പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്ത അഞ്ചംഗ ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേർ കണ്ണൂരിൽ പിടിയിൽ

keralanews three from a quatation gang who kidnapped bussiness in kannur were arrested

കണ്ണൂർ:ദുബായിൽ വ്യവസായിയായ പെരുമ്പാവൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയി എടിഎം കാർഡുകളുടെ പിൻ നമ്പർ കൈവശപ്പെടുത്തി പണം തട്ടിയ ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേർ പിടിയിലായി.കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശികളായ പി.റെയ്‌സ്(28),എസ് സന്ദീപ്(27), കെ.റെനിൽ(25) എന്നിവരാണ് ടൌൺ സി.ഐ ടി.എസ് രത്‌നകുമാർ,എസ്‌ഐ ശ്രീജിത്ത് കോടേരി എന്നിവരുടെ പിടിയിലായത്.അഞ്ചംഗ ക്വട്ടേഷൻ സംഘമാണ് പെരുമ്പാവൂർ സ്വദേശിയായ വ്യാപാരി അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്.വ്യാപാരിയുടെ ഡ്രൈവറാണ് ഇവർക്ക് ക്വട്ടേഷൻ നൽകിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.ഇയാളെ തടവിൽപാർപ്പിച്ച സ്ഥലവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഇക്കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതിയാണ് പെരുമ്പാവൂരിൽ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന അഷ്‌റഫിനെ പുതിയതെരുവിൽ വെച്ച് അഞ്ചംഗ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. പുതിയതെരുവിലെ ഒരു ഹോട്ടലിലാണ് അഷ്‌റഫ് താമസിച്ചിരുന്നത്. ഇവിടെയെത്തിയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ താൻ അഷ്‌റഫിന്റെ ഡ്രൈവറുടെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി.പിന്നീട് ഭക്ഷണം തന്റെ വീട്ടിലാക്കാമെന്ന് പറഞ്ഞ് അഷ്‌റഫിനെ കണ്ണാടിപ്പറമ്പിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവിടെയെത്തിയ അഷ്‌റഫിനെ അഞ്ചുപേരും ചേർന്ന് മർദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു.എന്നാൽ തന്റെ കൈവശം പണം ഇല്ലെന്ന് അഷ്‌റഫ് അറിയിച്ചതിനെ തുടർന്ന് എടിഎം കാർഡിന്റെ പിൻനമ്പർ കൈവശപ്പെടുത്തി. അന്നേ ദിവസം രാത്രി പതിനൊന്നരയ്ക്കും പന്ത്രണ്ടു മണിക്കും ഇടയിൽ രണ്ടുതവണയായി രണ്ടരലക്ഷം രൂപ വീതം പിൻവലിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ അഷ്‌റഫ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം ഇപ്പോൾ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

കണ്ണൂരിൽ മൂന്നു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

keralanews two arrested with 3kg of ganja in kannur

കണ്ണൂർ:വില്പനയ്ക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ.കക്കാട് കൊയിലോത്ത് വീട്ടിലെ സി.കെ ഷെഫീഖ് (21),കൊറ്റാളി കുഞ്ഞിപ്പള്ളി അഷ്‌റഫ് മൻസിലിൽ സി.പഷമീൽ(19) എന്നിവരാണ് പിടിയിലായത്.കണ്ണൂർ ടൌൺ എസ്‌ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് ഇവർ പിടിയിലാകുന്നത്.ബെംഗളൂരുവിൽ നിന്നും ട്രെയിൻ മാർഗം രണ്ടു ചാക്കുകളിലായാണ് ഇവർ കഞ്ചാവ് കണ്ണൂരിലെത്തിച്ചത്.പിന്നീട് പഴയബസ്സ്റാൻഡ് പരിസരത്ത് വെച്ച് ഇത് അരക്കിലോയുടെ പായ്‌ക്കറ്റുകളാക്കി മാറ്റുന്നതിനിടെയാണ് ഇവർ പോലീസിന്റെയും ആന്റി നാർക്കോട്ടിക് ടീമിന്റെയും പിടിയിലാകുന്നത്.ചെറിയ പായ്‌ക്കറ്റുകളിലാക്കി വിദ്യാലയ പരിസരത്തെത്തിച്ച് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലെത്തിച്ച് ഏജന്റുമാർ വഴി വിതരണം ചെയ്യുകയുമാണ് ഇവർ ചെയ്യുന്നത്.കണ്ണൂർ ടൌൺ എസ്‌ഐ ശ്രീജിത്ത് കോടേരി,ആന്റി നാർക്കോട്ടിക് ടീം അംഗങ്ങളായ എ എസ്‌ഐമാരായ രാജീവൻ, മഹിജൻ,സിവിൽ പോലീസ് ഓഫീസർമാരായ മിഥുൻ,സജിത്ത്,സുഭാഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കുമെന്ന വാർത്ത വ്യാജമെന്ന് വിദ്യാഭ്യാസ വകുപ്പ്

keralanews the news that all saturdays are working days for schools in the state were fake

