെന്ന നിലയില്‍ വിധി അംഗീകരിക്കുന്നുവെന്നും പഴയ രീതിയില്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോകണമെന്ന അഭിപ്രായക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. പത്തിനും 50നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന് സുപ്രീം കോടതി വിധി
ന്യൂഡൽഹി:പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതിയുടെ നിർണായക വിധി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ചരിത്രപ്രധാനമായ ഈ വിധി.കേസ് പരിഗണിച്ച സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചില്‍ നാല് പുരുഷ ജഡ്ജിമാരും ഒരു വനിതാ ജഡ്ജിയുമാണ് ഉള്‍പ്പെട്ടിരുന്നത്. ദീപക് മിശ്ര ഉള്‍പ്പെടെയുള്ള പുരുഷ ജഡ്ജിമാര്‍ സ്ത്രീ പ്രവേശനത്തില്‍ അനുകൂല നിലപാടെടുത്തപ്പോള്‍ ഇന്ദു മല്‍ഹോത്ര സ്ത്രീപ്രവേശനത്തോട് വിയോജിച്ചു.ശാരീരിക അവസ്ഥകളുടെ പേരില്‍ സ്ത്രീകളോട് വിവേചനം പാടില്ല, അയ്യപ്പ വിശ്വാസികള്‍ പ്രത്യേക മതവിഭാഗമല്ലെന്നും കോടതി നിരീക്ഷിച്ചു.മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കരുതെന്നും വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. എട്ടു ദിവസത്തെ വാദം കേൾക്കലിന് ശേഷം ഓഗസ്റ്റ് എട്ടിനാണ് ഭരണഘടനാ ബെഞ്ച് കേസ് വിധിപറയാനായി മാറ്റിവെച്ചത്.2006 ഇൽ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ ആണ് ഈ വിഷയവുമായി സുപ്രീം കോടതിയെ സമീപിച്ചത്.തുല്യതയും മതാചാരം അനുഷ്ഠിക്കാനുള്ള അവകാശവും വാഗ്ദാനം ചെയ്യുന്ന ഭരണഘടനാ അനുച്ഛേദങ്ങളുടെ ലംഘനമാണ് പ്രവേശന വിലക്കെന്നായിരുന്നു ഹർജിക്കാരുടെ വാദം. സ്ത്രീകൾക്ക് പ്രായഭേദമന്യേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകണമെന്ന് സംസ്ഥാനസർക്കാരും കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.
ഓൺലൈൻ മരുന്നുവ്യാപാരത്തിൽ പ്രതിഷേധിച്ച് രാജ്യത്തെ മെഡിക്കൽ ഷോപ്പുകൾ ഇന്ന് അടച്ചിടും
ന്യൂഡൽഹി:ഓൺലൈൻ മാറുന്നവ്യാപാരത്തിൽ പ്രതിഷേധിച്ച് രാജ്യത്തെ മുഴുവൻ മെഡിക്കൽ ഷോപ്പുകളും ഇന്ന് അടച്ചിടും.മരുന്നുകള്‍ ഓണ്‍ലൈന്‍ വഴിയും ഇ- ഫാര്‍മസികള്‍ വഴിയും വിറ്റഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കുന്ന ഏത് കേന്ദ്രനീക്കത്തിനെതിരെയും പ്രതിഷേധിക്കുക്കുമെന്ന് സംഘടന അറിയിച്ചു. ഓണ്‍ലൈനായി മരുന്ന് വ്യാപാരം നടത്തുന്ന ഒരു വ്യക്തിക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ സെന്‍ട്രല്‍ ലൈസന്‍സിംഗ് അതോറിറ്റിയില്‍ നിന്ന് 18എഎ ഫോം വഴി അനുമതിക്ക് അപേക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ അടങ്ങിയ മരുന്നുകളും നാര്‍ക്കോട്ടിക് സ്വഭാവമുള്ള ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നതിന് വിലക്കുണ്ട്.