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകൾക്ക് രണം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് വിദ്യാഭ്യാസ വകുപ്പ്.ഈ മാസം ഏഴിന് സര്‍ക്കാര്‍ അധ്യാപക സംഘടനാ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ഗുണമേന്മ പരിശോധനാസമിതി യോഗം വിളിച്ചിട്ടുണ്ട്. ഇതിനുശേഷമേ ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കണമോ എന്ന  കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇനിയുള്ള രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചുവെന്ന തരത്തിലാണ് വ്യാജ സന്ദേശം നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്കു നിരവധി അധ്യയനദിനങ്ങള്‍ നഷ്ടമായതിന്‍റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാന്‍ തീരുമാനിച്ചതെന്നും ജനുവരി വരെ ഈ ക്രമം തുടരുമെന്നുമായിരുന്നു വ്യാജ പ്രചരണം.

തേനീച്ചയുടെ കുത്തേറ്റ് വ്യാപാരി മരിച്ചു

keralanews man dies in honeybee attack

പഴയങ്ങാടി:തേനീച്ചയുടെ കുത്തേറ്റ് വ്യാപാരി മരിച്ചു.വേങ്ങര ഊർക്കഴകം കാഴ്ച കമ്മിറ്റി ഓഫീസിനു സമീപം ടി .വി  നാരായണൻ(57) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.ചെമ്പല്ലിക്കുണ്ട് പാലത്തിനു സമീപനം കരിമ്പിൻ ജ്യൂസ് കട നടത്തിവരികയായിരുന്നു നാരായണൻ.കടയ്ക്ക് സമീപത്തുള്ള മരത്തിലെ തേനീച്ചക്കൂട് പരുന്തിന്റെ ചിറകടിയിൽത്തട്ടി തേനീച്ചകൾ ഇളകുകയായിരുന്നു.പലർക്കും തേനീച്ചയുടെ കുത്തേറ്റു.കുത്തേറ്റവരിൽ ചിലർ വേങ്ങരഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു.മറ്റു ചിലർ സമീപത്തെ പുഴയിൽ ചാടിയും രക്ഷപ്പെട്ടു.നാരായണനും ഇത്തരത്തിൽ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് നാട്ടുകാർ കരുതിയത്. കുത്തേറ്റ പലരും സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.എന്ന, നാരായണനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഏഴരമണിയോടെ പാലത്തിനക്കരെ ഡ്രൈവിംഗ് പരിശീലനം നടത്തുന്ന ഗ്രൗണ്ടിൽ മരച്ചുവട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വിദേശത്തായിരുന്ന ഇദ്ദേഹം അടുത്തകാലത്താണ് ഇവിടെ കട തുടങ്ങിയത്.പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി മൃതദേഹം അരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ:പി.കെ പ്രഭാവതി,മകൻ:റിനീഷ്.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വേങ്ങര സമുദായ ശ്മശാനത്തിൽ.

ഷുഹൈബ് വധം;രണ്ടു പ്രതികൾ കൂടി അറസ്റ്റിലായി

keralanews shuhaib murder case two accused arrested

മട്ടന്നൂർ:എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെ കൂടി മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.സിപിഎം പ്രവർത്തകരായ മട്ടന്നൂർ മെറ്റടിയിലെ പി.കെ അവിനാശ്(23),പാലയോട്ടെ പി.നിജിൽ(27)എന്നിവരാണ് അറസ്റ്റിലായത്.സിഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന,കൊലയാളികൾക്ക് സഹായം ചെയ്തു കൊടുക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അവിനാശ് പന്ത്രണ്ടാം പ്രതിയും നിജിൽ പതിമൂന്നാം പ്രതിയുമാണ്.കേസിൽ പതിനൊന്നു വരെയുള്ള പ്രതികൾ നേരത്തെ പിടിയിലായിരുന്നു.സിപിഎം മുൻ ലോക്കൽ സെക്രെട്ടറി ഉൾപ്പെടെ നാലുപേർ കൂടി ഇനി അറസ്റ്റിലാകാനുണ്ട്.കഴിഞ്ഞ ഫെബ്രുവരി 12 നാണ് യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രെട്ടറി ഷുഹൈബിനെ കാറിലെത്തിയ അഞ്ചംഗസംഘം തെരൂരിലെ തട്ടുകടയിൽവെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

കെഎസ്‌യു പ്രവർത്തകനെ മർദിച്ച സംഭവത്തിൽ 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

keralanews case charged against ten s f i workers in connection with beating k s u worker in kuthuparamba

കൂത്തുപറമ്പ്:കെഎസ്‌യു പ്രവർത്തകനെ മർദിച്ച സംഭവത്തിൽ 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.നിർമ്മലഗിരി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയും കോളേജ് യൂണിയൻ ജനറൽ ക്യാപ്റ്റനുമായ തിരഞ്ഞെടുക്കപ്പെട്ട ജ്യോതിസ് തോമസിനാണ് മർദനമേറ്റത്.തൊക്കിലങ്ങാടിയിലെ ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയ ജ്യോതിസിനെ പത്തുപേരടങ്ങുന്ന എസ്എഫ്ഐ പ്രവർത്തകർ മർദിക്കുകയായിരുന്നു.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിപ്രകാരം കൂത്തുപറമ്പ് പൊലീസാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മർദനത്തിൽ തലയ്ക്കും ചെവിക്കും ഗരുതരമായി പരിക്കേറ്റ ജ്യോതിസിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടികളെ അപമാനിച്ചതിനാണ് തന്നെ മർദിച്ചതെന്ന് പറയാൻ നിർബന്ധിച്ച് മാപ്പുപറയിക്കുന്ന വീഡിയോ ചിത്രീകരിച്ചതായും ജ്യോതിസിന്റെ പരാതിയിൽ പറയുന്നുണ്ട്.

കാത്തിരിപ്പിനൊടുവിൽ താവം റെയിൽവേ മേൽപ്പാലം ഇന്ന് തുറന്നുകൊടുക്കും

keralanews thavam over bridge will open today

കണ്ണൂർ:വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ താവം മേൽപ്പാലം ഇന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കും.എന്നാൽ  ഔദ്യോദീഗമായ ഉദ്ഘാടനം ഒക്ടോബറിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.പിലാത്തറ പാപ്പിനിശ്ശേരി കെ എസ്.ടി.പി അന്താരാഷ്ട്ര റോഡ് നിർമ്മാണത്തിന്റെ ഭാഗമായാണ് പഴയങ്ങാടി താവത്ത് റെയിൽവെ മേൽപ്പാലം നിർമ്മിച്ചത്.പാലത്തിന്റെ ടാറിംംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കി. പാലത്തിന് മുകളിൽ മുപ്പതോളംസോളാർ ലൈറ്റുകളും സ്ഥാപിക്കും. കൈവരികളുടെ പെയിന്റിംഗും സിഗ്‌നൽ സംവിധാനങ്ങൾ ഘടിപ്പിക്കുന്ന പ്രവൃത്തിയും ഉടൻ പൂർത്തിയാക്കും.പാലം തുറക്കുന്നതോടെ പയ്യന്നൂർ -കണ്ണൂർ ദേശീയപാതയിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്ക് ഏഴു കിലോമീറ്റർ ദൂരക്കുറവിൽ ഇതു വഴി സഞ്ചരിക്കാം .

കണ്ണൂർ വിമാനത്താവളത്തിൽ കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചു

keralanews the work of establishing weather monitoring equipment at kannur airport was initiated

കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചു.ഐഎംഡി ഉദ്യോഗസ്ഥരാണ് ഇതിനായി എത്തുന്നത്.അന്തരീക്ഷ ഊഷ്മാവ്,മഴ,ആർദ്രത എന്നിവ അളക്കുന്നതിനുള്ള ഉപകരണങ്ങളാണ് സ്ഥാപിക്കുക.ഇതിനു രണ്ടുദിവസമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.ഉപകരണങ്ങൾ സ്ഥാപിച്ചതിനു ശേഷം ഇവയുടെ പ്രവർത്തനവും സംഘം വിലയിരുത്തും.വിമാനത്താവളത്തിന് ലൈസൻസ് ലഭിക്കുന്നതിനുള്ള അന്തിമ പരിശോധനയ്ക്കായി വിവിധ കേന്ദ്ര ഏജൻസികൾ അടുത്തയാഴ്ച കണ്ണൂരിലെത്തുന്നുണ്ട്.ലൈസൻസിനുള്ള നടപടിക്രമങ്ങൾ ഈ മാസം പകുതിയോടെ പൂർത്തിയാക്കും.നവംബർ ആദ്യത്തോടെ കണ്ണൂരിൽ നിന്നും വാണിജ്യാടിസ്ഥാനത്തിൽ സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നും വ്യോമയാന സെക്രെട്ടറി അറിയിച്ചു. വിമാനത്താവളത്തിലെ ഐഎൽഎസ് സംവിധാനത്തിന്റെ കാലിബ്രേഷൻ പരിശോധന കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