മരുന്ന് വില നിയന്ത്രണം സര്‍ക്കാരിന് ആണെന്നിരിക്കെ ഹോള്‍സെയില്‍ വില്‍പ്പനക്കാര്‍ക്ക് പത്ത് ശതമാനം ഡിസ്കൗണ്ട് ലഭിക്കുമ്പോൾ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് 70 ശതമാനം ഡിസ്കൗണ്ടാണ് നല്‍കുമെന്നതെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് വ്യാപാരം ഡ്രഗ്ഗ് ആക്ടിലെ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും നിയമ ലംഘനം തുടരുന്നുവെന്നും മരുന്നുവ്യാപാരികള്‍ ആരോപിച്ചു. മരുന്നുകളുടെ ഓണ്‍ലൈന്‍ വ്യാപാരം നടത്തുകയാണെങ്കില്‍ 8.5 ലക്ഷത്തോളം വരുന്ന വ്യാപാരികളുടേയും അവരുടെ കുടുംബത്തിന്റെയും അവസ്ഥ പരിതാപകരമാവുമെന്നും പാര്‍ശ്വഫലങ്ങളെ കുറിച്ചും കഴിക്കേണ്ട രീതിയെ കുറിച്ചുമെല്ലാം രോഗിയെ ധരിപ്പിക്കുന്ന ഫാര്‍മസിസ്റ്റിന്റെ സേവനം ഇല്ലാതാകുമെന്നുമാണ് സംഘടനാ വ്യക്തമാക്കുന്നത്.
മലപ്പുറത്ത് മാനിറച്ചി എന്ന് തെറ്റിദ്ധരിപ്പിച്ച് പട്ടിയിറച്ചി നൽകിയതായി ആരോപണം;കഴിച്ചവരെല്ലാം ആശുപത്രിയിൽ
മലപ്പുറം:കാളിക്കാവിൽ വേട്ടസംഘം മാനിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധിപേര്‍ക്ക് വലിയ തുക വാങ്ങി പട്ടി ഇറച്ചി നല്‍കിയെന്ന് ആരോപണം. ഇറച്ചി വേവാന്‍ മാനിറച്ചി വേവുന്നതിലും കൂടുതല്‍ സമയം എടുത്തതാണ് സംശയത്തിന് വഴിവച്ചത്.സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മലയോരത്ത് നിരവധി പട്ടികളുടെ തലകള്‍ കണ്ടെത്തി. പട്ടി മാംസം കഴിച്ച പലരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. അതേസമയം കബളിപ്പിക്കപ്പെട്ടവരാരും ഇതുവരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. കാരണം മാനിനെ വേട്ടയാടുന്നതും ഭക്ഷണമാക്കുന്നതും കുറ്റമാണ്. അതിനാല്‍ വേട്ടസംഘം പിടിയിലാകുന്നതോടൊപ്പം ഇറച്ചിക്ക് പണം നല്‍കിയവരും കേസില്‍പ്പെടും.പോലീസും വനം വന്യജീവി വകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേട്ടസംഘം നല്‍കിയത് പട്ടിമാംസം തന്നെയാണെന്നാണ് അധികൃതരുടെ ഇതുവരെയുള്ള നിഗമനം. മാനിറച്ചിയാണ് നല്‍കിയതെങ്കില്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം വനംവകുപ്പും പട്ടി ഇറച്ചിയാണ് നല്‍കിയതെങ്കില്‍ കബളിപ്പിച്ചതിന്റെ പേരില്‍ പോലീസും വേട്ടസംഘത്തിനെതിരെ കേസെടുക്കും.