രാജ്യത്ത് ഇന്ധന വില കുതിക്കുന്നു

keralanews oil price increasing in the country

ന്യൂഡൽഹി:തുടര്‍ച്ചയായി പതിനൊന്നാം ദിവസവും രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 16 പൈസയും, ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ചൊവ്വാഴ്ച ലിറ്ററിന് 79.31 രൂപയാണ് ഡല്‍ഹിയിലെ പെട്രോള്‍ വില, ഡീസലിന് 71.34 രൂപയുമാണ്. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 86.72 രൂപയായും, ഡീസല്‍ വില ലിറ്ററിന് 75.74 രൂപയായും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82.7 രൂപയും, ഡീസലിന് ലിറ്ററിന് 76.41 രൂപയുമാണ് വിലയുള്ളത്. കഴിഞ്ഞ അഞ്ച് മാസം കൊണ്ട് ഡീസല്‍ വില ലിറ്ററിന് 4.66 രൂപയും, പെട്രോള്‍ വില ലിറ്ററിന് 6.35 രൂപയുമാണ് വര്‍ധിച്ചത്.രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാന്‍ കാരണമാകുന്നത്. അതേസമയം വിലവർധനയ്ക്ക് കാരണം ബാഹ്യഘടകങ്ങളാണെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.അസംസ്‌കൃത എണ്ണയുത്പാദനം കുറഞ്ഞു.ഉത്പാദനം പ്രതിദിനം പത്തുലക്ഷം വീപ്പയാക്കാമെന്ന് ഒപെക് പറഞ്ഞിരുന്നെങ്കിലും അത് നടപ്പായില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സ്കൂൾ കലോത്സവം ഉപേക്ഷിച്ചേക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ

keralanews the director of public education said that the news that school festival will canceled is a fake news

തിരുവനന്തപുരം:ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ഉപേക്ഷിച്ചേക്കുമെന്ന് വാർത്ത അടിസ്ഥാനരഹിതമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ. പ്രളയക്കെടുതികളെ അതിജീവിച്ചുകൊണ്ടു തന്നെ ‘മികവിന്റെ വര്‍ഷം’ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കും വിധം പഠനപാഠ്യേതര പ്രവര്‍ത്തനങ്ങളും പരീക്ഷകളും കൂടുതല്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു പൊതു വിദ്യാഭ്യാസ വകുപ്പ് പുനരാവിഷ്‌കരിച്ചു വരുന്നത്. സമയക്രമങ്ങളില്‍ മാറ്റം വരുത്തിയേക്കാം. ഇത് സംബന്ധിച്ച്‌ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണ്.ഈ മാസം ഏഴിനു അധ്യാപക സംഘടനകള്‍ ഉള്‍പ്പെടുന്ന ക്യുഐപി മോണിറ്ററിംഗ് സമിതി യോഗം ചേര്‍ന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ച്‌ അന്തിമ തീരുമാനമെടുക്കുന്നതായിരിക്കും. അതുവരെയും മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങള്‍ പരത്തുന്നത് ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍ കുമാര്‍ ആവശ്യപ്പെട്ടു.പ്രളയക്കെടുതിയില്‍ നട്ടം തിരിയുന്ന ആലപ്പുഴയിലാണ് ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒട്ടേറെ സ്കൂളുകളില്‍ വെള്ളം കയറുകയും കുട്ടികള്‍ ദുരിതം അനുഭവിക്കുകയും ചെയ്യുന്ന വേളയില്‍ കലോത്സവം നടത്തണോ എന്നതാണ് ഉയര്‍ന്നിരിക്കുന്ന ആശയക്കുഴപ്പം.ഡിസംബര്‍ അഞ്ച് മുതല്‍ ഒൻപതു വരെ ആലപ്പുഴയില്‍ സംസ്ഥാന സ്കൂള്‍ കലാമേളയും ഒക്ടോബര്‍ അവസാനം കണ്ണൂരില്‍ പ്രവൃത്തിപരിചയ മേളയും നടത്താനായിരുന്നു തീരുമാനം. കലോത്സവത്തിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെങ്കിലും സംസ്ഥാന സ്കൂള്‍ കായികമേള നടത്തുമെന്ന് ഏറെക്കുറെ ഉറപ്പായി.