ശബരിമലയിലെ സ്ത്രീപ്രവേശനം;സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്
ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.എട്ട് ദിവസത്തെ വാദംകേള്‍ക്കലിനുശേഷം ആഗസ്ത് എട്ടിനാണ് ഭരണഘടനാബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിയത്. 2006ല്‍ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനാണ് വിഷയവുമായി സുപ്രീംകോടതിയെ സമീപിച്ചത്. പ്രധാന ഹര്‍ജിക്കു പിന്നാലെ അതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി അനുബന്ധ ഹര്‍ജികളും കോടതിയുടെ പരിഗണനയ്ക്കെത്തി. തുല്യതയും മതാചാരം അനുഷ്ഠിക്കാനുള്ള അവകാശവും വാഗ്ദാനം ചെയ്യുന്ന ഭരണഘടനാ അനുച്ഛേങ്ങളുടെ ലംഘനമാണ് പ്രവേശനവിലക്കെന്നാണ് ഹര്‍ജിക്കാരുടെ വാദം. ശാരീരിക അവസ്ഥയുടെ പേരിൽ സ്ത്രീകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാകുമോ,ശബരിമല പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്ഷേത്രമാണോ,സ്ത്രീകൾക്കുള്ള നിയന്ത്രണം തുല്യത, ആരാധനക്കുള്ള അവകാശം എന്നിവയുടെ ലംഘനമാണോ, ആരാധാനയുടെ പേരിൽ ഒരു വിഭാഗത്തെ മാത്രം മാറ്റിനിര്‍ത്താനാകുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഭരണഘടന ബെഞ്ച് പരിശോധിച്ചത്. കേസിൽ വാദം കേൾക്കുന്നതിനിടെ പൊതുക്ഷേത്രമായ ശബരിമലയിൽ ഒരു വിഭാഗം സ്ത്രീകളെ മാത്രം പ്രവേശിപ്പിക്കാതിരിക്കുന്നത് വിവേചനപരമാണെന്ന് കോടതി പരാമര്‍ശം നടത്തിയിരുന്നു. വിശ്വാസത്തിന്‍റെ ഭാഗമാണെങ്കിലും ഭരണഘടനപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കോടതിക്ക് ഇടപെടാൻ സാധിക്കും. അതൊരിക്കലും ആചാരത്തിന്‍റേയോ വിശ്വാസത്തിന്‍റേയോ കടിഞ്ഞാണ്‍ ഏറ്റെടുക്കലായി കണക്കാക്കേണ്ടതില്ല എന്ന് കോടതി പറഞ്ഞിരുന്നു.
കേരളാ തീരത്ത് ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത;ജാഗ്രതാ നിർദേശം
തിരുവനന്തപുരം:കേരളാ തീരത്ത് ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.കള്ളകടൽ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡിന്റെയും ഫലമായാണ് ശക്തമായ തിരമാലകൾ രൂപം കൊള്ളുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ ,കാസർഗോഡ് തീരപ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ ശക്തമായ തിരമാലകൾ രൂപംകൊള്ളും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വേലിയേറ്റ സമയത്ത് തിരമാലകൾ തീരത്ത് ശക്തി പ്രാപിക്കുകയും ശക്തമായി മാറാനും സാധ്യതയുണ്ട്. അത് കണക്കിലെടുത്ത് തീരത്തോട് ചേർന്ന് മീൻ പിടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം. ബോട്ടുകൾ കൂട്ടിമുട്ടി നാശം ഉണ്ടാകാതിരിക്കാൻ നങ്കൂരം ഇടുമ്പോൾ അവ തമ്മിൽ അകലം പാലിക്കണം. തീരങ്ങളിൽ ഈ പ്രതിഭാസത്തിന് ആഘാതം കൂടുതലായിരിക്കും എന്നതിനാൽ തീര പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരം ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ബോട്ടുകളും വള്ളങ്ങളും തീരത്തുനിന്നും കടലിലേക്കും കടലിൽനിന്ന് തീരത്തിലേക്ക് കൊണ്ടുപോകുന്നതും വരുന്നതും ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. നാളെ രാത്രി വരെയാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.